അനുദിനവിശുദ്ധർ – ഡിസംബർ 23

🎄🎄🎄 December  23 🎄🎄🎄
കാന്റിയിലെ വിശുദ്ധ ജോണ്‍
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄

1397-ല്‍ പോളണ്ടിലെ കാന്റി എന്ന പട്ടണത്തിലാണ് ജോണ്‍ കാന്റിയൂസ് ജനിച്ചത്‌. പില്‍ക്കാലത്ത്‌ അദ്ദേഹം ദൈവശാസ്ത്രത്തില്‍ പണ്ഡിതനായി. തുടര്‍ന്ന് പൗരോഹിത്യ പട്ടം സ്വീകരിച്ച വിശുദ്ധന്‍ പിന്നീട് ക്രാക്കോ സര്‍വകലാശാലയിലെ അധ്യാപകനായി. വിശുദ്ധ സ്ഥലങ്ങളായ പലസ്തീന്‍, റോം തുടങ്ങിയ സ്ഥലങ്ങള്‍ നഗ്നപാദനായി വിശുദ്ധന്‍ സന്ദര്‍ശിക്കുകയുണ്ടായി.

ഒരു ദിവസം കുറെ മോഷ്ടാക്കള്‍ അദ്ദേഹത്തിനുള്ളതെല്ലാം കവര്‍ച്ച ചെയ്തു. ഇനിയും എന്തെങ്കിലും അദ്ദേഹത്തിന്റെ പക്കല്‍ അവശേഷിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ‘ഇല്ല’ എന്ന വിശുദ്ധന്റെ മറുപടി കേട്ടമാത്രയില്‍ തന്നെ മോഷ്ടാക്കള്‍ അവിടം വിട്ടു. അവര്‍ പോയതിനു ശേഷമാണ് കുറച്ചു സ്വര്‍ണ്ണ കഷണങ്ങള്‍ തന്റെ കുപ്പായത്തിനുള്ളില്‍ തുന്നിപ്പിടിപ്പിച്ചിട്ടുള്ള കാര്യം വിശുദ്ധന്‍ ഓര്‍ത്തത്‌. ഉടന്‍ തന്നെ വിശുദ്ധന്‍ ആ മോഷ്ടാക്കളുടെ പുറകെ പോവുകയും അവരെ തടഞ്ഞ് നിര്‍ത്തി ഇതേ കുറിച്ച് അവരോടു പറയുകയും ചെയ്തു. വിശുദ്ധന്റെ ഈ പ്രവര്‍ത്തിയില്‍ സ്ത്ബ്ദരായ മോഷ്ടാക്കള്‍ അദ്ദേഹത്തിന്റെ സത്യസന്ധതയെ പ്രതി ആ സ്വര്‍ണ്ണം മാത്രമല്ല മുന്‍പ്‌ മോഷ്ടിച്ച വസ്തുക്കള്‍ വരെ അദ്ദേഹത്തിന് തിരിച്ചു നല്‍കി.

തന്നേയും, തന്റെ ഭവനത്തിലുള്ളവരേയും തിന്മയുടെ ദൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കുവാനായി വിശുദ്ധന്‍ തന്റെ മുറിയുടെ ഭിത്തികളില്‍ ഇപ്രകാരം എഴുതി ചേര്‍ത്തിരിക്കുന്നു: ‘Conturbare cave, non est placare suave, diffamare cave, nam revocare grave’ അതായത്‌: “കുഴപ്പങ്ങള്‍ക്ക് കാരണമാകാതെയും, മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്താതിരിക്കുവാനും ശ്രദ്ധിക്കുക, ചെയ്ത തെറ്റിനെ ശരിയാക്കുവാന്‍ വളരേ ബുദ്ധിമുട്ടാണ്”.

അയല്‍ക്കാരോടുള്ള വിശുദ്ധന്റെ സ്നേഹം എടുത്തു പറയേണ്ടതാണ്. പല അവസരങ്ങളിലും വിശുദ്ധന്‍ തന്റെ വസ്ത്രങ്ങളും പാദുകങ്ങളും പാവങ്ങള്‍ക്ക് നല്‍കുകയും, താന്‍ നഗ്നപാദനായി നില്‍ക്കുന്നത്‌ മറ്റുള്ളവര്‍ കാണാതിരിക്കുവാന്‍ തന്റെ ളോഹ നിലത്തിഴയു വിധത്തില്‍ താഴ്ത്തി ധരിക്കുകയും ചെയ്തിരുന്നു. തന്റെ അന്ത്യമടുത്തുവെന്ന് മനസ്സിലാക്കിയ വിശുദ്ധന്‍ തന്റെ പക്കല്‍ അവശേഷിച്ചതെല്ലാം ദരിദ്രര്‍ക്കിടയില്‍ വിതരണം ചെയ്തു സന്തോഷപൂര്‍വ്വം ദൈവസന്നിധിയിലേക്ക് യാത്രയായ. പോളണ്ടിലെ പ്രധാന മധ്യസ്ഥരില്‍ ഒരാളാണ് വിശുദ്ധ ജോണ്‍.

Advertisements

ഇതര വിശുദ്ധര്‍
🎄🎄🎄🎄🎄🎄🎄

1. ഔസ്ട്രേഷ്യാ രാജാവായ ഡഗോബെര്‍ട്ടു ദ്വിതീയന്‍ ‍

2. ഹെക്സ് ഹോം ബിഷപ്പായിരുന്ന ഫ്രിത്ത്ബെര്‍ട്ട്

3. സ്കോട്ട്ലാന്‍ഡിലെ മസോത്താ

4. റോമാക്കാരായ മിഗ്ദോണിയൂസും മര്‍ദോനീയൂസും

5. സ്പെയിന്‍കാരനായ നിക്കോളാസ് ഫാക്ടര്
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄

Advertisements

🙏പ്രഭാത പ്രാർത്ഥന… 🙏


നിങ്ങൾ തിടുക്കം കൂട്ടേണ്ടാ… വേഗം ഓടുകയും വേണ്ട.കർത്താവ് നിങ്ങളുടെ മുന്നിൽ നടക്കും… ഇസ്രായേലിന്റെ ദൈവമായിരിക്കും നിങ്ങളുടെ പിൻകാവൽക്കാരൻ… (ഏശയ്യ :52/12)

സ്നേഹസ്വരൂപനായ എന്റെ ദൈവമേ…

ശക്തിയും സമാശ്വാസവും പകർന്നു നൽകുന്ന എന്റെ ദൈവമായ അങ്ങയോട് ഐക്യപ്പെട്ടു ജീവിക്കാൻ കൊതിക്കുന്ന മനസ്സോടെ ഈ പ്രഭാതത്തിലും ഞങ്ങൾ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. പലപ്പോഴും എന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളല്ല, സങ്കട സമയങ്ങൾ തന്നെയാണ് എന്നെ നിന്നിലേക്ക് കൂടുതൽ ചേർത്തു നിർത്തിയത്. ഒരിക്കലും നിന്നിൽ നിന്നും അകലാതിരിക്കുവാൻ വേണ്ടിയിട്ടാണോ സങ്കടങ്ങളുടെ കാര്യത്തിൽ മാത്രം എനിക്കൊരു കുറവും നീ വരുത്താത്തത് എന്നു പോലും ഞാൻ ചിന്തിച്ചിട്ടുണ്ട്. ജീവിതത്തിന്റെ ദുർഘടമായ വഴികളിൽ ഇങ്ങനെ പതറി നിൽക്കുമ്പോൾ അരികിലുള്ള കരുതലിന്റെ കരങ്ങളിലേക്ക് കൈ കോർത്തു പിടിക്കുന്ന വിശ്വാസത്തിനു വേണ്ടി എന്നതു പോലെ… അനുദിന ജീവിതത്തിൽ ഏതാവശ്യത്തിനും എവിടെ പോകേണ്ടി വന്നാലും തനിച്ചു പോകാനുള്ള ധൈര്യക്കുറവു മൂലം കൂട്ടിന് അത്രത്തോളം അടുപ്പവും വിശ്വാസവുമുള്ള ഒരാളെ കൂട്ടുന്നത് പണ്ടൊക്കെ എന്റെ ഒരു ശീലമായിരുന്നു. അപരിചിതമായ വഴികളിലൂടെ യാത്ര ചെയ്യേണ്ടി വരുമ്പോൾ കൂട്ടിനു വന്നവർ കൂടെ തന്നെയുണ്ടോ എന്ന് ഒരു തിരിഞ്ഞു നോട്ടത്തിലൂടെ പലതവണ മനസ്സിനെ ഉറപ്പിച്ചെടുക്കും, ഒരു ധൈര്യത്തിന്.. എന്റെ പിന്നിലായിട്ടാണെങ്കിലും മുന്നിലായിട്ടാണെങ്കിലും കൂട്ടിനു നിയോഗിക്കപ്പെട്ടവർ കൂടെ തന്നെയുണ്ട് എന്ന വിശ്വാസം മുന്നോട്ടു നടന്നു നീങ്ങുവാനുള്ള എന്റെ പ്രേരണയായി, ധൈര്യം പകർന്നു നൽകുന്ന എന്റെ വിശ്വാസമായി എന്റെയുള്ളിൽ തന്നെയുണ്ടാവും.

ഈശോയേ… ഞങ്ങളുടെ ജീവിത വഴികളിൽ പലപ്പോഴും അങ്ങയെ കൂട്ടു വിളിക്കാതെ തനിച്ചു ചെയ്യാൻ കഴിയും എന്നു കരുതി തിടുക്കപ്പെട്ടു ചെയ്യുന്ന പല കാര്യങ്ങളും വലിയ അബദ്ധവും തെറ്റുകളുമൊക്കെയായി വഴിമാറി പോകാറുണ്ട്. എവിടെ പോകുമ്പോഴും, ഞാൻ വിളിക്കാൻ മറന്നാലും എന്നെ തനിച്ചു വിടാതെ അങ്ങെന്റെ കൂടെ വന്നാൽ പിന്നെ ഒരിക്കലും ഒരു തിരിഞ്ഞു നോട്ടത്തിനു പോലും ഇടനൽകാതെ അങ്ങയുടെ കാവൽ നൽകുന്ന ധൈര്യത്തിൽ ഞാൻ ശാന്തമായി മുന്നോട്ടു പോകും.എന്റെ അനാവശ്യ തിടുക്കവും വേഗവും കൊണ്ട് എന്റെ മനസ്സും ശരീരവും ക്ഷീണിച്ചു പോയാലും ദൈവമായ അങ്ങ് എന്റെ ബലമായി കൂടെയുണ്ടെങ്കിൽ എന്റെ ജീവിതം എന്നും അവിടുത്തെ തണലിൽ സുരക്ഷിതമായിരിക്കുകയും അങ്ങയുടെ കാവൽ നൽകുന്ന ധൈര്യത്തിൽ എന്റെ രക്ഷ ഒരിക്കലും വിദൂരത്തല്ലാതെയാവുകയും ചെയ്യും. അപ്പോൾ തിടുക്കം കൂട്ടാതെയും വേഗത്തിൽ ഓടാതെയും എന്റെ മുന്നിൽ നടക്കുന്ന കർത്താവിന്റെ പാദങ്ങളെ പിന്തുടരാനും, പിൻകാവൽക്കാരനായ ഇസ്രായേലിന്റെ ദൈവത്തിന്റെ ദൃഷ്ടിയിൽ നിന്നും മറയാതെ കൂട്ടിനു നിയോഗിക്കപ്പെട്ടവർ കൂടെ തന്നെയുണ്ട് എന്ന വിശ്വാസത്തോടെ മുന്നോട്ടു നീങ്ങാനുള്ള പ്രേരണയായി,എന്റെ ധൈര്യവും വിശ്വാസവുമായി അങ്ങ് എന്റെ കൂടെ തന്നെയുണ്ടാവുകയും ചെയ്യും…

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ… ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.. ആമേൻ 🙏

Advertisements

പ്രഭാത പ്രാർത്ഥന

“അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ് ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും. (മത്തായി, 2:13)”കാലിത്തൊഴുത്തിൽ പിറന്ന ഈശോയെ, ഈ പ്രഭാതത്തിൽ അവിടുത്തെ സന്നിധിയിൽ, ഞങ്ങളുടെ രാജ്യത്തെയും, ഭരണാധികാരിളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവിടുത്തെ ജനസമയത്തു ഹേറോദേശ് രാജാവിന്റെ നയങ്ങൾ കൊണ്ട് ഔസേപ്പ് പിതാവും, കന്യക മറിയവും അനുഭവിച്ച സഹനങ്ങളെ ഞങ്ങൾ ഓർക്കുന്നു. ഓരോ ഭരണാധികാരിയും ദൈവ ഹിതം നിറവേറ്റുന്നവർ ആയി തീരുവാൻ അവിടുന്ന് കൃപ നൽകണമേ. ഇന്നേ ദിനത്തിൽ അഭയാർത്ഥികൾ ആയി കഴിയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. വിദേശ രാജ്യങ്ങളിൽ വിസ പ്രശ്നം കാരണം ബുദ്ധിമുട്ടു അനുഭവിക്കുന്നവരെയും, പ്രവാസ ജീവിതത്തിൽ ദുരിതങ്ങൾ അനുഭവിക്കുന്നവരെയും പ്രത്യകമായി അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുന്നു. ചെറിയ കുഞ്ഞുങ്ങളുമായി പ്രവാസ ലോകത്തു ആയിരിക്കുന്ന അനേകം മാതാപിതാക്കൾ ഉണ്ട്. കുഞ്ഞുങ്ങളെ നാട്ടിലാക്കി പ്രവാസ ലോകത്തു കുടുംബം പുലർത്തുവാൻ അദ്ധ്വാനിക്കുന്നവരുണ്ട് എല്ലാവർക്കും ദൈവ അനുഭവം ഉണ്ടാകുവാൻ പിതാവേ കൃപ നൽകണമേ. കുഞ്ഞുങ്ങളുടെ വളർച്ചയുടെ ഘട്ടങ്ങളിൽ ആകുല ചിത്തരായി കഴിയുന്ന മാതാപിതാക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. നാഥാ അവർക്ക് ആശ്വാസം നൽകണമേ. ഓരോ കുഞ്ഞും ദൈവത്തിന്റെ ദാനം ആണെന്ന് തിരിച്ചറിഞ്ഞു ജീവിക്കുവാൻ മാതാപിതാക്കളെ സഹായിക്കണമേ. കുഞ്ഞുങ്ങളെ വളർത്തുമ്പോൾ അനുഭവിക്കേണ്ടി വരുന്ന സഹനങ്ങളെ ദൈവ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുവാൻ ഞങ്ങൾക്ക് സാധിക്കട്ടെ. ക്രിസ്തുമസ്സിന്റെ സന്ദേശം ഈ ഭൂമിയിൽ പ്രഘോഷിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമേൻ

ഗബ്രിയേൽ മാലാഖേ, ദൈവ ദൂത് അറിയുവാനും ഗ്രഹിക്കുവാനും ഞങ്ങളെ സഹായിക്കണമേ.

Leave a comment