അനുദിനവിശുദ്ധർ – മാർച്ച് 12

⚜️⚜️⚜️⚜️ March 12 ⚜️⚜️⚜️⚜️
വിശുദ്ധ സെറാഫിന
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1523-ല്‍ ടസ്കാനിയിലെ പുരാതന നഗരമായിരുന്ന ജെമിനിയാനോയില്‍, വിശുദ്ധ സെറാഫിന ജനിച്ചത്. അവളെ ‘ഫിനാ’ യെന്നും വിളിച്ചിരിന്നു. വിശുദ്ധയുടെ ഓര്‍മ്മകളാല്‍ ധന്യമാക്കപ്പെട്ട സ്ഥലമാണ് ജെമിനിയാനോ നഗരം. അവളുടെ ഓര്‍മ്മപുതുക്കല്‍ ‘സാന്താ ഫിനാ’ എന്ന പേരില്‍ ആഘോഷിച്ചു വരുന്നു. വളരെ നല്ലരീതിയില്‍ ജീവിച്ചതിനു ശേഷം ദാരിദ്ര്യത്തിലേക്ക് വഴുതി വീണ ദമ്പതികളായിരുന്നു വിശുദ്ധയുടെ മാതാപിതാക്കള്‍. കാഴ്ചക്ക്‌ വളരെ മനോഹരിയായിരുന്നു വിശുദ്ധ സെറാഫിനാ. വളരെ ദാരിദ്ര്യത്തിലായിരുന്നു അവര്‍ ജീവിച്ചിരുന്നതെങ്കിലും അവള്‍ എപ്പോഴും തന്റെ ഭക്ഷണത്തിന്റെ ഒരു ഭാഗം ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ക്കായി ദാനം ചെയ്യുക പതിവായിരുന്നു.

അവള്‍ തന്റെ ഭവനത്തില്‍ സന്യാസപരമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. പകല്‍ മുഴുവന്‍ നൂല്‍ നൂല്‍പ്പും, തുന്നല്‍പ്പണികളും, രാത്രിയുടെ ഭൂരിഭാഗം പ്രാര്‍ത്ഥനയിലുമാണ് അവള്‍ ചിലവഴിച്ചിരുന്നത്. അവള്‍ യുവതിയായിരിക്കെ തന്നെ അവളുടെ പിതാവ്‌ മരണപ്പെട്ടു. അധികം നാള്‍ കഴിയുന്നതിനു മുന്‍പ്‌ തന്നെ അവളുടെ ജീവിതം ദുസ്സഹമാക്കികൊണ്ട് അവള്‍ മാരകമായ രോഗത്തിനടിമയായി. അവളുടെ കൈകളും, കാലുകളും, നേത്രങ്ങളും, പാദങ്ങളും, മറ്റുള്ള ആന്തരീകാവയവങ്ങളും മരവിച്ചു തളര്‍വാതം പിടിച്ചതുപോലെയായി.

സെറാഫിനയുടെ രൂപ ഭംഗിയും, ആകര്‍ഷകത്വവും നഷ്ടപ്പെടുകയും, കാഴ്ചക്ക്‌ വളരെ വിരൂപയായ ഒരു സ്ത്രീയായി തീരുകയും ചെയ്തു. കര്‍ത്താവിന്റെ കുരിശിലെ സഹനങ്ങളെപോലെ സഹനമനുഭവിക്കുവാനുള്ള ആഗ്രഹത്താല്‍ ആറു വര്‍ഷത്തോളം അവള്‍ ഒരു മരപലകയില്‍ അനങ്ങുവാനും, തിരിയുവാനും കഴിയാതെ ഒരേ അവസ്ഥയില്‍ തന്നെ കിടന്നു. ജോലി ചെയ്യുവാനും, യാചിക്കുവാനുമായി അവളുടെ മാതാവ്‌ മണിക്കൂറുകളോളം അവളെ ഒറ്റക്കാക്കി പോകുമായിരുന്നു. എന്നിരുന്നാലും അവള്‍ യാതൊരു പരാതിയും പറഞ്ഞിരുന്നില്ല. കഠിനമായ വേദനകള്‍ സഹിക്കുമ്പോഴും അവള്‍ തന്റെ കണ്ണുകള്‍ ക്രൂശിത രൂപത്തില്‍ ഉറപ്പിച്ചുകൊണ്ടു വളരെ ശാന്തതയോടെ കിടക്കുകയും “എന്റെ വേദനകളല്ല യേശുവേ, നീന്നെ കാണാനുള്ള ആഗ്രഹമാണ് എന്നെ വേദനിപ്പിക്കുന്നത്” എന്ന് ആവര്‍ത്തിച്ചു പറയുകയും ചെയ്തിരുന്നു.

അങ്ങിനെയിരിക്കെ പുതിയൊരു പ്രശ്നം അവളുടെ ജീവിതത്തിലേക്ക്‌ ഇടിത്തീപോലെ കടന്നുവന്നു. വിശുദ്ധയേ പൂര്‍ണ്ണമായും തനിച്ചാക്കികൊണ്ട് അവളുടെ അമ്മ മരണപ്പെട്ടു. ബെല്‍ദിയാ എന്ന് പേരായ തന്റെ വിശ്വസ്തയായ ഒരു കൂട്ടുകാരി ഒഴികെ അവള്‍ പൂര്‍ണ്ണമായും സമൂഹത്തില്‍ അവഗണിക്കപ്പെടുകയും അധികം നാള്‍ ജീവിച്ചിരിക്കുകയില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പാകുകയും ചെയ്തു. ദരിദ്രരായ അയല്‍ക്കാരുടെ സന്ദര്‍ശനങ്ങള്‍ വല്ലപ്പോഴുമൊരിക്കലായി ചുരുങ്ങി. അങ്ങനെയിരിക്കേ ആരോ അവളോടു മഹാനായ വിശുദ്ധ ഗ്രിഗറിയേകുറിച്ചും അദ്ദേഹത്തിന്റെ സഹനങ്ങളെക്കുറിച്ചും പറഞ്ഞു.

ഇത് അവളില്‍ അദ്ദേഹത്തെ പ്രതി ഒരു പ്രത്യേക ബഹുമാനം ഉളവാക്കുന്നതിന് കാരണമായി. ദൈവത്തിന്റെ ഇടപെടല്‍ കൊണ്ട് നിരവധി അസുഖങ്ങളാല്‍ പരീക്ഷിക്കപ്പെട്ട വിശുദ്ധ ഗ്രിഗറിയേപ്പോലെ താനും തന്റെ സഹനങ്ങള്‍ ക്ഷമാപൂര്‍വ്വം സഹിക്കുമെന്ന് അവള്‍ പ്രാര്‍ത്ഥിച്ചു. അവളുടെ മരണത്തിന് എട്ട് ദിവസങ്ങള്‍ക്ക് മുന്‍പ്‌ അവളെ ശ്രദ്ധിക്കുവാന്‍ ആരുമില്ലാതെ തനിച്ച് കിടക്കുന്ന അവസരത്തില്‍ വിശുദ്ധ ഗ്രിഗറി അവള്‍ക്ക്‌ ദര്‍ശനം നല്‍കികൊണ്ട് ഇങ്ങനെ പറഞ്ഞു “പ്രിയപ്പെട്ട മകളേ, എന്റെ തിരുനാള്‍ ദിവസം നിനക്ക്, ദൈവം വിശ്രമം തരും.” വിശുദ്ധന്‍റെ വാക്കുകള്‍ പോലെ അവള്‍ തിരുനാള്‍ ദിവസം ലോകത്തോട് വിടപറഞ്ഞു.

അന്ത്യകര്‍മ്മങ്ങള്‍ക്കായി അവളുടെ മൃതദേഹം കിടത്തിയിരുന്ന പലകയില്‍ നിന്നും അത് മാറ്റിയപ്പോള്‍ അഴുകിയ ആ പലക വെള്ള ലില്ലി പുഷ്പങ്ങളാല്‍ അലംകൃതമായിരിക്കുന്നതായി കാണപ്പെട്ടു. മുഴുവന്‍ നഗരവാസികളും അവളുടെ അന്ത്യകര്‍മ്മത്തില്‍ പങ്കെടുത്തു. അവളുടെ മധ്യസ്ഥതയാല്‍ നിരവധി അത്ഭുതങ്ങള്‍ നടന്നതായും പറയപ്പെടുന്നു. സെറാഫിനാ മരിച്ചു കിടന്ന അവസരത്തില്‍ അവള്‍ തന്റെ കരം ഉയര്‍ത്തി കൂട്ടുകാരിയായിരുന്ന ബെല്‍ദിയായേ ആലിംഗനം ചെയ്യുകയും അവളുടെ മുറിവേറ്റ കരം സുഖപ്പെടുത്തിയതായും പറയപ്പെടുന്നു. വിശുദ്ധയുടെ തിരുനാള്‍ ദിനമായ മാര്‍ച്ച് 12നോടടുത്ത് പുഷ്പിക്കുന്ന വെള്ള ലില്ലിപുഷ്പങ്ങളെ ജെര്‍മാനിയോയിലെ കര്‍ഷകര്‍ സാന്താ ഫിനായുടെ പുഷ്പങ്ങളെന്നാണ് ഇപ്പോഴും വിളിക്കുന്നത്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. കാരിനോളായിലെ ബര്‍ണാര്‍ഡ്

2. നിക്കോമേഡിയായിലെ എഗ്ഡൂനൂസും കൂട്ടരും

3. വിഞ്ചെസ്റ്റര്‍ ബിഷപ്പായ എല്‍ഫെജ്ജ് സീനിയര്‍

4. റോമന്‍ രക്തസാക്ഷിയായ മമീലിയന്‍ (മാക്സിമീലിയന്‍)

5. നിമീഡിയായിലെ മാക്സിമീലിയന്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പന്ത്രണ്ടാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶


“ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു”
(ലൂക്കാ 1:27).

കഷ്ടങ്ങളില്‍ ആലംബമായ വിശുദ്ധ യൗസേപ്പ്
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

വി. യൗസേപ്പിനെ തിരുസഭയുടെ സംരക്ഷകന്‍ എന്നു വിളിക്കുന്നതിനു കാരണമുണ്ട്. തിരുസഭയുടെ ആരംഭമെന്ന് പറയുന്നത് അതിന്‍റെ ആദ്യ പ്രതിരൂപമായ തിരുക്കുടുംബത്തിലാണല്ലോ. അദ്ദേഹം തിരുക്കുടുംബത്തിന്‍റെ സംരക്ഷകനായിരുന്നു എന്ന കാരണത്താല്‍ തന്നെ സാര്‍വത്രിക സഭയുടെയും സംരക്ഷകനാണ്. വന്ദ്യപിതാവ്‌ അദ്ദേഹത്തിന്‍റെ നെറ്റിയിലെ വിയര്‍പ്പു കൊണ്ട്, പരിശുദ്ധ കന്യകാമറിയത്തിനെയും ദിവ്യശിശുവിനെയും സംരക്ഷിച്ചു പോന്നു. കൂടാതെ ഉണ്ണിമിശിഹായുടെ ജീവന്‍ അപകടത്തിലായിട്ടുള്ള സന്ദര്‍ഭങ്ങളില്‍ പിതൃസഹജമായ വാത്സല്യ സ്നേഹാദരങ്ങളോടെ വി. യൗസേപ്പ് ദൈവകുമാരനെ സംരക്ഷിക്കുന്നതില്‍ അതീവ ശ്രദ്ധ ചെലുത്തി.

ഈശോമിശിഹായുടെ ജനനാവസരത്തില്‍, ദിവ്യശിശുവിനു വേണ്ട എല്ലാ സംരക്ഷണവും ദരിദ്രനായ വിശുദ്ധ യൗസേപ്പ് തന്‍റെ കഴിവിന്‍റെ പരമാവധി നിര്‍വഹിച്ചു. ഹേറോദേസ് ദൈവകുമാരനെ ഭീഷണിപ്പെടുത്തിയപ്പോള്‍ വത്സല പിതാവ് തീക്ഷ്ണതയോടും ആത്മാര്‍പ്പണത്തോടും കൂടിയാണ് ഈജിപ്തിലേക്ക് പ്രയാണം ആരംഭിക്കുന്നത്. മാര്‍ഗ്ഗമദ്ധ്യേ പല അപകടങ്ങളും അഭിമുഖീകരിക്കേണ്ടതായിട്ടുണ്ടായിരുന്നു.

ഈജിപ്തിലെ പ്രവാസകാലം ദുരിത പൂര്‍ണ്ണമായിരിന്നു. അജ്ഞാതമായ സ്ഥലത്ത് അവിശ്വാസികളുടെ മദ്ധ്യത്തിലാണ് തിരുക്കുടുംബം ജീവിതം നയിക്കേണ്ടിവന്നത്. പ്രസ്തുത സന്ദര്‍ഭങ്ങളിലെല്ലാം വിശുദ്ധ യൗസേപ്പിന്‍റെ വിവേകപൂര്‍ണ്ണമായ ഇടപെടല്‍ ദിവ്യശിശുവിന്‍റെ ജീവിതം സുരക്ഷിതമാക്കിത്തീര്‍ത്തു. ഈജിപ്തില്‍ നിന്നുള്ള പ്രത്യാഗമനത്തിനു, പരമദുഷ്ടനായ അര്‍ക്കലാവോസ് ഹേറോസെസിന്‍റെ സ്ഥാനത്ത് ഭരണസാരഥ്യം വഹിക്കുന്നു എന്നറിഞ്ഞപ്പോള്‍ അദ്ദേഹം അസ്വസ്ഥതനായി. ദൈവദൂതന്‍റെ പ്രത്യേക നിര്‍ദ്ദേശാനുസരണം അദ്ദേഹം നസ്രസില്‍ പോയി വസിക്കുകയാണ് ചെയ്തത്. പന്ത്രണ്ടാമത്തെ വയസ്സില്‍ ഈശോയെ ദൈവാലയത്തില്‍ വച്ച് കാണാതായ അവസരത്തില്‍ വന്ദ്യപിതാവ്‌ ദുഃഖത്തോടുകൂടി അന്വേഷിച്ചതായി പ. കന്യക തന്നെ പ്രസ്താവിക്കുന്നു (വി. ലൂക്കാ. 2). നസ്രസിലെ അവസാന കാലത്തും വിശുദ്ധ യൗസേപ്പ് തിരുക്കുടുംബത്തിന്‍റെ എല്ലാവിധമായ സുരക്ഷിതത്വത്തിലും ദത്തശ്രദ്ധനായിരുന്നുയെന്ന് അനുമാനിക്കാം.

വിശുദ്ധ യൗസേപ്പിന്‍റെ പൈതൃക പരിലാളന ഇന്നു തിരുസഭയ്ക്കും ഉണ്ടെന്നതില്‍ തര്‍ക്കമില്ല. അദ്ദേഹം തിരുക്കുടുംബത്തിന്‍റെ നാഥനായിരുന്നതുപോലെ ഇന്ന് മിശിഹായുടെ മൗതികശരീരമായ തിരുസഭയുടെ സുരക്ഷിതത്തിലും സുസ്ഥിതിയിലും പുരോഗമനത്തിലും വളര്‍ച്ചയിലും കാതലായ പങ്ക് വഹിക്കുന്നുണ്ട്. തിരുസഭാ ചരിത്രം അതിനുള്ള തെളിവുകള്‍ നല്‍കുന്നുണ്ട്. രണ്ടാം വത്തിക്കാന്‍ സൂനഹദോസ്, വി. യൗസേപ്പിന്‍റെ സംരക്ഷണയ്ക്കാണ് സമര്‍പ്പിച്ചത്.

സംഭവം
🔶🔶🔶🔶

1750-ല്‍ ഫ്രാന്‍സില്‍ ഒരു വലിയ യുദ്ധമുണ്ടായി. മെറ്റ്സ് പട്ടണം ശത്രുക്കള്‍ വളഞ്ഞു. ഏറ്റവുമധികം കഷ്ടപ്പടുണ്ടായത് മെറ്റ്സ് പട്ടണത്തിലെ ഒരു കന്യകാലയത്തിനാണ്. പട്ടാളക്കാരെ പാര്‍പ്പിക്കാന്‍ വേണ്ടി തങ്ങളുടെ മഠവും സ്തുത്യര്‍ഹമായ നിലയില്‍ നടത്തിയിരുന്ന സ്ക്കൂളും അവര്‍ക്ക് വിട്ടൊഴിയേണ്ടി വന്നു. സ്വന്തം വസതി വെടിഞ്ഞ അവര്‍ പിന്നീട് താമസിച്ചത് നേരത്തെ പട്ടാളക്കാര്‍ ഉപേക്ഷിച്ചിട്ടു പോയ ഒരു ഗാരേജിലാണ്. ഭക്ഷണമോ മറ്റു സൗകര്യങ്ങളോ ലഭിക്കാനുള്ള ബുദ്ധിമുട്ട് നിമിത്തം സന്യാസസഭ തന്നെ നിറുത്തിക്കളയേണ്ട പരിസ്ഥിതി പോലും അവര്‍ക്കുണ്ടായി. എങ്കിലും ആവശ്യ സമയങ്ങളില്‍ ആര്‍ക്കും സഹായമരുളുന്ന മാര്‍യൗസേപ്പിന്‍റെ സന്നിധിയില്‍ അവര്‍ കൂട്ടപ്രാര്‍ത്ഥന നടത്തി.

തിരുക്കുടുംബത്തിന്‍റെ പാലകനായ യൗസേപ്പ് അവരെ കാരുണ്യപൂര്‍വ്വം കടാക്ഷിച്ചു. കന്യകമാര്‍ താമസിച്ചിരുന്ന സ്ഥലത്തു നിന്ന്‍ 31 മൈല്‍ അകലെയുള്ള യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള ഒരു ഇടവകപ്പള്ളിയിലുള്ള ജനങ്ങള്‍ ഈ കന്യാസ്ത്രീമാരുടെ കഷ്ടപ്പാടുകള്‍ അറിയുകയും പിരിവെടുത്ത് അവര്‍ക്ക് ആവശ്യമായ സഹായം എത്തിച്ചുകൊടുക്കുവാന്‍ മുന്നോട്ട് വരികയും ചെയ്തു. യുദ്ധം കഴിഞ്ഞ് പടയാളികള്‍ മഠവും സ്കൂളും വിട്ടൊഴിയുന്നത് വരെ യൗസേപ്പിതാവിന്‍റെ ഭക്തദാസികളായ ആ കന്യകമാര്‍ കഴിഞ്ഞു കൂടിയത് ആ വിശുദ്ധ പിതാവിന്‍റെ നാമധേയത്തിലുള്ള ഇടവകയിലെ ജനങ്ങളുടെ ഔദാര്യപൂര്‍ണ്ണമായ സംരക്ഷണയിലാണ്.

ജപം
🔶🔶

തിരുക്കുടുംബത്തിന്‍റെ പാലകനായ വി. യൗസേപ്പേ, അങ്ങ് അനേകം അപകടങ്ങളില്‍ നിന്നും ദിവ്യശിശുവിനെ സംരക്ഷിച്ചു. ഇന്ന് മിശിഹായുടെ മൗതികശരീരമായ തിരുസഭയ്ക്ക് അനേകം അപകടങ്ങളേയും ഭീഷണികളേയും വെല്ലുവിളികളേയും അഭിമുഖീകരിക്കേണ്ടതായിട്ടുണ്ട്. അവയെ എല്ലാം വിജയപൂര്‍വ്വം തരണം ചെയ്യുവാനും ദൈവജനത്തെ സ്വര്‍ഗ്ഗീയ ഭാഗ്യത്തിലേക്ക് സുരക്ഷിതരായി നയിക്കുവാനും വേണ്ട അനുഗ്രഹം അങ്ങേ ദിവ്യകുമാരനോട് അപേക്ഷിച്ചു നല്‍കേണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ…)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ…)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

(മിശിഹായെ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ…)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ….(3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം
🔶🔶🔶🔶🔶🔶

തിരുസഭയുടെ പാലകാ, ദൈവജനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

Advertisements

കര്‍ത്താവേ, ജനതകളുടെ മധ്യത്തില്‍ഞാന്‍ അങ്ങേക്കു കൃതജ്‌ഞതയര്‍പ്പിക്കും; ജനതകളുടെയിടയില്‍ ഞാന്‍ അങ്ങയെ പാടിപ്പുകഴ്‌ത്തും.
സങ്കീര്‍ത്തനങ്ങള്‍ 57 : 9

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

പരസ്യമായി അറിയപ്പെടാൻ ആഗ്രഹിക്കുന്നവൻ രഹസ്യമായി പ്രവർത്തിക്കുകയില്ല.. (യോഹന്നാൻ : 7/4)
സർവ്വശക്തനായ ദൈവമേ..

ജലം അഗ്നിയെ കെടുത്തുന്നത് പോലെ നിന്റെ സ്നേഹം എന്റെ നിരവധിയായ പാപങ്ങളെ തുടച്ചു മാറ്റുന്നു എന്ന വിശ്വാസത്തിൽ ശരണപ്പെട്ട് അനുതാപമാർന്ന ഹൃദയത്തോടെ ഈ പ്രഭാതത്തിലും ഞാൻ അങ്ങയുടെ സന്നിധിയിൽ അണഞ്ഞിരിക്കുന്നു. എനിക്കു ചുറ്റും സഹായമർഹിക്കുന്ന അനേകം ജീവിതങ്ങൾ ഉണ്ടെങ്കിലും സമൃദ്ധിയുടെ നിറവിൽ കഴിയുന്ന എനിക്ക് ഒരിക്കലും അവരുടെ ജീവിതസാഹചര്യങ്ങൾ മനസ്സിലാക്കാനോ.. അവരെ സഹായിക്കുന്ന ഒരു മനസ്സ് സ്വന്തമാക്കാനോ കഴിയുകയില്ല. എന്നാൽ എന്റെ സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടിയും..സമൂഹത്തിൽ പേരും പ്രശസ്തിയും നേടിയെടുക്കുന്നതിനു വേണ്ടിയുമുള്ള കുറുക്കു വഴികൾ തിരയുമ്പോൾ നിസ്സഹായരായ എനിക്കു ചുറ്റുമുള്ള ജീവിതങ്ങളെ എന്റെ കണ്ണിൽ പെടുകയും അവരെ സഹായിക്കുന്നതായി മറ്റുള്ളവരുടെ മുൻപിൽ ഞാൻ നടിക്കുകയും ചെയ്യും. ഒരിറ്റു ദാഹജലമോ.. ഒരു നേരത്തേ ആഹാരമോ.. എന്തിന് ജീവൻ നിലനിർത്തുന്നതിനുള്ള മരുന്നുകൾ വാങ്ങി നൽകുന്നതു പോലും വളരെ കൃത്യമായി എന്റെ ക്യാമറാക്കണ്ണുകൾ ഒപ്പിയെടുക്കുകയും അത് സമൂഹമാധ്യമങ്ങൾ വഴി പരസ്യപ്പെടുത്തുകയും ചെയ്യും. അതുവഴി എനിക്കു കിട്ടുന്നത് പേരും പ്രശസ്തിയുമാണെങ്കിൽ.. അതിനു വേണ്ടി എന്റെ മുൻപിൽ നിൽക്കേണ്ടി വന്ന നിസ്സഹായരായ അവരുടെ മുഖങ്ങളിൽ കാണുന്നത് നിവൃത്തികേടു കൊണ്ട് ആഘോഷമാക്കപ്പെടുന്ന അവരുടെ ദൈന്യതയാണ്.

ഈശോയേ… പരസ്യപ്രചാരണത്തിലൂടെ മറ്റുള്ളവരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന ഒരു പ്രവർത്തികളും എന്നിൽ നിന്നുണ്ടാവാതിരിക്കാൻ എന്നെ നേരായ ചിന്തകളിലൂടെ മാത്രം വഴി നടത്തേണമേ… ഞാൻ എന്തു ചിന്തിക്കുമ്പോഴും പ്രവർത്തിക്കുമ്പോഴും അതെല്ലാം പിതാവായ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു ചെയ്യുവാനും… എനിക്കു ചുറ്റുമുള്ളവരിൽ അങ്ങയുടെ മുഖം ദർശിക്കാനുമുള്ള ഭാഗ്യവരം എനിക്കു നൽകണമേ… അപ്പോൾ വ്യക്തിതാല്പര്യങ്ങളെ അവഗണിച്ചു കൊണ്ടും… ഉന്നതത്തിലുള്ള പിതാവിന്റെ ഇഷ്ടത്തെ മുൻനിർത്തിയും സഹജീവികളോട് കരുണ കാണിക്കാനും… അങ്ങനെ പിതാവിന്റെ പ്രീതിക്കു പാത്രമാകനും ഞങ്ങളും യോഗ്യരായി തീരുക തന്നെ ചെയ്യും..
വിശുദ്ധ യൂദാ ശ്ലീഹാ… ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ.

Advertisements

നോമ്പുകാല വിചിന്തനം-23
വി.യോഹന്നാൻ 7 : 25 – 31


യേശുവിന്റെ ദൈവിക ശ്രോതസ്സിനെക്കുറിച്ച് ജറുസലേം നിവാസികൾ തീർത്തും അജ്ഞരായിരുന്നു. ക്രിസ്തു വരുമ്പോൾ എവിടെനിന്നാണ് വരുന്നതെന്ന് ആരും അറിയുകയില്ല എന്നു പറയുവാൻ കാരണമതാണ്. എന്നാൽ, യേശുവിനാകട്ടെ, താൻ അയയ്ക്കപ്പെട്ട അഭിഷിക്തനാണെന്നും, അയച്ചവൻ സത്യസന്ധനായ തന്റെ പിതാവാണെന്നും ഉറച്ച ബോധ്യമുണ്ടായിരുന്നു. പരസ്യജീവിതത്തിന്റെ തുടക്കംമുതലേ താൻ അഭിഷിക്തനായ മിശിഹായാണെന്ന ബോധവും ബോധ്യവും അവിടുത്തേക്കുണ്ടായിരുന്നു. ദൈവത്താൽ അഭിഷേകം ചെയ്യപ്പെടുന്നവനിൽ കർത്താവിന്റെ ആത്മാവ് വസിക്കുന്നുവെന്നും( 1 സാമുവൽ 16:13 ) അതോടൊപ്പം ജീവദായകമായ ശക്തിയും കുടികൊള്ളുന്നുവെന്നും
( വിലാപങ്ങൾ 4:20 ) വേദ പുസ്തകം പറയുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ യേശുവിന്റെ ദൈവികതയുടെ ശ്രോതസ്സ് പിതാവായ ദൈവമാണെന്ന് അവിടുന്നു പറയാതെ പറയുകയാണെന്ന് മനസ്സിലാക്കാം. ദൈവികത നിറഞ്ഞുനിൽക്കുന്ന ഒരു വ്യക്തിയുടെ പ്രബോധനം എപ്പോഴും ആധികാരികത സ്ഫുരിക്കുന്നതായിരിക്കും. അക്കാരണത്താലാണ് വളരെയധികം ജനങ്ങൾ അവനിൽ വിശ്വസിക്കാനിടയായത്. എന്തായിരുന്നു ദൈവം യേശുവിനെ ഭരമേൽപ്പിച്ച ദൗത്യം? ദരിദ്രരോട് സുവിശേഷം പ്രസംഗിക്കുക, ബന്ധിതർക്കു മോചനം നൽകുക, അന്ധർക്ക് കാഴ്ചയേകുക, അടിച്ചമർത്തപ്പെട്ടവരെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുക…..( വി. ലൂക്ക 4:18 ) തുടങ്ങിയവയായിരുന്നു. യേശു ഏറ്റെടുത്ത ദൈവികസ്പർശമുള്ള ഈ ദൗത്യം തുടരുന്നതിനാണ് നാമോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നതും അയയ്ക്കപ്പെട്ടിരിക്കുന്നതും. നൂറ്റാണ്ടുകൾ പിന്നിട്ടു കഴിഞ്ഞെങ്കിലും നമ്മുടെ ദൗത്യത്തിന് ഒരു മാറ്റവുമുണ്ടായിട്ടില്ല.കാലത്തിന്റെ ചുവരെഴുത്തുകൾ വായിച്ചുവേണം മുന്നേറാനെന്നു മാത്രം.!

ഫാ. ആന്റണി പൂതവേലിൽ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment