{പുലർവെട്ടം 446}
പിരിയുമ്പോൾ മാത്രം കൈമാറേണ്ട ഒന്നായിട്ടായിരുന്നു ഒരിക്കൽ മനുഷ്യർ ഉപഹാരങ്ങളെ ഗണിച്ചത്. അതുകൊണ്ടുതന്നെ അതിൽ എണ്ണിത്തീർക്കാനാവാത്ത വൈകാരികത അടക്കം ചെയ്തിരുന്നു. ഹെർബേറിയത്തിലെ വരണ്ട ഇല പോലെ, എന്നെങ്കിലുമൊരിക്കൽ അതൊരു ഹരിതകാലം ഓർമ്മിപ്പിക്കുമെന്ന് അത് കൈമാറിയവർ വിശ്വസിച്ചിരുന്നു. എളുപ്പമായിരുന്നില്ല അത്തരമൊന്ന് കണ്ടെത്തുവാൻ. ഓർമ്മ മുള്ളായി, പൂവായി ഒരേ നേരത്ത് വേദനയും ആഹ്ളാദവുമായി. കൗതുകകരമായ ഒരു നിരീക്ഷണം, അത്തരം ഉപഹാരങ്ങൾക്ക് അങ്ങാടിയുടെ സൂചികയുപയോഗിച്ചതിനാൽ കേവലം ചില്ലിക്കാശിന്റെ വിലയേ ഉണ്ടായിരുന്നുള്ളൂ എന്നാണ്. അതിൽ മെഴുകിലെന്നപോലെ പതിഞ്ഞിട്ടുള്ള വിരൽമുദ്രകൾ കാണുവാൻ ഒരു ഭൂതക്കണ്ണാടിയുടെയും സഹായം ആവശ്യമില്ലായിരുന്നു. പാമുകിന്റെ നോവലിലെ -Kemal നെപ്പോലെ ശകലം കിറുക്കിന്റെ വരപ്രസാദം ഉണ്ടായിരുന്നെങ്കിൽ മറ്റൊരാളുടെ ദൃഷ്ടിയിൽ നിസ്സാരമെന്നു കരുതുന്ന കാര്യങ്ങൾ കൊണ്ട് ഏതൊരാളും പ്രണയത്തിന്റെ ഒരു നിഷ്കളങ്കചിത്രശാല രൂപപ്പെടുത്തിയേനേ. എന്തൊക്കെയാണ് അയാളതിൽ കരുതിവച്ചിരിക്കുന്നത്. Fusun വലിച്ചെറിഞ്ഞു കളഞ്ഞ 4213 സിഗററ്റ് കുറ്റികൾ പോലും എത്ര ശ്രദ്ധയോടെയാണ് ശേഖരിച്ച് വച്ചിരിക്കുന്നത്.
മടങ്ങിപ്പോകുമ്പോൾ അയാളെന്തിനാണ് തളികയിൽ അപ്പമെടുത്ത് ഓർമ്മയ്ക്ക് വേണ്ടി കൈമാറിയതെന്ന് കണ്ടെത്തുവാൻ ഇത്രയും ദീർഘമായ ആമുഖമൊന്നും വേണ്ടായിരുന്നു. എല്ലാത്തിനെക്കുറിച്ചും അറിവുള്ളൊരാൾ അതിൽനിന്ന് ഒരപ്പക്കഷ്ണത്തെ മാത്രം ഹാൻഡ്പിക് ചെയ്തത് എന്തിനായിരിക്കും? അതിൽ ഭീകരമായ ഒരു വൈകാരിക ബുദ്ധിയുണ്ടാവണം. നിങ്ങളേറ്റവും സാത്വികമായിരിക്കാൻ ശ്രമിക്കുമ്പോൾപ്പോലും കുറഞ്ഞത് ഒരു മൂന്ന് നേരമെങ്കിലും അന്നത്തെ അഭിമുഖീകരിക്കേണ്ടതായി വരുന്നു. അതിന്റെ അർത്ഥം ഉണർന്നിരിക്കുന്ന യാമങ്ങളിൽ ഓരോ ആറു മണിക്കൂറിലും പള്ളിയിലെ കുരിശുമണിപോലെ അവന്റെ സ്മൃതിയുടെ ധ്വനികളുണ്ടാവുന്നു എന്നാണ്. ഓർമ്മകൾക്ക് നൈരന്തര്യം ഉണ്ടാകുമ്പോൾ അതൊരു സദാ സാന്നിധ്യമായി കൂടെ കൂട്ടുവരുന്നു. എല്ലായിടത്തും അപ്പത്തിന്റെ പ്രകാശമുള്ള നിഴൽ പതിഞ്ഞു കിടക്കുന്നു; അടുക്കളയിലും വയലിലും ഊട്ടുമുറിയിലും പുസ്തകപ്പുരയിലും പ്രണയതല്പങ്ങളിലും ഒക്കെ.
നിന്റെ ഓർമ്മ കൊണ്ട് കുറുകെ കടക്കാവുന്ന അഭംഗികളേയുള്ളൂ ഞങ്ങളുടെ ചെറിയ ജീവിതത്തിൽ. നോക്കൂ, ഓട വൃത്തിയാക്കുന്ന ഒരു ശുചീകരണത്തൊഴിലാളി ഒരാമ്പലിന്റെ സുഗന്ധത്തിൽ മനംമറുപ്പറിയാത്തതുപോലെ. തീക്ഷ്ണമമതകളുടെ കാല്പെരുമാറ്റങ്ങൾ ശരീരത്തെ തൊട്ടുവിളിക്കുമ്പോൾ ഹ്രസ്വമായ ഒരു സ്നേഹകാലത്തിന്റെ ഓർമ്മ കൊണ്ട് ഒരു നഷ്ടപ്രണയി അകത്തുനിന്ന് ഓടാമ്പലിടുന്നതുപോലെ, ഇതുമതി- ഇത്രയൊക്കെ മതി.
– ബോബി ജോസ് കട്ടികാട്
Advertisements
Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/



Leave a comment