പ്രഭാത പ്രാർത്ഥന
“ഭൂമുഖത്ത് അന്ധകാരത്തിന്റെയും നൈരാശ്യത്തിന്റെയും കഷ്ടതയുടെയും ദുരിതത്തിന്റെയും പീഡനത്തിന്റെയും മഹാകലാപത്തിന്റെയും ഒരു ദിവസം! നീതിമാന്‍മാരുടെ ജനതമുഴുവന്‍ കഷ്ടതയിലായി. തങ്ങളെ ഭീഷണിപ്പെടുത്തുന്ന ദുഷ്ടതകളെ അവര്‍ ഭയപ്പെട്ടു; നശിക്കാന്‍ അവര്‍ തയ്യാറായി. അപ്പോള്‍ അവര്‍ ദൈവത്തെ വിളിച്ചു; അവരുടെ കരച്ചിലില്‍നിന്ന് ചെറിയ ഉറവയില്‍ നിന്നെന്നപോലെ ധാരാളം ജലമുള്ള ഒരു മഹാനദി ഉണ്ടായി.
പ്രകാശം വന്നു; സൂര്യന്‍ ഉദിച്ചുയര്‍ന്നു; എളിയവര്‍ ഉയര്‍ത്തപ്പെട്ടു; ഉന്നതര്‍ നശിപ്പിക്കപ്പെട്ടു.( എസ്തേര്‍ 11:8-11)” ഞങ്ങളുടെ പ്രത്യാശയും, ആശ്രയവുമായ ഈശോയെ, ഈ പ്രഭാതത്തിൽ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. അന്ധകാരം നിറഞ്ഞിരിക്കുന്ന ഒരു സമയത്തിൽ കൂടെ ആണല്ലോ ഞങ്ങൾ കടന്നു പോകുന്നത്. ഭൂമിയിൽ നിന്നും നന്മ കടന്നു പോയെന്ന് ഞങ്ങൾ വിലപിക്കുന്നു. എങ്കിലും പിതാവേ, അങ്ങയിൽ ആശ്രയിക്കുന്നവരെ അങ്ങ് കൈവിടുകയില്ലല്ലോ. പ്രഭാതത്തിലെ ഉദയ രശ്മി പോലെ ഞങ്ങളുടെ പ്രത്യാശ കടന്നു വരികയും ഞങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്യും. കർത്താവെ അങ്ങ്, ഞങ്ങളുടെ മേൽ കരുണ ആയിരിക്കണമേ. പാപത്തിന്റെ ലോകത്തു പാപം കൂടാതെ വ്യാപരിക്കുവാൻ അനുഗ്രഹിക്കണമേ. നാഥാ, ഓരോ ദിനവും അങ്ങയുടെ സ്നേഹം ഞങ്ങൾ അനുഭവിക്കട്ടെ. ദൈവ വഴിയിൽ നിന്നും അകന്നു പോകുവാൻ അനുവദിക്കരുതേ. രോഗങ്ങളിൽ നിന്നും മുക്തി നൽകണമേ. ദാരിദ്ര്യത്തിൽ നിന്നും അകലുവാൻ കൃപ നൽകണമേ. രാത്രിയിൽ ഉറങ്ങുവാൻ ഭവനവും, നിന്നെ സ്തുതിക്കുവാൻ തക്കവണ്ണം വിശാലമായ ഇടവും നൽകി ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ. പാപത്തിൽ വീണു പോയാൽ പശ്ചാത്തപിക്കുവാൻ കൃപ നല്കണമേ. പാപം ഭീതി പടർത്തി ഞങ്ങളിൽ വസിക്കുവാൻ അനുവദിക്കരുതേ. സഹന സമയങ്ങളിൽ അങ്ങ് കൈകൾ പിടിക്കണമേ. ബന്ധിതമായ ശരീരത്തിൽ പോലും ദൈവത്തിന്റെ ആനന്ദം അനുഭവിക്കുവാൻ സഹായിക്കണമേ. ഭീതി ഞങ്ങളെ വിട്ടൊഴിയട്ടെ. കൃപ ഞങ്ങളുടെ മേൽ നിറയപ്പെടട്ടെ. വരും തലമുറയെ അങ്ങ് അനുഗ്രഹിക്കണമേ. ലോകത്തിന്റെ അനന്തതയോളം അങ്ങയുടെ സുവിശേഷം പ്രഘോഷിക്കപ്പെടട്ടെ. സഹോദരനെ സ്നേഹിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. മരണ ശേഷം സ്വർഗ്ഗം ഞങ്ങൾക്ക് അവകാശമാകട്ടെ. കോവിഡ് ഭീതിയിൽ നിന്നും ഞങ്ങളെ കരകയറ്റണമേ. രോഗം ബാധിച്ചവർക്ക് സൗഖ്യവും അവരുടെ കുടുംബങ്ങൾക്ക് ആശ്വാസവും ഏകണമേ. ദൈവമേ നിന്നിൽ ആശ്രയിക്കുന്നവരേ കൈവിടരുതേ. അവരുടെ പ്രത്യാശ നഷ്ടപ്പെടുവാൻ ഇടയാക്കരുതേ. ആമേൻ
വിശുദ്ധ റഫായേൽ മാലാഖേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

Leave a comment