ദിവ്യബലി വായനകൾ Saints Paul Miki and his Companions, Martyrs / Saturday of week 4 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി, 6/2/2021

Saints Paul Miki and his Companions, Martyrs 
on Saturday of week 4 in Ordinary Time

Liturgical Colour: Red.

പ്രവേശകപ്രഭണിതം

ക്രിസ്തുവിന്റെ കാലടികള്‍ പിന്തുടര്‍ന്ന്
വിശുദ്ധരുടെ ആത്മാക്കള്‍ സ്വര്‍ഗത്തില്‍ ആനന്ദിക്കുന്നു.
എന്തെന്നാല്‍, അവിടത്തെ സ്‌നേഹത്തെപ്രതി,
അവര്‍ തങ്ങളുടെ രക്തംചിന്തി;
അതിനാല്‍, ക്രിസ്തുവിനോടുകൂടെ,
അവര്‍ അനവരതം ആഹ്ളാദിക്കുന്നു.

Or:

വിശുദ്ധരായ മനുഷ്യര്‍ കര്‍ത്താവിനുവേണ്ടി
ഭാഗ്യപ്പെട്ട രക്തം ചിന്തി;
തങ്ങളുടെ ജീവിതത്തില്‍ അവര്‍ ക്രിസ്തുവിനെ സ്‌നേഹിച്ചു.
തങ്ങളുടെ മരണത്തില്‍ അവര്‍
അവിടത്തെ അനുകരിക്കുകയും
അതുവഴി വിജയകിരീടമണിയുകയും ചെയ്തു.

സമിതിപ്രാര്‍ത്ഥന

എല്ലാ വിശുദ്ധരുടെയും ശക്തികേന്ദ്രമായ ദൈവമേ,
രക്തസാക്ഷികളായ വിശുദ്ധ പോള്‍ മിക്കിയെയും സഹചരന്മാരെയും
കുരിശിലൂടെ ജീവനിലേക്കു വിളിക്കാന്‍ അങ്ങ് തിരുവുള്ളമായല്ലോ.
അങ്ങനെ, അവരുടെ മാധ്യസ്ഥ്യംവഴി ഞങ്ങള്‍ പ്രഖ്യാപിക്കുന്ന വിശ്വാസം,
മരണംവരെ ധീരമായി മുറുകെപ്പിടിക്കാന്‍ ഞങ്ങള്‍ക്ക് അനുഗ്രഹമരുളണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഹെബ്രാ 13:15-17,20-21
യേശുവിനെ, മരിച്ചവരില്‍ നിന്നുയിര്‍പ്പിച്ച സമാധാനത്തിന്റെ ദൈവം നിത്യമായ ഉടമ്പടിയുടെ രക്തത്താല്‍ എല്ലാ നന്മകളും കൊണ്ടു നിങ്ങളെ ധന്യരാക്കട്ടെ!

സഹോദരരേ, യേശുവിലൂടെ നമുക്ക് എല്ലായ്‌പോഴും ദൈവത്തിനു സ്തുതിയുടെ ബലി – അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരങ്ങളുടെ ഫലങ്ങള്‍ – അര്‍പ്പിക്കാം. നന്മ ചെയ്യുന്നതിലും നിങ്ങള്‍ക്കുള്ളവ പങ്കുവയ്ക്കുന്നതിലും ഉപേക്ഷ വരുത്തരുത്. അത്തരം ബലികള്‍ ദൈവത്തിനു പ്രീതികരമാണ്. നിങ്ങളുടെ നേതാക്കന്മാരെ അനുസരിക്കുകയും അവര്‍ക്കു വിധേയരായിരിക്കുകയും ചെയ്യുവിന്‍. കണക്കേല്‍പിക്കാന്‍ കടപ്പെട്ട മനുഷ്യരെപ്പോലെ അവര്‍ നിങ്ങളുടെ ആത്മാക്കളുടെ മേല്‍നോട്ടം വഹിക്കുന്നു. അങ്ങനെ അവര്‍ സന്തോഷപൂര്‍വം, സങ്കടം കൂടാതെ, ആ കൃത്യം ചെയ്യുന്നതിന് ഇടയാകട്ടെ. അല്ലെങ്കില്‍ അതു നിങ്ങള്‍ക്കു പ്രയോജനരഹിതമായിരിക്കും. ആടുകളുടെ വലിയ ഇടയനെ, നമ്മുടെ കര്‍ത്താവായ യേശുവിനെ, മരിച്ചവരില്‍ നിന്നുയിര്‍പ്പിച്ച സമാധാനത്തിന്റെ ദൈവം നിത്യമായ ഉടമ്പടിയുടെ രക്തത്താല്‍ എല്ലാ നന്മകളുംകൊണ്ടു നിങ്ങളെ ധന്യരാക്കട്ടെ! അങ്ങനെ, യേശുക്രിസ്തുവിലൂടെ നമ്മില്‍ പ്രവര്‍ത്തിക്കുന്ന അവിടുത്തെ ഹിതം അവിടുത്തേക്ക് അഭികാമ്യമായതു നിറവേറ്റാന്‍ നിങ്ങളെ സഹായിക്കട്ടെ. അവന് എന്നും എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ. ആമേന്‍.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 23:1-3a,3b-4,5,6

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

കര്‍ത്താവാണ് എന്റെ ഇടയന്‍;
എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പച്ചയായ പുല്‍ത്തകിടിയില്‍
അവിടുന്ന് എനിക്കു വിശ്രമമരുളുന്നു;
പ്രശാന്തമായ ജലാശയത്തിലേക്ക്
അവിടുന്ന് എന്നെ നയിക്കുന്നു.
അവിടുന്ന് എനിക്ക് ഉന്മേഷം നല്‍കുന്നു.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

തന്റെ നാമത്തെപ്രതി
നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു.
മരണത്തിന്റെ നിഴല്‍വീണ
താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും,
അവിടുന്നു കൂടെയുള്ളതിനാല്‍
ഞാന്‍ ഭയപ്പെടുകയില്ല;
അങ്ങേ ഊന്നുവടിയും ദണ്ഡും
എനിക്ക് ഉറപ്പേകുന്നു.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

എന്റെ ശത്രുക്കളുടെ മുന്‍പില്‍
അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു;
എന്റെ ശിരസ്സു തൈലംകൊണ്ട്
അഭിഷേകം ചെയ്യുന്നു;
എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

അവിടുത്തെ നന്മയും കരുണയും
ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും;
കര്‍ത്താവിന്റെ ആലയത്തില്‍
ഞാന്‍ എന്നേക്കും വസിക്കും.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മാര്‍ക്കോ 6:30-34
അവര്‍ ഇടയനില്ലാത്ത ആട്ടിന്‍പറ്റം പോലെ ആയിരുന്നു.

അക്കാലത്ത്, അപ്പോസ്തലന്മാര്‍ യേശുവിന്റെ അടുത്ത് ഒരുമിച്ചുകൂടി, തങ്ങള്‍ ചെയ്തതും പഠിപ്പിച്ചതും അറിയിച്ചു. അനേകം ആളുകള്‍ അവിടെ വരുകയും പോകുകയും ചെയ്തിരുന്നു. ഭക്ഷണം കഴിക്കാന്‍പോലും അവര്‍ക്ക് ഒഴിവു കിട്ടിയിരുന്നില്ല. അതിനാല്‍ അവന്‍ പറഞ്ഞു: നിങ്ങള്‍ ഒരു വിജനസ്ഥലത്തേക്കു വരുവിന്‍; അല്‍പം വിശ്രമിക്കാം. അവര്‍ വഞ്ചിയില്‍ കയറി ഒരു വിജനസ്ഥലത്തേക്കു പോയി. പലരും അവരെ കാണുകയും തിരിച്ചറിയുകയും ചെയ്തു. എല്ലാ പട്ടണങ്ങളിലുംനിന്ന് ജനങ്ങള്‍ കരവഴി ഓടി അവര്‍ക്കുമുമ്പേ അവിടെയെത്തി. അവന്‍ കരയ്ക്കിറങ്ങിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരോട് അവന് അനുകമ്പ തോന്നി. കാരണം, അവര്‍ ഇടയനില്ലാത്ത ആട്ടിന്‍പറ്റംപോലെ ആയിരുന്നു. അവന്‍ അവരെ പല കാര്യങ്ങളും പഠിപ്പിക്കാന്‍ തുടങ്ങി.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

പരിശുദ്ധനായ പിതാവേ,
രക്തസാക്ഷികളായ വിശുദ്ധരുടെ സ്മരണാഘോഷത്തില്‍
ഞങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന കാണിക്കകള്‍ സ്വീകരിക്കുകയും
അങ്ങേ നാമത്തിനു സാക്ഷ്യം വഹിക്കുന്നതില്‍
സ്ഥിരതയുള്ളവരാകാന്‍ അങ്ങേ ദാസരായ ഞങ്ങള്‍ക്ക്
അര്‍ഹത നല്കുകയും ചെയ്യുമാറാകണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
ലൂക്കാ 22:28-30

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്റെ പരീക്ഷകളില്‍ എന്നോടു കൂടെ നിലനിന്നവരാണ് നിങ്ങള്‍.
ഞാന്‍ നിങ്ങള്‍ക്ക് രാജ്യം തരുന്നു;
അത് നിങ്ങള്‍ എന്റെ രാജ്യത്തില്‍,
എന്റെ മേശയില്‍ നിന്ന് ഭക്ഷിക്കുകയും
പാനം ചെയ്യുകയും ചെയ്യുന്നതിനു വേണ്ടിയത്രേ.

Or:

ഇതാ, ദൈവത്തിന്റെ മുമ്പില്‍,
വിശുദ്ധരുടെ സമ്മാനം വളരെ അമൂല്യമാണ്;
അവര്‍ തന്നെ കര്‍ത്താവിനുവേണ്ടി
യഥാര്‍ഥത്തില്‍ മരണം വരിക്കുകയും
എന്നേക്കും ജീവിക്കുകയും ചെയ്യുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

ദൈവമേ, രക്തസാക്ഷികളായ അങ്ങേ വിശുദ്ധരില്‍,
കുരിശിന്റെ രഹസ്യം
വിസ്മയകരമായി അങ്ങു വെളിപ്പെടുത്തിയല്ലോ.
ഈ ബലിയില്‍നിന്ന് ശക്തിയാര്‍ജിച്ച്,
ക്രിസ്തുവിനോട് വിശ്വസ്തതയോടെ ചേര്‍ന്നുനില്ക്കാനും
സഭയില്‍ എല്ലാവരുടെയും രക്ഷയ്ക്കായി അധ്വാനിക്കാനും
കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment