ദിവ്യബലി വായനകൾ Tuesday of week 25 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ചൊവ്വ, 22/9/2020

Tuesday of week 25 in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

കര്‍ത്താവ് അരുള്‍ചെയ്യുന്നു: ജനത്തിന്റെ രക്ഷ ഞാനാകുന്നു.
ഏതേതു ദുരിതങ്ങളില്‍ അവര്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോഴും
ഞാനവരെ ശ്രവിക്കുകയും
എന്നേക്കും ഞാനവരുടെ കര്‍ത്താവായിരിക്കുകയും ചെയ്യും.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങയോടും അയല്ക്കാരോടുമുള്ള സ്‌നേഹത്തില്‍
ദിവ്യകല്പനകളെല്ലാം അങ്ങ് സ്ഥാപിച്ചുവല്ലോ.
അങ്ങേ കല്പനകള്‍ പാലിച്ചുകൊണ്ട്
നിത്യജീവനിലേക്ക് ഞങ്ങള്‍ എത്തിച്ചേരാനുള്ള
അര്‍ഹത ഞങ്ങള്‍ക്കു നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

സുഭാ 21:1-6,10-13
വിവിധ ഉപദേശങ്ങള്‍.

രാജാവിന്റെ ഹൃദയം കര്‍ത്താവ് നിയന്ത്രിക്കുന്ന അരുവിയാണ്; അവിടുന്ന് തനിക്കിഷ്ടമുള്ളിടത്തേക്ക് അതിനെ ഒഴുക്കിവിടുന്നു. മനുഷ്യനു തന്റെ വഴികള്‍ ശരിയെന്നു തോന്നുന്നു.എന്നാല്‍, കര്‍ത്താവ് ഹൃദയത്തെ തൂക്കിനോക്കുന്നു. നന്മയും നീതിയും അനുഷ്ഠിക്കുന്നതാണ്, കര്‍ത്താവിനു ബലിയെക്കാള്‍ സ്വീകാര്യം. ഗര്‍വു നിറഞ്ഞ കണ്ണുകളും അഹങ്കരിക്കുന്ന ഹൃദയവും ദുഷ്ടരുടെ പ്രൗഢിയും പാപകരമത്രേ. ഉത്സാഹശീലമുള്ളവരുടെ ആലോചനകള്‍ തീര്‍ച്ചയായും സമൃദ്ധി കൈവരുത്തുന്നു. തിടുക്കം കൂട്ടുന്നവര്‍ ദുര്‍ഭിക്ഷത്തിലെത്തുകയേയുള്ളു. കള്ളം പറയുന്ന നാവ് നേടിത്തരുന്ന സമ്പത്ത് പെട്ടെന്ന് തിരോഭവിക്കുന്ന നീരാവിയും മരണത്തിന്റെ കെണിയുമാണ്. ദുഷ്ടന്റെ ഹൃദയം തിന്മ അഭിലഷിക്കുന്നു; അവന്‍ അയല്‍ക്കാരനോടു ദയ കാണിക്കുന്നില്ല. പരിഹാസകന്‍ ശിക്ഷിക്കപ്പെടുന്നതു കണ്ട് സരളചിത്തന്‍ ജ്ഞാനിയായിത്തീരുന്നു; ബോധനം ലഭിക്കുമ്പോള്‍ ബുദ്ധിമാന്‍ ജ്ഞാനം നേടുന്നു. നീതിമാന്‍ ദുഷ്ടന്റെ ഭവനം നിരീക്ഷിക്കുന്നു; ദുഷ്ടന്‍ നാശത്തിലേക്കു വലിച്ചെറിയപ്പെടുന്നു. ദരിദ്രന്റെ നിലവിളിക്ക് ചെവികൊടുക്കാത്തവനു വിലപിക്കേണ്ടിവരും; അത് ആരും കേള്‍ക്കുകയുമില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 119:1,27,30,34,35,44

കര്‍ത്താവേ, അവിടുത്തെ കല്‍പനകളുടെ വഴിയിലൂടെ എന്നെ നയിക്കണമേ.

അപങ്കിലമായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍,
കര്‍ത്താവിന്റെ നിയമം അനുസരിക്കുന്നവര്‍, ഭാഗ്യവാന്മാര്‍.
അങ്ങേ പ്രമാണങ്ങള്‍ നിര്‍ദേശിക്കുന്ന വഴി
എനിക്കു കാണിച്ചുതരണമേ!
ഞാന്‍ അങ്ങേ അദ്ഭുതകൃത്യങ്ങളെപ്പറ്റി ധ്യാനിക്കും.

കര്‍ത്താവേ, അവിടുത്തെ കല്‍പനകളുടെ വഴിയിലൂടെ എന്നെ നയിക്കണമേ.

ഞാന്‍ വിശ്വസ്തതയുടെ മാര്‍ഗം തിരഞ്ഞെടുത്തിരിക്കുന്നു;
അങ്ങേ ശാസനങ്ങള്‍ എന്റെ കണ്‍മുന്‍പില്‍ ഉണ്ട്.
ഞാന്‍ അങ്ങേ പ്രമാണം പാലിക്കാനും
പൂര്‍ണഹൃദയത്തോടെ അത് അനുസരിക്കാനും വേണ്ടി
എനിക്ക് അറിവു നല്‍കണമേ!

കര്‍ത്താവേ, അവിടുത്തെ കല്‍പനകളുടെ വഴിയിലൂടെ എന്നെ നയിക്കണമേ.

അവിടുത്തെ കല്‍പനകളുടെ വഴിയിലൂടെ എന്നെ നയിക്കണമേ!
ഞാന്‍ അതില്‍ സന്തോഷിക്കുന്നു.
ഞാന്‍ അങ്ങേ കല്‍പനകളെ നിരന്തരം എന്നേക്കും പാലിക്കും.

കര്‍ത്താവേ, അവിടുത്തെ കല്‍പനകളുടെ വഴിയിലൂടെ എന്നെ നയിക്കണമേ.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 8:19-21
ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരരും.

അക്കാലത്ത്, യേശുവിന്റെ അമ്മയും സഹോദരരും അവനെ കാണാന്‍ വന്നു. എന്നാല്‍, ജനക്കൂട്ടം നിമിത്തം അവന്റെ അടുത്ത് എത്താന്‍ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരരും നിന്നെ കാണാന്‍ ആഗ്രഹിച്ച് പുറത്തു നില്‍ക്കുന്നു എന്ന് അവര്‍ അവനെ അറിയിച്ചു. അവന്‍ പറഞ്ഞു: ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരരും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ കാണിക്കകള്‍
ദയാപൂര്‍വം സ്വീകരിക്കണമേ.
വിശ്വാസത്തിന്റെ ഭക്തിയാല്‍ പ്രഖ്യാപിക്കപ്പെടുന്നത്
സ്വര്‍ഗീയരഹസ്യങ്ങളാല്‍ ഇവര്‍ പ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 119:4-5

അങ്ങേ പ്രമാണങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിക്കണമെന്ന്
അങ്ങ് കല്പിച്ചിരിക്കുന്നു.
അങ്ങേ ചട്ടങ്ങള്‍ പാലിക്കുന്നതിന്
എന്റെ വഴികള്‍ നയിക്കപ്പെടട്ടെ.

Or:
യോഹ 10:14

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ നല്ലിടയനാണ്,
ഞാന്‍ എന്റെ ആടുകളെയും അവ എന്നെയും അറിയുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൂദാശയാല്‍
അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ
നിരന്തരസഹായത്താല്‍ ഉദ്ധരിക്കണമേ.
അങ്ങനെ, ദിവ്യരഹസ്യങ്ങളാലും ജീവിതരീതികളാലും
പരിത്രാണത്തിന്റെ ഫലം ഞങ്ങള്‍ സംപ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment