നവംബർ 2 – Jn 11:17 – 27:
“യേശു പുനരുത്ഥാനവും ജീവനും ആണ്. അവനിൽ വിശ്വസിക്കുന്നവൻ ഒരിക്കലും മരിക്കുകയില്ല.”
😭😭😭😭😭😭😭
അനിഷേധ്യമായ മരണത്തിനുമപ്പുറം ക്രിസ്തീയ വീക്ഷണത്തിൽ ദൈവത്തെ മുഖാഭിമുഖം കണ്ടുകൊണ്ടുള്ള ഒരു ജീവിതത്തെക്കുറിച്ച് നാം സ്വപ്നം കാണുന്നു. അവിടേയ്ക്കുള്ള ഒരു യാത്ര മാത്രമാണ് നമ്മുടെ ഈ കൊച്ചു ജീവിതം. ഈ യാത്രയെ ഒരു ഓട്ടമായിട്ടാണ് പൗലോസ് ശ്ലീഹ താരതമ്യപ്പെടുത്തുന്നത്. നല്ല ഓട്ടം ഓടുന്നവനാണ് സമ്മാനിതനാവുക! അതിനാൽ യേശുവിനോടൊപ്പമുള്ള പ്രത്യാശാപൂർണ്ണമായ ഒരു ഓട്ടത്തിലാണ് നാമെല്ലാവരും. ആ ഓട്ടം അസ്തമയത്തിലേയ്ക്കല്ല, ഉദയത്തിലേയ്ക്കാണ് എന്നതാണ് ഈ പ്രത്യാശ.
‘നല്ല ഓട്ടം’ എന്നാൽ എങ്ങിനേയും ലക്ഷ്യത്തിലെത്തുക എന്നല്ല. ലക്ഷ്യം സ്വർഗ്ഗസ്ഥനായ പിതാവിന്റെ പൂർണ്ണതയാണ്. അതു കൊണ്ട് ലക്ഷ്യം എന്ന പോലെ മാർഗ്ഗവും നിർണ്ണായകമാണ്. അവരാണ് കിരീടത്തിനവകാശികളാവുക!
ഈ ജീവിതയാത്രയിൽ ലക്ഷ്യവും മാർഗ്ഗവും തെറ്റി ഓടിയവരെ ശുദ്ധി ചെയ്തെടുക്കുന്ന അവസ്ഥയെ ശുദ്ധീകരണസ്ഥലം എന്ന് സഭ വിളിക്കുന്നു. നമ്മെ സ്നേഹിക്കുന്ന നമ്മുടെ പൂർവ്വികരുടെ യാത്രയിലുണ്ടായിട്ടുള്ള വീഴ്ചകൾക്ക് ദൈവസന്നിധിയിൽ പരിഹാരമനുഷ്ഠിക്കുക എന്നതാണ് ഇന്നത്തെ നമ്മുടെ ഒരുമിച്ച് ചേരലിന്റെ ലക്ഷ്യം.
“ജീവിതത്തിലെ തെറ്റുകൾ കൊണ്ട് മരണത്തെ ക്ഷണിച്ച് വരുത്തരുത്; സ്വന്തം പ്രവർത്തി കൊണ്ട് നാശത്തേയും.
മരണം ദൈവസൃഷ്ടിയല്ല. ജീവിക്കുന്നവരുടെ മരണത്തിൽ അവിടുന്ന് ആഹ്ലാദിക്കുന്നില്ല.” (ജ്ഞാനം 1:12 ff ) മനുഷ്യന് നല്കപ്പെട്ട സ്വാതന്ത്ര്യം അനീതിയുമായി കൂട്ടുചേർന്ന് ദുരുപയോഗിച്ചപ്പോഴുണ്ടായ അനിവാര്യമായ ഭവിഷ്യത്താണ് മരണം എന്ന് നാമിവിടെ വായിക്കുന്നു. “അധർമ്മികൾ വാക്കും പ്രവർത്തിയും വഴി മരണത്തെ ക്ഷണിച്ചു വരുത്തി.”
ആദ്യമനുഷ്യനായ
ആദത്തിന്റെ പാപത്തിലൂടെ കടന്നു വന്നതാണ് മരണം. മരണത്തെ പരാജയപ്പെടുത്തി ക്രിസ്തു മരണത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റു. “മരണമേ, നിന്റെ ദംശനമെവിടെ? നിന്റെ വിജയമെവിടെ?”
അനുതാപ ജീവിതത്തിലൂടെ അവനോടൊപ്പം നാമും ഉയിർപ്പിക്കപ്പെടും. എന്നാൽ നമ്മുടെ സ്വതന്ത്ര മനസ്സാൽ പാപത്തിൽ തുടരുന്നാൽ മരണത്തിന് നാം വിധേയപ്പെടും.
മരണശേഷം നമ്മുടെ വിധി നിർണ്ണയത്തിൽ നാം നിസഹായരാണ്. അതിനാൽ മരണ ശേഷം ഒരാളുടെ ശുദ്ധീകരണ പ്രക്രിയയിൽ ജീവിച്ചിരിക്കുന്നവരുടെ പങ്കാണ് നിർണ്ണായകമായിട്ടുള്ളത്. ജീവിച്ചിരിക്കുന്നവരുടേയും മരിച്ചവരുടേയും – സമരസഭയുടേയും സഹന സഭയുടേയും – ഒരുമ്പാടിന്റേയും ഐക്യത്തിന്റേയും ഓർമ്മയ്ക്കായി ഈ ദിനം സഭ ആചരിക്കുന്നു.
ഇന്നലെ സകല വിശുദ്ധരുടേയും തിരുന്നാൾ നാം ആചരിച്ചു. അത് വിജയ സഭയോടൊപ്പമുള്ള സമരസഭയിലെ അംഗങ്ങളായ നമ്മുടെ ആനന്ദാഘോഷമായിരുന്നു.
ഇന്ന് സകല മരിച്ചവരുടേയും ഓർമ്മ നാം ആചരിക്കുമ്പോൾ മരണത്തോടെ നമ്മുടെ ജീവിതം അവസാനിക്കുന്നില്ല എന്ന വിശ്വാസം നാം ഏറ്റുപറയുകയും, അതിൽ പങ്കാളിയാവുകയും ചെയ്യുന്നു. ശുദ്ധീകരണസ്ഥലത്തിലെ സഹനത്തിൽ നിന്നുള്ള നമ്മുടെ പൂർവ്വികരുടെ മോചനത്തിന് ഓരോ ദിവസവും ലോകം മുഴുവൻ അർപ്പിക്കപ്പെടുന്ന വി. ബലിയിലെ വില തീരാത്ത രക്തം കാഴ്ചവച്ചു കൊണ്ട് പ്രാർത്ഥിക്കുവാൻ നമുക്ക് തീരുമാനമെടുക്കാം. അവർക്ക് വേണ്ടിയുള്ള ഒപ്പീസ്, അന്നീദ തുടങ്ങിയ പ്രാർത്ഥനകൾ നടത്തിയും, എല്ലാറ്റിനും ഉപരിയായി നമ്മുടെ ത്യാഗങ്ങളും, നന്മ പ്രവർത്തികളും ചെയ്തു കൊണ്ടും നിസഹായ അവസ്ഥയിലായിരിക്കുന്ന അവരെ സഹായിക്കണമെന്ന സഭയുടെ പഠനത്തിൽ പങ്കാളികളാകാം. മരിച്ചവർക്കു വേണ്ടിയുള്ള കുർബ്ബാന അർപ്പിച്ചും, ധാരാളമായ ദാന ധർമ്മാദികൾ വഴിയും ഈ മാസം പ്രത്യേകമായി നമുക്ക് ആചരിക്കാം.
“മരണം വരുമൊരുനാൾ
ഓർക്കുക മർത്യാ നീ
കൂടെ പേരും നിൻ
ജീവിത ചെയ്തികളും.”
നമ്മളെ സ്നേഹിച്ച് പരിപാലിച്ച് വളർത്തി വലുതാക്കിയ നമ്മുടെ പ്രിയപ്പെട്ടവരുടെ മോചനം ഇനി നമ്മുടെ ത്യാഗങ്ങളും, പരോപകാരപ്രവർത്തികളും മാത്രമാണല്ലോ?
നമ്മിൽ നിക്ഷിപ്തമായിരിക്കുന്ന ഈ കടമ ഒരു ചടങ്ങ് എന്നതിനേക്കാൾ തലമുറകൾക്ക് നാം പകർന്നു നല്കുന്ന പരിപാവനവും ഫലദായകവുമായ ഒരു കർമ്മമാകട്ടെ.
W Moyalan cmi


Leave a comment