പുലർവെട്ടം 431

{പുലർവെട്ടം 431}

 
ആത്മമിത്രത്തിന്റെ ഉള്ളിൽ കാലം കൊണ്ട് അണയാത്തൊരു കനലുണ്ടായിരുന്നു. ഏറ്റവും ചെറിയ കാറ്റിലുമത് കത്തുപിടിച്ചു. തന്റെ കഠിന ക്ലേശകാലത്തെ ഓർമ്മിപ്പിക്കുവാൻ ഏതുകാലത്തിലും എന്തെങ്കിലുമൊന്ന് വാതിലിൽ മുട്ടിയേക്കുമെന്ന് അവൾ ഭയന്നു.
 
വേദപുസ്തകത്തിലെ അഗാപെ എന്ന പദത്തോട് ചേർത്തുവയ്ക്കാവുന്ന നിഷ്കളങ്കവും സുഗന്ധപൂരിതവുമായ ഒരു സ്നേഹസ്നാനത്തിൽ ഭീതിയുടെ ഇന്നലെകൾ മാഞ്ഞുപോയി. അതിന്റെ തീർത്ഥപ്പടവുകളിലിരുന്ന് അവളിങ്ങനെ കുറിക്കും: നിന്റെ സ്നേഹം എന്റെ കഴിഞ്ഞ കാലത്തിന്റെ കാലടയാളങ്ങളെ തുടച്ചുമാറ്റുന്ന വെൺതിര. ആ വരികളിൽ അടക്കം ചെയ്ത ധ്വനിയിൽ ജീവിതം അതിന്റെ ചാരുതയെ വീണ്ടെടുക്കുന്നു.
 
വൈകി വായിക്കുന്നവർക്കുവേണ്ടി ധ്യാനപ്രഭാഷണങ്ങളിൽ പറഞ്ഞുപതിഞ്ഞ ഒരു കഥയാണത്. ഭൂതകാലത്തിൽ തപിച്ചുപോയ ഒരാൾ കടലിലേക്ക് ഇറങ്ങിപ്പോകാൻ തീരുമാനിക്കുന്നു. നനവിലേക്കിറങ്ങുന്നതിനു മുൻപ് തിരിഞ്ഞുനോക്കാനുള്ള പ്രേരണയുണ്ടായി. മണൽത്തിട്ടയിൽ അയാളുടെ കാൽപ്പാടുകളുണ്ട്. നോക്കിനിൽക്കുമ്പോൾത്തന്നെ ഒരു തിര വന്ന് അയാളുടെ വിരൽമുദ്രകളെ തുടച്ചുമാറ്റി വീണ്ടും കടലിലേക്ക് മടങ്ങി. തീരം ആരോ മഷിത്തണ്ടുകൊണ്ട് തുടച്ച സ്ളേറ്റായി. മുട്ടിന്മേൽ നിന്നുകൊണ്ട് അയാൾ നിലവിളിച്ചു. എന്റെ കഴിഞ്ഞ കാലത്തിന്റെ വിരലടയാളങ്ങൾ വീണ്ടെടുക്കുന്ന വെൺതിര, വൻകൃപ.. അതിന്റെ പശ്ചാത്തലമുണ്ട് പ്രസാദമുള്ള ഈ കുറിപ്പിൽ. സ്നേഹത്തെപ്പോലെ മനുഷ്യന് മോക്ഷം കൊടുക്കുന്ന മറ്റ് എന്തുണ്ടെന്നാണ് നിങ്ങൾ കരുതുന്നത്? കഴിഞ്ഞ രാത്രിയിൽ പൊഴിയോരത്തു കിടക്കുമ്പോൾ ഇങ്ങനെ ചില വിചാരങ്ങളാണ് കാലിനെ നനച്ച് കടന്നുപോയത്. (പുഴയും ആഴിയും ചേരുന്ന മണൽത്തിട്ടയാണ് പൊഴി) കടലിനെപ്പോലെ, കടലോരത്തെപ്പോലെ, ആകാശത്തെപ്പോലെ വിശാലമാകാനാണ് ഉള്ളിലിരുന്ന് ആരോ ഇപ്പോൾ അടക്കം പറയുന്നത്. ആ അടച്ചിട്ട മുറികളിൽ ഉറങ്ങുന്ന നിർഭാഗ്യവാൻമാരെ, നിങ്ങൾക്ക് നഷ്ടമായ വിസ്തൃതികളെത്ര എന്നുകൂടി അയാൾ കട്ടമരത്തിലിരുന്ന് പറഞ്ഞിട്ടുണ്ടാകും. അത് രേഖപ്പെടുത്തുവാൻ സുവിശേഷകർ വിട്ടു പോയതാവണം.
 
സ്നേഹം ഭൂതകാലത്തിന്റെ കുടസ്സ്തുറുങ്കിൽ കുരുങ്ങിപ്പോയവരെ തേടിവരുന്നുണ്ട്. വൈകാതെ അത് വാതിലിൽ മുട്ടും: പുറത്തു വരൂ വെയിലിലേക്ക്, മഴയിലേക്ക്. അങ്ങനെ ഋതുക്കളാൽ വീണ്ടെടുക്കപ്പെട്ടവനാകുക. ഇങ്ങനെയാണ് മരിച്ചവരെ ഉയർപ്പിക്കുക എന്ന അവന്റെ കല്പന ഇപ്പോഴും പൂർത്തീകരിക്കപ്പെടുന്നത്.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “പുലർവെട്ടം 431”

  1. Reblogged this on Love and Love Alone.

    Liked by 1 person

Leave a reply to Love Alone Cancel reply