❤️🎈ക്രിസ്തുമസ് ബലൂൺ🎈💕 2020🎉🎊🎆 21💕💞
കൊറോണക്കാലത്ത് കേരളത്തിനു പുറത്തേക്ക് അത്യാവശ്യമായി ഒരു യാത്ര പോകേണ്ടി വന്നു. 24 മണിക്കൂറിനകം തിരിച്ചെത്തിയെങ്കിലും, 14 ദിവസം quarantine നിൽ പോകണമെന്ന നിർദ്ദേശം ഫോൺ വഴിയെത്തി. അപ്രതീക്ഷിതമായി രണ്ടാഴ്ച ചുമരുകൾക്കുള്ളിൽ ഒതുങ്ങിയപ്പോൾ പല പഴയ സൗഹൃദങ്ങളെയും ബന്ധുക്കളെയും വിളിക്കാനും ബന്ധങ്ങളൊക്കെ പുതുക്കാനും ശ്രമിച്ചു. SSLC ബാച്ചിലുണ്ടായിരുന്നവർക്കായി ഒരു whatsapp ഗ്രൂപ്പ് ചില സുഹൃത്തുക്കളുടെ കൂടെ നേരത്തെ തുടങ്ങിയിരുന്നു. ഒരുദിവസം അതിലെ ആളുകളുടെ ലിസ്റ്റ് നോക്കിക്കൊണ്ടിരുന്നപ്പോൾ ഒരു പേര് കണ്ണിലുടക്കി – ‘രജിത’.
പലബാല്യകാലസ്മരണകളും മനസ്സിലൂടെ കടന്നുപോയി. അഞ്ചാം ക്‌ളാസ്സുമുതൽ രജിത കൂടെ പഠിച്ചിരുന്നു. പക്ഷേ എപ്പോഴോ എന്തൊക്കെയോ കാരണത്താൽ എനിക്ക് അവളോട് വലിയ ദേഷ്യവും വാശിയുമായി. ഇപ്പോഴും കാരണങ്ങൾ ഒന്നും ഓർത്തെടുക്കാൻ സാധിക്കുന്നില്ല. പക്ഷെ മനസ്സിൽ അവളെ ശത്രു സ്ഥാനത്തായിരുന്നു നിറുത്തിയിരുന്നത്. വട്ടപ്പേരുകൾ വിളിക്കാനും കളിയാക്കാനും കോക്കിരി കാട്ടാനുമൊക്കെ ഒരു മടിയും ഉണ്ടായിരുന്നില്ല.
ഏതായാലും ഒരു മെസ്സേജ് വിട്ടുകളയാം . പേരിൽ ഞെക്കി whatsapp മെസ്സേജ് ടൈപ്പ് ചെയ്തു.
“ഹലോ “
ഗ്രൂപ്പിലെ എല്ലാവരും ജോലിയൊക്കെ കിട്ടി, വിവാഹം കഴിഞ്ഞു, രണ്ടും മൂന്നും കുട്ടികളായി, ലോകത്തിൻ്റെ പലഭാഗങ്ങളിൽ ചേക്കേറിക്കഴിഞ്ഞു. എങ്കിലും ക്ലാസിൻ്റെ പേരിലുള്ള ഗ്രൂപ്പ് ആയതുകൊണ്ട് പലർക്കും ക്ലാസ്സിൽ കയറിയ ഫീലിംഗ് ആണ് ഗ്രൂപ്പിൽ. അതുകൊണ്ടുതന്നെ പലരും സംസാരിക്കാൻ വൈമനസ്യം ഉള്ളവരാണ്. ഏതാനും പേര് മിണ്ടാറുമില്ല. എപ്പോഴും എല്ലാം കാണുന്നുണ്ടെങ്കിലും.
വൈകാതെ നെഞ്ചിടിപ്പിച്ചുകൊണ്ട് മറുപടി എത്തി
“ഹലോ “
“എന്തുണ്ട് വിശേഷങ്ങൾ “
“സുഖം”
“ഇപ്പോൾ എവിടെയാ “
സ്ഥലം പറഞ്ഞു. ബാക്കി വിശേഷങ്ങളും. വിവാഹം കഴിഞ്ഞു, ഭർത്താവ്, കുടുംബം, ജോലി എല്ലാം വളരെ ഭംഗിയായി എന്നോട് പറഞ്ഞു. ഞാൻ എൻ്റെ വിശേഷങ്ങളും പങ്കുവച്ചു.
സംസാരം അല്പം കൂടി ഹൃദ്യമായപ്പോൾ ഞാൻ ചോദിച്ചു
“എന്തെ, ഗ്രൂപ്പിലൊന്നും കാണാറില്ലലോ? എന്തെ തിരക്കാണോ”?
“ഏയ് അങ്ങനെയൊന്നും ഇല്ല”
“പിന്നെയെന്താണ് ഗ്രൂപ്പിൽ നിശബ്ദത പാലിക്കുന്നത്?”
“എനിക്ക് പേടിയാ“
“പേടിയോ? ആരെ? എന്തിനു പേടിക്കണം? അതിലുള്ളവരെല്ലാം നമ്മുടെ സുഹൃത്തുക്കളല്ലേ, ആരെയും പേടിക്കാനൊന്നും ഇല്ലല്ലോ?”
“ഊം” മൂളൽ മാത്രം
“അതുപോട്ടെ, ആരെയാണ് പേടി?”
“നിന്നെത്തന്നെ” … ദൈവമേ എനിക്ക് ഭൂമി കറങ്ങുന്നതുപോലെ തോന്നി, എൻ്റെ അഹങ്കാരമെല്ലാം ബലൂൺ പൊട്ടിക്കുന്ന ലാഘവത്തോടെ അവൾ പൊട്ടിച്ചിരിക്കുന്നു. ഞാൻ സഹൃദയനാണെന്നും സുസ്മേരവദനനും ആർക്കും എളുപ്പത്തിൽ സമീപിക്കാൻ സാധിക്കുന്നവനാണെന്നുമുള്ള എന്നെക്കുറിച്ചുള്ള ബഹുമാനമൊക്കെ ഒറ്റ നിമിഷം കൊണ്ട് വെണ്ണീറായി.
പത്താം ക്ലാസ്സിൽ ആയിരിക്കുമ്പോൾ ഒരു ദിവസം ബ്ലാക്ക് ബോർഡിൽ മഷിയിടുന്ന ജോലി ക്ലാസ്സ് ടീച്ചർഏല്പിച്ചു. അടുത്ത് വീടുകളുള്ള ഞങ്ങൾ കുറച്ചുപേരാണ് മഷിയിടാനായി നിന്നത്. മഷിയിട്ടു കഴിഞ്ഞപ്പോൾ ഞാൻ ബാക്കി വന്ന കുറച്ചു മഷിയെടുത്ത്, രജിത ഇരുന്ന സ്ഥലത്തുകൊണ്ടുപോയി ഒഴിച്ചു. മഷി ഉണങ്ങുമെന്നും പിറ്റേദിവസം അവൾ വന്നു ബെഞ്ചിലിരിക്കുമ്പോൾ അതവളുടെ ഉടുപ്പിൽ ആകുമെന്നും ആയിരുന്നു ഞാൻ കരുതിയ കുറുമ്പ്. പിറ്റേദിവസം അവളുടെ ഉടുപ്പിൽ മഷിയാകുന്നതു കാണാനായി ഞാൻ ഉള്ളിൽ കള്ളച്ചിരിയുമായിക്ലാസ്സിലേക്ക് ചെന്നു. എന്നാൽ ഞാൻ വിചാരിച്ചതുപോലെ മഷി ഉണങ്ങിയിരുന്നില്ല. അത് ബഞ്ചിൽ അങ്ങനെതന്നെ ഉണ്ടായിരുന്നു. അവളത് കാണുകയും ആരോ അത് മനപ്പൂർവ്വം ചെയ്തതാണെന്ന് മനസ്സിലാക്കുകയും ചെയ്തു. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ. അവളെന്നെ പാളി നോക്കി. എൻ്റെ മുഖത്തുനിന്ന് കള്ളത്തരം മനസ്സിലായി. സമയം കടന്നുപോയി. വൈകാതെ ബെല്ലടിക്കും. അവൾ അവളുടെ സീറ്റിൽ ഇരിക്കുന്നില്ല. ഇരിക്കാത്തത് അവളാണെങ്കിലും അസ്വസ്ഥമാകുന്നത് എൻ്റെ മനസ്സാണ്. ടീച്ചർ വരുമ്പോൾ അവൾ പറഞ്ഞുകൊടുത്താൽ എൻ്റെകാര്യം സ്വാഹ. വേഗം പോയി മഷി മായിച്ചു കളയാനും അവളോട് സോറി പറയാനും ആരോ ഉപദേശിച്ചു. അതിനെൻ്റെ ഈഗോ സമ്മതിച്ചില്ല.
എപ്പോഴോ മണിയടിച്ചു. ക്‌ളാസ് ടീച്ചർ ഇപ്പോൾ വരും. എൻ്റെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി. എൻ്റെ കഷ്ടകാലത്തിനു അന്ന് വന്നത് ക്‌ളാസ് ടീച്ചർ ആയിരുന്നില്ല. കണക്കുടീച്ചറ് ആയിരുന്നു. ടീച്ചർ വന്നപാടെ അവൾ കാര്യം അവതരിപ്പിച്ചു. ടീച്ചർ കുറ്റവാളിയെ അന്ന്വേഷിച്ചു. അപ്പോഴേക്കും എല്ലാവരും അതറിഞ്ഞിരുന്നു. ഞാൻ എഴുന്നേറ്റുനിന്നു. ടീച്ചർ വിളിച്ച് മോശമല്ലാത്ത രീതിയിൽ ചൂരൽ കഷായം തന്നു. എനിക്കതോടെ അവളോട് പൊരിഞ്ഞ സ്നേഹമായി. –
SSLC പരീക്ഷയും റിസൾട്ടും എല്ലാം വന്നു. ഇന്നത്തെപ്പോലെ പിക്നിക്കും ഒത്തുച്ചേരലുകളും ഒന്നുമില്ല. എന്തോ ചെറിയ പരിപാടിയോട് കൂടി സ്കൂൾ ജീവിതത്തോട് വിടപറഞ്ഞു. പിന്നെ ഇതുവരെ രജിതയെ കണ്ടിട്ടേ ഇല്ല. 23 വർഷങ്ങൾ കഴിഞ്ഞു.
എൻ്റെ മനസ്സിലേക്ക് ഞാൻ ചെയ്തു കൂട്ടിയ വികൃതികളൊക്കെ ഓടിവന്നു. 23 വർഷങ്ങൾക്കിപ്പുറവും അത് മായ്ച്ചു കളയാത്ത മുറിപ്പാടുകളും വടുക്കളും മനസ്സിലായി. എൻ്റെ വികൃതികൾ ചിലപ്പോൾ ക്രൂരമായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു. പെട്ടെന്ന് വലിയ നിരാശ എനിക്ക് തോന്നി. എന്നോട് തന്നെ ദേഷ്യവും.
“രജിത, ഞാൻ നിന്നെ അല്പം കൂടുതൽ ദ്രോഹിച്ചിട്ടുണ്ട് എന്നെനിക്ക് തോന്നുന്നു, കാരണങ്ങൾ ഒന്നും തന്നെയില്ല. അതെനിക്കറിയാം. എന്തോ ആ പ്രായത്തിൽ അങ്ങനെയൊക്കെ ചെയ്യാനാണ് തോന്നിയത്. എന്നോട് ക്ഷമിക്കണം. ഇന്നെനിക്ക് അതിനെക്കുറിച്ച് വിഷമമുണ്ട്. ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു”
23 വർഷങ്ങൾക്കുശേഷം നടത്തുന്ന കുമ്പസാരം..
വോയിസ് മെസ്സേജ് ആണ്..
30 സെക്കൻറ് നിശബ്ദത.
“അയ്യോ.. അങ്ങനെ സോറി പറയാനൊന്നും ഇല്ല. എനിക്ക് കരച്ചില് വരുന്നു. ഞാൻ ചുമ്മാ പറഞ്ഞതാ. ഇനി അതൊക്കെ മറന്നേക്ക്.. ഇനി വീട്ടിലേക്ക് വരുമ്പോൾ എന്നെ കാണാൻ വരണേ.. മറക്കരുത്”
“ഇല്ല. മറക്കില്ല”.
വല്ലപ്പോഴുമുള്ള ചാറ്റുകൾക്കിടയിൽ എപ്പോഴും അവൾ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് “നീ എങ്ങനെയാണ് അച്ചനായത്?’ – എനിക്കുപോലും ഉത്തരം കിട്ടാത്ത ചോദ്യത്തിന് ഞാനെങ്ങനെ ഉത്തരം പറയും?
ശരീരത്തിനുമുകളിൽ കയറ്റി വയ്ക്കുന്ന ഭാരം ഇറക്കിവയ്ക്കാനാകും.. എന്നാൽ മനസ്സിൻ്റെ മുകളിൽ കയറ്റിവച്ച ഭാരം, കയറ്റിവച്ച ആൾക്ക്, ഇറക്കിവയ്ക്കാനാകില്ല. അത് ആരുടെ മേലാണോ കയറ്റിവച്ചിരിക്കുന്നത്, അവർ തന്നെ ഇറക്കണം. അതുകൊണ്ടാണല്ലോ പത്തും ഇരുപതും മുപ്പതും അമ്പതും അതിലധികവും വർഷങ്ങൾക്ക് മുൻപ് സംഭവിച്ച കാര്യങ്ങളുടെ പേരിൽ നമ്മുടെ ഹൃദയങ്ങൾ ഇപ്പോഴും ഭാരപ്പെട്ടിരിക്കുന്നത്. ചിലപ്പോൾ ഒന്നിനുമുകളിൽ ഒന്നായി ഭാരങ്ങൾ വരുമ്പോൾ പലതും ഇറക്കിവയ്ക്കാൻ മറന്നുപോകും. ചിലപ്പോൾ ചിലഭാരങ്ങളുമായി നമ്മൾ സമരസപ്പെടും. പിന്നെ ആ ഭാരങ്ങളും വഹിച്ചുകൊണ്ടാണ് ജീവിതം മുഴുവൻ അലയുക.
എല്ലാവരുടെയും എല്ലാ ഭാരങ്ങൾക്കും പരിഹാരം ചെയ്യാൻ, എല്ലാവരുടെയും ഭാരം വഹിക്കാൻ അവൻ ആഗതനാകുകയാണ്. “അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എൻ്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം” എന്ന് പറയുന്നത് ആരുടെ ഹൃദയത്തെയാണ് സ്പർശിക്കാത്തത്. എല്ലാവരും പരസ്പരം ഭാരങ്ങൾ നൽകാൻ മത്സരിക്കുന്ന ലോകത്ത് ഒരാൾ മാത്രം ഈ ഭാരങ്ങൾ വഹിക്കാനായി എത്തുന്നു. ആശ്വസിപ്പിക്കാമെന്ന് ഉറപ്പ് തരുന്നു. ആ കരുതൽ തന്നെ എത്ര ഹൃദയഹാരിയാണ്?
പതിനെട്ടുവർഷം കൂനുബാധിച്ചു, ഒന്ന് നേരെനടക്കാൻ പോലും സാധിക്കാതിരുന്ന ഒരു പാവം സ്ത്രീയെ കർത്താവ് സൗഖ്യപ്പെടുത്തുന്നുണ്ട് സുവിശേഷത്തിൽ. 38 വര്‍ഷം തളർവാതം വന്ന ഒരാളെ ബെത്‌സൈദാ കുളക്കരയിൽ നിന്ന് എന്നെന്നേക്കുമായി അവിടുന്ന് പിടിച്ചെഴുന്നേൽപ്പിക്കുന്നുണ്ട്. നമ്മുടെ ഇടയിലുമുണ്ട് അമിതഭാരം കൊണ്ട് കുനിഞ്ഞുപോയവർ, തളർന്നുപോയവർ. അവർക്ക് ക്രിസ്തുവാകുക എന്നുള്ളതാണ് ഈ ദിനത്തിൻ്റെ സുവിശേഷം. നിൻ്റെ ഒരു നോട്ടമോ വാക്കോ, സ്പർശനമോ കൊണ്ട് നിനക്ക് കൂനുമാറ്റാനും തളർവാതം അകറ്റാനും സാധിക്കും. നീ ആഗ്രഹിക്കുമെങ്കിൽ മാത്രം. കൂനുള്ളവരെയും തളർന്നുപോയവരെയും അന്ന്വേഷിച്ചു അധികം അലയരുത്. അവർ ഒന്നുരണ്ടു ചുമരുകൾ അപ്പുറത്തുണ്ട്. ക്രിസ്തുമസ്സ് നിൻ്റെയും ക്രിസ്തുവാകലിൻ്റെ അനുഭവമാകട്ടെ. ഭാവുകങ്ങൾ!
🖋️ Fr Sijo Kannampuzha OM


Leave a comment