Rev. Fr Geevarghese Puthenpurackal (Kadamanitta Achan) 1893 - 1955മൺമറഞ്ഞ മഹാരഥൻമാർ

Rev. Fr Geevarghese Puthenpurackal (Kadamanitta Achan) 1893 – 1955

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു…

Rev. Fr Geevarghese Puthenpurackal (Kadamanitta Achan) 1893 - 1955

Rev. Fr Geevarghese Puthenpurackal (Kadamanitta Achan) 1893 – 1955

കടമ്മനിട്ടയുടെ വികസനത്തിനായി പരിശ്രമിച്ച ഇടയൻ

“പുരോഹിതന്‍ അധരത്തില്‍ ജ്‌ഞാനം സൂക്‌ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം. അവന്‍ സൈന്യങ്ങളുടെ കര്‍ത്താവിന്റെ ദൂതനാണ്‌”. മലാക്കി 2 : 7

മലാക്കി പ്രവാചകന്റെ ഈ വാക്കുകൾ ഉള്ളിലാവാഹിച്ച് ഒരു ദേശത്തിന്റെ വിശ്വാസസംരക്ഷകനും ആത്മീയ പ്രബോധകനുമായിരുന്ന ഇടയനായിരുന്നു വർഗ്ഗീസ് പുത്തൻപുരയ്ക്കൽ അച്ചൻ. ഒരു പ്രദേശത്തിന്റെ മുഴുവൻ അജപാലകനായിരുന്നതിനാൽ നാടിന്റെ പേര് അദ്ദേഹത്തിന്റെ വിളിപ്പേരായി, കടമ്മനിട്ടയച്ചൻ.

1893 ഏപ്രിൽ 24ന് പുത്തൻപുരയ്ക്കൽ ഗീവർഗ്ഗീസ് കത്തനാരുടെയും വെൺമണി മരുത്തുംമൂട്ടിൽ കുടുംബാംഗമായ ആച്ചിയമ്മയുടെയും മൂത്ത മകനായി ജനിച്ചു. ക്രിസ്തുശിഷ്യനായ മാർതോമാ ശ്ളീഹായിൽ നിന്നും സത്യവിശ്വാസം സ്വീകരിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന കുടുംബങ്ങളിലൊന്നായ പകലോമറ്റം കുടുംബത്തിന്റെ ശാഖയാണ് തേവർവേലിൽ പുത്തൻപുരയ്ക്കൽ കുടുംബം.

മലങ്കരയുടെ പരിശുദ്ധൻ എന്ന പേരിൽ പ്രഖ്യാതനായ പരുമല തിരുമേനിയുടെ അരുമ ശിഷ്യൻമാരിലൊരാളായിരുന്ന ഗീവർഗ്ഗീസ് കത്തനാർ (കടമ്മനിട്ട വല്യച്ചൻ) യാക്കോബായ സഭയിലെ അറിയപ്പെടുന്ന വൈദീകരിൽ ഒരാളായി ഗണിക്കപ്പെട്ടിരുന്നു. പരുമലത്തിരുമേനിയോടൊപ്പം ഊർശ്ളേം യാത്ര നടത്തിയ അച്ചൻ ഏറെക്കാലം പിതാവിന്റെ സെക്രട്ടറിയായും സന്തതസഹചാരിയുമായി ഒപ്പമുണ്ടായിരുന്നു.

ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് അന്നത്തെ വൈസ്രോയി ലോർഡ് കർസൺ (Lord Curzon) 1900ൽ തിരുവിതാംകൂർ സന്ദർശിക്കുവാനായി വന്നപ്പോൾ അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്താനായി മലങ്കര മെത്രാപ്പൊലീത്ത പുലിക്കോട്ടിൽ മാർ ദിവന്നാസിയോസിനോടൊപ്പം പരുമല തിരുമേനിയും കടമ്മനിട്ട വല്യച്ചനും പോയിരുന്നു. പക്ഷേ ഈ യാത്രയിൽ കൊല്ലത്ത് വച്ച് അച്ചൻ രോഗബാധിതനാകുകയും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മരണമടയുകയും ചെയ്തു. ഇന്നത്തെപ്പോലെ യാത്രാസൗകര്യങ്ങളില്ലാതിരുന്ന ആ കാലത്ത് മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നത് ക്ളേശകരമായിരുന്നതിനാൽ പാളയത്തെ CMS പളളിയിൽ (അന്ന് തിരുവനന്തപുരത്ത് യാക്കോബായ പള്ളികൾ ഇല്ലായിരുന്നു) രണ്ട് പിതാക്കൻമാരുടെ സാന്നിദ്ധ്യത്തിൽ സംസ്കരിച്ചു.

1875 ഒക്ടോബർ 31ന് വല്യച്ചൻ അന്നത്തെ അന്ത്യോക്യൻ പാത്രിയർക്കീസായിരുന്ന പത്രോസ് മൂന്നാമനെ കടമ്മനിട്ടയിലേക്ക് കൊണ്ടുവരുകയും കുടുംബവക സ്ഥലത്ത് വിശുദ്ധ പത്രോസ് പൗലോസ് ശ്ളീഹൻമാരുടെ നാമത്തിലുള്ള പള്ളിക്ക് ശിലാസ്ഥാപനം നടത്തുകയും ചെയ്തു. വല്യച്ചന്റെ പിതാവ് പുത്തൻപുരയ്ക്കൽ ചാണ്ടി ഗീവർഗീസ് 1868ൽ തന്നെ തന്റെ കുടുംബവക സ്ഥലം പള്ളിക്കായി നൽകിയിരുന്നു.

വർഗീസിന് ബാല്യത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ടെങ്കിലും പിതാമഹനായ ചാണ്ടി അതിന്റെ കുറവുകൾ അറിയിക്കാതെ അവരെ വളർത്തി. സ്വപിതാവിനെപ്പോലെ തന്നെ ദൈവീക കാര്യങ്ങളോടും ആരാധനാപാരമ്പര്യങ്ങളോടും ഏറെ താൽപര്യമുണ്ടായിരുന്ന ബാലൻ സ്കൂൾ പഠനത്തിന് ശേഷം വൈദീകനാകണമെന്ന ആഗ്രഹത്താൽ കോട്ടയം പഴയ സെമിനാരിയിൽ ചേർന്നു. വൈദീക പരിശീലനം നടത്തിയിരുന്നത് വട്ടശ്ശേരിൽ ദിവന്നാസിയോസ് പിതാവിന്റെ ശിക്ഷണത്തിലായിരുന്നു. 1915ൽ ശെമ്മാശപട്ടവും 1916 ജനുവരി 16ന് വൈദീകപട്ടവും വട്ടശ്ശേരിൽ തിരുമേനിയിൽ നിന്നു തന്നെ സ്വീകരിച്ചു. തുടർന്നുള്ള നാളുകളിൽ കടമ്മനിട്ട ഓർത്തഡോക്സ് പള്ളിയുടെ വികാരിയായി സേവനം അനുഷ്ഠിച്ചു.

മലങ്കരയുടെ ആത്മീയ നവോത്ഥാനത്തിനായി റാന്നി-പെരുനാട്ടിൽ ഫാ.പി.ടി.ഗീവർഗീസ് (മാർ ഈവാനിയോസ്) സമാരംഭിച്ച ബഥനി ആശ്രമത്തോട് അതിന്റെ ആദ്യനാളുകൾ മുതലേ കടമ്മനിട്ടയച്ചൻ സഹകരിച്ചിരുന്നു. മാർ ഈവാനിയോസും സഹകാരികളും ബഥനി വിട്ടിറങ്ങിയതും 1930ൽ കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടതുമെല്ലാം നാട്ടിലെങ്ങും വലിയ സംസാരവിഷയമായിരുന്നു. ആദ്യനാളുകളിൽ പുനരൈക്യ പ്രസ്ഥാനത്തെ എതിർത്തുവെങ്കിലും കത്തോലിക്കാ സഭയാണ് പത്രോസിന്റെ പിൻഗാമിയായ മാർപാപ്പയാൽ നയിക്കപ്പെടുന്ന ഏക സത്യസഭയെന്ന് തിരിച്ചറിഞ്ഞ അച്ചൻ 1931 ജൂൺ 16ന് മൈലപ്രായിൽ വെച്ച് മാർ ഈവാനിയോസ് പിതാവിന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് പുനരൈക്യപ്പെട്ടു. അച്ചനോടൊപ്പം ഇടവകയിലെ ഭൂരിഭാഗം വിശ്വാസികളും പുനരൈക്യപ്പെട്ടു. കടമ്മനിട്ടയിലും സമീപപ്രദേശങ്ങളിലും മലങ്കര സഭയെ കെട്ടിപ്പെടുക്കുന്നതിനായി അച്ചൻ അക്ഷീണം അദ്ധ്വാനിച്ചു. കടമ്മനിട്ട, വല്യയന്തി, വയലത്തല, മേക്കൊഴൂർ, തോന്നിയാമല തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇന്ന് മലങ്കര പള്ളികൾ ഉയർന്നു നിൽക്കുന്നുവെങ്കിൽ അതിന്റെ പിന്നിൽ അച്ചന്റെ പ്രവർത്തനങ്ങളാണ്. പത്തനംതിട്ട രൂപതയുടെ പ്രഥമ ഇടയൻ യൂഹാനോൻ മാർ ക്രിസോസ്റ്റം പിതാവിനും ദ്വിതീയ ഇടയൻ സാമുവേൽ മാർ ഐറേനിയോസ് പിതാവിനും മാമോദീസ നൽകിയത് അച്ചനാണ്. പത്തനംതിട്ടയിലെ പുനരൈക്യ പ്രസ്ഥാനത്തിന്റെ ത്രിമൂർത്തികൾ എന്നറിയപ്പെടുന്നത് മൈലപ്ര അച്ചൻ, കുമ്പഴ അച്ചൻ, കടമ്മനിട്ട അച്ചൻ എന്നിവരാണ്.

ഇടവകക്കാരുടെയോ ക്രിസ്ത്യാനികളുടെയൊ മാത്രമല്ല ഒരു ദേശത്തിന്റെ മുഴുവൻ പുരോഹിതനായിരുന്നു കടമ്മനിട്ടയച്ചൻ. തന്റെ വൈദീക ജീവിതത്തിൽ ഉടനീളം കാരുണ്യവും, സഹാനുഭൂതിയും നിറഞ്ഞു നിന്ന അച്ചൻ എന്നും പാവപ്പെട്ടവന്റെ അത്താണിയായിരുന്നു, പ്രവർത്തന മേഖല എന്നും സാധാരണക്കാരന്റെ പക്ഷത്തുനിന്നുകൊണ്ടായിരുന്നു. നാനാജാതി മതസ്ഥരായ അനേകരുമായി സ്ഥായിയായ സൗഹൃദ ബന്ധം അദ്ദേഹം പുലർത്തിയിരുന്നു. കടമ്മനിട്ട കരപ്രമാണി കാവുക്കോട്ട് കുറുപ്പച്ചനോട് ചേർന്ന് നാടിന്റെ വികസനത്തിനായി ഒരുമിച്ച് അദ്‌ധ്വാനിച്ചതിന്റെ ഫലമായി കടമ്മനിട്ട ഗവൺമെന്റ് ഹൈസ്കൂൾ, ഗവൺമെന്റ് ആശുപത്രി, കോഴഞ്ചേരി- മണ്ണാറക്കുളഞ്ഞി റോഡ്, പത്തനംതിട്ട-കടമ്മനിട്ട റോഡ്, കടമ്മനിട്ട-വാഴക്കുന്നം -കോഴഞ്ചേരി റോഡ് ഇവയെല്ലാം സ്ഥാപിതമായി. “നമ്മുടെ കൊച്ചു കത്തനാർ ചേർന്നിരിക്കുന്ന സഭയാണ് സാക്ഷാൽ സത്യസഭ, അതിനാൽ നീയും കുടുംബവും അതിൽ ചേരാൻ ഒട്ടും മടിക്കേണ്ട” എന്ന് കാവുക്കോട്ട് കുറുപ്പച്ചൻ തന്റെ പരിചയത്തിലുള്ള ക്രിസ്ത്യാനികളോട് പറയുവാൻ തക്കവിധം ആത്മബന്ധം അവർ തമ്മിലുണ്ടായിരുന്നു. അച്ചന്റെ സഭാ ശുശ്രൂഷകൾക്ക് ബലം പകർന്നത് കടമ്മനിട്ടയിലെ നായർ സഹോദരങ്ങളാണ്. പള്ളി പണിയുന്നതിനാവശ്യമായ മുഴുവൻ തേക്ക് തടിയും ഒപ്പം കായിക അദ്ധ്വാനവും നൽകി അവർ ദേവാലയത്തെ സഹായിച്ചു. പള്ളിക്കൂദാശക്ക് മാർ ഈവാനിയോസ് തിരുമേനി എത്തിച്ചേർന്നപ്പോൾ വഞ്ചിപ്പാട്ടിന്റെ ഈണത്തിൽ തയ്യാറാക്കിയ ഗാനത്തോടെ പള്ളിയിലേക്ക് സ്വീകരിക്കാൻ അവരുണ്ടായിരുന്നു. കൂദാശക്കു ശേഷം നടന്ന പൊതുസമ്മേളനത്തിൽ ദേശത്തിന്റെ മതമൈത്രിയേയും പരസ്പര സാഹോദര്യത്തേയും പിതാവ് മുക്തകണ്ഠം പ്രശംസിച്ചു.

വിശ്രമമില്ലാത്ത പ്രവർത്തനങ്ങൾ അച്ചനെ രോഗബാധിതനാക്കി. 1955 ഓഗസ്റ്റ് 16ന് തന്റെ 63-ാം വയസിൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. തൊട്ടടുത്ത ദിവസം മാർ അത്തനാസിയോസ് പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ ശവസംസ്കാര ശുശ്രൂഷകൾ നടന്നു. ദേശവാസികൾ ഒന്നടങ്കം അതിൽ പങ്കാളികളായി. മരണാനന്തര ചടങ്ങുകളിൽ സജീവമായി പങ്കെടുത്ത നായർ സഹോദരങ്ങൾ നാല്പതാം അടിയന്തിരത്തിന്റെ വിപുലമായ സദ്യയുടെ ചുമതലയും സ്വയം ഏറ്റെടുത്ത് നടത്തി. ദേശത്തെ വളർത്തിയ അച്ചന്റെ ബഹുമാനാർത്ഥം United Sports Club (USC) ന്റെ ആഭിമുഖ്യത്തിൽ ഏതാനും വർഷം മുമ്പുവരെയും പുത്തൻപുരയ്ക്കൽ ഗീവർഗീസ് കത്തനാർ മെമ്മോറിയൽ വോളിബോൾ ടൂർണമെൻറ് സംഘടിപ്പിച്ചിരുന്നു.

കുമ്പഴക്കുഴിയിൽ കോശിയുടെ മകൾ ഏലിയാമ്മയായിരുന്നു അച്ചന്റെ സഹധർമ്മിണി. അച്ചന്റെ ഏക സഹോദരി അന്നമ്മയെ ഏലിയാമ്മയുടെ സഹോദരൻ ഗീവർഗീസ് വിവാഹം കഴിച്ചു. ചിന്നമ്മ, പി.വി അലക്സാണ്ടർ, തങ്കമ്മ, കുഞ്ഞമ്മ, പി.വി.ജോർജ്, പി.വി.തോമസ്, പി.വി. മാത്യു, മേരിക്കുട്ടി, ഗ്രേസിക്കുട്ടി എന്നിങ്ങനെ 9 മക്കളെയായിരുന്നു അച്ചന് ദൈവം നൽകിയത്. പിതാവിന്റെ പാത പിന്തുടർന്ന് സഭയോടും സമൂഹത്തോടും ചേർന്ന് സ്തുത്യർഹമായ ജീവിതം മക്കളും അനന്തര തലമുറകളും നയിക്കുന്നു.

കടപ്പാട്: ലിബിൻ ജോൺ പുത്തൻപുരയ്ക്കൽ (കടമ്മനിട്ട അച്ചന്റെ കൊച്ചുമകൻ)
ഫാ. ജോയ്സി പുതുപറമ്പിൽ (ഇടവകാംഗം)

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John Kizhakkethil

Fr Sebastian John Kizhakkethil

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s