ദിവ്യബലി വായനകൾ Wednesday of week 29 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ബുധൻ 

Wednesday of week 29 in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

cf. സങ്കീ 17:6,8

ദൈവമേ, ഞാനങ്ങയെ വിളിച്ചപേക്ഷിച്ചു,
എന്തെന്നാല്‍, അങ്ങ് എനിക്ക് ഉത്തരമരുളും;
അങ്ങ് ചെവിചായിച്ച് എന്റെ വാക്കുകള്‍ ശ്രവിക്കണമേ.
കര്‍ത്താവേ, കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാത്തുകൊളളണമേ;
അങ്ങേ ചിറകിന്റെ നിഴലില്‍ എന്നെ സംരക്ഷിക്കണമേ.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
ഞങ്ങളുടെ മാനസങ്ങള്‍ എപ്പോഴും
അങ്ങേ തിരുവിഷ്ടത്തിനു അനുസൃതമാക്കി തീര്‍ക്കാനും
ആത്മാര്‍ഥ ഹൃദയത്തോടെ അങ്ങേ മഹിമയ്ക്ക് ശുശ്രൂഷ ചെയ്യാനും
ഞങ്ങള്‍ക്കിടവരുത്തണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

എഫേ 3:2-12
വിജാതീയര്‍ വാഗ്ദാനത്തിന്റെ ഭാഗഭാക്കുകളാണെന്ന ക്രിസ്തുവിന്റെ രഹസ്യം ഇപ്പോള്‍ വെളിവാക്കപ്പെട്ടു.

സഹോദരരേ, നിങ്ങള്‍ക്കു വേണ്ടി ദൈവകൃപ കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടിരിക്കയാണെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാന്‍ മുമ്പ് ചുരുക്കമായി നിങ്ങള്‍ക്ക് എഴുതിയിട്ടുള്ളതുപോലെ, വെളിപാടു വഴിയാണ് രഹസ്യം എനിക്ക് അറിവായത്. അതു വായിക്കുമ്പോള്‍ ക്രിസ്തുവിന്റെ രഹസ്യത്തെക്കുറിച്ച് എനിക്കു ലഭിച്ചിരിക്കുന്ന ഉള്‍ക്കാഴ്ച എന്തെന്നു നിങ്ങള്‍ക്കു മനസ്സിലാക്കാം. ഇപ്പോള്‍ അവിടുത്തെ വിശുദ്ധരായ അപ്പോസ്തലന്മാര്‍ക്കും പ്രവാചകര്‍ക്കും പരിശുദ്ധാത്മാവിനാല്‍ വെളിവാക്കപ്പെട്ടതുപോലെ, മറ്റു തലമുറകളിലെ മനുഷ്യര്‍ക്ക് ഇതു വെളിവാക്കപ്പെട്ടിരുന്നില്ല. ഈ വെളിപാടനുസരിച്ച് വിജാതീയര്‍ കൂട്ടവകാശികളും ഒരേ ശരീരത്തിന്റെ അംഗങ്ങളും സുവിശേഷത്തിലൂടെ യേശുക്രിസ്തുവില്‍ വാഗ്ദാനത്തിന്റെ ഭാഗഭാക്കുകളുമാണ്. ദൈവത്തിന്റെ കൃപാവരത്താല്‍ ഞാന്‍ ഈ സുവിശേഷത്തിന്റെ ശുശ്രൂഷകനായി. അവിടുത്തെ ശക്തിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടത്രേ എനിക്ക് ഈ കൃപാവരം നല്‍കപ്പെട്ടത്. വിജാതീയരോട് ക്രിസ്തുവിന്റെ ദുര്‍ഗ്രഹമായ സമ്പന്നതയെക്കുറിച്ചു പ്രസംഗിക്കാനും സകലത്തിന്റെയും സ്രഷ്ടാവായ ദൈവത്തില്‍ യുഗങ്ങളോളം നിഗൂഢമായി സ്ഥിതിചെയ്തിരുന്ന രഹസ്യത്തിന്റെ പ്രവര്‍ത്തനം എല്ലാവര്‍ക്കും വ്യക്തമാക്കിക്കൊടുക്കാനും ഉതകുന്ന വരം വിശുദ്ധരില്‍ ഏറ്റവും നിസ്സാരനായ എനിക്കു നല്‍കപ്പെട്ടു. സ്വര്‍ഗീയ ഇടങ്ങളിലുള്ള ശക്തികള്‍ക്കും അധികാരങ്ങള്‍ക്കും സഭയിലൂടെ ദൈവത്തിന്റെ ബഹുമുഖജ്ഞാനം വ്യക്തമാക്കിക്കൊടുക്കാന്‍ വേണ്ടിയാണ് അവിടുന്ന് ഇപ്രകാരം ചെയ്തത്. ഇതു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ സാക്ഷാത്കരിക്കപ്പെട്ട അവിടുത്തെ നിത്യമായ ഉദ്ദേശ്യത്തിനനുസൃതമാണ്. അവനിലുള്ള വിശ്വാസംമൂലം ആത്മധൈര്യവും ദൈവത്തെ സമീപിക്കാന്‍ സാധിക്കുമെന്ന പ്രത്യാശയും നമുക്കുണ്ട്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ഏശ 12:2-6

രക്ഷയുടെ സ്രോതസ്സില്‍ നിന്ന് നിങ്ങള്‍ സന്തോഷത്തോടെ ജലം കോരിയെടുക്കും.

ദൈവമാണ് എന്റെ രക്ഷ,
ഞാന്‍ അങ്ങയില്‍ ആശ്രയിക്കും;
ഞാന്‍ ഭയപ്പെടുകയില്ല.
എന്തെന്നാല്‍, ദൈവമായ കര്‍ത്താവ്
എന്റെ ബലവും എന്റെ ഗാനവും ആണ്.
അവിടുന്ന് എന്റെ രക്ഷയായിരിക്കുന്നു.
രക്ഷയുടെ കിണറ്റില്‍ നിന്ന്
നീ സന്തോഷത്തോടെ ജലം കോരിയെടുക്കും.

രക്ഷയുടെ സ്രോതസ്സില്‍ നിന്ന് നിങ്ങള്‍ സന്തോഷത്തോടെ ജലം കോരിയെടുക്കും.

കര്‍ത്താവിനു നന്ദിപറയുവിന്‍.
അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍.
ജനതകളുടെ ഇടയില്‍
അവിടുത്തെ പ്രവൃത്തികള്‍ വിളംബരം ചെയ്യുവിന്‍.
അവിടുത്തെ നാമം ഉന്നതമാണെന്ന് ഉദ്‌ഘോഷിക്കുവിന്‍.

രക്ഷയുടെ സ്രോതസ്സില്‍ നിന്ന് നിങ്ങള്‍ സന്തോഷത്തോടെ ജലം കോരിയെടുക്കും.

കര്‍ത്താവിനു സ്തുതിപാടുവിന്‍.
അവിടുന്ന് മഹത്വത്തോടെ പ്രവര്‍ത്തിച്ചു.
ഭൂമിയിലെല്ലാം ഇത് അറിയട്ടെ.
സീയോന്‍വാസികളേ, ആര്‍ത്തട്ടഹസിക്കുവിന്‍;
സന്തോഷത്തോടെ കീര്‍ത്തനങ്ങള്‍ ആലപിക്കുവിന്‍.
ഇസ്രായേലിന്റെ പരിശുദ്ധനായവന്‍
മഹത്വത്തോടെ നിങ്ങളുടെ മധ്യേ ഉണ്ട്.

രക്ഷയുടെ സ്രോതസ്സില്‍ നിന്ന് നിങ്ങള്‍ സന്തോഷത്തോടെ ജലം കോരിയെടുക്കും.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 12:39-48
അധികം ഏല്‍പിക്കപ്പെട്ടവനോട് അധികം ചോദിക്കും.

അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: ഇത് അറിഞ്ഞു കൊള്ളുവിന്‍: കള്ളന്‍ ഏതു മണിക്കൂറില്‍ വരുമെന്ന് ഗൃഹനായകന്‍ അറിഞ്ഞിരുന്നുവെങ്കില്‍ തന്റെ വീടു കുത്തിത്തുറക്കാന്‍ അനുവദിക്കുമായിരുന്നില്ല. നിങ്ങളും ഒരുങ്ങിയിരിക്കുവിന്‍. എന്തെന്നാല്‍, പ്രതീക്ഷിക്കാത്ത മണിക്കൂറിലാണ് മനുഷ്യപുത്രന്‍ വരുന്നത്.
പത്രോസ് ചോദിച്ചു: കര്‍ത്താവേ, നീ ഈ ഉപമ പറയുന്നത് ഞങ്ങള്‍ക്കു വേണ്ടിയോ എല്ലാവര്‍ക്കും വേണ്ടിയോ? അപ്പോള്‍ കര്‍ത്താവ് പറഞ്ഞു: വീട്ടുജോലിക്കാര്‍ക്കു യഥാസമയം ഭക്ഷണം കൊടുക്കേണ്ടതിന് യജമാനന്‍ അവരുടെമേല്‍ നിയമിക്കുന്ന വിശ്വസ്തനും വിവേകിയുമായ കാര്യസ്ഥന്‍ ആരാണ്? യജമാനന്‍ വരുമ്പോള്‍ ജോലിയില്‍ വ്യാപൃതനായി കാണപ്പെടുന്ന ഭൃത്യന്‍ ഭാഗ്യവാന്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അവന്‍ തന്റെ സകല സ്വത്തുക്കളുടെയുംമേല്‍ അവനെ നിയമിക്കും. എന്നാല്‍, ആ ഭൃത്യന്‍ തന്റെ യജമാനന്‍ വരാന്‍ വൈകും എന്ന് ഉള്ളില്‍ കരുതി, യജമാനന്റെ ദാസന്മാരെയും ദാസിമാരെയും അടിക്കാനും തിന്നുകുടിച്ച് ഉന്മത്തനാകാനും തുടങ്ങിയാല്‍, പ്രതീക്ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലും യജമാനന്‍ വരുകയും അവനെ ശിക്ഷിച്ച്, അവന്റെ പങ്ക് അവിശ്വാസികളോടുകൂടെ ആക്കുകയും ചെയ്യും.
യജമാനന്റെ ഹിതം അറിഞ്ഞിട്ടും, അതനുസരിച്ചു പ്രവര്‍ത്തിക്കുകയോ അതിന് ഒരുങ്ങുകയോ ചെയ്യാത്ത ഭൃത്യന്‍ കഠിനമായി പ്രഹരിക്കപ്പെടും. എന്നാല്‍, അറിയാതെയാണ് ഒരുവന്‍ ശിക്ഷാര്‍ഹമായ തെറ്റു ചെയ്തതെങ്കില്‍, അവന്‍ ലഘുവായേ പ്രഹരിക്കപ്പെടുകയുള്ളൂ. അധികം ലഭിച്ചവനില്‍ നിന്ന് അധികം ആവശ്യപ്പെടും; അധികം ഏല്‍പിക്കപ്പെട്ടവനോട് അധികം ചോദിക്കും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വതന്ത്രമനസ്സോടെ അങ്ങേ ദാനങ്ങള്‍
ആദരിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങനെ, ഞങ്ങളെ ശുദ്ധീകരിക്കുന്ന അങ്ങേ കൃപയാല്‍,
ഞങ്ങള്‍ ശുശ്രൂഷിക്കുന്ന അതേ രഹസ്യങ്ങള്‍വഴി,
ഞങ്ങള്‍ നിര്‍മലരായി തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 33:18-19

ഇതാ, തന്നെ ഭയപ്പെടുന്നവരുടെ മേലും
തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരുടെ മേലും
കര്‍ത്താവിന്റെ നയനങ്ങള്‍ ഉണ്ടായിരിക്കും.
അവിടന്ന് അവരുടെ പ്രാണന്‍ മരണത്തില്‍ നിന്നു രക്ഷിക്കുന്നു,
ക്ഷാമത്തില്‍ അവരുടെ ജീവന്‍ നിലനിര്‍ത്തുന്നു.

Or:
മര്‍ക്കോ 10:45

മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്
തന്റെ ജീവന്‍ അനേകര്‍ക്കു വേണ്ടി
മോചനദ്രവ്യമായി നല്കാനാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയ വസ്തുക്കളുടെ പങ്കാളിത്തം
ഞങ്ങള്‍ക്ക് ഉപകരിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങനെ, ഞങ്ങള്‍ ഇഹലോക നന്മകളാല്‍ സംപൂരിതരും
പരലോക നന്മകളാല്‍ ഉദ്‌ബോധിതരും ആയിത്തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment