🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 തിങ്കൾ, 8/2/2021
Saint Josephine Bakhita, Virgin
or Monday of week 5 in Ordinary Time
or Saint Jerome Emilian
Liturgical Colour: White.
പ്രവേശകപ്രഭണിതം
ഇതാ, കത്തിച്ച വിളക്കുമായി
ക്രിസ്തുവിനെ എതിരേല്ക്കാന്‍ പുറപ്പെട്ട
വിവേകമതികളില്‍ ഒരുവളും ബുദ്ധിമതിയുമായ കന്യക.
Or:
ക്രിസ്തുവിന്റെ കന്യകേ,
നിത്യകന്യാത്വത്തിന്റെ കിരീടമായ ക്രിസ്തുവിന്റെ
കിരീടം സ്വീകരിക്കാന്‍ അര്‍ഹയായ നീ എത്ര മനോഹരിയാണ്.
സമിതിപ്രാര്‍ത്ഥന
ദൈവമേ, വിശുദ്ധ ജോസഫൈന്‍ ബക്കിത്തയെ
ഹീനമായ അടിമത്തത്തില്‍നിന്ന്
അങ്ങേ പുത്രിയുടെയും ക്രിസ്തുവിന്റെ മണവാട്ടിയുടെയും
പദവിയിലേക്ക് അങ്ങ് നയിച്ചുവല്ലോ.
ഈ പുണ്യവതിയുടെ മാതൃകയാല്‍,
ക്രൂശിതനും കര്‍ത്താവുമായ യേശുവിനെ
നിരന്തര സ്‌നേഹത്തോടെ പിഞ്ചെല്ലാനും
അനുകമ്പ കാണിക്കുന്നതില്‍ തീക്ഷ്ണതയുള്ളവരായി
സ്‌നേഹത്തില്‍ നിലനില്ക്കാനും അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഉത്പ 1:1-19
ദൈവം അരുളിച്ചെയ്തു: അപ്രകാരം സംഭവിക്കുകയും ചെയ്തു.
ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനു മുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനു മീതെ ചലിച്ചുകൊണ്ടിരുന്നു.
ദൈവം അരുളിച്ചെയ്തു: വെളിച്ചം ഉണ്ടാകട്ടെ. വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലതെന്നു ദൈവം കണ്ടു. അവിടുന്നു വെളിച്ചത്തെ ഇരുളില്‍ നിന്നു വേര്‍തിരിച്ചു. വെളിച്ചത്തിനു പകലെന്നും ഇരുളിനു രാത്രിയെന്നും പേരിട്ടു. സന്ധ്യയായി, പ്രഭാതമായി – ഒന്നാംദിവസം.
ദൈവം വീണ്ടും അരുളിച്ചെയ്തു: ജലമധ്യത്തില്‍ ഒരു വിതാനം ഉണ്ടാകട്ടെ, അതു ജലത്തെ രണ്ടായി തിരിക്കട്ടെ. ദൈവം വിതാനമുണ്ടാക്കുകയും അതിനു താഴെയുള്ള ജലത്തെ മുകളിലുള്ള ജലത്തില്‍ നിന്നു വേര്‍തിരിക്കുകയും ചെയ്തു. അപ്രകാരം സംഭവിച്ചു. വിതാനത്തിന് അവിടുന്ന് ആകാശമെന്നു പേരിട്ടു. സന്ധ്യയായി, പ്രഭാതമായി – രണ്ടാം ദിവസം.
ദൈവം വീണ്ടും അരുളിച്ചെയ്തു: ആകാശത്തിനു കീഴിലുള്ള വെള്ളമെല്ലാം ഒരിടത്ത് ഒരുമിച്ചുകൂടട്ടെ, കര പ്രത്യക്ഷപ്പെടട്ടെ. അങ്ങനെ സംഭവിച്ചു. കരയ്ക്കു ഭൂമിയെന്നും ഒരുമിച്ചുകൂടിയ ജലത്തിനു കടലെന്നും ദൈവം പേരിട്ടു. അതു നല്ലതെന്ന് അവിടുന്നു കണ്ടു. ദൈവം അരുളിച്ചെയ്തു: ഭൂമി എല്ലാത്തരം ഹരിതസസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്‍ക്കൊള്ളുന്ന ഫലങ്ങള്‍ കായ്ക്കുന്ന വൃക്ഷങ്ങളും മുളപ്പിക്കട്ടെ. അങ്ങനെ സംഭവിച്ചു. ഭൂമി എല്ലാത്തരം ഹരിത സസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്ള ഫലങ്ങളോടു കൂടിയ വൃക്ഷങ്ങളും മുളപ്പിച്ചു. അവ നല്ലതെന്നു ദൈവം കണ്ടു. സന്ധ്യയായി, പ്രഭാതമായി – മൂന്നാം ദിവസം.
ദൈവം വീണ്ടും അരുളിച്ചെയ്തു: രാവും പകലും വേര്‍തിരിക്കാന്‍ ആകാശവിതാനത്തില്‍ പ്രകാശങ്ങള്‍ ഉണ്ടാകട്ടെ. അവ ഋതുക്കളും ദിനങ്ങളും വര്‍ഷങ്ങളും കുറിക്കുന്ന അടയാളങ്ങളായിരിക്കട്ടെ. ഭൂമിയില്‍ പ്രകാശം ചൊരിയാന്‍ വേണ്ടി അവ ആകാശവിതാനത്തില്‍ ദീപങ്ങളായി നില്‍ക്കട്ടെ. അങ്ങനെ സംഭവിച്ചു. ദൈവം രണ്ടു മഹാദീപങ്ങള്‍ സൃഷ്ടിച്ചു. പകലിനെ നയിക്കാന്‍ വലുത്, രാത്രിയെ നയിക്കാന്‍ ചെറുത്. നക്ഷത്രങ്ങളെയും അവിടുന്നു സൃഷ്ടിച്ചു. ഭൂമിയില്‍ പ്രകാശം ചൊരിയാനും രാവിനെയും പകലിനെയും നിയന്ത്രിക്കാനും വെളിച്ചത്തെ ഇരുളില്‍ നിന്നു വേര്‍തിരിക്കാനും ദൈവം അവയെ ആകാശവിതാനത്തില്‍ സ്ഥാപിച്ചു. അതു നല്ലതെന്നു ദൈവം കണ്ടു. സന്ധ്യയായി, പ്രഭാതമായി – നാലാം ദിവസം.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 104:1-2a,5-6,10,12,24,35c
കര്‍ത്താവു തന്റെ സൃഷ്ടികളില്‍ ആനന്ദിക്കട്ടെ!
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക;
എന്റെ ദൈവമായ കര്‍ത്താവേ, അങ്ങ് അത്യുന്നതനാണ്;
അവിടുന്നു മഹത്വവും തേജസ്സും ധരിച്ചിരിക്കുന്നു.
വസ്ത്രമെന്ന പോലെ അങ്ങു പ്രകാശമണിഞ്ഞിരിക്കുന്നു;
കര്‍ത്താവു തന്റെ സൃഷ്ടികളില്‍ ആനന്ദിക്കട്ടെ!
അവിടുന്നു ഭൂമിയെ അതിന്റെ അടിസ്ഥാനത്തിന്മേല്‍ ഉറപ്പിച്ചു;
അത് ഒരിക്കലും ഇളകുകയില്ല.
അവിടുന്നു വസ്ത്രം കൊണ്ടെന്നപോലെ ആഴികൊണ്ട്
അതിനെ ആവരണം ചെയ്തു; വെള്ളം പര്‍വതങ്ങള്‍ക്കു മീതേ നിന്നു.
കര്‍ത്താവു തന്റെ സൃഷ്ടികളില്‍ ആനന്ദിക്കട്ടെ!
അവിടുന്നു താഴ്‌വരകളിലേക്ക് ഉറവകളെ ഒഴുക്കുന്നു;
അവ മലകള്‍ക്കിടയിലൂടെ ഒഴുകുന്നു.
ആകാശപ്പറവകള്‍ അവയുടെ തീരത്തു വസിക്കുന്നു;
മരക്കൊമ്പുകള്‍ക്കിടയിലിരുന്ന് അവ പാടുന്നു.
കര്‍ത്താവു തന്റെ സൃഷ്ടികളില്‍ ആനന്ദിക്കട്ടെ!
കര്‍ത്താവേ, അങ്ങേ സൃഷ്ടികള്‍ എത്ര വൈവിധ്യപൂര്‍ണങ്ങളാണ്!
ജ്ഞാനത്താല്‍ അങ്ങ് അവയെ നിര്‍മിച്ചു;
ഭൂമി അങ്ങേ സൃഷ്ടികളാല്‍ നിറഞ്ഞിരിക്കുന്നു.
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക.
കര്‍ത്താവു തന്റെ സൃഷ്ടികളില്‍ ആനന്ദിക്കട്ടെ!
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മാര്‍ക്കോ 6:53-56
അവിടുത്തെ സ്പര്‍ശിച്ചവരെല്ലാം സുഖം പ്രാപിച്ചു.
അക്കാലത്ത്, യേശുവും ശിഷ്യന്മാരും കടല്‍ കടന്ന്, ഗനേസറത്തില്‍ എത്തി, വഞ്ചി കരയ്ക്കടുപ്പിച്ചു. കരയ്ക്കിറങ്ങിയപ്പോള്‍ത്തന്നെ ആളുകള്‍ അവനെ തിരിച്ചറിഞ്ഞു. അവര്‍ സമീപപ്രദേശങ്ങളിലെല്ലാം ഓടിനടന്ന്, രോഗികളെ കിടക്കയിലെടുത്ത്, അവന്‍ ഉണ്ടെന്നു കേട്ട സ്ഥലത്തേക്കു കൊണ്ടുവരാന്‍ തുടങ്ങി. ഗ്രാമങ്ങളിലോ, നഗരങ്ങളിലോ, നാട്ടിന്‍പുറങ്ങളിലോ അവന്‍ ചെന്നിടത്തൊക്കെ, ആളുകള്‍ രോഗികളെ കൊണ്ടുവന്ന് പൊതുസ്ഥലങ്ങളില്‍ കിടത്തിയിരുന്നു. അവന്റെ വസ്ത്രത്തിന്റെ വിളുമ്പിലെങ്കിലും സ്പര്‍ശിക്കാന്‍ അനുവദിക്കണമെന്ന് അവര്‍ അ പേക്ഷിച്ചു. സ്പര്‍ശിച്ചവരെല്ലാം സുഖം പ്രാപിക്കയും ചെയ്തു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, കന്യകയായ വിശുദ്ധ N യില്‍
അങ്ങേ വിസ്മയനീയകര്‍മങ്ങള്‍ പ്രഘോഷിച്ചുകൊണ്ട്,
അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഈ വിശുദ്ധയുടെ പുണ്യയോഗ്യതകള്‍
അങ്ങേക്ക് സ്വീകാര്യമായപോലെ,
ഞങ്ങളുടെ ശുശ്രൂഷാ ദൗത്യവും
അങ്ങേക്ക് സ്വീകാര്യമായി തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 25:6
ഇതാ, മണവാളന്‍ വരുന്നു;
കര്‍ത്താവായ ക്രിസ്തുവിനെ എതിരേല്ക്കാന്‍ പുറപ്പെടുവിന്‍.
Or:
cf. സങ്കീ 27:4
ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു,
ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു:
എന്റെ ജീവിതകാലം മുഴുവനും
കര്‍ത്താവിന്റെ ആലയത്തില്‍ വസിക്കാന്‍തന്നെ.
ദിവ്യഭോജനപ്രാര്‍ത്ഥന
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
ദിവ്യദാനങ്ങളില്‍ പങ്കുചേര്‍ന്നു പരിപോഷിതരായി,
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
വിശുദ്ധ N യുടെ മാതൃകയാല്‍,
യേശുവിന്റെ പരിത്യാഗം
ഞങ്ങളുടെ ശരീരത്തില്‍ വഹിച്ചുകൊണ്ട്,
അങ്ങയോടു മാത്രം ചേര്‍ന്നുനില്ക്കാന്‍
ഞങ്ങള്‍ പരിശ്രമിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵


Leave a comment