ദിവ്യബലി വായനകൾ 2nd Sunday of Lent 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ, 28/2/2021

2nd Sunday of Lent 

Liturgical Colour: Violet.

പ്രവേശകപ്രഭണിതം

cf. സങ്കീ 27:8-9

കര്‍ത്താവേ, ഞാന്‍ അങ്ങേ മുഖം അന്വേഷിച്ചു എന്ന്
എന്റെ ഹൃദയം അങ്ങയോടു പറഞ്ഞു;
അങ്ങേ മുഖം ഞാന്‍ അന്വേഷിക്കും.
അങ്ങേ മുഖം എന്നില്‍നിന്ന് തിരിക്കരുതേ.

Or:
cf. സങ്കീ 25:6,2,22

കര്‍ത്താവേ, അങ്ങേ അനുകമ്പയും
യുഗങ്ങള്‍ക്കുമുമ്പേ അങ്ങു കാണിച്ച കാരുണ്യവും ഓര്‍ക്കണമേ.
ഞങ്ങളുടെ ശത്രുക്കള്‍ ഞങ്ങളുടെമേല്‍
ഒരിക്കലും ആധിപത്യം പുലര്‍ത്താതിരിക്കട്ടെ.
ഇസ്രായേലിന്റെ ദൈവമേ,
ഞങ്ങളുടെ എല്ലാ ദുരിതങ്ങളിലുംനിന്ന് ഞങ്ങളെ മോചിപ്പിക്കണമേ.

സമിതിപ്രാര്‍ത്ഥന

അങ്ങേ പ്രിയപുത്രനെ ശ്രവിക്കാന്‍ ഞങ്ങളോടു കല്പിച്ച ദൈവമേ,
അങ്ങേ വചനത്താല്‍ ഞങ്ങളെ
ആന്തരികമായി പരിപോഷിപ്പിക്കാന്‍ കനിയണമേ.
അങ്ങനെ, ആത്മീയമായ ഉള്‍ക്കാഴ്ചയാല്‍ ശുദ്ധീകരിക്കപ്പെട്ട്
അങ്ങേ മഹത്ത്വത്തിന്റെ ദര്‍ശനത്താല്‍
ആനന്ദിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഉത്പ 22:1-2,9-13,15-18
അബ്രഹാമിന്റെ ബലി.

അക്കാലത്ത് ദൈവം അബ്രാഹത്തെ പരീക്ഷിച്ചു. ‘‘അബ്രാഹം’’ അവിടുന്നു വിളിച്ചു. ‘‘ഇതാ ഞാന്‍’’ അവന്‍ വിളികേട്ടു. ‘‘നീ സ്‌നേഹിക്കുന്ന നിന്റെ ഏകമകന്‍ ഇസഹാക്കിനെയും കൂട്ടിക്കൊണ്ടു മോറിയാ ദേശത്തേക്കു പോവുക. അവിടെ ഞാന്‍ കാണിച്ചുതരുന്ന മലമുകളില്‍ നീ അവനെ എനിക്ക് ഒരു ദഹനബലിയായി അര്‍പ്പിക്കണം.’’
ദൈവം പറഞ്ഞ സ്ഥലത്തെത്തിയപ്പോള്‍, അബ്രാഹം അവിടെ ഒരു ബലിപീഠം പണിതു. മകനെ ബലികഴിക്കാന്‍ അബ്രാഹം കത്തി കൈയിലെടുത്തു. തത്ക്ഷണം കര്‍ത്താവിന്റെ ദൂതന്‍ ആകാശത്തു നിന്ന് ‘‘അബ്രാഹം, അബ്രാഹം’’ എന്നു വിളിച്ചു. ‘‘ഇതാ ഞാന്‍’’ അവന്‍ വിളികേട്ടു. ‘‘കുട്ടിയുടെമേല്‍ കൈവയ്ക്കരുത്. അവനെ ഒന്നും ചെയ്യരുത്. നീ ദൈവത്തെ ഭയപ്പെടുന്നുവെന്ന് എനിക്കിപ്പോള്‍ ഉറപ്പായി. കാരണം, നിന്റെ ഏക പുത്രനെ എനിക്കു തരാന്‍ നീ മടി കാണിച്ചില്ല.’’ അബ്രാഹം തലപൊക്കി നോക്കിയപ്പോള്‍, തന്റെ പിന്നില്‍, മുള്‍ച്ചെടികളില്‍ കൊമ്പുടക്കിക്കിടക്കുന്ന ഒരു മുട്ടാടിനെ കണ്ടു. അവന്‍ അതിനെ മകനു പകരം ദഹനബലിയര്‍പ്പിച്ചു. കര്‍ത്താവിന്റെ ദൂതന്‍ ആകാശത്തുനിന്നു വീണ്ടും അബ്രാഹത്തെ വിളിച്ചു പറഞ്ഞു: ‘‘കര്‍ത്താവ് അരുളിച്ചെയ്യുന്നു, നീ നിന്റെ ഏകപുത്രനെപ്പോലും എനിക്കു തരാന്‍ മടിക്കായ്കകൊണ്ടു ഞാന്‍ ശപഥം ചെയ്യുന്നു: ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്റെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടല്‍ത്തീരത്തിലെ മണല്‍ത്തരിപോലെയും ഞാന്‍ വര്‍ധിപ്പിക്കും. ശത്രുവിന്റെ നഗരകവാടങ്ങള്‍ അവര്‍ പിടിച്ചെടുക്കും. നീ എന്റെ വാക്ക് അനുസരിച്ചതുകൊണ്ടു നിന്റെ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും.’’

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 116:10,15,16-17,18-19

ഞാന്‍ ജീവിക്കുന്നവരുടെ നാട്ടില്‍ കര്‍ത്താവിന്റെ മുന്‍പില്‍ വ്യാപരിക്കും.

ഞാന്‍ കൊടിയ ദുരിതത്തിലകപ്പെട്ടു എന്നു പറഞ്ഞപ്പോഴും
ഞാനെന്റെ വിശ്വാസം കാത്തുസൂക്ഷിച്ചു.
തന്റെ വിശുദ്ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ്.

ഞാന്‍ ജീവിക്കുന്നവരുടെ നാട്ടില്‍ കര്‍ത്താവിന്റെ മുന്‍പില്‍ വ്യാപരിക്കും.

കര്‍ത്താവേ, ഞാന്‍ അവിടുത്തെ ദാസനാണ്;
അവിടുത്തെ ദാസനും അവിടുത്തെ ദാസിയുടെ പുത്രനും തന്നെ;
അവിടുന്ന് എന്റെ ബന്ധനങ്ങള്‍ തകര്‍ത്തു.
ഞാന്‍ അങ്ങേക്കു കൃതജ്ഞതാബലി അര്‍പ്പിക്കും;
ഞാന്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും.

ഞാന്‍ ജീവിക്കുന്നവരുടെ നാട്ടില്‍ കര്‍ത്താവിന്റെ മുന്‍പില്‍ വ്യാപരിക്കും.

അവിടുത്തെ ജനത്തിന്റെ മുന്‍പില്‍
കര്‍ത്താവിനു ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും.
കര്‍ത്താവിന്റെ ആലയത്തിന്റെ അങ്കണത്തില്‍,
ജറുസലെമേ, നിന്റെ മധ്യത്തില്‍ത്തന്നെ.

ഞാന്‍ ജീവിക്കുന്നവരുടെ നാട്ടില്‍ കര്‍ത്താവിന്റെ മുന്‍പില്‍ വ്യാപരിക്കും.

രണ്ടാം വായന

റോമാ 8:31-34
ദൈവം സ്വപുത്രനെപ്പോലും ഒഴിവാക്കിയില്ല.

ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്ക് എതിരുനില്‍ക്കും? സ്വപുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവര്‍ക്കുംവേണ്ടി അവനെ ഏല്‍പിച്ചുതന്നവന്‍ അവനോടുകൂടെ സമസ്തവും നമുക്കു ദാനമായി നല്‍കാതിരിക്കുമോ? ദൈവം തെരഞ്ഞെടുത്തവരുടെമേല്‍ ആരു കുറ്റമാരോപിക്കും? നീതികരിക്കുന്നവന്‍ ദൈവമാണ്. ആരാണ് ശിക്ഷാവിധി നടത്തുക? മരിച്ചവനെങ്കിലും ഉത്ഥാനം ചെയ്തവനും ദൈവത്തിന്റെ വലത്തുഭാഗത്തിരുന്നു നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നവനുമായ യേശുക്രിസ്തു തന്നെ.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മാര്‍ക്കോ 9:2-10
ഇവന്‍ എന്റെ പ്രിയപുത്രന്‍.

അക്കാലത്ത്, പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് യേശു ഒരു ഉയര്‍ന്ന മലയിലേക്കു പോയി. അവന്‍ അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു. അവന്റെ വസ്ത്രങ്ങള്‍ ഭൂമിയിലെ ഏതൊരു അലക്കുകാരനും വെളുപ്പിക്കാന്‍ കഴിയുന്നതിനെക്കാള്‍ വെണ്‍മയും തിളക്കവുമുള്ളവയായി. ഏലിയായും മോശയും പ്രത്യക്ഷപ്പെട്ട് യേശുവിനോടു സംസാരിച്ചുകൊണ്ടിരുന്നു. അപ്പോള്‍, പത്രോസ് യേശുവിനോടു പറഞ്ഞു: ഗുരോ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്. ഞങ്ങള്‍ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം: ഒന്ന് നിനക്ക്, ഒന്ന് മോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്. എന്താണ് പറയേണ്ടതെന്ന് അവന് അറിഞ്ഞുകൂടായിരുന്നു. അവര്‍ അത്രയ്ക്ക് ഭയപ്പെട്ടിരുന്നു. അപ്പോള്‍ ഒരു മേഘം വന്ന് അവരെ ആവരണം ചെയ്തു. മേഘത്തില്‍ നിന്ന് ഒരു സ്വരം പുറപ്പെട്ടു: ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവന്റെ വാക്കു ശ്രവിക്കുവിന്‍. അവര്‍ ചുറ്റുംനോക്കി യേശുവിനെയല്ലാതെ മറ്റാരെയും തങ്ങളോടുകൂടെ അവര്‍ കണ്ടില്ല.
അവര്‍ കണ്ട കാര്യങ്ങള്‍ മനുഷ്യപുത്രന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍ക്കുന്നതുവരെ ആരോടും പറയരുതെന്ന്, മലയില്‍ നിന്നിറങ്ങിപ്പോരുമ്പോള്‍ അവന്‍ അവരോടു കല്‍പിച്ചു. മരിച്ചവരില്‍ നിന്ന് ഉയിര്‍ക്കുകയെന്നത് എന്താണെന്നു ചിന്തിച്ചുകൊണ്ട് അവര്‍ ഈ വചനം രഹസ്യമായി സൂക്ഷിച്ചു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ കാഴ്ചവസ്തുക്കള്‍
ഞങ്ങളുടെ പാപങ്ങള്‍ ശുദ്ധീകരിക്കുകയും
പെസഹാത്തിരുനാള്‍ ആഘോഷിക്കാന്‍
അങ്ങേ വിശ്വാസികളുടെ ശരീരത്തെയും
മനസ്സിനെയും പവിത്രീകരിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
മത്താ 17:5

ഇവന്‍ എന്റെ പ്രിയപുത്രന്‍;
ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു;
ഇവനെ ശ്രവിക്കുവിന്‍.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ഭൂമിയില്‍ ആയിരിക്കുമ്പോള്‍ത്തന്നെ
സ്വര്‍ഗീയകാര്യങ്ങളില്‍ പങ്കുകാരാകാന്‍ ഞങ്ങളെ അനുവദിച്ചതിന്,
ഈ മഹത്ത്വമേറിയ രഹസ്യങ്ങള്‍ അനുഭവിക്കുന്ന ഞങ്ങള്‍
അങ്ങേക്കു നന്ദിയര്‍പ്പിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ, നിരന്തരമായ അനുഗ്രഹത്താല്‍
അങ്ങേ വിശ്വാസികളെ ആശീര്‍വദിക്കുകയും
അങ്ങേ ഏകജാതന്റെ സുവിശേഷത്തോട്
അവരെ വിശ്വസ്തരാക്കുകയും ചെയ്യണമേ.
അപ്പോസ്തലന്മാര്‍ക്ക് മഹത്ത്വത്തിന്റെ തേജസ്സ്
തന്നില്‍ത്തന്നെ അവിടന്ന് ദൃശ്യമാക്കിയല്ലോ.
അതേ മഹത്ത്വം ഇവരും അനവരതം പ്രത്യാശിക്കാനും
അതിലേക്ക് സന്തോഷത്തോടെ എത്തിച്ചേരാനും പ്രാപ്തരാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

ആമേൻ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment