{പുലർവെട്ടം 452}
ഇതെന്റെ ശരീരമാണ്- എടുത്തു കൊള്ളുക എന്ന അവന്റെ മൊഴിയിൽ അവൻ ചൊരിഞ്ഞ രക്തത്തിന്റെ മാത്രമല്ല വിയർപ്പിന്റെയും ധ്വനികൾ മുഴങ്ങുന്നുണ്ട്. ഇത്ര ദീർഘമായ ഒരു സ്വേദകാണ്ഡം ഭൂമിയുടെ ആചാര്യന്മാരിൽ മറ്റാർക്കുമില്ല എന്ന് തോന്നുന്നു. ‘കൊച്ചുളി, ചുറ്റിക, വരകോലുമായി കൊച്ചുനാൾ തൊട്ട് വേല ചെയ്തു തുടങ്ങിയ ഒരാൾ’ എന്നൊരു പാട്ട് പണ്ട് പള്ളികളിൽ നിന്ന് കേട്ടിരുന്നു. നല്ലൊരു കാലം കായികാധ്വാനത്തിൽ ഏർപ്പെട്ടതുകൊണ്ടാവണം അവന് മേദസ്സില്ലാത്തൊരു ഭാഷയുണ്ടായി എന്നൊരു നിരീക്ഷണമുണ്ട്. വിളക്ക് കൊളുത്തിയും അര മുറുക്കിയും ആഴങ്ങളിലേക്ക് വലയെറിഞ്ഞും ഒക്കെ തൊഴിലിനെ കുറേക്കൂടി ചാരുതയുള്ളതാക്കാമെന്ന് അവൻ കരുതി. സംതൃപ്തിയും സന്നദ്ധതയും അഗാധമായ അന്വേഷണവും എന്നൊക്കെ യഥാക്രമം ആ സൂചനകളെ വായിച്ചെടുക്കാവുന്നതാണ്.
ശരീരമാണ് ഏതൊരു കൂലിപ്പണിക്കാരന്റെയും ആദ്യത്തേതും അവസാനത്തേതുമായ മൂലധനം. അതു പൊടിഞ്ഞുപോയാൽ പിന്നെ അയാളില്ല. അതിൽ നിന്നുണ്ടായ തളിർപ്പുകളാണ് നിങ്ങൾ സഞ്ചരിക്കുന്ന വാഹനവും നിങ്ങൾ പാർക്കുന്ന വീടുമൊക്കെ. വേല ചെയ്യുന്നവന്റെ ശരീരത്തിനാവശ്യമുള്ള വിശ്രമവും പരിചരണവും ഒക്കെ ഉറപ്പുവരുത്തേണ്ടത് സംസ്കൃതചിത്തരായ സമൂഹത്തിന്റെ ബാധ്യതയാണ്. അവന്റെ വിയർപ്പിനോട് മതിപ്പുണ്ടാവണമെന്നാണ് എപ്പോഴും അയാൾ ആഗ്രഹിച്ചത്.
ഒന്നര നൂറ്റാണ്ടിനിടെ, ഒരു മരുന്നിന് ഏതാനും ചിലരുള്ളത് ഒഴിവാക്കിയാൽ, ഇത് കൂലിപ്പണിക്കാരുടെയും അടിമകളുടെയും ധർമ്മമായിരുന്നു. ചെറിയ തൊഴിലിലേർപ്പെടുന്നവരുടെ വിയർപ്പിന് ഒരു കാലവും യാതൊരു വിധ മതിപ്പും കല്പിച്ചു കൊടുത്തിട്ടില്ല. ജീവജാലങ്ങളുടെ ഗന്ധത്തിന് പറയുന്ന ചൂര് എന്ന വാക്ക് കൂലിപ്പണിക്കാരെ പരാമർശിക്കുമ്പോൾ ഭാഷയിൽ കേട്ടിരുന്നു. ആ ചൂരുള്ള മനുഷ്യരെ നോക്കിയാണ് ‘നിങ്ങൾ യേശുവിന്റെ പരിമളം’ എന്നു പറഞ്ഞ് പൗലോസിനെക്കണക്ക് ഒരാൾ കരം കൂപ്പി നിൽക്കുന്നത്.
പണിയെടുക്കുന്നവരെ സാദരം ഉറ്റുനോക്കുന്ന ഒരു കാലത്തിനു വേണ്ടിയുള്ള പ്രാർത്ഥന കൂടിയാവാം തളികയിൽ ‘ശരീരം’ എന്ന് മന്ത്രിച്ച് അവനുയർത്തിയ അപ്പം.
– ബോബി ജോസ് കട്ടികാട്
Advertisements

Advertisements
Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Leave a reply to Nelson Cancel reply