നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം
മുപ്പത്തി അഞ്ചാം ദിനം
” നല്ലവരായിരിക്കുക, കർത്താവിനെ സ്നേഹിക്കുക, അവനെ അറിയാത്തവർക്കു വേണ്ടി പ്രാർത്ഥിക്കുക. ദൈവത്തെ അറിയുകയെന്നത് എത്ര വലിയ കൃപയാണ്.”
വിശുദ്ധ ജോസഫൈൻ ബക്കീത്ത (1869-1947)
ആഫ്രിക്കന് രാജ്യമായ സുഡാനിലെ ഡാർഫർ മേഖലയിലെ ഓൾഗോസ്സയിൽ ജനിച്ച ബക്കീത്തയെ ഏഴാമത്തെ വയസ്സിൽ തട്ടികൊണ്ടു പോയി അടിമയായി വിറ്റു. പല യജമാനന്മാരുടെ കൈകള് മാറി ബക്കീത്ത 1883 ല് കലിസ്റ്റോ ലെഗ്നാനി എന്ന ഇറ്റാലിയന് വിദേശകാര്യ ഉദ്യോഗസ്ഥൻ്റെ കൈകളില് എത്തി. രണ്ടു വര്ഷത്തിന് ശേഷം ബക്കീത്ത യജമാനന്റെ കൂടെ ഇറ്റലിയില് എത്തി.
കലിസ്‌റ്റോ അവളെ അഗസ്റ്റോ മിഷേലി എന്ന ഇറ്റലിക്കാരനു നല്കി. ഇറ്റലിയിലെത്തിയ ബക്കീത്താക്ക് ആ കുടുംബത്തിലെ കുഞ്ഞുങ്ങളെ നോക്കുന്ന ഉത്തരവാദിത്വം കിട്ടി. അവിടെ വച്ചാണ് ക്രിസ്തീയ വിശ്വാസത്തെ കുറിച്ചു പഠിക്കുകയും 1890 ല് ജ്ഞാനസ്‌നാനം സ്വീകരിക്കുകയും ജോസഫൈന് എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
ബക്കീത്ത 1893 ല് ബക്കീത്ത മേരി മഗ്ദലീന് ഓഫ് കനോസ്സ് സന്യാസമഠത്തില് ചേര്ന്നു ‘ദൈവത്തിന്റെ സ്വതന്ത്രപുത്രി’യായി. മറ്റുളളവര്ക്കായി, വിശിഷ്യാ പാവങ്ങള്ക്കും നിസ്സഹായര്ക്കുമായി സന്ന്യാസത്തിലൂടെ സ്വയം സമര്പ്പിച്ചുകൊണ്ടാണ് അവള് വിശുദ്ധിയുടെ പടവുകള് കയറിയത്.
1947 ൽ ഇറ്റലിയിലെ ഷിയോയിൽ വച്ചു നിര്യാതയായ ബക്കീത്തയെ 2000 ഒക്ടോബർ ഒന്നിനു ജോൺ പോൾ രണ്ടാമൻ പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. 2007 ലെ ബനഡിക്ട് പതിനാറാമൻ പാപ്പയുടെ രക്ഷയുടെ പ്രത്യാശ (Spe Salvi) എന്ന തൻ്റെ രണ്ടാം ചാക്രിക ലേഖനത്തിൽ ബക്കീത്തയെ ക്രിസ്തീയ പ്രത്യാശയുടെ ഉദാത്ത മാതൃകയായി അവതരിപ്പിച്ചിരിക്കുന്നു.
വിശുദ്ധ ജോസഫൈൻ ബക്കീത്തയോടൊപ്പം പ്രാർത്ഥിക്കാം
വിശുദ്ധ ബക്കീത്തായേ, ക്രിസ്തീയ പ്രത്യാശയുടെ ഉദാത്ത മാതൃകയായിരുന്നല്ലോ നിൻ്റെ ജീവിതം, നോമ്പിലെ ഈ ദിനങ്ങളിൽ പ്രത്യാശയിൽ വളരുവാനും എന്നെ കാണുന്ന മറ്റുള്ളവർക്കു ക്രിസ്തീയ പ്രത്യാശയും സ്നേഹവും പകരുവാനും എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ.
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/


Leave a comment