മറിയം കത്തെഴുതിയ ഈ വിശുദ്ധനെ അറിയുമോ?

പരിശുദ്ധ കന്യകാ മറിയം കത്തെഴുതിയ ഈ വിശുദ്ധനെ അറിയുമോ?
 
പരിശുദ്ധ കന്യകാമറിയം എന്നെങ്കിലും കത്ത് എഴുതിയിട്ടുണ്ടോ ? മറിയം കത്തെഴുതിയതായി ചരിത്രത്തിൽ ഉറപ്പുള്ള തെളിവുകൾ ഒന്നും ഇല്ലങ്കിലും മറിയത്തിന്റെ ഈ ഭൂമിയിലെ ജീവിതത്തിനിടയിൽ ഒരു വിശുദ്ധൻ്റെ കത്തിനു മറുപടിയായി കത്തെഴുതി എന്നു ശക്തമായ പാരമ്പര്യം സഭയിലുണ്ട്. ആ വിശുദ്ധൻ്റെ തിരുനാൾ ദിനമാണ് ഒക്ടോബർ 17.
ഏഡി 35 ൽ സിറിയയിലാണ് വിശുദ്ധ ഇഗ്നേഷ്യസ് ജനിച്ചത്. സുവിശേഷകനായ വി. യോഹന്നാന്റെ ശിഷ്യനായിരുന്നു ഇഗ്നേഷ്യസ്. ദൈവരാജ്യത്തിൽ പ്രവേശിക്കാൻ ശിശുക്കളെപ്പോലെ ആകുവിൻ എന്നു പറഞ്ഞ് യേശു ഒരു ശിശുവിനെ സുവിശേഷത്തിൽ ചൂണ്ടി കാണിക്കുന്നു.(മത്തായി 18 : 3 )
സഭാ പാരമ്പര്യമനുസരിച്ച് ഈ ശിശു അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസാണന്നു പറയപ്പെടുന്നു. കാലക്രമേണ അദേഹം അന്ത്യോക്യായിലെ മൂന്നാമത്തെ മെത്രാനും ആദിമസഭയിലെ വലിയ ഒരു സഭാ പിതാവുമായി.
പരിശുദ്ധ കന്യാകാമറിയത്തിന്റെ സ്വർഗ്ഗാരോപണം എന്നാണു കൃത്യമായി പറയാൻ കഴിയുകയില്ല. പക്ഷേ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ എഡി 44 നും 55 നും ഇടയ്ക്കാണു ഇതു സംഭവിച്ചത്. അങ്ങനെയാണങ്കിൽ വിശുദ്ധ ഇഗ്നേനേഷ്യസ് പരിശുദ്ധ കന്യകാമറിയത്തെ കണ്ടിട്ടുണ്ടാവാം. ഇഗ്നേഷ്യസിന്റെ ഗുരുവായ വി. യോഹന്നാൻ മറിയത്തെ ഭവനത്തിൽ സ്വീകരിച്ചതിനാൽ, യോഹന്നാന്റെ വീട്ടിൽ വച്ചു ഇഗ്നേനേഷ്യസ്‌ പരിശുദ്ധ മറിയത്തെ കണ്ടിട്ടുണ്ടാവാം. അങ്ങനെയെങ്കിൽ അവർ തമ്മിൽ കത്തിടപാടുകൾക്കു സാധ്യതയുണ്ട്.
എന്തു തന്നെയായാലും മധ്യകാലഘട്ടത്തിലെ സുവർണ്ണ ഐതീഹ്യത്തിൽ ( Golden Legend ) മറിയവും ഇഗ്നേഷ്യസും തമ്മിൽ കത്തിടപാടുകൾ നടന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ആദ്യം കത്തെഴുതിയതു വി. ഇഗ്നേഷ്യസാണ്.
ക്രിസ്തുവിനു ജന്മം നൽകിയ മറിയത്തിന് അവളുടെ ഇഗ്നേഷ്യസ്. എന്ന അഭിസംബോധനയോടെയാണ് കത്ത് ആരംഭിക്കുന്നത്. ഒരു തുടക്കക്കാരനും നിന്റെ യോഹന്നാന്റെ ശിഷ്യനുമായ എന്നെ നീ ശക്തിപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യണം. യോഹന്നാനിൽ നിന്നാണ് യേശുവിനെപ്പറ്റിയും അവന്റെ പ്രബോധങ്ങളെപ്പറ്റിയും അത്ഭുതകരമായ പല കാര്യങ്ങളെപ്പറ്റിയും പഠിച്ചത്. അവ കേട്ടു ഞാൻ പലപ്പോഴും അത്ഭുത സ്‌തംഭനായിട്ടുണ്ട്. നീ എല്ലായ്പ്പോഴും ഈശോയോടും അടുത്തായിരുന്നതുകൊണ്ടും അവൻ്റെ രഹസ്യങ്ങൾ നിന്നോടു പങ്കുവച്ചിരുന്നതുകൊണ്ടും ഞാൻ കേട്ട കാര്യങ്ങൾ ഉറപ്പിക്കുക എന്നതാണ് എൻ്റെ ഹൃദയാഭിലാഷം.
ഞങ്ങളോടു വാത്സല്യം കാണിക്കണമേ, പ്രത്യേകമായി പുതുതായി മാമ്മോദീസാ സ്വീകരിച്ച് എന്നോടൊപ്പമുള്ളവരുടെ വിശ്വാസം അങ്ങു വഴിയും അങ്ങിലൂടെയും അങ്ങിലും വർദ്ധിപ്പിക്കണമേ.
ഇഗ്നേഷ്യസിൻ്റെ ഈ കത്തിനു പരിശുദ്ധ കന്യകാമറിയം മറുപടി അയച്ചു എന്നും പാരമ്പര്യത്തിൽ പറയുന്നു
എൻ്റെ ഏറ്റവും പ്രിയപ്പെട്ട സഹ ശിഷ്യൻ ഇഗ്നേഷ്യസിന് , ക്രിസ്തുവിൻ്റെ എളിയ ദാസി എഴുതുന്ന കത്ത് എന്നാണ് കത്ത് ആരംഭിക്കുന്നത്.
യോഹന്നാനിൽ നിന്നു നീ കേട്ടതും പഠിച്ചതുമായ കാര്യങ്ങൾ സത്യമാണ്. അവയെ വിശ്വസിക്കുകയും മുറുകെ പിടിക്കുകയും ചെയ്യുക. ക്രിസ്തീയ സമർപ്പണം നിർവ്വഹിക്കുന്നതിലും ജീവിതത്തെ രൂപപ്പെടുത്തുന്നതിലും അവ നിയന്ത്രിക്കുന്നതിലും ദൃഢചിത്തനാവുക. നിന്നെയും നിൻ്റെ കൂടെയുള്ളവരെയും സന്ദർശിക്കാൻ യോഹന്നാനൊടൊപ്പം ഞാൻ വരും. വിശ്വാസത്തിൽ ഉറച്ചു നിൽക്കുകയും അവ ധൈര്യപൂർവ്വം പ്രഘോഷിക്കുകയും ചെയ്യുക. പീഡനങ്ങളുടെ കാഠിന്യം നിന്നെ ചഞ്ചലചിത്തനാകാൻ അനുവദിക്കരുത് . നിൻ്റെ ആത്മാവ് ധൈര്യമുള്ളതായിരിക്കുകയും നിൻ്റെ രക്ഷയായ ദൈവത്തിൽ സന്തോഷിക്കുകയും ചെയ്യട്ടെ.
ഈ കത്തുകളുടെ സത്യാവസ്ഥ അറിയിലില്ലങ്കിലും നൂറ്റാണ്ടുകളായി ഈ കഥ കൈമാറി വരുന്നു. ഈ കത്തിൻ്റെ ശരി തെറ്റുകൾ തിരയുന്നതിനു പകരം ഈ കത്തിൻ്റെ സന്ദേശം നമുക്കു ജീവിതത്തിൽ പ്രാവർത്തികമാക്കാം. പരിശുദ്ധ കന്യകാമറിയത്തോടുള്ള സവിശേഷമായ ബന്ധത്തിൽ വളരുക. അപ്പോൾ അമ്മ നമ്മളെ വിശുദ്ധ കുർബാനയിലേക്കു വളർത്തും. പരിശുദ്ധ മറിയത്തോടപ്പം വളർന്ന ഇഗ്‌നേഷ്യസ് വിശുദ്ധ കുർബാനയെ ” അമർത്യതയുടെ ഔഷധമായി ” കണ്ടതിൻ അതിശയോക്തി പറയാനാവില്ല.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment