പ്രഭാത പ്രാർത്ഥന…

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
പ്രഭാത പ്രാർത്ഥന..
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

പരിശുദ്ധനായ ദൈവമേ..
പർവ്വതങ്ങൾക്കു രൂപം നൽകുന്നതിനു മുൻപ്, ഭൂമിയും ലോകവും നിർമ്മിക്കുന്നതിനു മുൻപ് അനാദി മുതൽ അനന്തത വരെ ദൈവമായ അവിടുത്തെ മുൻപിൽ ഈ പ്രഭാതത്തിൽ കൂപ്പിയ കരങ്ങളും, ഹൃദയം നിറഞ്ഞർപ്പിക്കുന്ന പ്രാർത്ഥനയുമായി ഞങ്ങൾ അണയുന്നു. ഞങ്ങളുടെയുള്ളിൽ വിദ്വേഷവും അസൂയയുമൊക്കെ നിറച്ചു പ്രതിഷ്ഠിച്ചിരിക്കുന്ന ചില വ്യക്തികളുണ്ട്. ഒരിക്കൽ മനസു കൊണ്ട് അകറ്റി നിർത്തിയാൽ പിന്നെ അവർ പറയുന്ന കാര്യങ്ങളൊന്നും ഞങ്ങൾ അംഗീകരിക്കില്ല. ഇനി അത് ഞങ്ങളുടെ നന്മയ്ക്കാണെങ്കിൽ പോലും ഞങ്ങൾ സമ്മതിച്ചു കൊടുക്കില്ല. അവർ എത്ര ആത്മാർത്ഥതയോടെ ഓരോ കാര്യങ്ങൾ ചെയ്താലും, പറഞ്ഞാലും അതെല്ലാം സംശയത്തിന്റെ കണ്ണുകളിലൂടെ മാത്രമേ ഞങ്ങൾ കാണാൻ ശ്രമിക്കൂ. ചിലപ്പോൾ ഞങ്ങളെക്കാൾ നന്നായി ഓരോ കാര്യങ്ങൾ ചെയ്യുന്നത് കാണുമ്പോഴുണ്ടാകുന്ന ഇഷ്ടക്കേടും, അസൂയയുമൊക്കെ അതിനു കാരണമായി തീരാറുമുണ്ട്.
സ്നേഹദൈവമേ… പല പാപസാഹചര്യങ്ങളിലും ഞങ്ങൾ വീണു പോകുന്നതിനുള്ള കാരണം പാപബോധമില്ലായ്മയാണ്. ക്ഷമിക്കുമെന്നോർത്ത് ഞങ്ങൾ വീണ്ടും വീണ്ടും പാപങ്ങൾ ആവർത്തിക്കുന്നു. സകലത്തിന്റെയും വിധിയാളനായ അവിടുത്തെ കണ്മുൻപിൽ നിന്നും ഒന്നും മറഞ്ഞിരിക്കുന്നില്ലെന്നും, ഇരുളിൽ ഞങ്ങൾ ചെയ്യുന്ന പാപങ്ങൾ പോലും പകലെന്ന സത്യത്തിൽ വെളിവാകുമെന്നുമുള്ള അങ്ങയുടെ വാക്കുകളെ ഞങ്ങൾ വിലമതിക്കുന്നില്ല. കർത്താവേ… എന്റെ പാപങ്ങളും, വിട്ടുമാറാത്ത പാപാവസ്ഥകളുമെല്ലാം അങ്ങയുടെ നിണമണിഞ്ഞ തൃപ്പാദത്തിങ്കൽ ഞങ്ങൾ സമർപ്പിക്കുന്നു. മനസ്സറിവോടും പൂർണമായ പാപബോധത്തോടും കൂടി ഞങ്ങളിൽ അനുതാപം നിറയാൻ തടസമായിരിക്കുന്ന ഞങ്ങളുടെ ഹൃദയകാഠിന്യത്തെ അങ്ങയുടെ ശക്തമായ സ്നേഹമൊളിപ്പിച്ച ശാസനകളും ശിക്ഷണങ്ങളും കൊണ്ടു തകർത്തു കളയണമേ.. അപ്പോൾ അങ്ങയെ ഭയപ്പെടാതിരിക്കാനും സ്നേഹിക്കാതിരിക്കാനും ഞങ്ങളിലുള്ള പാപാന്ധകാരത്തിന്റെ കാഠിന്യത്തിൽ നിന്നും മുക്തി നേടിയ ഞങ്ങളുടെ ഹൃദയം അങ്ങയോടുള്ള സ്നേഹത്താൽ തുടിക്കുന്ന സജീവവും ഊർജസ്വലവുമായ ബലിവസ്തുവായി തീരും..

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

Leave a comment