{പുലർവെട്ടം 437}
കൃഷ്ണൻ:
ഈ യുഗത്തിലിനി നമ്മൾ
കാണുകില്ല, വിടവാങ്ങും
വേളയിൽ ഞാൻ നിനക്കെന്തു
വരം തരേണ്ടൂ?
പാഞ്ചാലി:
മരിക്കുമ്പോഴൊരു നീല
നിറം മാത്രമെനിക്കുള്ളിൽ
നിറഞ്ഞു നിൽക്കണമെന്ന
വരമേ വേണ്ടൂ.
(ബാലചന്ദ്രൻ ചുള്ളിക്കാട് / വരം)
സ്നേഹം, നാടുകടത്തപ്പെട്ടവർ സൃഷ്ടിച്ചെടുക്കുന്ന സമാന്തര ലോകമാണ്. ആ സ്വപ്നഭൂപടത്തിൽ നിറയെ ഇഗ്ലൂ വീടുകളാണ്. ലോകം കഠിനതാപത്തിൽ പൊള്ളുമ്പോഴും അവരുടെ മഞ്ഞുമേൽക്കൂരയിൽനിന്ന് ഹിമകണങ്ങൾ ഇറ്റിറ്റുവീഴുന്നുണ്ട്. ദരിദ്രരായ മനുഷ്യർ അവിടെ ദേവീ, ദേവാ, കണ്ണാ എന്നൊക്കെയാണ് പരസ്പരം അഭിസംബോധന ചെയ്യുന്നത്. തങ്ങൾ രൂപപ്പെടുത്തിയ തൃപ്തിയുടെ മനോലോകത്തിൽ അവർ ച്ഛത്രപതികളായിത്തന്നെ വാഴുന്നു. അവിടെ അവർ യേശുവിനെപ്പോലെ വെള്ളത്തെ കൈക്കുമ്പിളിൽ എടുത്ത് വാഴ്ത്തി വീഞ്ഞാക്കുന്നു. ശരാശരി മനുഷ്യർ മത്തുപിടിച്ചു കഴിയുമ്പോൾ രണ്ടാം തരം വീഞ്ഞു വിളമ്പിത്തുടങ്ങുമ്പോൾ നല്ല വീഞ്ഞ് തങ്ങൾ അവസാനം വരെ സൂക്ഷിച്ചുവല്ലോ എന്ന ആത്മഗതത്തിൽ മിഴി നിറയുന്നു.
ജലത്തിൽ മുങ്ങിനിവരുന്ന യേശുവിനെപ്പോലെയാണവർ. സ്നേഹം ഒരു മേഘത്തുണ്ടായി അയാളെ പൊതിയും. അതിനുള്ളിൽനിന്ന് ഒരു മൃദുമന്ത്രണം കേൾക്കും: ഞാൻ സംപ്രീതനായിരിക്കുന്നു. പ്രിയമുള്ളവരേ, ഒരാളുടെ എല്ലാമായിരിക്കുന്നു എന്ന ആത്മവിശ്വാസത്തിലാണ് കുളി കഴിഞ്ഞ് അയാൾ മരുഭൂമിയിലേക്ക് നടന്നുപോകുന്നത്. അടിസ്ഥാനചോദനകളുടെ വന്യമൃഗങ്ങൾ അവിടെ അലറിവിളിച്ചുകൊണ്ടിരുന്നു എന്ന് സുവിശേഷകൻ അടയാളപ്പെടുത്തുന്നുണ്ട്. ഒന്നും അയാളെ ഭ്രമിപ്പിക്കുന്നില്ല. അപ്പമോ അത്ഭുതമോ അലങ്കാരങ്ങളോ വക്കോളം സ്നേഹം തുളുമ്പിനിൽക്കുന്ന ആ പ്രാണനിൽ ഇടം കണ്ടെത്തില്ല. സ്നേഹത്തെ പരീക്ഷിക്കരുതെന്ന് ശാസിച്ചാണ് അയാൾ മടങ്ങിവരുന്നത്. അത്യുന്നതന്റെ പ്രിയപ്പെട്ടവൻ എന്ന നിലയിൽ ചെറിയ മനുഷ്യരുടെ അപമാനങ്ങളും ഉപജാപങ്ങളും അയാളെ അലട്ടിയില്ല. ഒരു കുരിശാരോഹണത്തിൽപ്പോലും ആ വലിയ സ്നേഹത്തിന് തന്റെ ചെറിയ പ്രാണനെ അർപ്പിച്ച് നിർമ്മമനായി അയാൾ കടന്നുപോകും.
സ്നേഹിക്കപ്പെടുന്നു എന്നതിനേക്കാൾ വലിയ സുവിശേഷം ഇല്ല. അവിടെയാണ് മുടന്തർ നൃത്തം ചവിട്ടുകയും ബധിരർ പാട്ടുകേൾക്കുകയും മൃതർ ഉയർത്തെഴുന്നേൽക്കുകയും ചെയ്യുന്നത്. സാധാരണ ലോകത്തിന്റെ വ്യവഹാരങ്ങളിൽ പെടാത്ത അവരാണ് രക്ഷിക്കപ്പെട്ടവർ. അവർക്കുവേണ്ടിയാണ് വെളിപാടിന്റെ പുസ്തകങ്ങൾ എഴുതപ്പെടുന്നത്. പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു. ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും കടന്നുപോയി. കടലും അപ്രത്യക്ഷമായി. പ്രക്ഷുബ്ധമായ ജലരാശിയാണ് കടൽ. അലകളെല്ലാം ഒടുങ്ങുകയാണ്.
സ്നേഹത്തിന് ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ.
– ബോബി ജോസ് കട്ടികാട്
Advertisements
Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/
Advertisements



Leave a comment