🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 തിങ്കൾ, 11/1/2021
Monday of week 1 in Ordinary Time
Liturgical Colour: Green.
പ്രവേശകപ്രഭണിതം
ഉന്നതസിംഹാസനത്തില്‍ ഒരു മനുഷ്യനിരിക്കുന്നത് ഞാന്‍ കണ്ടു;
മാലാഖവൃന്ദം, ഏകസ്വരത്തില്‍ ഉദ്‌ഘോഷിച്ചുകൊണ്ട്
അവിടത്തെ ആരാധിക്കുന്നു:
ഇതാ, അവിടത്തെ രാജ്യത്തിന്റെ നാമം എന്നേക്കും നിലനില്ക്കും.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, കേണപേക്ഷിക്കുന്ന ജനത്തിന്റെ പ്രാര്‍ഥന
സ്വര്‍ഗീയകാരുണ്യത്തോടെ ശ്രവിക്കണമേ.
അങ്ങനെ, അവര്‍ ചെയ്യേണ്ടവ കാണാനും
കണ്ടവ നിവര്‍ത്തിക്കാനും ശക്തരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഹെബ്രാ 1:1-6
ദൈവം തന്റെ പുത്രന്‍വഴി നമ്മോടു സംസാരിച്ചിരിക്കുന്നു.
പൂര്‍വകാലങ്ങളില്‍ പ്രവാചകന്മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോടു സംസാരിച്ചിട്ടുണ്ട്. എന്നാല്‍, ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍വഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു. അവനെ അവിടുന്നു സകലത്തിന്റെയും അവകാശിയായി നിയമിക്കുകയും അവന്‍ മുഖേന പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ചെയ്തു. അവന്‍ അവിടുത്തെ മഹത്വത്തിന്റെ തേജസ്സും സത്തയുടെ മുദ്രയുമാണ്. തന്റെ ശക്തിയുടെ വചനത്താല്‍ അവന്‍ എല്ലാറ്റിനെയും താങ്ങിനിറുത്തുന്നു. പാപങ്ങളില്‍ നിന്നു നമ്മെ ശുദ്ധീകരിച്ചതിനു ശേഷം അത്യുന്നതങ്ങളിലുള്ള മഹത്വത്തിന്റെ വലത്തുഭാഗത്ത് അവന്‍ ഉപവിഷ്ടനായി. അവന്‍ അവകാശമാക്കിയ നാമം ദൈവദൂതന്മാരുടേതിനേക്കാള്‍ ശ്രേഷ്ഠമായിരിക്കുന്നതുപോലെ അവനും അവരെക്കാള്‍ ശ്രേഷ്ഠനാണ്. ഏത് ദൂതനോടാണ് നീ എന്റെ പുത്രനാണ്, ഇന്നു ഞാന്‍ നിനക്കു ജന്മമേകി എന്നും ഞാന്‍ അവനു പിതാവും, അവന്‍ എനിക്കു പുത്രനുമായിരിക്കും എന്നും ദൈവം അരുളിച്ചെയ്തിട്ടുള്ളത്? വീണ്ടും, തന്റെ ആദ്യജാതനെ ലോകത്തിലേക്ക് അയച്ചപ്പോള്‍ അവിടുന്നു പറഞ്ഞു: ദൈവത്തിന്റെ ദൂതന്മാരെല്ലാം അവനെ ആരാധിക്കട്ടെ.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 97:1-2,6-7,9
എല്ലാ ദേവന്മാരും കര്‍ത്താവിന്റെ മുന്‍പില്‍ കുമ്പിടുന്നു.
കര്‍ത്താവു വാഴുന്നു; ഭൂമി സന്തോഷിക്കട്ടെ!
ദ്വീപസമൂഹങ്ങള്‍ ആനന്ദിക്കട്ടെ!
നീതിയും ന്യായവും അവിടുത്തെ
സിംഹാസനത്തിന്റെ അടിസ്ഥാനമാണ്.
എല്ലാ ദേവന്മാരും കര്‍ത്താവിന്റെ മുന്‍പില്‍ കുമ്പിടുന്നു.
ആകാശം അവിടുത്തെ നീതിയെ പ്രഘോഷിക്കുന്നു;
എല്ലാ ജനതകളും അവിടുത്തെ മഹത്വം ദര്‍ശിക്കുന്നു.
എല്ലാ ദേവന്മാരും അവിടുത്തെ മുന്‍പില്‍ കുമ്പിടുന്നു.
എല്ലാ ദേവന്മാരും കര്‍ത്താവിന്റെ മുന്‍പില്‍ കുമ്പിടുന്നു.
കര്‍ത്താവേ, അങ്ങ് ഭൂമി മുഴുവന്റെയും അധിപനാണ്;
എല്ലാ ദേവന്മാരെയുംകാള്‍ ഉന്നതനാണ്.
എല്ലാ ദേവന്മാരും കര്‍ത്താവിന്റെ മുന്‍പില്‍ കുമ്പിടുന്നു.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മാര്‍ക്കോ 1:14-20
ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും.
അക്കാലത്ത്, യോഹന്നാന്‍ ബന്ധനസ്ഥനായപ്പോള്‍ യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയിലേക്കു വന്നു. അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.
യേശു ഗലീലിക്കടല്‍ത്തീരത്തു കൂടെ കടന്നുപോകുമ്പോള്‍, ശിമയോനെയും അവന്റെ സഹോദരന്‍ അന്ത്രയോസിനെയും കണ്ടു. മീന്‍പിടിത്തക്കാരായ അവര്‍ കടലില്‍ വലയെറിയുകയായിരുന്നു. യേശു അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുവിന്‍; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും. ഉടനെ വലയുപേക്ഷിച്ച്, അവര്‍ അവനെ അനുഗമിച്ചു. കുറച്ചുദൂരം കൂടി പോയപ്പോള്‍ സെബദിയുടെ പുത്രനായ യാക്കോബിനെയും അവന്റെ സഹോദരന്‍ യോഹന്നാനെയും കണ്ടു. അവര്‍ വഞ്ചിയിലിരുന്നു വലയുടെ കേടുപോക്കുകയായിരുന്നു. ഉടനെ അവന്‍ അവരെയും വിളിച്ചു. അവര്‍ പിതാവായ സെബദിയെ സേവകരോടൊപ്പം വള്ളത്തില്‍ വിട്ട് അവനെ അനുഗമിച്ചു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ ജനത്തിന്റെ കാഴ്ചയര്‍പ്പണം
അങ്ങേക്ക് പ്രീതികരമാകണമേ.
അതുവഴി വിശുദ്ധീകരണം വീണ്ടെടുക്കാനും
ഭക്തിയോടെ പ്രാര്‍ഥിക്കുന്നവ പ്രാപിക്കാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 36:9
കര്‍ത്താവേ, അങ്ങിലാണ് ജീവന്റെ ഉറവ.
അങ്ങേ പ്രകാശത്തിലാണ് ഞങ്ങള്‍ പ്രകാശം കാണുന്നത്.
Or:
യോഹ 10:10
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനുണ്ടാകാനും
അത് സമൃദ്ധമായി ഉണ്ടാകാനുമാണ്.
ദിവ്യഭോജനപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
അങ്ങയോട് കേണുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങേ രഹസ്യങ്ങളാല്‍ അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ,
അങ്ങേക്ക് പ്രീതികരമായ പ്രവര്‍ത്തനശൈലിയിലൂടെ
യോഗ്യമായി ശുശ്രൂഷചെയ്യാന്‍ അനുഗ്രഹിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵


Leave a comment