പ്രഭാത പ്രാർത്ഥന
“അപ്പോള്‍ യേശു ത നിക്കെതിരായി വന്ന പുരോഹിതപ്രമുഖന്‍മാരോടും ദേവാലയ സേനാധിപന്‍മാരോടും ജനപ്രമാണികളോടും പറഞ്ഞു: കവര്‍ച്ചക്കാരനെതിരേ എന്നപോലെ വാളും വടിയുമായി നിങ്ങള്‍ വന്നിരിക്കുന്നുവോ? ഞാന്‍ നിങ്ങളോടുകൂടെ എല്ലാ ദിവസവും ദേവാലയത്തിലായിരുന്നപ്പോള്‍ നിങ്ങള്‍ എന്നെ പിടിച്ചില്ല. എന്നാല്‍, ഇതു നിങ്ങളുടെ സമയമാണ്, അന്ധകാരത്തിന്റെ ആധിപത്യവും.”(ലൂക്കാ 22:52-53)”
ഈശോയെ ഈ പ്രഭാതത്തിൽ അങ്ങയുടെ സന്നിധിയിൽ ആയിരിക്കുവാൻ അനുവദിച്ച സ്നേഹത്തിനു നന്ദി. ലോകത്തെങ്ങും വലിയ പരിഭ്രാന്തിയുടെ നാളുകൾ ആണല്ലോ. നാഥാ അന്ധകാരത്തിന്റെ ഈ സമയത്തിൽ നിന്നും ഞങ്ങൾക്ക് മോചനം നൽകി അനുഗ്രഹിക്കണമേ. വലയ പ്രത്യാശയുടെ സന്തോഷത്തിന്റെ നാളുകൾ മടക്കി തരണമേ. ഭയവും, വേദനയും അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കണമേ. നാഥാ, ഞങ്ങളുടെ നീതിയെ പ്രതിയല്ല അവിടുത്തെ കരുണയെ പ്രതി ഞങ്ങളോട് അലിവായിരിക്കണമേ. കോവിഡ് പത്തൊൻപത് എന്ന അസുഖത്തെ പിടിച്ചു കെട്ടുവാൻ മനുഷ്യ രാശിക്ക് സാധിക്കട്ടെ. വലിയ ആഴ്ചയുടെ ഈ ദിനങ്ങളിൽ ദേവാലയത്തിലെ ശുശ്രുഷ അനുഭവങ്ങൾ നഷ്ടപെട്ട് സങ്കടത്തിലായിരിക്കുന്നവർക്ക് അവിടുത്തെ കരുണ വെളിപ്പെടുത്തി നൽകണമേ. പരിശുദ്ധ ആത്മാവേ, ജ്ഞാനവും ശ്കതിയും, ധൈര്യവും പകർന്നു ഞങ്ങളുടെ നേഴ്‌സുമാരെയും, ഡോക്ടർമാരെയും അനുഗ്രഹിക്കണമേ. കോവിഡ് രോഗികളുമായി ബന്ധപെട്ടു പ്രവർത്തിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവരെ അനുഗ്രഹിക്കണമേ. അവരുടെ കുടുംബങ്ങളിൽ വലിയ സന്തോഷ അനുഭവം നൽകണമേ. പരിശുദ്ധ ദൈവമാതാവേ, ലോകം പ്രതിസന്ധിയിൽ കൂടെ കടന്നു പോകുന്ന ഈ ദിനങ്ങളിൽ മനുഷ്യ രാശിയെ ദൈവ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കണമേ. അങ്ങയുടെ പുത്രനോട് ഈ ലോകത്തിന്റെ മേൽ കരുണ വർഷിക്കുവാൻ അങ്ങ് യാചിക്കണമേ. ഞങ്ങളുടെ പ്രിയപ്പെട്ടവർ ദൂര രാജ്യങ്ങളിൽ ഒരുപക്ഷേ ഈ രോഗവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയോ, രോഗവുമായി മല്ലിടുകയോ ചെയ്യുക ആകാമല്ലോ. ദൈവമേ അവരോട് കരുണ ആയിരിക്കണമേ. അവരെ സംരക്ഷിക്കണമേ. ദുഖത്തിന്റെയും, വിലാപത്തിന്റെയും ഈ കാലഘട്ടം എത്രയും പെട്ടന്ന് കടന്നു പോകുവാൻ ദൈവമേ അനുഗ്രഹിക്കണമേ. ആമേൻ
ഈശോയുടെ തിരുരക്തമേ, ഞങ്ങളെ വിശുദ്ധീകരിക്കണമേ. സംരക്ഷിക്കണമേ.
Categories: Uncategorized