🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ദിവ്യബലി വായനകൾ
04-Feb-2021, വ്യാഴം
Saint John de Britto, Martyr
on Thursday of week 4 in Ordinary Time
Liturgical Colour: Red.
____
ഒന്നാം വായന
ഹെബ്രാ 12:18-19,21-24
സീയോന്‍ മലയിലേക്കും ജീവിക്കുന്ന ദൈവത്തിന്റെ നഗരമായ സ്വര്‍ഗീയ ജറുസലെമിലേക്കും അസംഖ്യം ദൂതന്മാരുടെ സമൂഹത്തിലേക്കുമാണു നിങ്ങള്‍ വന്നിരിക്കുന്നത്.
സഹോദരരേ, സ്പര്‍ശിക്കാവുന്ന വസ്തുവിനെയോ എരിയുന്ന അഗ്നിയെയോ അന്ധകാരത്തെയോ കാര്‍മേഘത്തെയോ ചുഴലിക്കാറ്റിനെയോ കാഹളധ്വനിയെയോ ഇനി അരുതേ എന്ന് കേട്ടവരെക്കൊണ്ടു പറയിക്കുന്ന വാക്കുകളുടെ മുഴക്കത്തെയോ അല്ല നിങ്ങള്‍ സമീപിക്കുന്നത്.
ഞാന്‍ ഭയം കൊണ്ടു വിറയ്ക്കുന്നു എന്നു മോശ പറയത്തക്ക വിധം അത്ര ഭയങ്കരമായിരുന്നു ആ കാഴ്ച. സീയോന്‍ മലയിലേക്കും ജീവിക്കുന്ന ദൈവത്തിന്റെ നഗരമായ സ്വര്‍ഗീയ ജറുസലെമിലേക്കും അസംഖ്യം ദൂതന്മാരുടെ സമൂഹത്തിലേക്കുമാണു നിങ്ങള്‍ വന്നിരിക്കുന്നത്. സ്വര്‍ഗത്തില്‍ പേരെഴുതപ്പെട്ടിരിക്കുന്ന ആദ്യജാതരുടെ സമൂഹത്തിലേക്കും സഭയിലേക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപന്റെ മുന്‍പിലേക്കും പരിപൂര്‍ണരാക്കപ്പെട്ട നീതിമാന്മാരുടെ ആത്മാക്കളുടെ അടുത്തേക്കും പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായ യേശുവിന്റെ സവിധത്തിലേക്കും ആബേലിന്റെ രക്തത്തെക്കാള്‍ ശ്രേഷ്ഠമായവ വാഗ്ദാനം ചെയ്യുന്ന തളിക്കപ്പെട്ട രക്തത്തിലേക്കുമാണ് നിങ്ങള്‍ വന്നിരിക്കുന്നത്.
കർത്താവിന്റെ വചനം.
____
പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 48:1-3,8-10
R. ദൈവമേ, അങ്ങേ ആലയത്തില്‍ ഞങ്ങള്‍ അങ്ങേ കാരുണ്യത്തെ ധ്യാനിച്ചു.
കര്‍ത്താവ് ഉന്നതനാണ്; നമ്മുടെ ദൈവത്തിന്റെ നഗരത്തില്‍ അത്യന്തം സ്തുത്യര്‍ഹനുമാണ്. ഉയര്‍ന്നു മനോഹരമായ അവിടുത്തെ വിശുദ്ധഗിരി ഭൂമി മുഴുവന്റെയും സന്തോഷമാണ്;
R. ദൈവമേ, അങ്ങേ ആലയത്തില്‍ ഞങ്ങള്‍ അങ്ങേ കാരുണ്യത്തെ ധ്യാനിച്ചു.
അങ്ങു വടക്കുള്ള സീയോന്‍പര്‍വതം ഉന്നതനായ രാജാവിന്റെ നഗരമാണ്. അതിന്റെ കോട്ടകള്‍ക്കുള്ളില്‍ ദൈവം
സുനിശ്ചിതമായ അഭയകേന്ദ്രമായി വെളിപ്പെട്ടിരിക്കുന്നു.
R. ദൈവമേ, അങ്ങേ ആലയത്തില്‍ ഞങ്ങള്‍ അങ്ങേ കാരുണ്യത്തെ ധ്യാനിച്ചു.
നാം കേട്ടതുപോലെ തന്നെ സൈന്യങ്ങളുടെ കര്‍ത്താവിന്റെ നഗരത്തില്‍ നാം കണ്ടു; ദൈവം എന്നേക്കുമായി സ്ഥാപിച്ചിരിക്കുന്ന അവിടുത്തെ നഗരത്തില്‍ത്തന്നെ.
R. ദൈവമേ, അങ്ങേ ആലയത്തില്‍ ഞങ്ങള്‍ അങ്ങേ കാരുണ്യത്തെ ധ്യാനിച്ചു.
ദൈവമേ, അങ്ങേ ആലയത്തില്‍ ഞങ്ങള്‍ അങ്ങേ കാരുണ്യത്തെ ധ്യാനിച്ചു. ദൈവമേ, അങ്ങേ നാമമെന്ന പോലെ തന്നെ അങ്ങേ സ്തുതികളും ഭൂമിയുടെ
അതിരുകളോളം എത്തുന്നു.
R. ദൈവമേ, അങ്ങേ ആലയത്തില്‍ ഞങ്ങള്‍ അങ്ങേ കാരുണ്യത്തെ ധ്യാനിച്ചു.
____
സുവിശേഷ പ്രഘോഷണവാക്യം
യോഹ 15:15
അല്ലേലൂയാ, അല്ലേലൂയാ!
ഞാന്‍ നിങ്ങളെ സ്‌നേഹിതന്‍മാരെന്നു വിളിച്ചു. എന്തെന്നാല്‍, എന്റെ പിതാവില്‍ നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു.
അല്ലേലൂയാ!
Or:
മര്‍ക്കോ 1:15
അല്ലേലൂയാ, അല്ലേലൂയാ!
ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.
അല്ലേലൂയാ!
____
സുവിശേഷം
മാര്‍ക്കോ 6:7-13
യേശു പന്ത്രണ്ടു പേരെ അടുത്തു വിളിച്ച് രണ്ടു പേരെ വീതം അയയ്ക്കാന്‍ തുടങ്ങി.
അക്കാലത്ത്, യേശു പന്ത്രണ്ടു പേരെ അടുത്തു വിളിച്ച് രണ്ടുപേരെ വീതം അയയ്ക്കാന്‍ തുടങ്ങി. അശുദ്ധാത്മാക്കളുടെമേല്‍അവര്‍ക്ക് അധികാരവും കൊടുത്തു. അവന്‍ കല്‍പിച്ചു: യാത്രയ്ക്കു വടിയല്ലാതെ മറ്റൊന്നും – അപ്പമോ സഞ്ചിയോ അരപ്പട്ടയില്‍ പണമോ – കരുതരുത്. ചെരിപ്പു ധരിക്കാം, രണ്ട് ഉടുപ്പുകള്‍ ധരിക്കരുത്; അവന്‍ തുടര്‍ന്നു: നിങ്ങള്‍ ഏതെങ്കിലും സ്ഥലത്ത് ഒരു വീട്ടില്‍ പ്രവേശിച്ചാല്‍, അവിടം വിട്ടുപോകുന്നതു വരെ ആ വീട്ടില്‍ താമസിക്കുവിന്‍. എവിടെയെങ്കിലും ജനങ്ങള്‍ നിങ്ങളെ സ്വീകരിക്കാതിരിക്കുകയോ നിങ്ങളുടെ വാക്കുകള്‍ ശ്രവിക്കാതിരിക്കുകയോ ചെയ്താല്‍ അവിടെ നിന്നു പുറപ്പെടുമ്പോള്‍ അവര്‍ക്കു സാക്ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിന്‍. ശിഷ്യന്മാര്‍ പുറപ്പെട്ട്, ജനങ്ങളോട് അനുതപിക്കണമെന്നു പ്രസംഗിച്ചു. അനേകം പിശാചുക്കളെ പുറത്താക്കി; അനേകം രോഗികളെ തൈലം പൂശി സുഖപ്പെടുത്തി.
കർത്താവിന്റെ സുവിശേഷം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


Leave a comment