മതപരിവർത്തനമല്ല, പ്രശ്നം മനപരിവർത്തനമാണ്.
ജൻമം കൊണ്ട് അംഗത്വം ലഭിച്ച സഭയിൽ പ്രാണനെപ്പോലെ പ്രണയിക്കുന്ന ക്രിസ്തുവിനെ തമസ്കരിക്കുന്ന പ്രവർത്തനങ്ങളുണ്ടാകുമ്പോൾ നഖശിഖാന്തം എതിർക്കുന്നത് പ്രത്യയശാസ്ത്രങ്ങളിൽ നിന്ന് സഭ വഴുതിപ്പോകുന്നതിലുള്ള അസ്വസ്ഥത കൊണ്ടാണ്. ഒരു സന്യാസിവര്യൻ ഭരണകൂടത്തിന് നേരെ തൻ്റെ ശുഷ്കിച്ച ചൂണ്ടുവിരൽ ഉയർത്തുമ്പോൾ തീ പാറുന്നത് അവൻ്റെ ഹൃദയത്തിൽ ചരിത്രത്തിലെ ഏറ്റവും ഉന്നതനായ ആക്ടിവിസ്റ്റും ദൈവവുമായ ക്രിസ്തുവിനെ പ്രതിഷ്ടിച്ചിരിക്കുന്നതു കൊണ്ടാണ്. ക്രിസ്തുമതത്തിലേക്ക് തൻ്റെ 50 വർഷത്തെ മിഷണറി ജീവിതത്തിനിടയിൽ അധികമാരെയും ചേർത്തിട്ടില്ലാത്ത ഫാ. സ്റ്റാൻ സ്വാമി അനേകം പേരെ മനപരിവർത്തനം നടത്തി എന്നു പറയുന്നതാകും ശരി.
ഉത്തരേന്ത്യയിൽ ക്രിസ്ത്യൻ മിഷനറിമാർ നിരന്തരം പീഡിപ്പിക്കപ്പെടുകയാണ്. പള്ളികൾ ആക്രമിക്കപ്പെടുന്നു. വൈദികർ അട്ടിയോടിക്കപ്പെടുന്നു. ഭീതിതമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. ഏറ്റവുമൊടുവിൽ ഫാ. സ്റ്റാൻ സ്വാമിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുന്നു.
എന്നാൽ സംഘി പ്രത്യയശാസ്ത്രം യഥാർത്ഥത്തിൽ ഭയക്കുന്നത് മതപരിവർത്തനത്തെയല്ല. മറിച്ച് മനപരിവർത്തനത്തെയാണ് എന്ന് സമീപകാല സംഭവങ്ങൾ സസൂക്ഷ്മം വീക്ഷിച്ചാൽ മനസ്സിലാകും.
ഹൈന്ദവ വിശ്വാസത്തിൽ നിന്ന് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഉന്നതകുലജാതരായ ആളുകൾക്കെതിരെ ഇന്നുവരെ സംഘപരിവാർ കലാപം സൃഷ്ടിച്ചിട്ടില്ല. ആക്രമിക്കപ്പെട്ടതു മുഴുവൻ ദളിതരും ദരിദ്രരുമാണെന്നത് മറക്കരുത്. കാരണം ഇക്കാലമത്രയും ഇക്കൂട്ടരെ അടിമകളെപ്പോലെ ഉപയോഗിക്കുകയും തന്നിഷ്ടത്തിന് ചൂഷണം ചെയ്യുകയും ചെയ്തിരുന്ന ഉന്നത കുല ജൻമികൾക്ക് അവരെ ഇനിയും ഉപയോഗിക്കാനാവില്ല. ക്രൈസ്തവ മിഷണറി മാർ ദളിതർക്കും ആദിവാസികൾക്കും വിദ്യാഭ്യാസം നൽകുന്നു. അവരുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധവാൻമാരാക്കുന്നു. അവർക്ക് മരുന്നും വസ്ത്രവും നൽകുന്നു.
പഞ്ചപുച്ഛമടക്കി തലയും കുനിച്ച് മേൽവസ്ത്രം ധരിക്കാതെ ഓച്ചാനിച്ച് നിന്നിരുന്ന കർഷകത്തൊഴിലാളിയായ (അടിമയായ) ദളിതനും ആദിവാസിയും നല്ല വസ്ത്രം ധരിക്കുന്നതും നട്ടെല്ലു നിവർത്തി സ്വരമുയർത്തി സംസാരിക്കുന്നതും ഠാക്കൂർമാരെയും ജൻമികളായ ഉന്നതകുല ജാതരെയും തെല്ലെന്നുമല്ല അസ്വസ്ഥമാക്കുന്നത്. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാക്കണമെന്ന് സംഘിശാസ്ത്രം പറയുമ്പോൾ മനുസ്മൃതിയിലെ ഹിന്ദു സങ്കല്പം പുനർനിർമിക്കണമെന്ന് പറയാതെ പറഞ്ഞു വക്കുകയാണ്. ക്രിസ്ത്യൻ മിഷണറിമാരുടെ സാന്നിദ്ധ്യം മനുവാദം നടപ്പിൽ വരുത്താൻ തടസ്സമാണ്.
ഘർവാപസി എന്ന പേരിൽ സംഘം പറഞ്ഞിടത്ത് തിരിച്ചെത്തിച്ച കീഴ്ജാതിക്കാരുടെ സ്ഥിതി അടിമകളെക്കാൾ കഷ്ടമാണ്. ജയ് ശ്രീറാം എന്ന വിളി കേട്ടാൽ വീട്ടിനുള്ളിൽ വിളക്കു പോലും കത്തിക്കാൻ ഭയക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. സി. റാണി മരിയയുടെ ശരീരത്തിലേക്ക് നിരന്തരം കത്തിയിറക്കിയ സമുന്ദർ സിംഗ് സംഘ ശാസ്ത്രത്തിൻ്റെ ആയുധമായിരുന്നു. കാന്ധമാൽ ക്രിസ്ത്യാനിയുടെ നെഞ്ചിലെ അണയാത്ത നെരിപ്പോടാണ്. ഗ്രഹാം സ്റ്റെയ്ൻസ് കൊല്ലപ്പെട്ടതും മതപരിവർത്തനത്തിൻ്റെ പേരിലല്ല. മറിച്ച് മനപരിവർത്തനത്തിൻ്റെ പേരിലാണ്.
മദർ തരേസ ജീവിച്ചിരുന്നെങ്കിൽ UAPA ചുമത്തി ജയിലിലടച്ചേനെയെന്ന് ആരോ എഴുതിയതു വായിച്ചപ്പോൾ സത്യമെന്ന് കരുതിപ്പോയി.
ഹിന്ദുത്വ അജണ്ടയുടെ ഹിഡൺ എക്കണോമിക്സ് ചർച്ച ചെയ്യപ്പെടേണ്ടതാണ്. പശുവിൻ്റെ പേരിൽ ഭീതിയും അക്രമവും വിതക്കുമ്പോൾ നാം ഓർക്കേണ്ടത് ഇന്ത്യയിലെ ഗോമാംസ കയറ്റുമതി ഇതേ കാലയളവിൽ പതിൻമടങ്ങ് വർധിച്ചു എന്നതാണ്. ഒന്നോ രണ്ടോ പശുവിനെ വളർത്തി ഉപജീവനം നടത്തിയിരുന്ന ദളിത് കർഷകന് പശു ഇന്ന് നഷ്ടക്കച്ചവടമാണ്. കറവ വറ്റിയ പശുക്കളെ പോറ്റാൻ നിർവ്വാഹമില്ലാത്ത കർഷകൻ പശുവിനെ തന്നെ ഉപേക്ഷിക്കുകയാണ്. ചുരുക്കത്തിൽ പശുവളർത്തൽ ഒരു മുതലാളിത്ത വ്യവസായമായി മാറി. ഫാം ഹൗസുകളിൽ വളർത്തുന്ന പശുക്കളെ കൊല്ലാം. കയറ്റി അയക്കാം. കർഷകന് അരുതാത്തത് ബിസിനസ്സുകാരന് ആവാം.
മതപരിവർത്തനത്തിൻ്റെ പേരിൽ കലാപമുണ്ടാക്കി ചില ഗ്രാമങ്ങൾ ഒഴിപ്പെച്ചെടുത്തു. നാടും വീടും സ്വത്തും സമ്പത്തുമുപേക്ഷിച്ച് അന്യദേശങ്ങളിലേക്ക് അവർ പലായനം ചെയ്തു. ജൻമികൾ നിഷ്പ്രയാസം അത് കൈക്കലാക്കി.
ഇത്തരമൊരു കടന്നുകയറ്റത്തിൻ്റെ ഇക്കണോമിക്സിനെതിരെയാണ് ഫാ. സ്റ്റാൻ സ്വരമുയർത്തിയത്.
ഖനി ലോബികളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശബ്ദമുയർത്താൻ തുടങ്ങിയതോടെയാണ് സ്റ്റാൻ സ്വാമിയെ അധികാരികൾ നോട്ടമിടാൻ തുടങ്ങിയത്. ധാതുസമ്പന്നമായ ജാർഖണ്ഡിലെ ആദിവാസി- വനഭൂമികൾ കൈയടക്കാനും ആദിവാസികളെ അവരുടെ പൈതൃക ഭൂമിയിൽ നിന്ന് ആട്ടിപ്പായിക്കാനും വൻ കോർപറേറ്റുകൾ ശ്രമം തുടങ്ങിയ 90 കളിലാണ് സ്റ്റാൻ സ്വാമിയുടെയും പോരാട്ടങ്ങൾ തുടങ്ങുന്നത്. നക്സലൈറ്റ്, മാവോയിസ്റ്റ് ബന്ധങ്ങൾ ആരോപിച്ച് ആദിവാസി യുവാക്കളെ കള്ളക്കേസുകളിൽ കുടുക്കി ജയിലുകളിൽ അടച്ചത് അദ്ദേഹം പുറത്തു കൊണ്ടു വന്നു. ജയിലുകളിൽ വിചാരണയില്ലാതെ കഴിയുന്ന ആദിവാസി യുവാക്കളിൽ 98% നും യാതൊരു നക്സൽ ബന്ധങ്ങളുമില്ലെന്ന് തെളിവുകൾ സഹിതം സ്ഥാപിക്കുന്ന ഗ്രന്ഥം അദ്ദേഹം 2016 ൽ പ്രസിദ്ധീകരിച്ചത് ഭരണകൂടത്തിന് വൻ തിരിച്ചടി ആയിരുന്നു. 5,000 രൂപയിൽ താഴെയാണ് ജയിലിൽ കഴിയുന്ന ചെറുപ്പക്കാരുടെ കുടുംബ വരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവർക്കു വേണ്ടി അഭിഭാഷകരെ നിയോഗിക്കാനും ജാമ്യമെടുക്കാനും സ്റ്റാൻ സ്വാമി രംഗത്തിറങ്ങി. 2014 ൽ കേന്ദ്രത്തിലും ജാർഖണ്ഡിലും ബി ജെ പി അധികാരത്തിൽ വന്നതോടെ സ്വാമിക്കെതിരായ നീക്കങ്ങൾ ശക്തമായി. 2018 ൽ ഒരു അറസ്റ്റുണ്ടായി. വർഗീയ വിഷവും അദ്ദേഹത്തിനെതിരെ ചീറ്റി.
“ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു. ബന്‌ധിതര്‍ക്ക് മോചനവും അന്‌ധര്‍ക്കു കാഴ്‌ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്യ്രവും”
ലൂക്കാ 4 : 18 ക്രിസ്ത്യാനിയുടെ പ്രത്യയശാസ്ത്രം ഇതാണെന്ന് വിശ്വസിക്കുന്ന,
ജീവിതം അശരണർക്കായി സമർപ്പിച്ച 84 കാരനായ ഒരു സന്യാസിക്കു ഇതിലൊന്നും പേടിയുണ്ടാകില്ല.
എന്നാൽ ഇന്ത്യയുടെ ആത്മാവു നഷ്ടപ്പെടുന്ന തോർത്ത് നമ്മൾ ഭയപ്പെടണം.
Author : Unknown

Leave a comment