ദിവ്യബലി വായനകൾ St. John of the Cross, Priest, Doctor

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ -ലത്തീൻക്രമം
_____________

🔵 തിങ്കൾ / December 14

Saint John of the Cross, Priest, Doctor /
 Monday of the 3rd week of Advent

Liturgical Colour: White.

പ്രവേശകപ്രഭണിതം

ഗലാ 6:14

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ
മറ്റൊന്നിലും അഭിമാനംകൊള്ളാന്‍ എനിക്കിടയാകാതിരിക്കട്ടെ.
അവനെ പ്രതി ലോകം എനിക്കും
ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു.

സമിതിപ്രാര്‍ത്ഥന

ദൈവമേ, വൈദികനായ വിശുദ്ധ യോഹന്നാനെ അങ്ങ്,
സമ്പൂര്‍ണ ആത്മപരിത്യാഗത്തിന്റെയും കുരിശിന്റെയും
സ്‌നേഹത്തില്‍ നിസ്തുലനാക്കിയല്ലോ.
അദ്ദേഹത്തിന്റെ മാതൃകയോട് നിരന്തരം ചേര്‍ന്നുനിന്നുകൊണ്ട്,
അങ്ങേ മഹത്ത്വത്തിന്റെ നിത്യമായ ധ്യാനത്തില്‍
ഞങ്ങള്‍ എത്തിച്ചേരാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

സംഖ്യ 24:2-7,15-17
ഇസ്രായേലില്‍ നിന്ന് ഒരു ചെങ്കോല്‍ ഉയരും.

അവന്‍ കണ്ണുകളുയര്‍ത്തി; ഗോത്രങ്ങള്‍ അനുസരിച്ച് ഇസ്രായേല്‍ പാളയമടിച്ചിരിക്കുന്നതു കണ്ടു. ദൈവത്തിന്റെ ആത്മാവ് അവന്റെ മേല്‍ ആവസിച്ചു. അവന്‍ പ്രവചിച്ചു പറഞ്ഞു :

ബയോറിന്റെ മകന്‍ ബാലാമിന്റെ പ്രവചനം,
ദര്‍ശനം ലഭിച്ചവന്റെ പ്രവചനം.
ദൈവത്തിന്റെ വാക്കുകള്‍ ശ്രവിച്ചവന്‍,
സര്‍വശക്തനില്‍ നിന്നു ദര്‍ശനം സിദ്ധിച്ചവന്‍,
തുറന്ന കണ്ണുകളോടെ സമാധിയില്‍ ലയിച്ചവന്‍ പ്രവചിക്കുന്നു:
യാക്കോബേ, നിന്റെ കൂടാരങ്ങള്‍ എത്ര മനോഹരം!
ഇസ്രായേലേ, നിന്റെ പാളയങ്ങളും.
വിശാലമായ താഴ്‌വര പോലെയാണവ;
നദീതീരത്തെ ഉദ്യാനങ്ങള്‍ പോലെയും,
കര്‍ത്താവു നട്ടകാരകില്‍ നിര പോലെയും,
നീര്‍ച്ചാലിനരികെയുള്ള ദേവദാരു പോലെയും.
അവന്റെ ഭരണികളില്‍ നിന്നു വെള്ളം കവിഞ്ഞൊഴുകും,
വിത്തുകള്‍ക്കു സമൃദ്ധമായി ജലം ലഭിക്കും.
അവന്റെ രാജാവ് അഗാഗിനെക്കാള്‍ ഉന്നതനായിരിക്കും.
അവന്റെ രാജ്യം മഹത്വമണിയും.

ബാലാം പ്രവചനം തുടര്‍ന്നു :

ബയോറിന്റെ മകന്‍ ബാലാമിന്റെ പ്രവചനം,
ദര്‍ശനം ലഭിച്ചവന്റെ പ്രവചനം:
ദൈവത്തിന്റെ വാക്കുകള്‍ ശ്രവിച്ചവന്‍,
അത്യുന്നതന്റെ അറിവില്‍ പങ്കുചേര്‍ന്നവന്‍,
സര്‍വശക്തനില്‍ നിന്നു ദര്‍ശനം സിദ്ധിച്ചവന്‍,
തുറന്ന കണ്ണുകളോടെ സമാധിയില്‍ ലയിച്ചവന്‍ പ്രവചിക്കുന്നു :
ഞാന്‍ അവനെ കാണുന്നു, എന്നാല്‍ ഇപ്പോഴല്ല;
ഞാന്‍ അവനെ ദര്‍ശിക്കുന്നു, എന്നാല്‍ അടുത്തല്ല.
യാക്കോബില്‍ നിന്ന് ഒരു നക്ഷത്രം ഉദിക്കും,
ഇസ്രായേലില്‍ നിന്ന് ഒരു ചെങ്കോല്‍ ഉയരും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 25:4-5,6-7,8-9

കര്‍ത്താവേ, അങ്ങേ പാതകള്‍ എന്നെ പഠിപ്പിക്കണമേ.

കര്‍ത്താവേ, അങ്ങേ പാതകള്‍ എന്നെ പഠിപ്പിക്കണമേ!
അങ്ങേ സത്യത്തിലേക്ക് എന്നെ നയിക്കണമേ!
എന്നെ പഠിപ്പിക്കണമേ!
എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം.

കര്‍ത്താവേ, അങ്ങേ പാതകള്‍ എന്നെ പഠിപ്പിക്കണമേ.

അങ്ങേക്കുവേണ്ടി ദിവസം മുഴുവന്‍ ഞാന്‍ കാത്തിരിക്കുന്നു.
കര്‍ത്താവേ, പണ്ടുമുതലേ അങ്ങ് ഞങ്ങളോടു കാണിച്ച
അങ്ങേ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ!
എന്റെ യൗവനത്തിലെ പാപങ്ങളും അതിക്രമങ്ങളും അങ്ങ് ഓര്‍ക്കരുതേ!
കര്‍ത്താവേ, അങ്ങേ അചഞ്ചല സ്‌നേഹത്തിന് അനുസൃതമായി
കരുണാപൂര്‍വം എന്നെ അനുസ്മരിക്കണമേ!

കര്‍ത്താവേ, അങ്ങേ പാതകള്‍ എന്നെ പഠിപ്പിക്കണമേ.

കര്‍ത്താവു നല്ലവനും നീതിമാനുമാണ്.
പാപികള്‍ക്ക് അവിടുന്നു നേര്‍വഴി കാട്ടുന്നു.
എളിയവരെ അവിടുന്നു നീതിമാര്‍ഗത്തില്‍ നയിക്കുന്നു;
വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു.

കര്‍ത്താവേ, അങ്ങേ പാതകള്‍ എന്നെ പഠിപ്പിക്കണമേ.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 21:23-27
യോഹന്നാന്റെ ജ്ഞാനസ്‌നാനം എവിടെ നിന്നായിരുന്നു?

യേശു ദേവാലയത്തിലെത്തി പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രധാനപുരോഹിതന്മാരും ജനപ്രമാണികളും അവനെ സമീപിച്ചു ചോദിച്ചു: എന്തധികാരത്താലാണ് നീ ഇതൊക്കെ ചെയ്യുന്നത്? നിനക്ക് ഈ അധികാരം നല്‍കിയത് ആരാണ്? യേശു പറഞ്ഞു: ഞാന്‍ നിങ്ങളോട് ഒന്നു ചോദിക്കട്ടെ. നിങ്ങള്‍ എന്നോട് ഉത്തരം പറഞ്ഞാല്‍ എന്തധികാരത്താലാണ് ഞാന്‍ ഇവയൊക്കെ ചെയ്യുന്നതെന്നു നിങ്ങളോടു പറയാം. യോഹന്നാന്റെ ജ്ഞാനസ്‌നാനം എവിടെ നിന്നായിരുന്നു? സ്വര്‍ഗത്തില്‍ നിന്നോ മനുഷ്യരില്‍ നിന്നോ? അവര്‍ പരസ്പരം ആലോചിച്ചു; സ്വര്‍ഗത്തില്‍ നിന്ന് എന്നു നാം പറഞ്ഞാല്‍, പിന്നെ എന്തുകൊണ്ട് നിങ്ങള്‍ അവനെ വിശ്വസിച്ചില്ല എന്ന് അവന്‍ ചോദിക്കും. മനുഷ്യരില്‍ നിന്ന് എന്നു പറഞ്ഞാലോ! നാം ജനക്കൂട്ടത്തെ ഭയപ്പെടുന്നു. എന്തെന്നാല്‍, എല്ലാവരും യോഹന്നാനെ ഒരു പ്രവാചകനായി പരിഗണിക്കുന്നു. അതിനാല്‍, അവര്‍ യേശുവിനോടു മറുപടി പറഞ്ഞു: ഞങ്ങള്‍ക്കറിഞ്ഞുകൂടാ. അപ്പോള്‍ അവന്‍ പറഞ്ഞു: എന്തധികാരത്താലാണ് ഞാന്‍ ഇതു ചെയ്യുന്നതെന്ന് നിങ്ങളോടു ഞാനും പറയുന്നില്ല.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ സ്മരണ ആചരിച്ചുകൊണ്ട്
ഞങ്ങളര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങള്‍ അങ്ങ് തൃക്കണ്‍പാര്‍ക്കണമേ.
കര്‍ത്താവിന്റെ പീഡാസഹന രഹസ്യം
ആഘോഷിക്കുന്ന ഞങ്ങള്‍ അനുഷ്ഠിക്കുന്നത്,
അനുകരിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. മത്താ 16:24

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍,
അവന്‍ തന്നത്തന്നെ പരിത്യജിച്ച്,
തന്റെ കുരിശെടുത്ത് എന്നെ അനുഗമിക്കട്ടെ.

ദിവ്യഭോജനപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധ യോഹന്നാനില്‍
കുരിശിന്റെ രഹസ്യം അങ്ങ് വിസ്മയകരമായി വെളിപ്പെടുത്തിയല്ലോ.
ഈ ബലിയില്‍ നിന്നു ശക്തിയാര്‍ജിച്ച്,
ക്രിസ്തുവിനോട് ഞങ്ങള്‍ വിശ്വസ്തതയോടെ ചേര്‍ന്നുനില്ക്കാനും
സഭയില്‍ എല്ലാവരുടെയും രക്ഷയ്ക്കുവേണ്ടി അധ്വാനിക്കാനും
കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment