പുലർവെട്ടം 389

{പുലർവെട്ടം 389}
 
ചെറിയ ചുവടുകൾ കൊണ്ടാണ് മാനവരാശി അതിന്റെ എല്ലാ കുതിച്ചുചാട്ടങ്ങളും നടത്തിയിട്ടുള്ളത്. ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വൺലൈനർ ആണത്- “That’s one small step for man, one giant leap for mankind.” നീൽ ആംസ്ട്രോങ് മിസ്ക്വോട്ട് ചെയ്യപ്പെടുകയായിരുന്നെന്ന് ഒരു പക്ഷമുണ്ട്. അപ്പോളോ 11-ലെ ആ സഞ്ചാരി എന്താണു പറയുന്നതെന്നറിയാൻ ലോകം കാതു കൂർപ്പിക്കുകയായിരുന്നു. അന്നുതൊട്ട് ഇന്നോളം ആ വാചകം ഭൂമിയിൽ ഘോഷിക്കപ്പെടുന്നു. എന്നാൽ ആംസ്ട്രോങ് താൻ മന്ത്രിച്ചത് ‘a man’ എന്നാണെന്ന് പലയാവർത്തി തിരുത്താൻ ശ്രമിച്ചിട്ടുണ്ട്. എൺപത്തിരണ്ടാം വയസിൽ (1930 – 2012) അയാൾ മരിക്കുവോളം ആ തിരുത്ത് അത്ര പ്രധാനപ്പെട്ടതായി ആരും ഗണിച്ചതുമില്ല.
അതിലെന്താണിത്ര വ്യത്യാസം എന്നാവും ചിന്തിക്കുന്നത്. അതിലാണ് വ്യത്യാസം. Man എന്ന പദത്തിന് humankind / മനുഷ്യരാശി എന്നാണർത്ഥം. A man എന്നത് തികച്ചും വൈയക്തികമായ സൂചനയാണ്. ഒരു പാവം പിടിച്ച ആർട്ടിക്ക്‌ൾ പോലും എന്തൊരു വ്യത്യാസമാണുണ്ടാക്കുന്നത്! സംഘനൃത്തമല്ല മാനവചരിത്രം, ഓരോരുത്തരുടേയും ചുവടുകളെ സംഘാതമായി എണ്ണാൻ കഴിയുമെങ്കിൽപ്പോലും. ചുരുക്കത്തിൽ ഒറ്റയൊറ്റ മനുഷ്യരുടെ ദൃഢമായ ചുവടുവയ്പ്പുകളിലൂടെയാണ് മനുഷ്യവംശത്തിന്റെ ചാരുത സംഭവിക്കുന്നത്. മനുഷ്യരുടെ കഥകൾ കേൾക്കാൻ പറ്റുന്ന വിധത്തിൽ ഒരു ജാലകമുണ്ടെങ്കിൽ നിങ്ങൾക്കത് സ്വയമേ ബോധ്യപ്പെടാവുന്നതാണ്.
ഒക്കെ ഭാവനയുടെ അഭാവമാണ്. പുതിയൊരു ഭാവനയ്ക്ക് ഇടം കൊടുക്കാനാവത്ത വിധം ഉറച്ചുപോയതാണ് നമ്മുടെ നടപ്പുരീതികൾ. ഒരു കെട്ടിടം കായലിലേക്ക് തള്ളിനിന്നു എന്ന കാരണം കൊണ്ട് അതിനെ ധൂളിയാക്കുമ്പോൾ ഭാവനയ്ക്കും ആർദ്രതയ്ക്കും ഇടമില്ലെന്നുതന്നെയാണ് തെളിയിക്കപ്പെടുന്നത്. നിറയെ മരങ്ങളും ചെടികളും കൊണ്ട് ആ കെട്ടിടത്തെ അലങ്കരിക്കാമായിരുന്നു എന്നും പരിസ്ഥിതിയുടെ സൗമ്യമായി ഓർമ്മപ്പെടുത്തലായ അതു നഗരത്തിൽ എന്നുമുണ്ടായേനെ എന്നും പറഞ്ഞുതരുന്നത് 12 വയസുള്ള ഒരു കുട്ടിയാണ്. ആൾക്കൂട്ടത്തിൽ നിന്ന് അവൻ പാർത്തിരുന്ന ഇടം പൊടിഞ്ഞുപോകുന്നതു കാണാൻ ദൗർഭാഗ്യമുണ്ടായ ഒരു കുഞ്ഞാണതു പറഞ്ഞതെന്നോർക്കുമ്പോൾ നമുക്ക് ലജ്ജിക്കുവാൻ പുതിയൊരു കാരണം കൂടി ഉണ്ടാവുന്നു.
സുവിശേഷപഠനങ്ങളിലൊക്കെ പറയുന്ന പ്രതി വിജ്ഞാനീയം – counter epistemology – എന്ന് അതിനെ പരാവർത്തനം ചെയ്യാമെന്നു തോന്നുന്നു. ഒരു ചായക്കട നടത്തുമ്പോൾപ്പോലും അങ്ങനെയൊരു പ്രശ്നമുണ്ട്. ഇന്നു രാവിലെ പുട്ടു കുത്തുക എന്നതിന്റെ അർത്ഥം ഇന്നലെ കടല വെള്ളത്തിലിടുക എന്നതുതന്നെയാണ്; അവർ ഇരട്ടസഹോദരങ്ങളാണെന്നപോലെ. മാറിയൊരു ചുവട്, ഭേദപ്പെട്ട ഒരു ഭാവന ഒക്കെ അസാധ്യമാക്കുംവിധത്തിൽ നമ്മൾ കുരുങ്ങിപ്പോയി. ഗുരുക്കന്മാർ ചെയ്തിരുന്നത് അതായിരുന്നു. അവർ ഇങ്ങനെ പറഞ്ഞാണ് നമ്മുടെ ബോധത്തിലേക്ക് പ്രവേശിച്ചത്: നിങ്ങൾ ഇങ്ങനെ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, അതിന്റെ അർത്ഥം വ്യത്യസ്തമായ ഒരു പ്രതലത്തിൽ നിന്ന് ജീവിതത്തെ കാണാനും അങ്ങനെ പ്രകാശിക്കാനും ഞാൻ നിങ്ങളെ സഹായിക്കാം എന്നു തന്നെയാണ്. പകയേക്കുറിച്ച് ഇനി എന്തു പറയുവാൻ! മനുഷ്യൻ ഉരുവായ കാലം മുതൽ അത് അയാളോടൊപ്പം ഉണ്ടായിരുന്നു. ആ പകയാണ് വയലന്റ് കണ്ടന്റുള്ള ചലച്ചിത്രങ്ങൾ വിജയമാകുമ്പോഴും ഘോഷിക്കപ്പെടുന്നത്. കരുണ പുതിയൊരു വഴിയാണ്. എത്രയിടങ്ങളിലാണ് സുവിശേഷങ്ങളിൽ ‘എന്നാൽ ഞാൻ നിങ്ങളോടു പറയാം’ എന്നു പറഞ്ഞ് നരന്റെ നടപ്പുരീതികളെ മാറ്റാൻ അയാൾ ക്ഷണിക്കുന്നതെന്ന് വെറുതേ ഒന്ന് എണ്ണിനോക്കുന്നത് നല്ലതാണ്.
ഐൻസ്റ്റീൻ എത്ര ശരിയാണ്. അയാൾ ഭ്രാന്തിനെ – insanity – ഇങ്ങനെയാണ് നിർവചിച്ചത്: “The definition of insanity is doing the same thing over and over again, but expecting different results”. ഒരേ കാര്യങ്ങൾ ആവർത്തിച്ചു ചെയ്തിട്ട് ഭേദപ്പെട്ട ഫലങ്ങൾ ലഭിക്കുമെന്ന ആ തെറ്റായ സങ്കല്പത്തിനാണ് അടിയന്തിരചികിത്സ ആവശ്യമുള്ളത്.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment