Fr Sebastian John Kizhakkethil

Rev. Fr Antony Kelamparambil (1914-1985)

മലങ്കരയുടെ മിഷണറിമാർ 1

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ ശുശ്രൂഷ ചെയ്ത സീറോ മലബാർ, ലത്തീൻ സഭാംഗങ്ങളായ വൈദീകരെ അനുസ്മരിക്കുന്നു.

Rev. Fr Antony Kelamparambil (1914-1985)

അതുല്യ സിദ്ധിവൈഭവത്തിന് ഉടമയായ കേളാംപറമ്പിലച്ചൻ…

ഒരേ സമയം വിവിധ കർമ്മകാണ്ഡങ്ങളിൽ ഒരേ പോലെ ശോഭിക്കാനാകുക എന്നത് വളരെ അപൂർവ്വം വ്യക്തികൾക്ക് മാത്രം സാധിക്കുന്ന ഒന്നാണ്, അതിൽതന്നെ ആയിരുന്ന ഇടങ്ങളിലെല്ലാം തനതായ വ്യക്തിമുദ്ര പതിപ്പിക്കുക എന്നത് ദൈവം നൽകുന്ന സവിശേഷമായ അനുഗ്രഹമാണ്, അപ്രകാരമുള്ള ഒരാളാണ് ആന്റണി കേളാംപറമ്പിലച്ചൻ. ചിത്രകാരൻ, വാഗ്മി, വാസ്തു ശിൽപി, അനുഗ്രഹീത ശബ്ദമാധുര്യത്തിനുടമ, പ്രേഷിതനായ മിഷണറി, ക്രാന്തദർശി, സാമൂഹ്യസ്നേഹി, മരിയഭക്തൻ, പാവങ്ങളോട് പക്ഷം ചേരുന്നവൻ, യുവജനങ്ങളുടെ മാർഗ്ഗദർശി, ധീരനായ സഭാസ്നേഹി എന്നീ നിലകളിലെല്ലാം ശോഭിച്ച ഈ കത്തോലിക്കാ പുരോഹിതൻ അനിതരസാധാരണമായ ആജ്ഞാശക്തിയുള്ള നേതൃഗുണത്തിനുടമയുമായിരുന്നു.

ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ പുനരൈക്യ ദർശനത്തിലും മിഷൻ ചൈതന്യത്തിലും ആകൃഷ്ടനായി പൗരോഹിത്യ ശുശ്രൂഷ പൂർണ്ണമായും മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ വളർച്ചക്കായി സമർപ്പിച്ച ഈ വന്ദ്യ പുരോഹിതൻ എറണാകുളം – അങ്കമാലി അതിരൂപതയിൽ ചേർത്തലക്ക് അടുത്ത് സെന്റ് ആന്റണീസ് തൈക്കാട്ടുശ്ശേരി ഇടവകയിലെ കേളാംപറമ്പിൽ വീട്ടിൽ ഉലഹന്നാൻ-മറിയ ദമ്പതികളുടെ കനിഷ്ട പുത്രനായി 1914 മെയ് 1ന് ജനിച്ചു. മൂന്നു സഹോദരന്മാരും ഒരു സഹോദരിയും കൂടെപ്പിറപ്പുകൾ. തൈക്കാട്ടുശേരി ശ്രീമൂലം സ്കൂളിൽ അദ്ധ്യാപകനായി ജീവിതമാരംഭിച്ചെങ്കിലും തന്റെ ജീവിതനിയോഗം തിരിച്ചറിഞ്ഞ് വൈദീക ജീവിതത്തിലേക്ക് കടന്നു വന്നു. എറണാകുളം മൈനർ സെമിനാരിയിലും തൃശ്ശനാപ്പള്ളി സെന്റ് പോൾസ് മേജർ സെമിനാരിയിലുമായി വൈദീകപഠനം. 1943 മാർച്ച് 25ന് വചനിപ്പ് തിരുനാൾ ദിനത്തിൽ സെമിനാരിയിൽ വെച്ചുതന്നെ വൈദീകപട്ടം സ്വീകരിച്ചു.

തിരുവനന്തപുരം മൈനർ സെമിനാരി റെക്ടറായി 6 വർഷം പ്രവർത്തിച്ചു. മിഷൻ സുപ്പീരിയർ , കറസ്പോണ്ടന്റ് എന്നിങ്ങനെയുളള ചുമതലകൾ നിർവ്വഹിച്ചു. ഇടവക ജീവിതത്തിലേറിയ പങ്കും അടൂർ പ്രദേശങ്ങളിലുള്ള പള്ളികളിലായിരുന്നു ശുശ്രൂഷ. ദീർഘകാലം അടൂർ ജില്ലാ വികാരിയായും പ്രവർത്തിച്ചിട്ടുണ്ട്. 1964ൽ അടൂർ ഹോളി ഏഞ്ചൽസ് സ്കൂൾ സ്ഥാപിച്ച് പ്രദേശത്തിന്റെ മുഖഛായ തിരുത്തിയ അച്ചൻ തന്നെയാണ് ചന്ദനപ്പള്ളി ഇടവകയോട് ചേർന്ന് ഒരു നേഴ്സറി സ്‌കൂൾ ആരംഭിച്ചതും, അതാണ് ഇന്നത്തെ വിമലമാതാ സ്‌കൂളായി വളർന്നത്.

കളിയിക്കാവിള, പനച്ചിമൂട്, കരകുളം, തട്ട, കൈപ്പട്ടൂർ, തുമ്പമൺ, പൊങ്ങലടി, ആനന്ദപ്പള്ളി, ചന്ദനപ്പളളി, കൊടുമൺ, അങ്ങാടിക്കൽ, നെടുമൺകാവ്, അടൂർ, ഏഴംകുളം എന്നിങ്ങനെ നിരവധി പള്ളികളിൽ വികാരിയായിരുന്നു. 1970ൽ പറക്കോട് ഇടവക ആരംഭിച്ചു. ആനന്ദപള്ളിയിൽ കത്തോലിക്കാ സമൂഹം രൂപപ്പെടുത്തി പള്ളി ആരംഭിക്കുന്നത് അച്ചനാണ്. അച്ചന്റെ വ്യക്തി പ്രാഭവത്തിലൂടെയും സുവിശേഷാധിഷ്ഠതമായ കരുതലിലൂടെയും നൂറ്കണക്കിന് ആളുകൾ സഭയിലേക്ക് കടന്നു വന്നു, അവരെയെല്ലാം കത്തോലിക്കാ വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തുന്നതിൽ അച്ചൻ ശ്രദ്ധിച്ചിരുന്നു. സൈക്കിളിൽ യാത്ര ചെയ്താണ് ദേവാലയ ശുശ്രൂഷകളെല്ലാം നടത്തിയിരുന്നത്.

വിശുദ്ധവും ദിവ്യവുമായ കൂദാശകൾ തന്റെ ദൈവജനത്തിന് പകർന്നു നല്കാൻ ഏറെ ത്യാഗം എടുത്തിരുന്ന അച്ചന്റെ ഹാശാ ആഴ്ച്ചയിലെ ശുശ്രൂഷകൾ വിശ്വാസ സമൂഹത്തെ സ്വർഗോന്നതങ്ങളിലേക്ക് ഉയർത്തിയിരുന്നു. വേളാങ്കണ്ണി പള്ളിയുടെ പടം തന്റെ മുറിയിൽ സൂക്ഷിച്ച് പ്രാർത്ഥിച്ച അച്ചനാണ് തട്ടയിലെ ഗ്രോട്ടോയും നിർമ്മിച്ചത്. ഗ്രോട്ടോയുടെ കൂദാശയോടനുബന്ധിച്ച് അടൂരിൽ നിന്നും തട്ടവരെ നടത്തിയ ജപമാല പ്രദക്ഷിണം ദേശത്ത് ഇദംപ്രദമായ ഒന്നായിരുന്നു. തട്ട പള്ളിയിൽ പെരുനാളിന്റെ ഭാഗമായ ദിവ്യകാരുണ്യ പ്രദക്ഷിണം അച്ചൻ ആരംഭിച്ചതാണ്.

ചന്ദനപ്പളളി, കൊടുമൺ, ആനന്ദപ്പള്ളി, അങ്ങാടിക്കൽ, നെടുമൺകാവ് പള്ളികളുടെ ശിൽപിയായിരുന്ന അച്ചന്റെ മാസ്റ്റർ പീസെന്നു പഴയ ചന്ദനപ്പള്ളി പള്ളിയെ വിശേഷിപ്പിക്കാം. ജംഗ്ഷനടുത്തു സ്ഥലം വാങ്ങിയാണ് പള്ളി പണിതത്. പള്ളി പണികൾക്ക് കായികമായ ശ്രമദാനങ്ങൾ അച്ചനോളം ഇടവക ജനങ്ങൾ ആരും ചെയ്തതായി അവകാശപ്പെടാനാവില്ല. ഓരോ പള്ളിയുടെ പിന്നിലും അച്ചന്റെ പ്രാർത്ഥനയും രക്തം വിയർപ്പാക്കിയ അദ്ധ്വാനവുമുണ്ട്. തന്റെ വ്യക്തി ബന്ധത്തിലൂടെയും കുടുംബാംഗങ്ങളിൽ നിന്നുമെല്ലാം പള്ളി പണിക്കായി അച്ചൻ പണം സ്വരൂപിച്ചിരുന്നു.
കണക്കുകളിലും കൊടുക്കൽ വാങ്ങലുകളിലും സുതാര്യത വേണമെന്ന് നിർബന്ധമുണ്ടായിരുന്ന അച്ചൻ ഓരോ പള്ളിയുടെയും പൂർത്തീകരണത്തിന് ശേഷം കൃത്യമായ കണക്കുകൾ ഇടവക ജനങ്ങൾക്കായി നൽകിയിരുന്നു.

ഏകാന്തമായ പ്രാർത്ഥനകൾക്കായി മണിക്കൂറുകൾ ദേവാലയത്തിൽ ചെലവഴിച്ചിരുന്ന അച്ചന്റെ ജീവിത ശൈലിയാണ് വൈദീകനാകാനുള്ള പ്രേരണ എന്നിൽ രൂപപ്പെടാനുള്ള കാരണങ്ങളിലൊന്ന് എന്ന് ആനന്ദപള്ളി ഇടവകാംഗമായ മാത്യു ആലുംമൂട്ടിലച്ചൻ സാക്ഷ്യപ്പെടുത്തുന്നു. ആന്റണി അച്ചൻ വികാരിയായിരുന്ന പള്ളികളിൽ നിന്നെല്ലാം നിരവധി വൈദീക സന്യസ്ത ദൈവവിളികളുണ്ടായിട്ടുണ്ട്.
അനന്യ സാധാരണമായ നേതൃപാടവം പുലർത്തിയിരുന്ന അച്ചൻ ഇടവകക്കാരെ മുഴുവൻ ഒരുമയോടെ ചേർത്ത് നിർത്തിയിരുന്നു. ഏത് പരിപാടിക്കും നേതൃസ്ഥാനത്തു ഇടയനായി നിന്ന് നയിക്കുന്ന അച്ചന്റെ കർമ്മ കുശലത തിരുനാൾ റാസകളിലും പെരുനാളുകളിലും പ്രകടമായിരുന്നു.

ഇടവകയിൽ സ്ലീബാപാത, മൂന്ന് നോമ്പ് കൺവൻഷൻ, ദിവ്യകാരുണ്യ ആരാധന, ജപമാല പ്രദക്ഷിണം, നൊവേനകൾ എന്നിവ ആരംഭിക്കാനും അതിൽ വിശ്വാസ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പിക്കാനും ശ്രദ്ധിച്ചിരുന്നു. പണ്ഡിതനും വാഗ്മിയുമായിരുന്ന അച്ചൻ അർത്ഥഗംഭീരമായ പുതുമയാർന്ന പ്രസംഗങ്ങളിലൂടെ തിരുവചനം ജനത്തിന് പകർന്നു നൽകി. ആനന്ദപള്ളി, ചന്ദനപള്ളി പള്ളികളിലെ ചിത്രങ്ങൾ, തിരുവനന്തപുരം മൈനർ സെമിനാരിയിലെ വിയാനി പുണ്യവാളന്റെ പടം എന്നിവയെല്ലാം അച്ചനിലെ ചിത്രകാരന്റെ അടയാളങ്ങളാണ്.
ജനങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞ് അതിലിടപെട്ടിരുന്ന അച്ചൻ പഠിക്കാൻ പിന്തുണയും ചികിത്സക്ക് താങ്ങും വിവാഹത്തിന് സഹായവും വീട് നിർമ്മാണത്തിന് പിൻബലവുമായി അവരെ കരുതിയിരുന്നു.

ചൂരൽ കട്ടിലിൽ പായ വിരിച്ച് കിടന്നിരുന്ന സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിച്ച അച്ചനെ കുപ്പായത്തിൽ അല്ലാതെ ആരും കണ്ടിട്ടില്ല എന്ന് തട്ട ഇടവകാംഗമായ ബേബി വാലയ്യത്ത് സാക്ഷ്യപ്പെടുത്തുന്നു.

ചന്ദനപള്ളിയിൽ വികാരിയായിരിക്കുമ്പോൾ രോഗബാധിതനായതിനാൽ തിരുവനന്തപുരം ഗുഡ് സമരിറ്റനിൽ വിശ്രമത്തിനായി പോയി അവിടെ വച്ച് 1985 മാർച്ച് 30ന് അതുല്യ സിദ്ധികളാൽ ദൈവമനുഗ്രഹിച്ച ആ ഇടയൻ സ്വർഗ്ഗീയ സമ്മാനത്തിനായി യാത്രയായി. മാതൃ ദേവാലയമായ തൈക്കാട്ടുശേരിയിൽ അച്ചൻ അന്ത്യവിശ്രമം കൊള്ളുന്നു.

മലങ്കര സഭക്കായി ആയുസ്സും അർത്ഥവും ആരോഗ്യവും സമർപ്പിച്ച ഈ പുരോഹിത ശ്രേഷ്ഠനെ നമ്മുടെ പ്രാർത്ഥനകളിൽ ഓർക്കാം…


കടപ്പാട്: ഇ.എം. ഗീവർഗീസ് &
മനോജ് ഏബ്രഹാം, ചന്ദനപ്പള്ളി

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John Kizhakkethil

Fr Sebastian John Kizhakkethil

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s