⚜️⚜️⚜️ October 20 ⚜️⚜️⚜️
കുരിശിന്റെ വിശുദ്ധ പോൾ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
1694 ജനുവരി 3ന് ജെനോവ റിപ്പബ്ലിക്കിലെ ഒവാഡ എന്ന സ്ഥലത്താണ് കുരിശിന്റെ പോൾ ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യവും കൗമാരവും വളരെയധികം നിഷ്കളങ്കതയിലും ദൈവഭക്തിയിലുമായിരുന്നു കഴിഞ്ഞത്. ഒരു സന്യാസ സഭ സ്ഥാപിക്കുക എന്ന പ്രചോദനത്താൽ, ചെറുപ്രായത്തിൽ തന്നെ വിശുദ്ധനും വിശുദ്ധന്റെ കൂട്ടുകാരും സന്യസ്ഥ വസ്ത്രം ധരിച്ചാണ് കഴിഞ്ഞിരുന്നത്. തന്റെ നിർദ്ദേശകനായ അലക്സാട്രിയായിലെ മെത്രാനായ ഗാസ്റ്റിനാരയോട് ആലോചിച്ചതിനു ശേഷം യേശുവിന്റെ പീഡാസഹനത്തിന്റെ ആദരവിനായി ഒരു സന്യാസ സഭ താൻ സ്ഥാപിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന തീരുമാനത്തിലെത്തി.
1720 നവംബർ 22-ന് താൻ ദർശനത്തിൽ കണ്ടത് പോലെയുള്ള സന്യാസ വസ്ത്രം (ഇന്നത്തെ പാഷനിസ്റ്റ് സന്യാസിമാർ ധരിക്കുന്നത് പോലത്തെ) മെത്രാൻ ഇദ്ദേഹത്തെ ധരിപ്പിച്ചു. ആ നിമിഷം മുതൽ തന്റെ സഭയുടെ നിയമ പ്രമാണങ്ങൾ തയ്യാറാക്കുന്നതിൽ അദ്ദേഹം വ്യാപൃതനായി. തന്റെ സഭക്ക് അംഗീകാരം നേടുന്നതിനായി 1721-ൽ വിശുദ്ധൻ റോമിൽ പോയെങ്കിലും അതിൽ പരാജയപ്പെട്ടു.
അവസാനം 1741 ലും 1746 ലുമായി ബെനഡിക്ട് പതിനാലാമൻ വിശുദ്ധന്റെ സഭാ നിയമങ്ങളെ അംഗീകരിച്ചു. ഇക്കാലയളവിൽ ഒബിടെല്ലോക്ക് സമീപം വിശുദ്ധൻ തന്റെ ആദ്യത്തെ ആശ്രമം സ്ഥാപിച്ചു. കുറച്ച് കാലങ്ങൾക്കു ശേഷം അദ്ദേഹം റോമിൽ വിശുദ്ധ ജോണിന്റെയും വിശുദ്ധ പൗലോസിന്റെയും പള്ളികളിലായി ഒരു വലിയ സന്യാസ സമൂഹത്തെ രൂപപ്പെടുത്തി.
50 വർഷത്തോളം വിശുദ്ധ പോൾ ഇറ്റലിയുടെ സ്ഥിരോത്സാഹിയായ സുവിശേഷകനായി തുടർന്നു. അതിമാനുഷമായ കഴിവുകളാൽ ദൈവം വിശുദ്ധനെ ധാരാളമായി അനുഗ്രഹിച്ചു. എന്നിരുന്നാലും, ഒരു ദാസനായും, ഒരു പാപിയായുമാണ് വിശുദ്ധൻ തന്നെ തന്നെ വിചാരിച്ചിരുന്നത്. 1775-ൽ തന്റെ 81-മത്തെ വയസ്സിൽ റോമിൽ വെച്ച് വിശുദ്ധൻ ദൈവത്തിൽ നിദ്ര പ്രാപിച്ചു. 1867-ൽ പിയൂസ് ഒമ്പതാമൻ മാർപാപ്പ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1. ഇംഗ്ലണ്ടിലെ അക്കാ
2. ട്രോയെസ്സിലെ അഡെറാള്‍ഡ്
3. നോര്‍മന്‍റിയിലെ അഡലീന
4. ഐറിഷ് ബിഷപ്പായിരുന്ന അയിടാന്‍
5. ആന്‍ഡ്രൂ
6. ഈജിപ്തിലെ അര്‍ടേമിയൂസ്
7. പേഴ്സ്യന്‍ ആബട്ടായ ബര്‍സബസ്സും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

പ്രഭാത പ്രാർത്ഥന
“എഫ്രായിം ഇപ്രകാരം വിലപിക്കുന്നതു ഞാന്‍ കേട്ടു: അങ്ങ് എന്നെ ശിക്ഷിച്ചു; നുകം വയ്ക്കാത്ത കാളക്കുട്ടിക്കെന്നപോലെ അവിടുന്ന് എനിക്ക് ശിക്ഷണം നല്‍കി. എന്നെതിരികെ കൊണ്ടുവരണമേ; മടങ്ങിവരാന്‍ എന്നെ ശക്തനാക്കണമേ; അവിടുന്നാണല്ലോ എന്റെ ദൈവമായ കര്‍ത്താവ്. എനിക്കു വഴിതെറ്റിപ്പോയി; ഇപ്പോള്‍ ഞാന്‍ അനുതപിക്കുന്നു. തെറ്റു മനസ്‌സിലാക്കിയപ്പോള്‍ ഞാന്‍ മാറത്തടിച്ചു കരഞ്ഞു. ഞാന്‍ ലജ്ജിച്ചു തലതാഴ്ത്തി;യൗവനത്തിലെ അവമാനഭാരം ഞാന്‍ ഇപ്പോഴും വഹിക്കുന്നു. എഫ്രായിം എന്റെ വത്‌സലപുത്രനല്ലേ; എന്റെ ഓമനക്കുട്ടന്‍, അവനു വിരോധമായി പെരുമാറുമ്പോഴെല്ലാം അവന്റെ സ്മരണ എന്നിലുദിക്കുന്നു. എന്റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു; എനിക്ക് അവനോടു നിസ്‌സീമമായ കരുണ തോന്നുന്നു – കര്‍ത്താവ് അരുളിച്ചെയ്യുന്നു.”(ജെറെമിയ 31:18-20)”എഫ്രായിമിന്റെ നിലവിളി കേട്ടു അനുകമ്പ കാണിച്ച കർത്താവെ, ഞങ്ങളുടെ നിലവിളി കേട്ട് കരുണ കാണിക്കണമേ. കൊറോണ വൈറസിന്റെ ഭീകരതകളിൽ നിന്നും വിടുതൽ നൽകണമേ. അനുഗ്രഹിക്കണമേ ഈശോയെ ഈ പ്രഭാതത്തിൽ അനുതാപമാർന്ന ഹൃദയത്തോടെ അങ്ങയുടെ സന്നിധിയിൽ ഞങ്ങൾ നിലവിളിക്കുന്നു. വിചാരത്താലും, വാക്കാലും പ്രവർത്തിയാലും ചെയ്തു പോയ പാപങ്ങളെ കുറിച്ചോർത്തു അവിടുത്തെ സന്നിധിയിൽ മാപ്പ് അപേക്ഷിക്കുന്നു. പരിഹാര പ്രവർത്തികളാലും, ത്യാഗങ്ങളാലും, ശരീരത്തെയും മനസിനെയും എളിമപ്പെടുത്തി ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥനകൾ അങ്ങ് സ്വീകരിക്കേണമേ. നാഥാ, ആഗ്രഹിച്ച നന്മയല്ല, ആഗ്രഹിക്കാത്ത തിന്മയാണ് പലപ്പോഴും ഞങ്ങൾ ചെയ്‌തത്. ശരീരത്തിന്റെ മോഹങ്ങളേ നിയന്ത്രിക്കുവാൻ ആകാതെ പോയ നിമിഷങ്ങൾ, മനസിന്റെ തേടലുകൾ എല്ലാം പാപഹേതുവായി മാറി. കർത്താവെ, അവിടുത്തെ സന്നിധിയിൽ ഞങ്ങളുടെ പാപങ്ങൾ ഓർത്തു നിലവിളിക്കുന്നു. അവിടുന്ന് ഞങ്ങളെ സ്നേഹിക്കുന്ന പിതാവ് ആണല്ലോ. മക്കളുടെ നിലവിളിക്ക് നേരെ ഒരു പിതാവിനും കണ്ണുകൾ അടയ്ക്കാൻ ആകില്ല എന്ന് ബൈബിൾ ഞങ്ങളെ ഓർമ്മപ്പെടുത്തി. പിതാവേ, ഈ ദിനത്തിൽ രക്ത പങ്കിലമായ ഞങ്ങളുടെ പാപങ്ങൾ പോലും അവിടുന്ന് നീക്കി കളയണമേ . അനുതാപത്തിന്റെ കൂദാശ ഒരുക്കത്തോടെ സ്വീകരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. ഈശോ നാഥാ, അവിടുത്തെ സ്നേഹത്താൽ ഈ ദിനം ധന്യമായി മാറുവാൻ ഇടവരട്ടെ. പ്രാർത്ഥനയുടെ വലിയ ചൈതന്യത്തിൽ, മുൾപടർപ്പിൽ അഗ്നി ജ്വലിച്ചതു പോലെ ഞങ്ങളും ജ്വലിക്കുവാൻ ഇടവരട്ടെ. പരിശുദ്ധ ആത്മാവിന്റെ കൃപ ഞങ്ങളുടെ ജീവിതങ്ങളിൽ ഉണ്ടാകട്ടെ. സുവിശേഷത്തിന്റെ അലയൊലികൾ ഞങ്ങളുടെ ജീവിതത്തിൽ നിന്നും ചുറ്റുമുള്ളവർക്ക് ലഭിയ്ക്കുവാൻ ഇടയാകട്ടെ. കർത്താവെ ഇന്നേ ദിനത്തെ അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ. അവിടുത്തെ പദ്ധതി മനസിലാക്കി ദൈവ ഹിതം നിറവേറ്റുന്നവർ ആകുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ദൈവമാതാവേ, മഹാമാരിയുടെ ഈ കാലഘട്ടം എത്രയും പെട്ടന്ന് കടന്നു പോകുവാൻ അങ്ങ് ഞങ്ങൾക്കായി മാദ്ധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ. ഞങ്ങളുടെ ജീവിതങ്ങളിൽ വലിയ ദൈവ കൃപ വർഷിക്കപ്പെടുവാൻ അങ്ങ് കൃപയായിരിക്കണമേ. ആമേൻ
കുരിശിന്റെ വിശുദ്ധ പോൾ ഞങ്ങൾക്ക് വേണ്ടി [പ്രാർത്ഥിക്കണമേ.


Leave a comment