പുലർവെട്ടം 433

{പുലർവെട്ടം 433}

 
ബന്ധങ്ങൾ കൂടെ തളിർത്തതാണെങ്കിലും ആർജ്ജിതമാണെങ്കിലും ആ മഹാകാരുണ്യം കൈവെള്ളയിൽ വച്ചുതന്ന പൊൻനാണയം തന്നെ. ആ പൊൻനാണയം നീ എന്തു ചെയ്തു എന്നുള്ളത് കഠിനമായ ഒരന്വേഷണമാണ്. തന്റെ കാലത്തെ ചില മനുഷ്യരെ നോക്കി യേശു പറഞ്ഞ ഒരു ക്ലാസിക് മുന്നറിയിപ്പുണ്ട്: കരയും കടലും ഒക്കെ അലഞ്ഞ് നിങ്ങൾ ഒരാളെ നിങ്ങളുടെ ധർമ്മത്തിന്റെ ഭാഗമാക്കുന്നു. അതിനുശേഷം അവരെ നിങ്ങൾ നിങ്ങളേക്കാൾ നരകയോഗ്യരാക്കുന്നു.
 
അച്ചട്ടായ ജീവിതനിരീക്ഷണമാണിത്. സ്വന്തമാക്കിയതിനു ശേഷം കൗതുകം നഷ്ടമാകുന്ന ആ കുഞ്ഞുങ്ങളുടെ കളിപ്പാട്ടപ്പൊതിയിൽനിന്ന് മുതിർന്നിട്ടും നമുക്ക് മുക്തി കിട്ടുന്നില്ല. അവഗണിച്ചും അപമാനിച്ചും ആത്മവിശ്വാസം തല്ലിക്കെടുത്തിയും ആശങ്കകളുടെ കനലിൽ നീറ്റിയും ഒരിക്കൽ തരളവും മധുരവുമായിരുന്ന അവരുടെ ജീവിതത്തെ സങ്കീർണ്ണവും കയ്പേറിയതുമാക്കുന്നു.
 
“കൊണ്ടുനടന്നതും നീയേ ചാപ്പാ!
കൊണ്ടോയി കൊന്നതും നീയേ ചാപ്പാ”
 
എന്ന പഴമ്പാട്ടിൽ നടുങ്ങിപ്പോയവരുമുണ്ട്.
 
വൈദ്യശാസ്ത്രത്തിന്റെ പുരാതനചിട്ടകളിൽ ഇങ്ങനെയൊരു ചട്ടമുണ്ട്- primum non nocere- first, do no harm. ഹിപ്പോക്രാറ്റസ് പ്രതിജ്ഞയിൽ ഈ സൂചന ഉൾക്കൊള്ളിച്ചിട്ടുണ്ട്. നിങ്ങളുടെ അടുക്കലേക്ക് വന്ന രോഗിയെ നിങ്ങൾക്ക് ലഭിച്ചതിനേക്കാൾ മോശപ്പെട്ട അവസ്ഥയിലേക്ക് തള്ളിവിടരുതെന്ന്. അതാണ് ശരി; അത്രയെങ്കിലും.
 
വേദപുസ്തകത്തിലെ ഒരു രോഗിണിയെ അങ്ങനെയാണ് അവതരിപ്പിച്ചിട്ടുള്ളത്- പല വൈദ്യന്മാരുടെ അടുത്ത് പോയി വളരെ കഷ്ടപ്പെടുകയും കൈവശമുള്ളതെല്ലാം ചെലവഴിക്കുകയും ചെയ്തിട്ടും അവളുടെ സ്ഥിതി മെച്ചപ്പെടുകയല്ല കൂടുതൽ മോശമാവുകയാണ് ചെയ്തത്. മാർക്കിന്റെ ഈ പരാമർശം വൈദ്യനായ ലൂക്ക് ബോധപൂർവ്വം എഡിറ്റ് ചെയ്ത് കളയുന്നുണ്ട്!
 
അത്രയുമെങ്കിലും ഉറപ്പിക്കാനാവണം. സ്നേഹം ഒരു വൈദ്യഭാവനയാണ്. കുറേക്കൂടി പ്രസാദവും പ്രകാശവുമുള്ളവരായി അവരെ നിലനിർത്തി കടന്നുപോകുമ്പോൾ രണ്ടായിരം വർഷം പഴക്കമുള്ള ഒരു യാത്രാമൊഴിയുടെ അനുരണനങ്ങൾ കൊണ്ട് കാലവും ലോകവും കുറേക്കൂടി സംഗീതസാന്ദ്രമാകും: ‘അപ്പാ അങ്ങെന്നെ ഏല്പിച്ച ഒരാളെയും ഞാൻ വിട്ടുകളഞ്ഞിട്ടില്ല.’
അതേ, ഒരാളെയും.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “പുലർവെട്ടം 433”

  1. Reblogged this on Love and Love Alone.

    Liked by 1 person

Leave a reply to Love Alone Cancel reply