🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 December 26
Saint Stephen, the first Martyr – Feast
Liturgical Colour: Red.
പ്രവേശകപ്രഭണിതം
രക്തസാക്ഷികളുടെ ഗണത്തില്‍ പ്രഥമനായി കാണപ്പെട്ട
വിശുദ്ധ സ്റ്റീഫനുവേണ്ടി സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുകയും
അങ്ങനെ, സ്വര്‍ഗത്തില്‍ അദ്ദേഹം വിജയമകുടം ചൂടുകയും ചെയ്തു.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങള്‍ ആരാധിക്കുന്നത്
അനുകരിക്കാന്‍ അനുഗ്രഹിക്കണമേ.
തന്നെ പീഡിപ്പിക്കുന്നവര്‍ക്കു വേണ്ടിപ്പോലും
പ്രാര്‍ഥിക്കാന്‍ അറിയാമായിരുന്ന ഈ വിശുദ്ധന്റെ
സ്വര്‍ഗീയജന്മദിനം ആഘോഷിക്കുന്ന ഞങ്ങള്‍,
ശത്രുക്കളെപ്പോലും സ്‌നേഹിക്കാനുള്ള പരിശീലനം നേടുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
അപ്പോ. പ്രവ. 6:8-10,7:54-59
ഇതാ, സ്വര്‍ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്റെ വലത്തുഭാഗത്തു നില്‍ക്കുന്നതും ഞാന്‍ കാണുന്നു.
സ്‌തേഫാനോസ് കൃപാവരവും ശക്തിയും കൊണ്ടു നിറഞ്ഞ് പല അദ്ഭുതങ്ങളും വലിയ അടയാളങ്ങളും ജനമധ്യത്തില്‍ പ്രവര്‍ത്തിച്ചു. കിറേനേക്കാരും അലക്‌സാണ്‍ഡ്രിയാക്കാരും കിലീക്യായിലും ഏഷ്യയിലും നിന്നുള്ളവരും ഉള്‍പ്പെട്ടിരുന്നതും, സ്വതന്ത്രന്മാരുടെ സിനഗോഗ് എന്നറിയപ്പെട്ടിരുന്നതുമായ സംഘത്തിലെ അംഗങ്ങള്‍ എഴുന്നേറ്റ് സ്‌തേഫാനോസിനോട് വാദപ്രതിവാദത്തിലേര്‍പ്പെട്ടു. എന്നാല്‍, അവന്റെ സംസാരത്തില്‍ വെളിപ്പെട്ട ജ്ഞാനത്തോടും ആത്മാവിനോടും എതിര്‍ത്തു നില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
അവര്‍ അവന്റെ നേരേ കോപാക്രാന്തരായി പല്ലുകടിച്ചു. എന്നാല്‍, അവന്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ്, സ്വര്‍ഗത്തിലേക്കു നോക്കി ദൈവത്തിന്റെ മഹത്വം ദര്‍ശിച്ചു; ദൈവത്തിന്റെ വലത്തുഭാഗത്ത് യേശു നില്‍ക്കുന്നതും കണ്ടു. അവന്‍ പറഞ്ഞു: ഇതാ, സ്വര്‍ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്റെ വലത്തുഭാഗത്തു നില്‍ക്കുന്നതും ഞാന്‍ കാണുന്നു. അവര്‍ ഉച്ചത്തില്‍ ആക്രോശിച്ചുകൊണ്ട് ചെവി പൊത്തുകയും അവന്റെ നേരേ ഒന്നാകെ പാഞ്ഞടുക്കുകയും ചെയ്തു. അവര്‍ അവനെ നഗരത്തിനു പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ സാവൂള്‍ എന്ന ഒരു യുവാവിന്റെ കാല്‍ക്കല്‍ അഴിച്ചുവച്ചു. അനന്തരം, അവര്‍ സ്‌തേഫാനോസിനെ കല്ലെറിഞ്ഞു. അപ്പോള്‍ അവന്‍ പ്രാര്‍ഥിച്ചു: കര്‍ത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 31:2cd-3,5,6b,7a,15-16
കര്‍ത്താവേ,, അങ്ങേ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.
അവിടുന്ന് എന്റെ അഭയശിലയും
എനിക്കു രക്ഷ നല്‍കുന്ന ശക്തിദുര്‍ഗവുമായിരിക്കണമേ!
അവിടുന്ന് എനിക്കു പാറയും കോട്ടയുമാണ്;
അങ്ങേ നാമത്തെപ്രതി എന്നെ നയിക്കണമേ;
എനിക്കു വഴികാട്ടി ആയിരിക്കണമേ!
കര്‍ത്താവേ,, അങ്ങേ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.
അങ്ങേ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു;
കര്‍ത്താവേ, വിശ്വസ്തനായ ദൈവമേ, അവിടുന്ന് എന്നെ രക്ഷിച്ചു.
എന്നാല്‍, ഞാന്‍ കര്‍ത്താവില്‍ആശ്രയിക്കുന്നു;
അങ്ങേ അചഞ്ചലസ്‌നേഹത്തില്‍ ഞാന്‍ ആനന്ദമടയും.
കര്‍ത്താവേ,, അങ്ങേ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.
എന്റെ ഭാഗധേയം അങ്ങേ കൈകളിലാണ്;
ശത്രുക്കളുടെയും പീഡകരുടെയും കൈകളില്‍ നിന്ന്
എന്നെ മോചിപ്പിക്കണമേ!
അങ്ങേ ദൃഷ്ടി ഈ ദാസന്റെ മേല്‍ പതിക്കണമേ!
അങ്ങേ കാരുണ്യത്താല്‍ എന്നെ രക്ഷിക്കണമേ!
കര്‍ത്താവേ,, അങ്ങേ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മത്താ 10:17-22
നിങ്ങളല്ല, നിങ്ങളിലൂടെ നിങ്ങളുടെ പിതാവിന്റെ ആത്മാവാണു സംസാരിക്കുന്നത്.
അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: മനുഷ്യരെ സൂക്ഷിച്ചുകൊള്ളുവിന്‍; അവര്‍ നിങ്ങളെ ന്യായാധിപ സംഘങ്ങള്‍ക്ക് ഏല്‍പിച്ചു കൊടുക്കും. തങ്ങളുടെ സിനഗോഗുകളില്‍വച്ച് അവര്‍ നിങ്ങളെ മര്‍ദിക്കും. നിങ്ങള്‍ എന്നെ പ്രതി നാടുവാഴികളുടെയും രാജാക്കന്മാരുടെയും സന്നിധിയിലേക്കു നയിക്കപ്പെടും. അവിടെ അവരുടെയും വിജാതീയരുടെയും മുമ്പാകെ നിങ്ങള്‍ സാക്ഷ്യം നല്‍കും. അവര്‍ നിങ്ങളെ ഏല്‍പിച്ചുകൊടുക്കുമ്പോള്‍, എങ്ങനെ പറയണമെന്നോ എന്തു പറയണമെന്നോ നിങ്ങള്‍ ആകുലപ്പെടേണ്ടാ. നിങ്ങള്‍ പറയേണ്ടത് ആ സമയത്തു നിങ്ങള്‍ക്കു നല്‍കപ്പെടും. എന്തെന്നാല്‍, നിങ്ങളല്ല, നിങ്ങളിലൂടെ നിങ്ങളുടെ പിതാവിന്റെ ആത്മാവാണു സംസാരിക്കുന്നത്. സഹോദരന്‍ സഹോദരനെയും പിതാവ് പുത്രനെയും മരണത്തിന് ഏല്‍പിച്ചുകൊടുക്കും; മക്കള്‍ മാതാപിതാക്കന്മാരെ എതിര്‍ക്കുകയും അവരെ വധിക്കുകയും ചെയ്യും. എന്റെ നാമം മൂലം നിങ്ങള്‍ സര്‍വരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷപെടും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്റെ
മഹത്ത്വമേറിയ സ്മരണ ഉളവാക്കുന്ന
ഈ ദിനത്തിലെ തിരുമുല്‍ക്കാഴ്ചകള്‍ അങ്ങേക്ക് സ്വീകാര്യമായി തീരട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
അപ്പോ. പ്രവ. 7:58
അവര്‍ സ്റ്റീഫനെ കല്ലെറിഞ്ഞുകൊണ്ടിരുന്നപ്പോള്‍
അവന്‍ വിളിച്ചപേക്ഷിച്ചു:
കര്‍ത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങളുടെ മേല്‍ അങ്ങു ചൊരിഞ്ഞ
കാരുണ്യാതിരേകത്തിന് ഞങ്ങള്‍ അങ്ങേക്ക് നന്ദിപറയുന്നു.
അങ്ങേ പുത്രന്റെ പിറവിയാല്‍
അങ്ങ് ഞങ്ങളെ രക്ഷിക്കുകയും
രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്റെ തിരുനാളില്‍
ആനന്ദിപ്പിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment