ദിവ്യബലി വായനകൾ Friday of week 25 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം


🔵 വെള്ളി, 25/9/2020

Friday of week 25 in Ordinary Time

Liturgical Colour: Green.

പ്രവേശകപ്രഭണിതം

കര്‍ത്താവ് അരുള്‍ചെയ്യുന്നു: ജനത്തിന്റെ രക്ഷ ഞാനാകുന്നു.
ഏതേതു ദുരിതങ്ങളില്‍ അവര്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോഴും
ഞാനവരെ ശ്രവിക്കുകയും
എന്നേക്കും ഞാനവരുടെ കര്‍ത്താവായിരിക്കുകയും ചെയ്യും.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങയോടും അയല്ക്കാരോടുമുള്ള സ്‌നേഹത്തില്‍
ദിവ്യകല്പനകളെല്ലാം അങ്ങ് സ്ഥാപിച്ചുവല്ലോ.
അങ്ങേ കല്പനകള്‍ പാലിച്ചുകൊണ്ട്
നിത്യജീവനിലേക്ക് ഞങ്ങള്‍ എത്തിച്ചേരാനുള്ള
അര്‍ഹത ഞങ്ങള്‍ക്കു നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

സഭാ 3:1-11
ആകാശത്തിന്‍ കീഴുള്ള സമസ്തവും അതാതിനുള്ള സമയത്തു കടന്നുപോകുന്നു.

എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിന്‍ കീഴുള്ള സമസ്തകാര്യത്തിനും ഒരവസരമുണ്ട്. ജനിക്കാന്‍ ഒരു കാലം, മരിക്കാനൊരു കാലം, നടാനൊരു കാലം, നട്ടതു പറിക്കാന്‍ ഒരു കാലം. കൊല്ലാന്‍ ഒരു കാലം, സൗഖ്യമാക്കാന്‍ ഒരു കാലം, തകര്‍ക്കാന്‍ ഒരു കാലം, പണിതുയര്‍ത്താന്‍ ഒരു കാലം, കരയാന്‍ ഒരു കാലം, ചിരിക്കാന്‍ ഒരു കാലം, വിലപിക്കാന്‍ ഒരു കാലം, നൃത്തം ചെയ്യാന്‍ ഒരു കാലം. കല്ലുപെറുക്കിക്കളയാന്‍ ഒരുകാലം, കല്ലുപെറുക്കിക്കൂട്ടാന്‍ ഒരു കാലം, ആലിംഗനം ചെയ്യാന്‍ ഒരു കാലം. ആലിംഗനം ചെയ്യാതിരിക്കാന്‍ ഒരു കാലം. സമ്പാദിക്കാന്‍ ഒരു കാലം, നഷ്ടപ്പെടുത്താന്‍ ഒരു കാലം, സൂക്ഷിച്ചുവയ്ക്കാന്‍ ഒരു കാലം, എറിഞ്ഞുകളയാന്‍ ഒരു കാലം. കീറാന്‍ ഒരു കാലം, തുന്നാന്‍ ഒരു കാലം, മൗനം പാലിക്കാന്‍ ഒരു കാലം, സംസാരിക്കാന്‍ ഒരു കാലം. സ്‌നേഹിക്കാന്‍ ഒരു കാലം, ദ്വേഷിക്കാന്‍ ഒരു കാലം, യുദ്ധത്തിന് ഒരു കാലം, സമാധാനത്തിന് ഒരു കാലം.
അധ്വാനിക്കുന്നവന് അവന്റെ അധ്വാനം കൊണ്ടെന്തു ഫലം? ദൈവം മനുഷ്യമക്കള്‍ക്കു നല്‍കിയ ശ്രമകരമായ ജോലി ഞാന്‍ കണ്ടു. അവിടുന്ന് സമസ്തവും അതതിന്റെ കാലത്ത് ഭംഗിയായിരിക്കത്തക്കവിധം സൃഷ്ടിച്ചു. മനുഷ്യമനസ്സില്‍ കാലത്തിന്റെ സമഗ്രതയെക്കുറിച്ചുള്ള ബോധം അവിടുന്ന് നിക്‌ഷേപിച്ചിരിക്കുന്നു; എന്നാല്‍ ദൈവത്തിന്റെ പ്രവൃത്തികള്‍ ആദ്യന്തം ഗ്രഹിക്കാന്‍ അവനു കഴിവില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 144:1b,2abc,3-4

എന്റെ അഭിയശിലയായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ.

എന്റെ അഭയശിലയായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ!
അവിടുന്നാണ് എന്റെ അഭയശിലയും,
ദുര്‍ഗവും, ശക്തികേന്ദ്രവും;
എന്റെ വിമോചകനും പരിചയും
ആയ അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു;
അവിടുന്നു ജനതകളെ കീഴടക്കുന്നു.

എന്റെ അഭിയശിലയായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ.

കര്‍ത്താവേ, അവിടുത്തെ ചിന്തയില്‍ വരാന്‍
മര്‍ത്യന് എന്തു മേന്മയുണ്ട്?
അവിടുത്തെ പരിഗണന ലഭിക്കാന്‍
മനുഷ്യപുത്രന് എന്ത് അര്‍ഹതയുണ്ട്?
മനുഷ്യന്‍ ഒരു ശ്വാസത്തിനു തുല്യനാണ്;
അവന്റെ ദിനങ്ങള്‍ മാഞ്ഞുപോകുന്ന
നിഴല്‍പോലെയാകുന്നു.

എന്റെ അഭിയശിലയായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 9:18-22
നീ ദൈവത്തിന്റെ ക്രിസ്തു ആണ്. മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കേണ്ടിയിരിക്കുന്നു.

അക്കാലത്ത്, യേശു തനിയെ പ്രാര്‍ഥിക്കുകയായിരുന്നു. ശിഷ്യന്മാരും അവന്റെ കൂടെ ഉണ്ടായിരുന്നു. അപ്പോള്‍ അവന്‍ ചോദിച്ചു: ഞാന്‍ ആരെന്നാണു ജനങ്ങള്‍ പറയുന്നത്? അവര്‍ മറുപടി നല്‍കി. ചിലര്‍ സ്‌നാപകയോഹന്നാനെന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ പൂര്‍വപ്രവാചകന്മാരില്‍ ഒരാള്‍ ഉയിര്‍ത്തിരിക്കുന്നു എന്നും പറയുന്നു. അപ്പോള്‍ അവന്‍ ചോദിച്ചു: ഞാന്‍ ആരെന്നാണു നിങ്ങള്‍ പറയുന്നത്? പത്രോസ് ഉത്തരം നല്‍കി: നീ ദൈവത്തിന്റെ ക്രിസ്തു ആണ്. ഇക്കാര്യം ആരോടും പറയരുതെന്നു കര്‍ശനമായി നിരോധിച്ചതിനുശേഷം അവന്‍ അരുളിച്ചെയ്തു: മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കുകയും, ജനപ്രമാണികള്‍, പുരോഹിത പ്രമുഖന്മാര്‍, നിയമജ്ഞര്‍

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ കാണിക്കകള്‍
ദയാപൂര്‍വം സ്വീകരിക്കണമേ.
വിശ്വാസത്തിന്റെ ഭക്തിയാല്‍ പ്രഖ്യാപിക്കപ്പെടുന്നത്
സ്വര്‍ഗീയരഹസ്യങ്ങളാല്‍ ഇവര്‍ പ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 119:4-5

അങ്ങേ പ്രമാണങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിക്കണമെന്ന്
അങ്ങ് കല്പിച്ചിരിക്കുന്നു.
അങ്ങേ ചട്ടങ്ങള്‍ പാലിക്കുന്നതിന്
എന്റെ വഴികള്‍ നയിക്കപ്പെടട്ടെ.

Or:
യോഹ 10:14

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ നല്ലിടയനാണ്,
ഞാന്‍ എന്റെ ആടുകളെയും അവ എന്നെയും അറിയുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൂദാശയാല്‍
അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ
നിരന്തരസഹായത്താല്‍ ഉദ്ധരിക്കണമേ.
അങ്ങനെ, ദിവ്യരഹസ്യങ്ങളാലും ജീവിതരീതികളാലും
പരിത്രാണത്തിന്റെ ഫലം ഞങ്ങള്‍ സംപ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment