അനുദിനവിശുദ്ധർ – മാർച്ച് 17

⚜️⚜️⚜️⚜️ March 17 ⚜️⚜️⚜️⚜️
വിശുദ്ധ പാട്രിക്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

റോമന്‍ അധിനിവേശത്തിലുള്ള ബ്രിട്ടണില്‍ ഏതാണ്ട് 415 AD യിലാണ് വിശുദ്ധ പാട്രിക്ക് ജനിച്ചത്. വിശുദ്ധന് 16 വയസ്സുള്ളപ്പോള്‍ അദ്ദേഹം ആട്‌ മേച്ചുകൊണ്ടിരിക്കുന്ന സമയത്ത് ആക്രമകാരികളായ ചില അയര്‍ലന്‍റുകാര്‍ അദ്ദേഹത്തെ തട്ടികൊണ്ട് പോവുകയും അടിമയാക്കുകയും ചെയ്തു. എന്നാല്‍ വിശുദ്ധന്‍ അവിടെനിന്നും രക്ഷപ്പെടുകയും ബ്രിട്ടണില്‍ തിരിച്ചെത്തുകയും ചെയ്തു. പിന്നീട് വിശുദ്ധ പാട്രിക്ക് പൌരോഹിത്യ പട്ടം സ്വീകരിച്ചു. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ മെത്രാനായി അദ്ദേഹം അഭിഷിക്തനായി. ഏതാണ്ട് 435 AD യോട് കൂടി അദ്ദേഹം അയര്‍ലന്‍ഡില്‍ എത്തി.

വിശുദ്ധ പാട്രിക്കിനെ ചുറ്റിപ്പറ്റി നിരവധി ഐതിഹ്യങ്ങള്‍ ഉണ്ട്. അയര്‍ലാന്‍ഡില്‍ നിന്നും പാമ്പുകളെ തുരത്തിയതും, മൂന്നിലകളോട് കൂടിയ ഒരു തരം ചെടി ഉപയോഗിച്ചുകൊണ്ട് പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യങ്ങളെ ക്കുറിച്ച് വിശദീകരിച്ചതും മറ്റും ഇതില്‍ ചിലതാണ്. അയര്‍ലന്‍ഡില്‍ കത്തോലിക്കാ മതം കൊണ്ടുവരുന്നതിലും പ്രചരിപ്പിക്കുന്നതിലും വിശുദ്ധ പാട്രിക്ക് പരിപൂര്‍ണ്ണ വിജയം കൈവരിച്ചു. കാലക്രമേണ അയര്‍ലാന്‍ഡിലെ മുഴുവന്‍ ജനതയും തങ്ങളുടെ വിജാതീയ ആചാരങ്ങളെ ഉപേക്ഷിച്ച് സത്യദൈവത്തില്‍ വിശ്വസിക്കുകയും ക്രിസ്തുവിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ചെയ്തു. അയര്‍ലന്‍ഡ് ഒരു ചെറിയ രാജ്യമാണെങ്കില്‍ കൂടി ലോകം മുഴുവനും ക്രിസ്തുമതത്തെ പ്രചരിപ്പിക്കുന്നതിലും, പരിപാലിക്കുന്നതിലും വളരെയേറെ പങ്ക് വഹിച്ചിട്ടുണ്ട്.

ആദ്യകാലങ്ങളിലെ ഇരുണ്ട യുഗങ്ങളില്‍ യൂറോപ്പു മുഴുവനും തിന്മ വ്യാപിച്ചപ്പോള്‍ അയര്‍ലന്‍ഡിലെ ആശ്രമങ്ങള്‍ പാശ്ചാത്യ രചനകള്‍ സംരക്ഷിക്കുകയും, ഉത്തമ ബോധ്യമുള്ള ഒരു കത്തോലിക്കാ രാജ്യമായി തുടരുകയും ചെയ്തു. കൂടാതെ കത്തോലിക്കാ വിശ്വാസം ലോകത്തിന്റെ മുക്കിലും മൂലയിലും അവര്‍ പ്രചരിപ്പിച്ചു. ഇതിനെ കുറിച്ച് കൂടുതലായി തോമസ്‌ കാഹില്ലിന്റെ ‘How Irish Saved Civilization’ എന്ന കൃതിയില്‍ പറഞ്ഞിട്ടുണ്ട്. വിശുദ്ധ പാട്രിക്കിനെ കുറിച്ചുള്ള ചില രചനകള്‍ ലഭ്യമാണ്. അതിലൊന്ന് ‘കുമ്പസാരങ്ങള്‍’ എന്ന് പേരായ അദ്ദേഹത്തിന്റെ ജീവചരിത്രമാണ്.

അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങളെ കോര്‍ത്തിണക്കികൊണ്ട് വളരെ എളിമയോട് കൂടി അദ്ദേഹത്തിന്റെ ജീവിതത്തെ വിവരിക്കുന്ന ഒരു ചെറിയ ജീവിതസംഗ്രഹമാണിത്. അതില്‍ നിന്നുമുള്ള ഒരു വാക്യമിപ്രകാരമാണ്, “ഞാന്‍ ദൈവത്തോട് വളരെയേറെ കടപ്പെട്ടിരിക്കുന്നു, കാരണം ദൈവമെനിക്ക് നിരവധി ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്, അതുകൊണ്ട് എന്നിലൂടെ നിരവധി ആളുകള്‍ക്ക് ദൈവത്തില്‍ പുനര്‍ജ്ജന്മം ലഭിച്ചു. വിശ്വാസ-സ്ഥിരീകരണം ലഭിച്ച ഉടനെതന്നെ അവര്‍ക്കായി എല്ലായിടത്തും പുരോഹിതന്മാര്‍ അഭിഷേകം ചെയ്യപ്പെട്ടു”.

“നിനക്കായി ഭൂമിയുടെ അറ്റത്ത് നിന്നുപോലും രാഷ്ട്രങ്ങള്‍ ഉയര്‍ന്നുവരും, എന്നിട്ട് അവര്‍ നിന്റെ അടുക്കല്‍ വന്നു പറയും, ഞങ്ങളുടെ പിതാക്കന്‍മാര്‍ വ്യാജമല്ലാതെ മറ്റൊന്നും അവകാശപ്പെടുത്തിയിട്ടില്ല. ഭൂമിയുടെ അതിര്‍ത്തികള്‍ വരെ രക്ഷ വ്യാപിപ്പിക്കുന്നതിന് വിജാതീയരുടെ ദീപമായി ഞാന്‍ നിന്നെ സ്ഥാപിച്ചിരിക്കുന്നു” എന്നിങ്ങനെ പ്രവാചകന്‍ മുഖാന്തിരം ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നതുപോലെ ഭൂമിയുടെ ഒരറ്റത്ത് നിന്നും ദൈവം വിശുദ്ധ പാട്രിക്കിനെ തിരഞ്ഞെടുത്തുയെന്ന്‍ നമ്മുക്ക് പറയാം.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. അലക്സാണ്ടറും തെയോഡോറും

2. അലക്സാണ്ട്രിയന്‍ പ്രഭുവായ അമ്പ്രോസു

3. ഫ്രാന്‍സിലെ അഗ്രിക്കൊളാ

4. തിവെല്ലസ്സിലെ ജെര്‍ത്രൂദ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പതിനേഴാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

“അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്‌”
(മത്തായി 1:20).

വിശുദ്ധ യൗസേപ്പ് പിതാവ്- ക്ഷമയുടെ പര്യായം
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

“നീതിയ്ക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാർ. എന്തെന്നാല്‍ അവർക്ക് സംതൃപ്തി ലഭിക്കും” (വിശുദ്ധ മത്തായി 5:6) എന്ന് ഈശോ നാഥന്‍ ഗിരിപ്രഭാഷണത്തില്‍ അരുളിച്ചെയ്യുകയുണ്ടായി. അടുത്ത കാലത്ത് ഒരു മനുഷ്യന്‍ അയാളുടെ ഭാര്യയേയും ആറു കുട്ടികളെയും വിഷം കൊടുത്തു കൊന്നതിനു ശേഷം ആത്മഹത്യ ചെയ്തതായി ഒരു വാര്‍ത്ത കേട്ടിട്ടുണ്ട്. ജീവിത പ്രശ്നങ്ങളുമായി ഏറ്റുമുട്ടി നൈരാശ്യ നിമിത്തമത്രേ അപ്രകാരം ചെയ്തത്. ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പലരും അസ്വസ്ഥചിത്തരും നിരാശരുമാകുന്നത് എന്തുകൊണ്ടാണ്? അതിനുള്ള ലളിതമായ ഉത്തരമിതാണ്, ജീവിതത്തിന്‍റെ അര്‍ത്ഥം എന്താണെന്ന് അവര്‍ മനസില്ലാക്കിയിട്ടില്ലയെന്നത് തന്നെ.

നമ്മുടെ ഭരണാധികാരികളും നേതാക്കന്മാരും മറ്റുള്ളവരും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പരിശ്രമിക്കുന്നുണ്ട്. പ്രശ്നമില്ലാത്ത ഒരു ലോക സൃഷ്ടിക്കായി അവര്‍ അവിശ്രമം പരിശ്രമിക്കുന്നു. പക്ഷേ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. എന്തുകൊണ്ടാണ് ദൈവത്തെ മാറ്റി നിര്‍ത്തിക്കൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ പരിശ്രമിക്കുന്നത്? നമ്മുടെ എല്ലാ പ്രശ്നങ്ങളുടെയും ഏക പരിഹാരം ദൈവമാണ്. നമ്മുടെ പിതാവ് മാര്‍ യൗസേപ്പ് അദ്ദേഹത്തിന്‍റെ എല്ലാ പ്രശ്നങ്ങളുടെയും പരിഹാരം ദൈവത്തിലാണ് കണ്ടെത്തിയത്. അതാണ്‌ മാര്‍ യൗസേപ്പിന്‍റെ മഹത്വത്തിന് നിദാനം.

സംശയങ്ങളിലും ബുദ്ധിമുട്ടുകളിലും യാതനകളിലുമെല്ലാം അദ്ദേഹം ദൈവത്തില്‍ അഭയം ഗമിച്ചതിനാല്‍ സമചിത്തതയോടുകൂടി എല്ലാ പ്രതിബന്ധങ്ങളെയും അഭിമുഖീകരിക്കുവാനും അവയേ വിജയപൂര്‍വ്വം തരണം ചെയ്യുവാനും അദ്ദേഹത്തിന് സാധിച്ചു. അതിനാല്‍ തിരുക്കുടുംബത്തില്‍ വലിയ സമാധാനവും സന്തോഷവും നിറഞ്ഞു നിന്നു. നമ്മുടെ ജീവിതത്തില്‍ പ്രശ്നങ്ങളെയും വെല്ലുവിളികളേയും അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. അപ്പോള്‍ നമ്മുടെ മനോഭാവം എന്താണ്? അങ്ങനെയുള്ള സാഹചര്യത്തില്‍ ദൈവത്തെയും കുടുംബാംഗങ്ങളേയും അയല്‍വാസികളേയും ശപിക്കുകയോ മറ്റേതെങ്കിലും വിധത്തില്‍ നിര്‍ഭാഗ്യകരമായ ജീവിതം നയിക്കുകയോ നാം ചെയ്യുന്നില്ലേ.

എന്നാല്‍ ക്രിസ്തുവിലുള്ള പ്രത്യാശയും ധൈര്യവും നമുക്കുണ്ടെങ്കില്‍ അക്ഷോഭ്യരായി അചഞ്ചലരായി പതറാതെ തളരാതെ മുന്നേറുവാന്‍ സാധിക്കും. അപ്പോള്‍ നാം ഈശോയോടും പരിശുദ്ധ കന്യകാ മറിയത്തോടും നമ്മുടെ പിതാവായ മാര്‍ യൗസേപ്പിനോടും അനുരൂപരായി തീരുന്നു. തന്മൂലം സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും കൂടിചേരലായി നമ്മുടെ കുടുംബം മാറുകയും ചെയ്യും.

സംഭവം
🔶🔶🔶🔶

റോമിലുള്ള സന്യാസിനി സമൂഹം ഒരിക്കല്‍ തങ്ങളുടെ മഠത്തോടനുബന്ധിച്ച് ഒരു ദേവാലയവും അനാഥാലയവും പണി കഴിപ്പിച്ചു. പണികളുടെ മേല്‍നോട്ടം നടത്തിയിരുന്ന വ്യക്തികളുടെ വഞ്ചന മൂലം സന്യാസ സമൂഹത്തിന് വളരെ ധന നഷ്ടം ഉണ്ടായി. ഉപവി പ്രവൃത്തിക്ക് വേണ്ടി നടത്തുന്ന ആ പ്രസ്ഥാനവും ദേവാലയവും പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ അവര്‍ ക്ലേശിച്ചു. ആ ദിവസങ്ങളില്‍ അന്‍പതിലേറെ അനാഥക്കുട്ടികളും ജോലിക്കാരും മഠത്തിന്‍റെ വരാന്തയിലും മറ്റും കിടന്നാണ് നിദ്ര പോക്കിയത്. തങ്ങളുടെ സംരംഭം മുഴുമിപ്പിക്കുവാന്‍ യാതൊരു നിര്‍വാഹവും കാണാതെ വിഷമത്തിലായ സന്യാസിനികള്‍ മാര്‍ യൗസേപ്പില്‍ അഭയം പ്രാപിച്ചു. അവര്‍ യൗസേപ്പ് പിതാവിന്‍റെ നവനാള്‍ ആരംഭിച്ചു. ആരും തുണയില്ലാത്ത അനാഥക്കുഞ്ഞുങ്ങള്‍ക്കു വേണ്ടി ആ സന്യാസിനികള്‍ പ്രാര്‍ത്ഥിച്ചു. നവനാള്‍ അവസാനിക്കുന്നതിനു മുമ്പു തന്നെ അവരുടെ പ്രാര്‍ത്ഥന ഫലമണിഞ്ഞു.

പട്ടണത്തില്‍ ആസ്പത്രിയില്‍ സമ്പന്നയായ ഒരു രോഗിണി ഉണ്ടായിരുന്നു. അവര്‍ ആളെ അയച്ച് മഠാധിപയെ വരുത്തി അവരെക്കൂടി അനാഥാലയത്തില്‍ സ്വീകരിക്കണമെന്ന് അപേക്ഷിച്ചു. എന്നാല്‍ ദരിദ്രരെ മാത്രമേ തങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയുകയുള്ളൂ എന്ന്‍ മഠാധിപ അവരെ അറിയിച്ചു. എന്നാല്‍ ഭക്നാശയായി തനിക്കു വേണ്ടി മാര്‍ യൗസേപ്പ് പിതാവിനോടു പ്രാര്‍ത്ഥക്കണമെന്നു അപേക്ഷിച്ച് സന്യാസിനി സമൂഹത്തിനു വേണ്ടി ഒരു വലിയ തുക സംഭാവന ചെയ്തു. മുടങ്ങിക്കിടന്ന അനാഥാലയവും ദൈവാലയവും പണി തീര്‍ക്കുവാന്‍ ആ സംഭാവന മൂലം സന്യാസിനിമാര്‍ക്ക് സാധിച്ചു. തങ്ങളുടെ ആവശ്യനേരത്ത് സന്യാസിമാര്‍ക്ക് സാധിച്ചു. തങ്ങളുടെ ആവശ്യനെരത്ത് സഹായമരുളിയ മാര്‍ യൗസേപ്പ് പിതാവിനെ അവര്‍ സ്തുതിച്ചു.

ജപം
🔶🔶

മാര്‍ യൗസേപ്പ്പിതാവേ അങ്ങ് ജീവിതത്തിലെ പ്രശ്നങ്ങളെയും വെല്ലുവിളികളേയും ധീരമായി അഭിമിഖീകരിച്ച് യാതനകളെയും ക്ലേശങ്ങളെയും അസാധാരണമായ ക്ഷമയും സഹനശക്തിയേയും പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന വിഷമങ്ങളും വെല്ലുവിളികളും ഭീഷണികളും ഞങ്ങള്‍ പ്രശാന്തതയോടെ ക്രിസ്തീയമായ പ്രത്യാശയോടും ക്ഷമയോടും കൂടി നേരിടുവാന്‍ വേണ്ട അനുഗ്രഹം നല്‍കണമേ. ഞങ്ങളെ ആത്മീയവും ഭൗതികവുമായ വിപത്തുകളില്‍ നിന്ന്‍ അങ്ങ സംരക്ഷിക്കുകയും ചെയ്യണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ…)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ…)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

(മിശിഹായെ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ…)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ….(3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം
🔶🔶🔶🔶🔶🔶

ക്ഷമയുടെ മാതൃകയായ മാര്‍ യൗസേപ്പേ ഞങ്ങള്‍ക്കു ശാന്തത നല്‍കണമേ.
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

Advertisements

അപ്പോള്‍ ഞാന്‍ കര്‍ത്താവില്‍ ആനന്‌ദിക്കും; അവിടുത്തെ രക്‌ഷയില്‍ആനന്‌ദിച്ച്‌ ഉല്ലസിക്കും.
സങ്കീര്‍ത്തനങ്ങള്‍ 35 : 9

🌻പ്രഭാത പ്രാർത്ഥന🌻

ദൈവഭക്തിയിൽ ദൃഢതയും തീഷ്ണതയും ഇല്ലാത്തവന്റെ ഭവനം അതിവേഗം നശിക്കും.. (പ്രഭാഷകൻ : 27/3)
കരുണാമയനായ എന്റെ ദൈവമേ..
അങ്ങേയറ്റം തകർക്കപ്പെട്ടിരിക്കുന്ന എന്റെ ഹൃദയവും തകർന്നുലഞ്ഞ എന്റെ ജീവിതവുമായി ഈ പ്രഭാതത്തിൽ ഞാനങ്ങയുടെ കരുണ തേടിയണയുന്നു. പിതാവേ.. നിനക്കും സ്വർഗത്തിനുമെതിരായി പാപം ചെയ്തുകൊണ്ട് പാപബോധമില്ലാത്ത മനസ്സുമായി ഞാൻ ജീവിച്ചു.. സമ്പത്തും സമൃദ്ധിയും മാത്രമാണ് ജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യമെന്നു ഞാൻ ചിന്തിച്ചു. അതു നേടിക്കഴിഞ്ഞാൽ പിന്നെ ജീവിതത്തിൽ എല്ലാമായെന്നും, ആർക്കും എന്നെ ഒന്നും ചെയ്യാൻ സാധിക്കുകയില്ലെന്നും.. ഒരനർത്ഥങ്ങളും എന്റെ ഭവനത്തെ സമീപിക്കുകയില്ലെന്നും വിശ്വസിച്ചു കൊണ്ട് നിന്നെ മറന്നു ഞാനേറെ അഹങ്കരിച്ചു. നിന്നോടുള്ള ഭക്തിയും ബഹുമാനവുമൊക്കെ എന്റെ സുഖജീവിതത്തിനു മുൻപിൽ നിസാരമാണെന്നു ഞാൻ കരുതി. ദൈവത്തിനു പോലും എന്നെ ഒന്നും ചെയ്യാൻ കഴിയുകയില്ലെന്ന് വിചാരിച്ചു കൊണ്ട് ദൈവീകപ്രവർത്തികളെ ഞാൻ വിസ്മരിക്കുകയും.. നിന്റെ കരുണയെ പോലും വെല്ലുവിളിച്ചു കൊണ്ട് ജീവിക്കുകയും ചെയ്തു.

ഈശോയേ.. എന്റെ ഭക്തി മാന്ദ്യത്തെ നിന്റെ കത്തിജ്വലിക്കുന്ന തീഷ്ണതയോടു ചേർത്തു സമർപ്പിക്കുന്നു.. എന്റെ പാപങ്ങളെ നിന്റെ പുണ്യയോഗ്യതകളോടും, എന്നിൽ വേരുറച്ചു പോയ അഹങ്കാരത്തെ നിന്റെ എളിമയോടും ചേർത്തു പ്രാർത്ഥിക്കുന്നു. എന്റെ ചിന്തകളെയും വാക്കുകളെയും പ്രവർത്തികളെയും നിന്റെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കാൻ തിരുമനസ്സാകേണമേ.. അപ്പോൾ ഈ ലോക സുഖങ്ങളെക്കാൾ അങ്ങയെ സ്നേഹിക്കുവാനും, വിജയം നൽകുന്ന യോദ്ധാവായ അങ്ങയുടെ ശക്തമായ സംരക്ഷണത്തിന്റെ തികവിൽ ജീവിത വിജയം നേടിയെടുക്കാനും.. അങ്ങനെ സുരക്ഷിത ഭവനത്തിന്റെ നങ്കൂരമായ എന്റെ വിശ്വാസത്തിൽ ഞാൻ എന്നും തീഷ്ണതയോടെ ഉറച്ചുനിൽക്കുകയും ചെയ്യും..

വിശുദ്ധ അന്തോണീസ്.. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ.

Advertisements

നോമ്പുകാല വിചിന്തനം-28
വി. യോഹന്നാൻ 8 – 1 – 11

” നിങ്ങളിൽ പാപം ഇല്ലാത്തവൻ ആദ്യം അവളെ കല്ലെറിയട്ടെ ” യെന്ന യേശുവചനമാണ് ഇന്നത്തെ സുവിശേഷത്തിന്റെ സൂത്രവാക്യം. വ്യഭിചാരദോഷത്തിന് ശിക്ഷിക്കപ്പെടേണ്ട ഒരു സ്ത്രീ രക്ഷയുടെയും ആശ്വാസത്തിന്റെയും തീർത്ഥതീരമണയാൻ ഇടയാക്കിയത് ഈ വചനമാണ്. അതോടൊപ്പം കനത്ത കരിങ്കൽ ചീളുകളുമായി പാഞ്ഞെത്തിയ ജനസഞ്ചയത്തിലേക്ക് പാപബോധത്തിന്റെ തീപ്പൊരി ചിതറി വീഴ്ത്താനിടയാക്കിയതും ഈ യേശുവചനം തന്നെയായിരുന്നു. അതുകൊണ്ടുതന്നെയായിരിക്കുമല്ലോ കല്ലെറിയാൻ വന്ന ഓരോരുത്തരും ഒന്നൊഴിയാതെ വന്നവഴിക്കുതന്നെ മടങ്ങേണ്ടിവന്നത്. ദൈവം നമുക്കുവേണ്ടി ഒരുക്കിയിട്ടുള്ള ജീവിത വഴികളിൽ നമ്മൾ പരാജയപ്പെടുകയോ അതിനെ നിരസിക്കുകയോ ചെയ്യുന്നതിനെയാണ് പൊതുവെ പാപമെന്നു പറയുന്നത്. മറ്റൊരു വാക്കിൽ പറഞ്ഞാൽ ദൈവത്തിൽനിന്നുള്ള നമ്മുടെ അകൽച്ചയാണ് പാപം. എന്നാൽ ഒരു സമൂഹത്തിന്റെ ധാർമ്മിക മാനദണ്ഡങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതും ദൈവം നിശ്ചയിച്ചിരിക്കുന്ന മാർഗ്ഗങ്ങളിൽനിന്ന് അകലുന്നതും മാത്രമല്ല പാപം. ദൈവത്തിനും മനുഷ്യനും എതിരായി ചെയ്യുന്നതെന്തും പാപമായിട്ടാണ് വേദപുസ്തകം പൊതുവെ കരുതുന്നത് . ദൈവത്തിന്റെ വിശുദ്ധിയും അവിടുത്തെ സമീപിക്കുന്നവനുണ്ടായിരിക്കേണ്ട വിശുദ്ധിയുമാണ് യഥാർത്ഥത്തിൽ പാപബോധം നമ്മിൽ ഉളവാക്കുന്നത്. മനുഷ്യർ എന്ന നിലയിൽ നമ്മൾ ചെയ്തുകൂട്ടുന്ന എല്ലാ പ്രവർത്തനങ്ങളിലും പാപത്തിന്റെ അംശമുണ്ട്. “ഒരിക്കലും പാപം ചെയ്യാതെ നന്മമാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമുഖത്തില്ല.” (സഭാ: 7: 20). നമ്മുടെ ഈ പാപാവസ്ഥയാണ് എല്ലാ കാപട്യങ്ങൾക്കും ആത്മവഞ്ചനയ്ക്കും കാരണം (ജറ.17: 9). അതിനാൽ ഈ നോമ്പുകാലത്തിൽ പാപ ബോധത്തിന്റെ തീപ്പൊരികൾ നമ്മിലും ചിതറി വീഴാൻ നമുക്കു തീക്ഷ്ണതയോടെ പ്രാർത്ഥനാനിരതരാകാം.

ഫാ. ആന്റണി പൂതവേലിൽ

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment