പുലർവെട്ടം 439

{പുലർവെട്ടം 439}

 
“Love never fails”- St. Paul
 
വരുവാനുള്ളവർ തങ്ങളേക്കാൾ പ്രകാശിതരായിരിക്കും എന്നാണ് ഓരോ കാലത്തിലെയും ആചാര്യന്മാർ വിശ്വസിച്ചിരുന്നത്. അവരുടെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും തങ്ങൾക്ക് അർഹതയില്ലെന്ന് യോഹന്നാനെപ്പോലെ അവർ വിനയം പറഞ്ഞു. നാളെ കുറേക്കൂടി നല്ലതാകുമെന്ന സ്നേഹഭാവനയിൽ നിന്ന് തളിർത്തതാണ് ഈ പ്രത്യാശാവചസ്സുകൾ. ബുദ്ധധർമ്മത്തിൽ അത് വരുവാനിരിക്കുന്ന മൈത്രേയനാണ്. അടിമുടി സൗഹൃദത്തിലും സ്നേഹത്തിലും മുഗ്ദ്ധനായി നിൽക്കുന്നയാൾ എന്നാണ് ആ വാക്കിന്റെ വാചികാർത്ഥം പോലും. അതുകൊണ്ടുതന്നെ പല കാലങ്ങളിൽ പലരും മൈത്രേയന്മാരായി സങ്കല്പിക്കപ്പെട്ടു. തിയോസഫിക്കൽ സൊസൈറ്റി അതിനെ ക്രിസ്തുവുമായി ബന്ധപ്പെടുത്താൻ ശ്രമിച്ചു. നമുക്ക് പരിചയമുള്ള ഐശ്വര്യപ്രതീകമായും പലരും ഗണിക്കുന്ന ചിരിക്കുന്ന ബുദ്ധയെ മൈത്രേയനായി പരിഗണിക്കുന്നവരുമുണ്ട്.
 
അങ്ങനെയങ്ങനെ ഭൂമിയുടെ മിത്രബോധത്തെ തൊട്ടുണർത്തുന്ന നിരവധി മനുഷ്യർ. ലോകം, നാളെ കുറേക്കൂടി സ്നേഹസാന്ദ്രമാകുമെന്നാണ് അവർ വിളിച്ചു പറയുന്ന സുവിശേഷം. ഭൂമിയെ ഭേദപ്പെട്ട ഇടമായി പരിവർത്തനം ചെയ്യിക്കാനുള്ള അവരുടെ ശ്രമങ്ങൾ അവരുടെ കാലത്ത് പച്ചതൊട്ടുവോ എന്ന് നമുക്ക് അറിഞ്ഞുകൂട. അതിനെന്താണ്?
 
Law of waste efforts എന്നൊരു വിചാരമുണ്ട്. ജീവജാലങ്ങളിലെല്ലാം പ്രബലമായ സവിശേഷതയാണിത്. ജീവിതം തിരയുന്ന മൂല്യമുള്ള ഒന്നും അത്ര എളുപ്പത്തിൽ ഒരാളെയും തേടി വരുന്നില്ല. ആത്മനിന്ദയില്ലാതെ തോൽവിയെ കാണുകയാണ് പ്രധാനം. ഒരൂഹക്കച്ചവടം ഇങ്ങനെയാണ്. സിംഹം അതിന്റെ ഇരയെത്തേടുമ്പോൾ അതിന്റെ എഴുപത്തിയഞ്ച് ശതമാനം ശ്രമങ്ങളും പാഴായിപ്പോവുകതന്നെയാണ്. ഒരു മൃഗവും ഒരു ജീവിയും അതിന്റെ പാഴായി പോകുന്ന ശ്രമങ്ങളിൽ തളർന്നുപോകുന്നില്ല. ചൂണ്ടയിടുന്ന ഒരാളുടെ കൊളുത്തിൽ നട്ടുച്ചയ്ക്ക് ഒരു മീൻ കൊത്തി. അതിന്റെ അർത്ഥം പുലരി തൊട്ട് അയാൾ ചെലവഴിച്ച ഏകദേശം ആറ് മണിക്കൂർ വെറുതെയായിരുന്നു എന്നല്ല. അതുംകൂടി ചേർന്നാണ് ഈ മുഹൂർത്തം. മഴയിൽ കൂടുതലും കടലിലേക്കാണ് പെയ്തിറങ്ങുന്നതെന്ന് ശ്രദ്ധിച്ചിട്ടില്ലേ? വിത്തുകളിൽ നല്ലൊരു പങ്കും വയൽക്കിളിയുടെ അന്നമായാണ് മാറുന്നത്.
 
എല്ലാം പൂർത്തിയായി എന്ന് പറഞ്ഞ് ഒരാൾ മിഴിപൂട്ടിയതിന്റെ പൊരുൾ ഇങ്ങനെയാണ് തെളിഞ്ഞുവരുന്നത്.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “പുലർവെട്ടം 439”

  1. Reblogged this on Love and Love Alone.

    Liked by 1 person

Leave a reply to Love Alone Cancel reply