Novena for the Souls in Purgatory (Malayalam) Day 1

(നവംബർ 2 – ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ തിരുന്നാൾ ആണ്. അതിനൊരുക്കമായുള്ള നൊവേന ഒക്ടോബർ 24നു ആരംഭിക്കുന്നു. സഹന സഭയിലായിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരെ നമുക്കു സഹായിക്കാം.)

Novena for the Souls in Purgatory (Malayalam) – Day 1 October 24

ശുദ്ധീകരണാത്മാക്കൾക്കു വേണ്ടിയുളള നൊവേന.

ഒന്നാം ദിവസം.

അനുതാപ പ്രകരണം

ഓ, പരിശുദ്ധാത്മാവേ! എന്റെ ആത്മാവിലേക്ക് എഴുന്നള്ളി വന്ന് ഞാൻ ചെയ്തുപോയ എല്ലാ പാപങ്ങളും കണ്ടെത്താനും അവയെക്കുറിച്ചോർത്ത് വലിയ എളിമയോടും പശ്ചാത്താപതത്തോടുംകൂടെ ദുഃഖിക്കാനും വരം തരണമേ. ഓ, എന്റെ ദൈവമേ! അങ്ങയുടെ തിരുമുൻപാകെയും സ്വർഗ്ഗവാസികൾ മുഴുവൻപേരുടെ മുൻപാകെയും ഞാൻ ആത്മാർഥമായി ഏറ്റു പറയുന്നു, ചിന്തയാലും വാക്കലും പ്രവൃത്തിയാലും അങ്ങേയ്ക്കെതിരായി ഞാൻ പാപം ചെയ്തുപോയി. എന്റെ പാപം മൂലം ഞാൻ യേശുവിന്റെ കുരിശുമരണത്തിനു കാരണമായിത്തീർന്നു. എങ്കിലും അങ്ങ് എന്റെ ആത്മാവിനെ അവിടുത്തെ പുത്രന്റെ രക്തത്തിൽ കഴുകി, എന്റെ പാപങ്ങൾ ക്ഷമിക്കുകയും അവിടുത്തെ പ്രസാദവരത്തിന്റെ കല്യാണ വസ്ത്രത്താൽ എന്നെ അലങ്കരിക്കുകയും ചെയ്തു. ധൂർത്തനായ എന്നെപ്പോലൊരു മകനെ കനിഞ്ഞനുഗ്രഹിച്ച അങ്ങേ കാരുണ്യാതിരേകം അനുഭവിച്ചുകൊണ്ട്, അനുതാപംകൊണ്ടും അതിരില്ലാത്ത നന്ദികൊണ്ടും നിറഞ്ഞ ഹൃദയത്തോടെ ഞാനിതാ അങ്ങേ തിരുമുമ്പിൽ അണയുന്നു. അങ്ങ് എന്നിലേക്കു ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ എന്തു പ്രത്യുപകാരം ചെയ്യും? കർത്താവേ, എന്റെ എല്ലാ പാപങ്ങളെക്കുറിച്ചും ഞാൻ ദുഃഖിക്കുന്നു. അങ്ങയെ സ്നേഹിക്കുന്നതിനാൽ മേലിൽ പാപം ചെയ്യില്ല എന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു, ആമേൻ.

ദിവസവും ചൊല്ലേണ്ട പ്രാർത്ഥന

ഓ, ദൈവമേ! അങ്ങയുടെ കാരുണ്യത്തിലാണല്ലോ മരിച്ചുപോയ ആത്മാക്കൾ ആശ്വാസം കണ്ടെത്തുന്നത്. അവിടുന്ന് അവരെ ശത്രുവാകുന്ന പിശാചിന്റെ കരങ്ങളിൽ ഏല്പിക്കുകയോ നിത്യമായി മറന്നുകളയുകയോ ഇല്ല. മറിച്ച് അവർ മാലാഖമാരാൽ സംവാഹിക്കപ്പെട്ട് സ്വർഗ്ഗരാജ്യമായ നിത്യഭവനത്തിൽ എത്തിച്ചേരാൻ ഒരു നാൾ ഇടവരും എന്നതിൽ നിത്യാശ്വാസം കണ്ടെത്താൻ അനുഗ്രഹിക്കണമേ. അങ്ങ് ഈ ലോകത്തിൽനിന്ന് അങ്ങേപ്പക്കലേക്കു വിളിച്ചവർ, തങ്ങളുടെ സ്നേഹവും വിശ്വാസവും അങ്ങിൽ അർപ്പിച്ചിരിക്കയാൽ നിത്യ നരകാഗ്നിയുടെ വേദനയിൽപ്പെടാതെ നിത്യസൗഭാഗ്യത്തിന്റെ സന്തോഷം സ്വന്തമാക്കാൻ ഇടയാകണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഓ, ദൈവമേ! മരിച്ച ആത്മാക്കളോടു കരുണയായിരിക്കണമേ. അഗാധമായ കുഴിയിൽനിന്നും സിംഹത്തിന്റെ വായില്നിന്നും രക്ഷിച്ച അവരെ നരകം വിഴുങ്ങാൻ അങ്ങ് അനുവദിക്കരുതേ. അങ്ങയുടെ സൈന്യത്തിന്റെ പതാകവാഹകനായ വിശുദ്ധ മിഖായേൽ, അബ്രാത്തിനും അവന്റെ സന്തതികൾക്കുമായി അങ്ങു വാഗ്ദാനം ചെയ്ത ദിവ്യ പ്രകാശത്തിലേക്ക് അവരെ നയിക്കട്ടെ. ആത്മാക്കൾക്കായി ഞാൻ അർപ്പിക്കുന്ന പ്രാർത്ഥനകളും സഹനങ്ങളും അങ്ങു കൈക്കൊണ്ട്, ഞാൻ നടത്തുന്ന ഈ നൊവേനയുടെ ഫലമായി അവർക്ക് മരണത്തില്നിന്ന് നിത്യജീവനിലേക്ക് പ്രവേശനം നൽകണമേ, ആമേൻ.

ഒന്നാം ദിവസത്തേക്കുള്ള പ്രത്യേക പ്രാർത്ഥന.

ഓ, എന്റെ ദൈവമേ! ആത്മാക്കൾക്കായി ഞാൻ അർപ്പുക്കുന്ന ബലികളും പ്രാർത്ഥനകളും പരിഹാര പ്രവൃത്തികളും സദയം സ്വീകരിച്ച്, പരിശുദ്ധ കന്യകാ മറിയത്തിന്റെയും സ്വർഗ്ഗത്തിലുള്ള സകല വിശുദ്ധരുടെയും മദ്ധ്യസ്ഥതയാൽ അവരുടെ പാപക്കറകളിൽനിന്ന് ശുദ്ധീകൃതരായി മാലാഖമാരോടൊപ്പം അങ്ങയുടെ ദിവ്യദർശനം പ്രാപിക്കാൻ യോഗ്യരായിത്തീരുമാറാകട്ടെ. ദിവ്യനാഥാ, ഏറ്റവും താഴ്മയോടെ ഞാൻ അപേക്ഷിക്കുന്നു, അങ്ങയുടെ തിരുഹിതത്തിനനുസൃതമായി എന്റെ സഹോദരരെ സേവിക്കാനും എന്റെ നിത്യരക്ഷ നേടാനും വേണ്ട അനുഗ്രഹം എനിക്കു നൽകണമേ. അങ്ങനെ അവസാനം നല്ല മരണം ലഭിക്കാനും സ്വർഗ്ഗത്തിൽ നിത്യാനന്ദം അനുഭവിക്കാനും ഇടവരുത്തണമേ. വിശുദ്ധമായ ഒരു ജീവിതം നയിക്കാൻ എന്നെ അനുഗ്രഹിക്കണമേ. അതുവഴി എന്റെ ജീവിതാന്തസ്സിന്റെ കടമകൾ ശരിയായി നിറവേറ്റാൻ ഇടയാക്കണമേ. ഏറ്റവും വിനയപൂർവ്വം ഞാൻ അപേക്ഷിക്കുന്ന ഈ പ്രത്യേക അനുഗ്രഹം, അങ്ങയുടെ ഉപരിമഹത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ വേദനകളിൽനിന്നുള്ള മോചനത്തിനും ഇടയാകട്ടെ, ആമേൻ.

(ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കുവേണ്ടി – 3 നന്മനിറഞ്ഞ മറിയം…)

(ഈ നൊവേനയിലൂടെ ലഭിക്കുന്ന അനുഗ്രഹങ്ങൾക്കായി – 3 പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും…)

കർത്താവേ, മരിച്ച ആത്മാക്കൾക്കു നിത്യാനന്ദം നൽകണമേ. നിത്യ വെളിച്ചം അവരുടെമേൽ വീശുമാറാകട്ടെ. അവർ സമാധാനത്തിൽ ആശ്വസിക്കുമാറാകട്ടെ, ആമേൻ.

സമാപന പ്രാർത്ഥന.

കർത്താവേ, അങ്ങയുടെ ദാസന്മാരുടെയും ദാസിമാരുടെയുംമേൽ ശിക്ഷാവിധി നടത്തരുതേ. കാരണം, അങ്ങു കനിഞ്ഞു പാപങ്ങൾ ക്ഷമിക്കുന്നില്ലെങ്കിൽ ആരും അങ്ങയുടെ മുൻപിൽ നീതിമാന്മാരായിരിക്കുകയില്ലല്ലോ. ആകയാൽ കർത്താവേ, അങ്ങയോടു ഞാൻ കേണപേക്ഷിക്കുന്നു. അവിടുത്തെ മക്കൾ വിശ്വാസപൂർവ്വം കാരുണ്യത്തിനു സമർപ്പിക്കുന്ന ആത്മാക്കളുടെമേൽ അവിടുത്തെ വിധിവാചകം പതിക്കാതിരിക്കട്ടെ. മറിച്ച്‌, ജീവിതകാലത്ത് പരിശുദ്ധ ത്രീത്വത്തിന്റെ മുദ്ര പതിപ്പിക്കപ്പെട്ട ഈ ആത്മാക്കൾ അവിടുത്തെ കൃപയാൽ ശിക്ഷാവിധിയിൽ നിന്നു മോചിതരാകട്ടെ. ആത്മാക്കൾക്കായുള്ള ഞങ്ങളുടെ ഈ പ്രാർത്ഥന കൈക്കൊണ്ട് അവരെ നിത്യമായ ശാന്തിയുടെയും സൗഭാഗ്യത്തിന്റെയും ദിവ്യ പ്രകാശത്തിലേക്ക് സ്വീകരിക്കണമേ, ആമേൻ.

ശുദ്ധീകരണാത്മാക്കൾക്കായുള്ള സകല വിശുദ്ധരുടെ ലുത്തിനിയ.

കർത്താവേ കനിയണമേ
ക്രിസ്തുവേ കനിയണമേ
കർത്താവേ കനിയണമേ
ക്രിസ്തുവേ ഞങ്ങളുടെ പ്രാർത്ഥന ശ്രവിക്കണമേ
ക്രിസ്തുവേ ഞങ്ങളുടെ പ്രാർത്ഥന കനിവോടെ ശ്രവിക്കണമേ

R : ഞങ്ങളെ അനുഗ്രഹിക്കണമേ.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ
ലോകരക്ഷകനായ ദൈവപുത്രാ
പരിശുദ്ധാത്മാവായ ദൈവമേ
ഏക ദൈവമായ പരിശുദ്ധ ത്രീത്വമേ

R : മരിച്ചുപോയ ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

പരിശുദ്ധ മറിയമേ
ദൈവത്തിന്റെ പരിശുദ്ധ ജനനീ
കന്യകകളിൽ വിശുദ്ധ കന്യകയേ
വിശുദ്ധ മിഖായേലേ
വിശുദ്ധ ഗബ്രിയേലേ
വിശുദ്ധ റഫായേലേ
സകല ദൂതരേ, മുഖ്യ ദൂതരേ
സകല വിശുദ്ധ ആത്മീയ അരൂപികളേ
വിശുദ്ധ സ്നാപക യോഹന്നാനേ
വിശുദ്ധ യൗസേപ്പേ
വിശുദ്ധരായ സകല പ്രവാചകരേ
പൂർവ പിതാക്കന്മാരേ
വിശുദ്ധ പത്രോസേ
വിശുദ്ധ പൗലോസേ
വിശുദ്ധ അന്ത്രയോസേ
വിശുദ്ധ യോഹന്നാനേ
സകല അപ്പസ്തോലന്മാരേ, സുവിശേഷകരേ
കർത്താവിന്റെ സകല ശിഷ്യഗണങ്ങളേ
സകല വിശുദ്ധ പൈതങ്ങളേ
വിശുദ്ധ സ്റ്റീഫനേ
വിശുദ്ധ ലോറൻസേ
വിശുദ്ധ വിന്സെന്റെ
സകല രക്തസാക്ഷികളേ
വിശുദ്ധ സിൽവെസ്റ്ററേ
വിശുദ്ധ അഗസ്റ്റിനേ
സകല വിശുദ്ധ മെത്രാന്മാരേ
സകല വിശുദ്ധ വേദപാരംഗതരേ
സകല സഭാപണ്ഡിതരെ
വിശുദ്ധ അന്തോണീസേ
വിശുദ്ധ ബെനഡിക്റ്റ്
വിശുദ്ധ ഡൊമിനിക്കേ
വിശുദ്ധ ഫ്രാൻസിസേ
സകല പുരോഹിതന്മാരേ, ലേവ്യരേ
സകല സന്യസ്ഥരേ, താപസരേ
വിശുദ്ധ മേരി മഗ്ദലനായേ
വിശുദ്ധ അഗാത്താ
വിശുദ്ധ ലൂസി
വിശുദ്ധ ആഗ്നസേ
വിശുദ്ധ സിസിലിയാ
വിശുദ്ധ അനസ്തേസിയാ
സകല കന്യകകളേ, വിധവകളേ
ദൈവത്തിന്റെ സകല വിശുദ്ധന്മാരേ, വിശുദ്ധകളേ

ക്രിസ്തുവേ കേൾക്കണമേ
ക്രിസ്തുവേ കനിവോടെ കേൾക്കണമേ
കർത്താവേ ഞങ്ങളുടെമേൽ കനിയണമേ
കർത്താവേ ഞങ്ങളുടെമേൽ കരുണയായിരിക്കണമേ

യേശുമിശിഹായുടെ വാഗ്ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ;
സകല വിശുദ്ധന്മാരേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ.

നമുക്കു പ്രാർത്ഥിക്കാം

എല്ലാ വിശ്വാസികളുടെയും സൃഷ്ടാവും രക്ഷകനുമായ ദൈവമേ, ഈലോകവാസം വെടിഞ്ഞ അങ്ങയുടെ ദാസരുടെ ആത്മാക്കൾക്ക്, അവർ എന്നും ആഗ്രഹിച്ചുപോന്ന പാപമോചനം ഞങ്ങളുടെ വിശ്വാസ പൂർവകമായ പ്രാർത്ഥന സ്വീകരിച്ച് നൽകണമേ. പാപം പൊറുക്കുകയും എല്ലാ ആത്മാക്കളും രക്ഷപ്രാപിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന അങ്ങയുടെ കാരുണ്യത്തിൽ ഞങ്ങൾ അഭയം തേടുന്നു. ഈ ലോകത്തിൽനിന്നു യാത്രയായ ആത്മാക്കൾക്ക് പരിശുദ്ധ കന്യകാമറിയത്തിന്റെയും സകല വിശുദ്ധരുടെയും മദ്ധ്യസ്ഥതയാൽ നിത്യ ഭാഗ്യത്തിൽ പങ്കുചേരുവാൻ കൃപ നൽകണമേ, ആമേൻ.

This image has an empty alt attribute; its file name is mother-mary-in-purgatory.jpg

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

2 responses to “Novena for the Souls in Purgatory (Malayalam) Day 1”

  1. Thankyou for the prayers 🙏

    Liked by 1 person

Leave a reply to Nelson MCBS Cancel reply