ഒരു മൽപിടുത്തത്തിൻ്റെ കഥ

ഒരു മൽപിടുത്തത്തിൻ്റെ കഥ

മുംബെയിൽ ജോലി ചെയ്യുകയായിരുന്നു
ആ യുവാവ്. സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ
നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു.

വീട്ടുകാർക്കു വേണ്ടി എന്തെങ്കിലും വാങ്ങിക്കാമെന്നു കരുതി കൂട്ടുകാരനേയും കൂട്ടി അവൻ ഷോപ്പിങ്ങിനിറങ്ങി.

ഒരു തെരുവിലൂടെ നടക്കുമ്പോൾ ചില സ്ത്രീകൾ വന്ന് അവരെ അടുത്തുള്ള വീട്ടിലേക്ക് നിർബന്ധപൂർവ്വം കൂട്ടികൊണ്ടുപോയി.

തുടർന്ന് സംഭവിച്ചത് ആ യുവാവിൻ്റെ വാക്കുകളിലൂടെ ശ്രവിക്കാം:

” അച്ചാ, ജീവിതത്തിൽ
തമാശക്കുപോലും എത്തപ്പെടരുത്
എന്ന് കരുതിയ സ്ഥലത്താണ്
ഞങ്ങൾ എത്തിച്ചേർന്നത്.
അവിടെ നിന്ന് ഇറങ്ങുന്നതിനു മുമ്പേ,
ആ സ്ത്രീകൾ ഞങ്ങളുടെ പേഴ്സ്
ബലം പ്രയോഗിച്ച് കൈക്കലാക്കി.
പണം തിരിച്ചു കിട്ടില്ലെന്ന് മനസിലായപ്പോൾ കൂട്ടുകാരൻ അവരിൽ ഒരു സ്ത്രീയോടൊപ്പം
അകത്തേക്ക് പോയി.

എന്തു ചെയ്യണമെന്നറിയാതെ
ഞാൻ വിയർത്തൊലിച്ചു.
കഴുത്തിൽ കിടന്ന ജപമാലയിലെ
കുരിശിൽ ഞാൻ മുറുകെ പിടിച്ചു.
‘മോനേ നീ വഴി തെറ്റിപ്പോകരുത് ‘ എന്ന അമ്മയുടെ വാക്കുകളാണ് ഓർമ വന്നത്.
ഒപ്പംതന്നെ, കോളേജിൽ പഠിക്കുന്ന
കുഞ്ഞു പെങ്ങളുടെ മുഖവും….

പിന്നെ എനിക്ക് അവിടെ നിൽക്കാനായില്ല. സർവ്വ ശക്തിയുമെടുത്ത് അവിടെ നിന്നും ഞാൻ ഓടുകയായിരുന്നു… ”

അല്പസമയത്തെ മൗനത്തിനു ശേഷം
അവൻ തുടർന്നു:

“തീർത്തും അപ്രതീക്ഷിതമായ സമയത്താണ് അങ്ങനെയൊരു പ്രതിസന്ധി കടന്നുവന്നത്. അമ്മ സമ്മാനിച്ച ജപമാല ഊരിക്കളയാൻ എത്ര തവണ ചിന്തിച്ചതാണെന്നോ?

എന്നാൽ അന്നാണ് കഴുത്തിൽ കിടന്ന
ആ ജപമാലയുടെ വിലയറിഞ്ഞത്.
അതിലെ ക്രൂശിതരൂപത്തിൽ
കരംചേർത്ത് വിളിച്ചതുപോലെ,
ഉള്ളുതട്ടി എൻ്റെ ദൈവത്തെ
അന്നുവരെ ഞാൻ വിളിച്ചിട്ടില്ലായിരുന്നു.

പ്രതിസന്ധികൾ ഇനിയും വരുമെന്നെനിക്കുറപ്പാണ്.
വീഴാതിരിക്കാൻ അച്ചൻ
എനിക്കു വേണ്ടി പ്രാർത്ഥിക്കണം”

വലിയ സന്തോഷത്തോടെ ആ യുവാവ് ആശ്രമത്തിൻ്റെ പടിയിറങ്ങിയപ്പോൾ
വിശുദ്ധ പാദ്രെ പിയോയുടെ വാക്കുകളാണ്
മനസ്സിൽ തെളിഞ്ഞത്:

” ജീവിതം തന്നോടു തന്നെയുള്ള മൽപിടുത്തമാണ്.
നന്മ തിന്മകൾ തമ്മിലുള്ള യുദ്ധമാണ്
ഏറ്റവും വലിയ യുദ്ധം.
ക്രിസ്തുവുമായ് ചേർന്നു നിന്നില്ലെങ്കിൽ
ആരും വീണുപോകും.”

നമ്മുടെ ജീവിതത്തിലും നടക്കുന്നില്ലേ
ഇത്തരം മൽപിടുത്തങ്ങൾ?
ചെയ്യില്ല എന്ന് തീരുമാനിച്ച എത്രയോ തിന്മകളാണ് നമ്മൾ അനുദിനം ചെയ്തു കൂട്ടുന്നത്.

പ്രതിസന്ധികളും പ്രലോഭനങ്ങളും എറുമ്പോൾ പിശാചിൻ്റെ കുടിലതന്ത്രങ്ങളെക്കുറിച്ച്
ക്രിസ്തു പറഞ്ഞത് ഓർമിക്കണം.

അശുദ്ധാത്മാവ് ഒരുവനിൽ നിന്നും ഇറങ്ങിപ്പോയാൽ തിരിച്ചു വരുന്നത് തന്നെക്കാള്‍ ദുഷ്‌ടരായ മറ്റ്‌ ഏഴു അശുദ്‌ധാത്‌മാക്കളോടു കൂടിയായിരിക്കും.
( Ref: ലൂക്കാ 11: 26)

അതിനാൽ നമ്മെ ആക്രമിക്കാൻ
പിശാച് ഏത് സമയത്ത് വന്നാലും
വീഴാതിരിക്കാൻ
ക്രിസ്തുവിനെ നെഞ്ചോടു ചേർക്കാം!

ഫാദർ ജെൻസൺ ലാസലെറ്റ്
ഒക്ടോബർ 14-2020.
ഫെയ്സ്ബുക്…
https://www.facebook.com/Fr-Jenson-La-Salette-103076014813870/

One thought on “ഒരു മൽപിടുത്തത്തിൻ്റെ കഥ

Leave a comment