ദിവ്യബലി വായനകൾ Thursday of week 23 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വ്യാഴം, 10/9/2020

Thursday of week 23 in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

സങ്കീ 119:137,124

കര്‍ത്താവേ, അങ്ങ് നീതിമാനാണ്,
അങ്ങേ വിധികള്‍ നീതിയുക്തമാണ്;
അങ്ങേ കാരുണ്യത്തിനൊത്തവിധം
അങ്ങേ ദാസരോട് പ്രവര്‍ത്തിക്കണമേ.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങുവഴിയാണല്ലോ പരിത്രാണം വരുന്നതും
ഞങ്ങള്‍ക്ക് ദത്തെടുപ്പ് ലഭിക്കുന്നതും.
അങ്ങേ പ്രിയമക്കളെ ദയാപൂര്‍വം കടാക്ഷിക്കണമേ.
അങ്ങനെ, ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്
യഥാര്‍ഥ സ്വാതന്ത്ര്യവും നിത്യമായ അവകാശവും ലഭിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 കോറി 8:1-7,11-13
അവരുടെ ദുര്‍ബല മനസ്സാക്ഷിയെ മുറിപ്പെടുത്തുമ്പോഴും നീ ക്രിസ്തുവിനെതിരായി പാപം ചെയ്യുന്നു.

സഹോദരരേ, അറിവ് അഹന്ത ജനിപ്പിക്കുന്നു; സ്‌നേഹമോ ആത്മീയോത്കര്‍ഷം വരുത്തുന്നു. അറിവുണ്ടെന്നു ഭാവിക്കുന്നവന്‍ അറിയേണ്ടത് അറിയുന്നില്ല. എന്നാല്‍, ദൈവം തന്നെ സ്‌നേഹിക്കുന്നവനെ അംഗീകരിക്കുന്നു. വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണസാധനങ്ങളെ പറ്റിയാണെങ്കില്‍, ലോകത്തില്‍ വിഗ്രഹമെന്നൊന്നില്ലെന്നും ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്നും നമുക്കറിയാം. ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ആകാശത്തിലും ഭൂമിയിലും ഉണ്ടെന്നിരിക്കട്ടെ – അങ്ങനെ പല ദേവന്മാരും നാഥന്മാരും ഉണ്ടല്ലോ – എങ്കിലും, നമുക്ക് ഒരു ദൈവമേയുള്ളൂ. ആരാണോ സര്‍വവും സൃഷ്ടിച്ചത്, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്, ആ പിതാവ്. ഒരു കര്‍ത്താവേ നമുക്കുള്ളൂ. ആരിലൂടെയാണോ സര്‍വവും ഉളവായത്, ആരിലൂടെയാണോ നാം നിലനില്‍ക്കുന്നത്, ആ യേശുക്രിസ്തു. എങ്കിലും ഈ അറിവ് എല്ലാവര്‍ക്കുമില്ല. ഇതുവരെ വിഗ്രഹങ്ങളുമായി ബന്ധപ്പെട്ടു ജീവിച്ച ചിലര്‍ ഭക്ഷിക്കുന്നത് വിഗ്രഹാരാധകരുടെ മനോഭാവത്തോടെയാണ്. അവരുടെ മനസ്സാക്ഷി ദുര്‍ബലമാകയാല്‍ അതു മലിനമായിത്തീരുന്നു.
നിന്റെ അറിവ് ക്രിസ്തു ആര്‍ക്കുവേണ്ടി മരിച്ചോ ആ ബലഹീന സഹോദരനു നാശകാരണമായിത്തീരുന്നു. ഇപ്രകാരം, സഹോദരര്‍ക്കെതിരായി പാപം ചെയ്യുമ്പോഴും അവരുടെ ദുര്‍ബല മനസ്സാക്ഷിയെ മുറിപ്പെടുത്തുമ്പോഴും നീ ക്രിസ്തുവിനെതിരായി പാപം ചെയ്യുന്നു. അതിനാല്‍, ഭക്ഷണം എന്റെ സഹോദരനു ദുഷ്‌പ്രേരണയ്ക്കു കാരണമാകുന്നെങ്കില്‍, അങ്ങനെ സംഭവിക്കാതിരിക്കാന്‍ വേണ്ടി ഞാന്‍ ഒരിക്കലും മാംസം ഭക്ഷിക്കുകയില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 139:1b-3,13-14ab,23-24

കര്‍ത്താവേ, ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ!

കര്‍ത്താവേ, അവിടുന്ന് എന്നെ
പരിശോധിച്ചറിഞ്ഞിരിക്കുന്നു.
ഞാന്‍ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും
അവിടുന്ന് അറിയുന്നു;
എന്റെ വിചാരങ്ങള്‍ അവിടുന്ന്
അകലെ നിന്നു മനസ്സിലാക്കുന്നു.
എന്റെ നടപ്പും കിടപ്പും
അങ്ങു പരിശോധിച്ചറിയുന്നു;
എന്റെ മാര്‍ഗങ്ങള്‍ അങ്ങേക്കു നന്നായറിയാം.

കര്‍ത്താവേ, ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ!

അവിടുന്നാണ് എന്റെ അന്തരംഗത്തിനു രൂപം നല്‍കിയത്;
എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞു.
ഞാന്‍ അങ്ങയെ സ്തുതിക്കുന്നു;
എന്തെന്നാല്‍, അങ്ങ് എന്നെ വിസ്മയനീയമായി സൃഷ്ടിച്ചു;
അവിടുത്തെ സൃഷ്ടികള്‍ അദ്ഭുതകരമാണ്.
എനിക്കതു നന്നായി അറിയാം.

കര്‍ത്താവേ, ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ!

ദൈവമേ, എന്നെ പരിശോധിച്ച്
എന്റെ ഹൃദയത്തെ അറിയണമേ!
എന്നെ പരീക്ഷിച്ച്
എന്റെ വിചാരങ്ങള്‍ മനസ്സിലാക്കണമേ!
വിനാശത്തിന്റെ മാര്‍ഗത്തിലാണോ
ഞാന്‍ ചരിക്കുന്നതെന്നു നോക്കണമേ!
ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ!

കര്‍ത്താവേ, ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 6:27-38
നിങ്ങളുടെ പിതാവു കാരുണ്യവാനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍.

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്കു നന്മ ചെയ്യുവിന്‍; ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അധിക്‌ഷേപിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുവിന്‍. ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറ്റേ ചെകിടുകൂടി കാണിച്ചു കൊടുക്കുക. മേലങ്കി എടുക്കുന്നവനെ കുപ്പായം കൂടി എടുക്കുന്നതില്‍ നിന്നു തടയരുത്. നിന്നോടു ചോദിക്കുന്ന ഏതൊരുവനും കൊടുക്കുക. നിന്റെ വസ്തുക്കള്‍ എടുത്തുകൊണ്ടു പോകുന്നവനോടു തിരിയെ ചോദിക്കരുത്. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍. നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങള്‍ സ്‌നേഹിക്കുന്നതില്‍ എന്തു മേന്മയാണുള്ളത്? പാപികളും തങ്ങളെ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുന്നുണ്ടല്ലോ. നിങ്ങള്‍ക്കു നന്മ ചെയ്യുന്നവര്‍ക്കു നിങ്ങള്‍ നന്മ ചെയ്യുന്നതില്‍ എന്തു മേന്മയാണുള്ളത്? പാപികളും അങ്ങനെ ചെയ്യുന്നുണ്ടല്ലോ. തിരിച്ചുകിട്ടുമെന്നു പ്രതീക്ഷിച്ച് വായ്പ കൊടുക്കു ന്നതില്‍ എന്തു മേന്മയാണുളളത്? കൊടുത്തിടത്തോളം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ പാപികളും പാപികള്‍ക്കു വായ്പ കൊടുക്കുന്നില്ലേ? എന്നാല്‍, നിങ്ങള്‍ ശത്രുക്കളെ സ്‌നേഹിക്കുവിന്‍. തിരിച്ചുകിട്ടും എന്നു പ്രതീക്ഷിക്കാതെ മറ്റുള്ളവര്‍ക്കു നന്മചെയ്യുകയും വായ്പ കൊടുക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും, നിങ്ങള്‍ അത്യുന്നതന്റെ പുത്രന്മാരായിരിക്കുകയും ചെയ്യും. കാരണം, അവിടുന്നു നന്ദിഹീനരോടും ദുഷ്ടരോടും കരുണ കാണിക്കുന്നു. നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍.
നിങ്ങള്‍ വിധിക്കരുത്; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്തരുത്; നിങ്ങളുടെമേലും കുറ്റം ആരോപിക്കപ്പെടുകയില്ല, ക്ഷമിക്കുവിന്‍; നിങ്ങളോടും ക്ഷമിക്കപ്പെടും. കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

നിഷ്‌കളങ്കമായ ആരാധനയുടെയും സമാധാനത്തിന്റെയും ഉടയവനായ ദൈവമേ,
ഈ കാഴ്ചയര്‍പ്പണം വഴി അങ്ങേ മഹിമയെ
ഞങ്ങള്‍ സമുചിതം ആരാധിക്കുകയും
ദിവ്യരഹസ്യങ്ങളിലുള്ള പങ്കാളിത്തത്താല്‍
വിശ്വസ്തതയോടെ മനസ്സുകളില്‍ ഒന്നായിത്തീരുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 42:1-2

നീര്‍ച്ചാല്‍തേടുന്ന മാന്‍പേടപോലെ,
ദൈവമേ, എന്റെ ആത്മാവ് അങ്ങയെ തേടുന്നു;
എന്റെ ആത്മാവ് ജീവിക്കുന്ന ദൈവത്തിനായി അതിയായി ദാഹിക്കുന്നു.

Or:
യോഹ 8: 12

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു.
എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല,
അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വചനത്തിന്റെയും
സ്വര്‍ഗീയകൂദാശയുടെയും ഭോജനത്താല്‍
അങ്ങേ വിശ്വാസികളെ പരിപോഷിപ്പിക്കുകയും
ഉജ്ജീവിപ്പിക്കുകയും ചെയ്യുന്നുവല്ലോ.
അതുപോലെ, അങ്ങേ പ്രിയപുത്രന്റെ മഹനീയദാനങ്ങളാല്‍
മുന്നേറാന്‍ അവരെ അനുഗ്രഹിക്കണമേ.
അങ്ങനെ, അവിടത്തെ ജീവനില്‍
നിത്യമായി പങ്കുചേരാന്‍ ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment