ദിവ്യബലി വായനകൾ Friday of week 23 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വെള്ളി, 11/9/2020

Friday of week 23 in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

സങ്കീ 119:137,124

കര്‍ത്താവേ, അങ്ങ് നീതിമാനാണ്,
അങ്ങേ വിധികള്‍ നീതിയുക്തമാണ്;
അങ്ങേ കാരുണ്യത്തിനൊത്തവിധം
അങ്ങേ ദാസരോട് പ്രവര്‍ത്തിക്കണമേ.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങുവഴിയാണല്ലോ പരിത്രാണം വരുന്നതും
ഞങ്ങള്‍ക്ക് ദത്തെടുപ്പ് ലഭിക്കുന്നതും.
അങ്ങേ പ്രിയമക്കളെ ദയാപൂര്‍വം കടാക്ഷിക്കണമേ.
അങ്ങനെ, ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്
യഥാര്‍ഥ സ്വാതന്ത്ര്യവും നിത്യമായ അവകാശവും ലഭിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 കോറി 9:16-19,22-27b
എല്ലാവരേയും രക്ഷിക്കാന്‍ വേണ്ടി ഞാന്‍ എല്ലാവര്‍ക്കും എല്ലാമായി.

സഹോദരരേ, ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്ക് അഹംഭാവത്തിനു വകയില്ല. അത് എന്റെ കടമയാണ്. ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം! ഞാന്‍ സ്വമനസ്സാ ഇതു ചെയ്യുന്നെങ്കില്‍ എനിക്കു പ്രതിഫലമുണ്ട്. അങ്ങനെയല്ലെങ്കില്‍ മറ്റാരുടെയോ നിയോഗമനുസരിച്ചാണ് ചെയ്യുന്നത്. അപ്പോള്‍ എന്താണ് എന്റെ പ്രതിഫലം? സുവിശേഷം നല്‍കുന്ന അവകാശം പൂര്‍ണമായി ഉപയോഗിക്കാതെ പ്രതിഫലമെന്നിയേ സുവിശേഷം പ്രസംഗിക്കുന്നതിലുള്ള സംതൃപ്തി മാത്രം.
ഞാന്‍ എല്ലാവരിലുംനിന്നു സ്വതന്ത്രനാണെങ്കിലും വളരെപ്പേരെ നേടേണ്ടതിന് ഞാന്‍ എല്ലാവരുടെയും ദാസനായിത്തീര്‍ന്നിരിക്കുന്നു. എല്ലാ പ്രകാരത്തിലും കുറെപ്പേരെ രക്ഷിക്കേണ്ടതിന് ഞാന്‍ എല്ലാവര്‍ക്കും എല്ലാമായി. സുവിശേഷത്തില്‍ ഭാഗഭാക്കാകുന്നതിനായി സുവിശേഷത്തിനുവേണ്ടി ഞാന്‍ ഇവയെല്ലാം ചെയ്യുന്നു.
മത്സരക്കളത്തില്‍ എല്ലാ ഓട്ടക്കാരും ഓടുന്നെങ്കിലും സമ്മാനാര്‍ഹനാകുന്നത് ഒരുവന്‍ മാത്രമാണെന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? ആകയാല്‍, സമ്മാനം ലഭിക്കേണ്ടതിനായി നിങ്ങള്‍ ഓടുവിന്‍. കായികാഭ്യാസികള്‍ എല്ലാ കാര്യത്തിലും ആത്മനിയന്ത്രണം പാലിക്കുന്നു. അവര്‍ നശ്വരമായ കിരീടത്തിനു വേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്; നാം അനശ്വരമായതിനു വേണ്ടിയും. ഞാന്‍ ഓടുന്നതു ലക്ഷ്യമില്ലാതെയല്ല. ഞാന്‍ മുഷ്ടിപ്രയോഗം നടത്തുന്നത് വായുവില്‍ പ്രഹരിക്കുന്നതുപോലെയല്ല. മറ്റുള്ളവരോടു സുവിശേഷം പ്രസംഗിച്ച ഞാന്‍ തന്നെ തിരസ്‌കൃതന്‍ ആകാതിരിക്കുന്നതിന് എന്റെ ശരീരത്തെ ഞാന്‍ കര്‍ശനമായി നിയന്ത്രിച്ചു കീഴടക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 84:2,3,4-5,11

സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങേ വാസസ്ഥലം എത്ര മനോഹരം!

എന്റെ ആത്മാവു കര്‍ത്താവിന്റെ
അങ്കണത്തിലെത്താന്‍ വാഞ്ഛിച്ചു തളരുന്നു;
എന്റെ മനസ്സും ശരീരവും
ജീവിക്കുന്നവനായ ദൈവത്തിന് ആനന്ദഗാനമാലപിക്കുന്നു.
എന്റെ രാജാവും ദൈവവുമായ സൈന്യങ്ങളുടെ കര്‍ത്താവേ,
കുരികില്‍പ്പക്ഷി ഒരു സങ്കേതവും
മീവല്‍പ്പക്ഷി കുഞ്ഞിന് ഒരു കൂടും
അങ്ങേ ബലിപീഠത്തിങ്കല്‍ കണ്ടെത്തുന്നുവല്ലോ.

സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങേ വാസസ്ഥലം എത്ര മനോഹരം!

എന്നേക്കും അങ്ങയെ സ്തുതിച്ചുകൊണ്ട്
അങ്ങേ ഭവനത്തില്‍ വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
അങ്ങയില്‍ ശക്തി കണ്ടെത്തിയവര്‍ ഭാഗ്യവാന്മാര്‍;
അവരുടെ ഹൃദയത്തില്‍ സീയോനിലേക്കുള്ള രാജവീഥികളുണ്ട്.
അവര്‍ കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുന്നു.

സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങേ വാസസ്ഥലം എത്ര മനോഹരം!

ദൈവമായ കര്‍ത്താവു സൂര്യനും പരിചയുമാണ്;
അവിടുന്നു കൃപയും ബഹുമതിയും നല്‍കുന്നു;
പരമാര്‍ഥതയോടെ വ്യാപ രിക്കുന്നവര്‍ക്ക്
ഒരു നന്മയും അവിടുന്നു നിഷേധിക്കുകയില്ല.

സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങേ വാസസ്ഥലം എത്ര മനോഹരം!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 6:39-42
കുരുടനു കുരുടനെ നയിക്കുവാന്‍ സാധിക്കുമോ?

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് ഒരു ഉപമ പറഞ്ഞു: കുരുടനു കുരുടനെ നയിക്കുവാന്‍ സാധിക്കുമോ? ഇരുവരും കുഴിയില്‍ വീഴുകയില്ലേ? ശിഷ്യന്‍ ഗുരുവിനെക്കാള്‍ വലിയവനല്ല. എന്നാല്‍, എല്ലാം പഠിച്ചു കഴിയുമ്പോള്‍ അവന്‍ ഗുരുവിനെപ്പോലെ ആകും. നിന്റെ സഹോദരന്റെ കണ്ണിലെ കരട് നീ കാണുകയും സ്വന്തം കണ്ണിലെ തടിക്കഷണത്തെ ഗൗനിക്കാതിരിക്കുകയും ചെയ്യുന്നതെന്ത്? സ്വന്തം കണ്ണിലെ തടിക്കഷണം കാണാതിരിക്കേ, സഹോദരാ, നിന്റെ കണ്ണിലെ കരട് ഞാന്‍ എടുത്തുകളയട്ടെ എന്നുപറയാന്‍ നിനക്ക് എങ്ങനെ കഴിയും? കപടനാട്യക്കാരാ, ആദ്യമേ നിന്റെ കണ്ണിലെ തടിക്കഷണം എടുത്തുമാറ്റുക. അപ്പോള്‍ നിന്റെ സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളയാന്‍ കഴിയത്തക്കവിധം നിന്റെ കാഴ്ച തെളിയും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

നിഷ്‌കളങ്കമായ ആരാധനയുടെയും സമാധാനത്തിന്റെയും ഉടയവനായ ദൈവമേ,
ഈ കാഴ്ചയര്‍പ്പണം വഴി അങ്ങേ മഹിമയെ
ഞങ്ങള്‍ സമുചിതം ആരാധിക്കുകയും
ദിവ്യരഹസ്യങ്ങളിലുള്ള പങ്കാളിത്തത്താല്‍
വിശ്വസ്തതയോടെ മനസ്സുകളില്‍ ഒന്നായിത്തീരുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 42:1-2

നീര്‍ച്ചാല്‍തേടുന്ന മാന്‍പേടപോലെ,
ദൈവമേ, എന്റെ ആത്മാവ് അങ്ങയെ തേടുന്നു;
എന്റെ ആത്മാവ് ജീവിക്കുന്ന ദൈവത്തിനായി അതിയായി ദാഹിക്കുന്നു.

Or:
യോഹ 8: 12

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു.
എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല,
അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വചനത്തിന്റെയും
സ്വര്‍ഗീയകൂദാശയുടെയും ഭോജനത്താല്‍
അങ്ങേ വിശ്വാസികളെ പരിപോഷിപ്പിക്കുകയും
ഉജ്ജീവിപ്പിക്കുകയും ചെയ്യുന്നുവല്ലോ.
അതുപോലെ, അങ്ങേ പ്രിയപുത്രന്റെ മഹനീയദാനങ്ങളാല്‍
മുന്നേറാന്‍ അവരെ അനുഗ്രഹിക്കണമേ.
അങ്ങനെ, അവിടത്തെ ജീവനില്‍
നിത്യമായി പങ്കുചേരാന്‍ ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment