ദിവ്യബലി വായനകൾ Friday of week 30 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വെളളി, 29/10/2021


Friday of week 30 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
വിശ്വാസത്തിന്റെയും പ്രത്യാശയുടെയും
സ്‌നേഹത്തിന്റെയും വര്‍ധന ഞങ്ങള്‍ക്കു നല്കുകയും
അങ്ങ് വാഗ്ദാനം ചെയ്തവ പിന്തുടരാന്‍ അര്‍ഹരാകേണ്ടതിന്
അങ്ങ് കല്പിച്ചവ സ്‌നേഹിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

റോമാ 9:1-5
എന്റെ സഹോദരരെപ്രതി ശപിക്കപ്പെട്ടവനാകാന്‍പോലും ഞാന്‍ ആഗ്രഹിക്കുന്നു.

സഹോദരരേ, ഞാന്‍ ക്രിസ്തുവിനെ മുന്‍നിര്‍ത്തി സത്യം പറയുന്നു; വ്യാജംപറയുകയല്ല. എന്റെ മനസ്സാക്ഷിയും പരിശുദ്ധാത്മാവിനാല്‍ പ്രചോദിതമായി എനിക്കു സാക്ഷ്യം നല്‍കുന്നു. എനിക്കു ദുഃഖവും ഹൃദയത്തില്‍ അടങ്ങാത്ത വേദനയുമുണ്ട്. വംശമുറയനുസരിച്ചുതന്നെ എനിക്കുറ്റവരായ സഹോദരങ്ങള്‍ക്ക് ഉപകരിക്കുമെങ്കില്‍ ശപിക്കപ്പെട്ടവനും ക്രിസ്തുവില്‍ നിന്നു വിച്‌ഛേദിക്കപ്പെട്ടവനുമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ ഇസ്രായേല്‍ മക്കളാണ്. പുത്രസ്ഥാനവും മഹത്വവും ഉടമ്പടികളും നിയമത്തിന്റെ അവകാശവും ശുശ്രൂഷയും വാഗ്ദാനങ്ങളും അവരുടേതാണ്. പൂര്‍വപിതാക്കന്മാരും അവരുടേത്; ക്രിസ്തുവും വംശമുറയ്ക്ക് അവരില്‍ നിന്നുള്ളവന്‍തന്നെ. അവന്‍ സര്‍വാധിപനായ ദൈവവും എന്നേക്കും വാഴ്ത്തപ്പെട്ടവനുമാണ്, ആമേന്‍.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 147:12-13,14-15,19-20

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക!
or
അല്ലേലൂയ!

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക;
സീയോനേ, നിന്റെ ദൈവത്തെ പുകഴ്ത്തുക.
നിന്റെ കവാടങ്ങളുടെ ഓടാമ്പലുകള്‍
അവിടുന്നു ബലപ്പെടുത്തുന്നു;
നിന്റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെ
അവിടുന്ന് അനുഗ്രഹിക്കുന്നു.

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക!
or
അല്ലേലൂയ!

അവിടുന്നു നിന്റെ അതിര്‍ത്തികളില്‍
സമാധാനം സ്ഥാപിക്കുന്നു;
അവിടുന്നു വിശിഷ്ടമായ ഗോതമ്പുകൊണ്ടു
നിന്നെ തൃപ്തയാക്കുന്നു.
അവിടുന്നു ഭൂമിയിലേക്കു കല്‍പന അയയ്ക്കുന്നു;
അവിടുത്തെ വചനം പാഞ്ഞു വരുന്നു.

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക!
or
അല്ലേലൂയ!

അവിടുന്ന് യാക്കോബിനു തന്റെ കല്‍പനയും
ഇസ്രായേലിനു തന്റെ ചട്ടങ്ങളും
പ്രമാണങ്ങളും വെളിപ്പെടുത്തുന്നു.
മറ്റൊരു ജനതയ്ക്കുവേണ്ടിയും
അവിടുന്ന് ഇങ്ങനെ ചെയ്തിട്ടില്ല;
അവിടുത്തെ പ്രമാണങ്ങള്‍
അവര്‍ക്ക് അജ്ഞാതമാണ്;
കര്‍ത്താവിനെ സ്തുതിക്കുവിന്‍.

ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക!
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 14:1-6
സാബത്തില്‍ തന്റെ പുത്രനോ കാളയോ കിണറ്റില്‍ വീണാല്‍ ഉടന്‍ പിടിച്ചുകയറ്റാത്തവനായി നിങ്ങളില്‍ ആരുണ്ട്?

അക്കാലത്ത് ഒരു സാബത്തില്‍ യേശു ഫരിസേയപ്രമാണികളില്‍ ഒരുവന്റെ വീട്ടില്‍ ഭക്ഷണത്തിനുപോയി. അവര്‍ അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവിടെ ഒരു മഹോദരരോഗി ഉണ്ടായിരുന്നു. യേശു നിയമജ്ഞരോടും ഫരിസേയരോടുമായി ചോദിച്ചു: സാബത്തില്‍ രോഗശാന്തി നല്‍കുന്നത് അനുവദനീയമോ അല്ലയോ? അവര്‍ നിശ്ശബ്ദരായിരുന്നു. യേശു അവനെ അടുത്തുവിളിച്ചു സുഖപ്പെടുത്തി അയച്ചു. അനന്തരം അവന്‍ അവരോടു ചോദിച്ചു: സാബത്തില്‍ തന്റെ പുത്രനോ കാളയോ കിണറ്റില്‍ വീണാല്‍ ഉടന്‍ പിടിച്ചു കയറ്റാത്തവനായി നിങ്ങളില്‍ ആരുണ്ട്? മറുപടി പറയാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

കർത്താവിന്റെ സുവിശേഷം.


നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മഹിമയ്ക്കായി
ഞങ്ങളര്‍പ്പിക്കുന്ന ഈ കാഴ്ചദ്രവ്യങ്ങള്‍ കടാക്ഷിക്കണമേ.
അങ്ങനെ, ഞങ്ങളുടെ ശുശ്രൂഷ വഴി അനുഷ്ഠിക്കുന്നത്
അങ്ങേ ഉപരിമഹത്ത്വത്തിലേക്ക് നയിക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 20:5

അങ്ങേ രക്ഷയില്‍ ഞങ്ങള്‍ ആഹ്ളാദിക്കുകയും
ഞങ്ങളുടെ ദൈവത്തിന്റെ നാമത്തില്‍ ഞങ്ങള്‍ അഭിമാനംകൊള്ളുകയും ചെയ്യും.


Or:
എഫേ 5:2

ക്രിസ്തു നമ്മെ സ്‌നേഹിക്കുകയും
നമുക്കുവേണ്ടി സുരഭില കാഴ്ചയും ബലിയുമായി
തന്നത്തന്നെ ദൈവത്തിനു സമര്‍പ്പിക്കുകയും ചെയ്തു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൂദാശകള്‍,
അവ ഉള്‍ക്കൊള്ളുന്നവ ഞങ്ങളില്‍ പൂര്‍ത്തീകരിക്കണമേ.
അങ്ങനെ, ഇപ്പോള്‍ അടയാളങ്ങളിലൂടെ ആചരിക്കുന്നത്
യാഥാര്‍ഥ്യങ്ങളായി ഞങ്ങള്‍ സ്വീകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment