ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 വെള്ളി, 5/1/2021
Saint Agatha, Virgin, Martyr
on Friday of week 4 in Ordinary Time
Liturgical Colour: Red.
പ്രവേശകപ്രഭണിതം
ഇതാ, ഊര്‍ജസ്വലയായ കന്യകയും
പാതിവ്രത്യത്തിന്റെ ബലിയര്‍പ്പണവും
ശുദ്ധതയുടെ ബലിവസ്തുവുമായ ഈ പുണ്യവതി
നമുക്കു വേണ്ടി ക്രൂശിതനായ കുഞ്ഞാടിനെ
ഇപ്പോള്‍ അനുഗമിക്കുന്നു.
Or:
ഭാഗ്യവതിയായ കന്യക,
തന്നത്തന്നെ പരിത്യജിക്കുകയും
തന്റെ കുരിശെടുക്കുകയും ചെയ്തുകൊണ്ട്,
കന്യകമാരുടെ മണവാളനും
രക്തസാക്ഷികളുടെ രാജകുമാരനുമായ
കര്‍ത്താവിനെ അനുകരിച്ചു.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, രക്തസാക്ഷിത്വത്തിന്റെ ശക്തിയാലും
കന്യാത്വത്തിന്റെ യോഗ്യതയാലും
അങ്ങയെ എപ്പോഴും പ്രസാദിപ്പിച്ച
കന്യകയും രക്തസാക്ഷിണിയുമായ വിശുദ്ധ ആഗത്ത
അങ്ങേ കാരുണ്യം ഞങ്ങള്‍ക്കായി അപേക്ഷിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഹെബ്രാ 13:1-8
യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍ തന്നെയാണ്.
സഹോദരരേ, സഹോദരസ്‌നേഹം നിലനില്‍ക്കട്ടെ. ആതിഥ്യമര്യാദ മറക്കരുത്. അതുവഴി, ദൈവദൂതന്മാരെ അറിയാതെ സത്കരിച്ചവരുണ്ട്. തടവുകാരോടു നിങ്ങളും അവരോടൊപ്പം തടവിലായിരുന്നാലെന്നപോലെ പെരുമാറുവിന്‍. നിങ്ങള്‍ക്കും ഒരു ശരീരമുള്ളതുകൊണ്ടു പീഡിപ്പിക്കപ്പെടുന്നവരോടു പരിഗണന കാണിക്കുവിന്‍. എല്ലാവരുടെയിടയിലും വിവാഹം മാന്യമായി കരുതപ്പെടട്ടെ. മണവറ മലിനമാകാതിരിക്കട്ടെ. കാരണം, അസന്മാര്‍ഗികളെയും വ്യഭിചാരികളെയും ദൈവം വിധിക്കും. നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തില്‍ നിന്നു സ്വതന്ത്രമായിരിക്കട്ടെ. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിന്‍. ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല എന്ന് അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ. അതിനാല്‍ നമുക്ക് ആത്മധൈര്യത്തോടെ പറയാം: കര്‍ത്താവാണ് എന്റെ സഹായകന്‍; ഞാന്‍ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും? നിങ്ങളോടു ദൈവവചനം പ്രസംഗിച്ച നിങ്ങളുടെ നേതാക്കന്മാരെ ഓര്‍ക്കുവിന്‍. അവരുടെ ജീവിതചര്യയുടെ ഫലം കണക്കിലെടുത്ത് അവരുടെ വിശ്വാസം അനുകരിക്കുവിന്‍. യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍ തന്നെയാണ്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 27:1,3,5,8b-9abc
കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.
കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്,
ഞാന്‍ ആരെ ഭയപ്പെടണം?
കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്,
ഞാന്‍ ആരെ പേടിക്കണം?
കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.
ഒരു സൈന്യംതന്നെ എനിക്കെതിരേ പാളയമടിച്ചാലും
എന്റെ ഹൃദയം ഭയം അറിയുകയില്ല;
എനിക്കെതിരേ യുദ്ധമുണ്ടായാലും
ഞാന്‍ ആത്മധൈര്യം വെടിയുകയില്ല.
കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.
ക്‌ളേശകാലത്ത് അവിടുന്നു തന്റെ ആലയത്തില്‍
എനിക്ക് അഭയം നല്‍കും;
തന്റെ കൂടാരത്തിനുള്ളില്‍ എന്നെ ഒളിപ്പിക്കും;
എന്നെ ഉയര്‍ന്ന പാറമേല്‍ നിറുത്തും.
കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.
കര്‍ത്താവേ, അങ്ങേ മുഖം ഞാന്‍ തേടുന്നു എന്ന്
എന്റെ ഹൃദയം അങ്ങയോടു മന്ത്രിക്കുന്നു.
അങ്ങേ മുഖം എന്നില്‍ നിന്നു മറച്ചുവയ്ക്കരുതേ!
എന്റെ സഹായകനായ ദൈവമേ,
അങ്ങേ ദാസനെ കോപത്തോടെ തള്ളിക്കളയരുതേ!
കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മാര്‍ക്കോ 6:14-29
ഞാന്‍ ശിരശ്‌ഛേദം ചെയ്ത യോഹന്നാന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു.
അക്കാലത്ത്, ഹേറോദേസ് രാജാവ് യേശുവിനെപ്പറ്റി കേട്ടു. യേശുവിന്റെ പേര് പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. ചിലര്‍ പറഞ്ഞു: സ്‌നാപകയോഹന്നാന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് അദ്ഭുതകരമായ ഈ ശക്തികള്‍ ഇവനില്‍ പ്രവര്‍ത്തിക്കുന്നത്. മറ്റുചിലര്‍ പറഞ്ഞു: ഇവന്‍ ഏലിയാ ആണ്, വേറെ ചിലര്‍ പറഞ്ഞു: പ്രവാചകരില്‍ ഒരുവനെപ്പോലെ ഇവനും ഒരു പ്രവാചകനാണ്. എന്നാല്‍, ഇതെല്ലാം കേട്ടപ്പോള്‍ ഹേറോദേസ് പ്രസ്താവിച്ചു: ഞാന്‍ ശിരശ്‌ഛേദം ചെയ്ത യോഹന്നാന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഹേറോദേസ് ആളയച്ച് യോഹന്നാനെ പിടിപ്പിക്കയും കാരാഗൃഹത്തില്‍ ബന്ധിക്കയും ചെയ്തിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയാ നിമിത്തമാണ് അവന്‍ ഇങ്ങനെ ചെയ്തത്. അവന്‍ അവളെ വിവാഹം ചെയ്തിരുന്നു. യോഹന്നാന്‍ ഹേറോദേസിനോടു പറഞ്ഞു: സഹോദരന്റെ ഭാര്യയെ നീ സ്വന്തമാക്കുന്നതു നിഷിദ്ധമാണ്. തന്മൂലം, ഹേറോദിയായ്ക്കു യോഹന്നാനോടു വിരോധം തോന്നി. അവനെ വധിക്കാന്‍ അവള്‍ ആഗ്രഹിച്ചു. എന്നാല്‍ അവള്‍ക്കു സാധിച്ചില്ല. എന്തെന്നാല്‍, യോഹന്നാന്‍ നീതിമാനും വിശുദ്ധനുമാണെന്ന് അറിഞ്ഞിരുന്നതുകൊണ്ട്, ഹേറോദേസ് അവനെ ഭയപ്പെട്ടു സംരക്ഷണം നല്‍കിപ്പോന്നു. അവന്റെ വാക്കുകള്‍ അവനെ അസ്വസ്ഥനാക്കിയിരുന്നെങ്കിലും, അവന്‍ പറയുന്നതെല്ലാം സന്തോഷത്തോടെ കേള്‍ക്കുമായിരുന്നു.
ഹേറോദേസ് തന്റെ ജന്മദിനത്തില്‍ രാജസേവകന്മാര്‍ക്കും സഹസ്രാധിപന്മാര്‍ക്കും ഗലീലിയിലെ പ്രമാണികള്‍ക്കും വിരുന്നു നല്‍കിയപ്പോള്‍ ഹേറോദിയായ്ക്ക് അനുകൂലമായ ഒരു അവസരം വന്നുചേര്‍ന്നു. അവളുടെ മകള്‍ വന്ന് നൃത്തംചെയ്ത് ഹേറോദേസിനെയും അതിഥികളെയും പ്രീതിപ്പെടുത്തി. രാജാവു പെണ്‍കുട്ടിയോടു പറഞ്ഞു: നീ ആഗ്രഹിക്കുന്നതെന്തും ചോദിച്ചുകൊള്ളുക. അതു ഞാന്‍ നിനക്കു തരും. അവന്‍ അവളോടു ശപഥംചെയ്തു പറഞ്ഞു: നീ എന്തു തന്നെ ചോദിച്ചാലും, എന്റെ രാജ്യത്തിന്റെ പകുതിപോലും ഞാന്‍ നിനക്കു തരും. അവള്‍ പോയി അമ്മയോടു ചോദിച്ചു: ഞാന്‍ എന്താണ് ആവശ്യപ്പെടേണ്ടത്? അമ്മ പറഞ്ഞു: സ്‌നാപകയോഹന്നാന്റെ ശിരസ്സ്. അവള്‍ ഉടനെ അകത്തുവന്ന് രാജാവിനോട് ആവശ്യപ്പെട്ടു: ഇപ്പോള്‍ത്തന്നെ സ്‌നാപകയോഹന്നാന്റെ ശിരസ്സ് ഒരു തളികയില്‍ വച്ച് എനിക്കു തരണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. രാജാവ് അതീവ ദുഃഖിതനായി. എങ്കിലും, തന്റെ ശപഥത്തെപ്രതിയും അതിഥികളെ വിചാരിച്ചും അവളുടെ ആഗ്രഹം നിരസിക്കാന്‍ അവനു തോന്നിയില്ല. അവന്റെ തല കൊണ്ടുവരാന്‍ ആജ്ഞാപിച്ച് ഒരു സേവകനെ രാജാവ് ഉടനെ അയച്ചു. അവന്‍ കാരാഗൃഹത്തില്‍ ചെന്ന് യോഹന്നാന്റെ തല വെട്ടിയെടുത്തു. അത് ഒരു തളികയില്‍ വച്ച് കൊണ്ടുവന്നു പെണ്‍കുട്ടിക്കു കൊടുത്തു. അവള്‍ അത് അമ്മയെ ഏല്‍പിച്ചു. ഈ വിവരം അറിഞ്ഞ യോഹന്നാന്റെ ശിഷ്യന്മാര്‍ വന്ന് മൃതദേഹം കല്ലറയില്‍ സംസ്‌കരിച്ചു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, വിശുദ്ധ N യുടെ ആഘോഷത്തില്‍
ഈ കാണിക്കകള്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
ഈ പുണ്യവതിയുടെ പീഡാസഹന പോരാട്ടം
അങ്ങേക്ക് പ്രീതികരമായി തീര്‍ന്നപോലെ,
കൃപാനിധിയായ അങ്ങേക്ക് ഈ കാണിക്കകളും
സ്വീകാര്യമായി ഭവിക്കുമാറാകണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
വെളി 7:17
സിംഹാസനമധ്യത്തിലിരിക്കുന്ന കുഞ്ഞാട്
അവരെ ജീവജലത്തിന്റെ ഉറവകളിലേക്കു നയിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
ദൈവമേ, വിശുദ്ധരുടെ മധ്യേ വിശുദ്ധ N യെ
കന്യാത്വത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയുമായ
ദ്വിവിധ വിജയത്താല്‍ അങ്ങ് കിരീടമണിയിച്ചുവല്ലോ.
ഈ കൂദാശയുടെ ശക്തിയാല്‍,
എല്ലാ തിന്മകളും ധീരതയോടെ തരണം ചെയ്ത്,
സ്വര്‍ഗീയമഹത്ത്വം പ്രാപിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵


Leave a comment