🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 വ്യാഴം
Thursday of the 3rd week of Advent
Liturgical Colour: Violet.
പ്രവേശകപ്രഭണിതം
cf. ഏശ. 49:13
ആകാശം ആനന്ദിക്കട്ടെ. ഭൂമി ആഹ്ളാദിക്കട്ടെ.
എന്തെന്നാല്‍, ഞങ്ങളുടെ കര്‍ത്താവ് എഴുന്നള്ളുന്നു.
അവിടന്ന് തന്റെ ദരിദ്രരോട് കരുണ കാണിക്കും.
സമിതിപ്രാര്‍ത്ഥന
മനുഷ്യപ്രകൃതിയുടെ സ്രഷ്ടാവും രക്ഷകനുമായ ദൈവമേ,
നിത്യകന്യകയുടെ ഉദരത്തില്‍ അങ്ങേ വചനം
മാംസം ധരിക്കണമെന്ന് തിരുവുള്ളമായ അങ്ങ്
ഞങ്ങളുടെ പ്രാര്‍ഥനകള്‍ കരുണാപൂര്‍വം കേട്ടരുളണമേ.
അങ്ങനെ, ഞങ്ങളുടെ മനുഷ്യപ്രകൃതി സ്വീകരിച്ച
അങ്ങേ ഏകജാതന്‍,
അവിടത്തെ ദിവ്യപ്രകൃതിയില്‍ പങ്കുചേരാന്‍
ഞങ്ങളെയും യോഗ്യരാക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഉത്പ 49:2,8-10
ചെങ്കോല്‍ യൂദായെ വിട്ടു പോകയില്ല
യാക്കോബ് തന്റെ മക്കളെ വിളിച്ചു പറഞ്ഞു:
യാക്കോബിന്റെ പുത്രന്മാരേ, ഒന്നിച്ചുകൂടി കേള്‍ക്കുവിന്‍.
നിങ്ങളുടെ പിതാവായ ഇസ്രായേലിന്റെ വാക്കുകള്‍ ശ്രദ്ധിക്കുവിന്‍.
യൂദാ, നിന്റെ സഹോദരന്മാര്‍ നിന്നെ പുകഴ്ത്തും,
നിന്റെ കൈ ശത്രുക്കളുടെ കഴുത്തില്‍ പതിക്കും.
നിന്റെ പിതാവിന്റെ പുത്രന്മാര്‍ നിന്റെ മുന്‍പില്‍ കുമ്പിടും.
യൂദാ ഒരു സിംഹക്കുട്ടിയാണ്.
എന്റെ മകനേ, നീ ഇരയില്‍ നിന്നു മടങ്ങിയിരിക്കുന്നു.
അവന്‍ ഒരു സിംഹത്തെപ്പോലെയും
സിംഹിയെപ്പോലെയും പതുങ്ങിക്കിടന്നു വിശ്രമിക്കുന്നു.
അവനെ ഉണര്‍ത്താന്‍ ആര്‍ക്കു ധൈര്യമുണ്ടാകും?
ചെങ്കോല്‍ യൂദായെ വിട്ടു പോകയില്ല;
അതിന്റെ അവകാശി വന്നുചേരുംവരെ
അധികാരദണ്ഡ് അവന്റെ സന്തതികളില്‍ നിന്നു നീങ്ങിപ്പോകയില്ല.
ജനതകള്‍ അവനെ അനുസരിക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 72:1-2, 3-4ab, 7-8, 17
അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ!
ദൈവമേ, രാജാവിന് അങ്ങേ നീതിബോധവും
രാജകുമാരന് അങ്ങേ ധര്‍മനിഷ്ഠയും നല്‍കണമേ!
അവന്‍ അങ്ങേ ജനത്തെ ധര്‍മനിഷ്ഠയോടും
അങ്ങേ ദരിദ്രരെ നീതിയോടും കൂടെ ഭരിക്കട്ടെ!
അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ!
നീതിയാല്‍ പര്‍വതങ്ങളും കുന്നുകളും
ജനങ്ങള്‍ക്കുവേണ്ടി ഐശ്വര്യം വിളയിക്കട്ടെ!
എളിയവര്‍ക്ക് അവന്‍ നീതിപാലിച്ചുകൊടുക്കട്ടെ!
ദരിദ്രര്‍ക്കു മോചനം നല്‍കട്ടെ!
അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ!
അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ!
ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ!
സമുദ്രം മുതല്‍ സമുദ്രം വരെയും
നദി മുതല്‍ ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും
അവന്റെ ആധിപത്യം നിലനില്‍ക്കട്ടെ!
അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ!
അവന്റെ നാമം നിത്യം നിലനില്‍ക്കട്ടെ!
സൂര്യനുള്ളിടത്തോളം കാലം
അവന്റെ കീര്‍ത്തി നിലനില്‍ക്കട്ടെ!
അവനെപ്പോലെ അനുഗൃഹീതരാകട്ടെ
എന്നു ജനം പരസ്പരം ആശംസിക്കട്ടെ!
ജനതകള്‍ അവനെ അനുഗൃഹീതനെന്നു വിളിക്കട്ടെ.
അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ!
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മത്താ 1:1-17
ദാവീദിന്റെ പുത്രന്‍ യേശുക്രിസ്തുവിന്റെ വംശാവലി ഗ്രന്ഥം.
അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രന്‍ യേശുക്രിസ്തുവിന്റെ വംശാവലി ഗ്രന്ഥം.
അബ്രാഹം ഇസഹാക്കിന്റെ പിതാവായിരുന്നു.
ഇസഹാക്ക് യാക്കോബിന്റെയും
യാക്കോബ് യൂദായുടെയും സഹോദരന്മാരുടെയും പിതാവായിരുന്നു.
താമാറില്‍ നിന്നു ജനിച്ച പേരെസിന്റെയും സേറായുടെയും പിതാവായിരുന്നു യൂദാ.
പേരെസ് ഹെസ്‌റോന്റെയും
ഹെസ്‌റോന്‍ ആരാമിന്റെയും പിതാവായിരുന്നു.
ആരാം അമിനാദാബിന്റെയും അമിനാദാബ് നഹ്‌ഷോന്റെയും
നഹ്‌ഷോന്‍ സല്‍മോന്റെയും പിതാവായിരുന്നു.
സല്‍മോന്‍ റാഹാബില്‍ നിന്നു ജനിച്ച ബോവാസിന്റെയും
ബോവാസ് റൂത്തില്‍ നിന്നു ജനിച്ച ഓബദിന്റെയും
ഓബദ് ജസ്സെയുടെയും
ജസ്സെ ദാവീദ് രാജാവിന്റെയും പിതാവായിരുന്നു.
ദാവീദ് ഊറിയായുടെ ഭാര്യയില്‍ നിന്നു ജനിച്ച സോളമന്റെ പിതാവായിരുന്നു.
സോളമന്‍ റഹോബോവാമിന്റെയും
റഹോബോവാം അബിയായുടെയും
അബിയാ ആസായുടെയും പിതാവായിരുന്നു.
ആസാ യോസഫാത്തിന്റെയും
യോസഫാത്ത് യോറാമിന്റെയും
യോറാം ഓസിയായുടെയും
ഓസിയാ യോഥാമിന്റെയും
യോഥാം ആഹാസിന്റെയും
ആഹാസ് ഹെസെക്കിയായുടെയും
ഹെസെക്കിയാ മനാസ്സെയുടെയും
മനാസ്സെ ആമോസിന്റെയും
ആമോസ് ജോസിയായുടെയും പിതാവായിരുന്നു.
ബാബിലോണ്‍ പ്രവാസകാലത്തു ജനിച്ച യാക്കോണിയായുടെയും സഹോദരന്മാരുടെയും പിതാവായിരുന്നു ജോസിയാ.
യാക്കോണിയാ ബാബിലോണ്‍ പ്രവാസത്തിനുശേഷം ജനിച്ച സലാത്തിയേലിന്റെയും
സലാത്തിയേല്‍ സൊറൊബാബേലിന്റെയും പിതാവായിരുന്നു.
സൊറൊബാബേല്‍ അബിയൂദിന്റെയും
അബിയൂദ് എലിയാക്കിമിന്റെയും
എലിയാക്കിം ആസോറിന്റെയും
ആസോര്‍ സാദോക്കിന്റെയും
സാദോക്ക് അക്കീമിന്റെയും
അക്കീം എലിയൂദിന്റെയും
എലിയൂദ് എലെയാസറിന്റെയും
എലെയാസര്‍ മഥാന്റെയും
മഥാന്‍ യാക്കോബിന്റെയും പിതാവായിരുന്നു.
യാക്കോബ് മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു.
അവളില്‍ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു.
ഇങ്ങനെ, അബ്രാഹം മുതല്‍ ദാവീദുവരെ പതിന്നാലും ദാവീദുമുതല്‍ ബാബിലോണ്‍ പ്രവാസംവരെ പതിന്നാലും ബാബിലോണ്‍ പ്രവാസം മുതല്‍ ക്രിസ്തുവരെ പതിന്നാലും തലമുറകളാണ് ആകെയുള്ളത്.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ സഭയുടെ കാണിക്കകള്‍
വിശുദ്ധീകരിക്കണമേ;
അങ്ങനെ, ഈ ദിവ്യരഹസ്യങ്ങള്‍ വഴി,
സ്വര്‍ഗീയമായ അപ്പം കൊണ്ട് പോഷിതരാകാന്‍ ഞങ്ങള്‍ അര്‍ഹരാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. ഹഗ്ഗാ 2:7
ഇതാ വരുന്നു; സകല ജനതകളും പ്രതീക്ഷിച്ചിരുന്നവന്‍;
കര്‍ത്താവിന്റെ ഭവനം മഹത്ത്വത്താല്‍ നിറയ്ക്കപ്പെടും.
ദിവ്യഭോജനപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
ദിവ്യദാനത്താല്‍ സംതൃപ്തരായി പ്രാര്‍ഥിക്കുന്ന
ഞങ്ങളുടെ ആഗ്രഹം നിവര്‍ത്തിതമാകുമാറാകട്ടെ:
അങ്ങേ ആത്മാവില്‍ ജ്വലിച്ച്
അങ്ങേ ക്രിസ്തു ആഗതനാകുമ്പോള്‍
അവിടത്തെ മുമ്പില്‍ ഞങ്ങള്‍ തെളിവാര്‍ന്ന ദീപങ്ങള്‍ പോലെ
പ്രകാശിതരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment