⚜️⚜️⚜️⚜️ March 25 ⚜️⚜️⚜️⚜️
പരിശുദ്ധ കന്യകാമാതാവിനുള്ള ഗബ്രിയേല്‍ മാലാഖയുടെ മംഗളവാര്‍ത്ത
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
‘പരിശുദ്ധമാതാവിനോടുള്ള യഥാര്‍ത്ഥ ഭക്തി’ എന്ന ചെറു ഗ്രന്ഥം ദൈവമാതാവിനോടുള്ള ഭക്തിയുടെ രഹസ്യവും, അര്‍ത്ഥവും വ്യഖ്യാനിക്കുന്ന പ്രവാചകപരമായ ഒരു ഗ്രന്ഥമാണ്. വിശുദ്ധ ലൂയീസ് ഡി മോണ്ട്ഫോര്‍ട്ട് ഈ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ഓരോ കാര്യങ്ങളും പരിശുദ്ധ അമ്മയേ പറ്റിയുള്ള അസാമാന്യമായ ഉള്‍കാഴ്ചയും, നിഗൂഡതയും വെളിപ്പെടുന്നതാണ്. എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ വാക്കുകളുടെ അര്‍ത്ഥം പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ നമ്മുക്ക് സാധ്യമല്ല. ഉദാഹരണമായി രക്ഷകന്‍, മാതാവിന്‍ ഉദരത്തില്‍ ജീവിച്ചിരുന്നിടത്തോളം കാലം പരിശുദ്ധ മാതാവിന്റെ അടിമയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഈ വാക്യത്തിന്‍റെ അര്‍ത്ഥം പൂര്‍ണ്ണമായി മനസ്സിലാക്കുവാന്‍ ആര്‍ക്ക് സാധിക്കും?
പരിശുദ്ധ മാതാവിന്റെ മംഗള വാര്‍ത്തക്ക് ശേഷം, രക്ഷകന്‍ മാംസമായി അവളില്‍ അവതരിച്ചു. രക്ഷകന്‍ തന്റെ അമ്മയായ മാതാവിന്റെ ഉദരത്തില്‍ ഏകാന്തവാസമായിരുന്നപ്പോള്‍ പരിശുദ്ധ മാതാവിനോട് മാത്രം ബന്ധപ്പെട്ട ജീവിതമാണ് നയിച്ചിരിന്നത്. ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയിലുള്ള ആശ്രയത്തിന്റെ പരിപൂര്‍ണ്ണതയെന്ന് ഈ ബന്ധത്തെ വിശേഷിപ്പിക്കാം. യേശുവിന്റെ അസ്ഥിത്വത്തിന്റെ തുടക്കത്തില്‍ തന്നെ ‘അവതാരം’ എന്ന വാക്ക് വിശദമാക്കപ്പെട്ടിട്ടുള്ളതാണ്. രക്ഷകന്‍ തന്റെ ജീവിതം മറ്റൊരു ജീവിയുടെ ഉദരത്തില്‍ ജീവിക്കുവാന്‍ തിരഞ്ഞെടുത്തിരുന്നു. പരിശുദ്ധ മാതാവുമായിട്ടുളള നിഗൂഢ ബന്ധത്തില്‍ അവളുടെ ഉദരത്തില്‍ താമസിക്കുക എന്നത് യേശുവിന്‍റെ തന്നെ പദ്ധതിയായിരുന്നു.
ആ അവതാരത്തിലൂടെ ദൈവം തന്റെ സര്‍വ്വശക്തിത്വം വെളിപ്പെടുത്തിയിരിക്കുന്നു. ഗര്‍ഭധാരണത്തിലും, പ്രസവത്തിനു മുന്‍പും, പിന്‍പും മാതാവിനെ കന്യകയായി തന്നെ നിലനിര്‍ത്തികൊണ്ട് ദൈവം തന്റെ ശക്തി വെളിപ്പെടുത്തി. യേശുവിന്‍റെ അവതാരത്തെ സംബന്ധിക്കുന്ന എല്ലാക്കാര്യങ്ങളും തന്നെ വളരെയേറെ അസാധാരണമായിരുന്നു. ദൈവത്തിനു വേണമെങ്കില്‍ ഗര്‍ഭധാരണത്തിനു ശേഷം കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ രക്ഷകന്‍ ജനിക്കത്തക്ക രീതിയില്‍ കാര്യങ്ങള്‍ ചിട്ടപ്പെടുത്താമായിരുന്നു.
പക്ഷേ ദൈവം അപ്രകാരം ചെയ്തില്ല, പൂര്‍ണ്ണമായും ഒമ്പത് മാസം മാതാവിന്റെ ഉദരത്തില്‍ കിടക്കുവാനും, അവളുമായി തന്റെ ആത്മാവിന് സവിശേഷവും, നിഗൂഡവുമായ ബന്ധമുണ്ടായിരിക്കുകയുമാണ് അവന്‍ ആഗ്രഹിച്ചത്. ചുരുക്കി പറഞ്ഞാല്‍ അവന്‍ അവളുടെ അടിമയായിരിക്കുവാന്‍ ആഗ്രഹിച്ചു. പൂര്‍ണ്ണമായും മാതാവില്‍ ആശ്രയിക്കുക എന്നതായിരുന്നു അവന്‍ ആഗ്രഹിച്ചിരുന്നത്. ആ സമയത്ത് ആത്മാക്കള്‍ തമ്മില്‍ ഏതു വിധത്തിലുള്ള ബന്ധമായിരിക്കും സ്ഥാപിക്കപ്പെട്ടിരിക്കുക? ഏത് വിധത്തിലുള്ള ഐക്യമായിരിക്കും അവിടെ ഉണ്ടായിരിക്കുക?
ഇത് അഭേദ്യമായ ഒരു കാര്യമാണ്. നമ്മുടെ ദൈവം മനുഷ്യ പ്രകൃതി സ്വീകരിച്ചുവെന്നും, അവന്‍ യഥാര്‍ത്ഥ മനുഷ്യനായിരുന്നുവെന്നുമുള്ള അവതാരത്തിന്റെ നിഗൂഡത നാം പരിഗണിക്കേണ്ടതാണ്. നമുക്കുള്ളത് പോലെ തന്നെ അവനും ആത്മാവും, ശരീരവുമുണ്ടായിരുന്നു, നമ്മേപോലെ തന്നെ അവനും പൂര്‍വ്വപിതാവായ ആദമിന്റേയും, ഹൗവ്വയുടേയും വംശാവലിയില്‍ ഉള്ളവനായിരുന്നു. പക്ഷേ ഈ വസ്തുതക്ക് സമാന്തരമായി തന്നെ, അവന്റെ മനുഷ്യാത്മാവിന് ദൈവവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. പരിശുദ്ധ ത്രിത്വത്തിന്റെ ഭാഗമാകുവാന്‍ മാത്രം ശക്തമായിരുന്ന ബന്ധമെന്ന്‍ അതിനെ വിശേഷിപ്പിക്കാം. മനുഷ്യാത്മാവായിട്ടാണ് സൃഷ്ടിക്കപ്പെട്ടതെങ്കിലും, യേശു ക്രിസ്തുവില്‍ രണ്ട് വ്യക്തിത്വമില്ലായിരുന്നു. എങ്ങനെ ഒരു മനുഷ്യാത്മാവിന് ഒരു വ്യക്തിയെ ദൈവമാക്കി രൂപപ്പെടുത്തുവാന്‍ സാധിക്കും? ഇതൊരു രഹസ്യമാണ്. പരിശുദ്ധ ത്രിത്വപരമായ ഒരു ഐക്യമാണിതിന് കാരണമെന്ന് ദൈവശാസ്ത്രം നമ്മെ പഠിപ്പിക്കുന്നു.
യേശു കുരിശില്‍ കിടന്നപ്പോള്‍ “എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തിനു നീ എന്നെ ഉപേക്ഷിച്ചു?” എന്ന് നിലവിളിച്ചതിനെ ഒരാള്‍ക്ക് എപ്രകാരം വിവരിക്കുവാന്‍ സാധിക്കും? ആ നിമിഷത്തിലും അവന്‍ ദൈവവുമായി ബന്ധപ്പെട്ട അവസ്ഥയില്‍ തന്നെ ആയിരുന്നു, പക്ഷേ തന്റെ ദൈവീകതയിലും മനുഷ്യസ്വഭാവപരമായ ഒറ്റപ്പെടലിന്റേയും, ഉപേക്ഷിക്കപ്പെടലിന്റേയും വേദന അനുഭവിക്കുവാന്‍ അവന്‍ ആഗ്രഹിച്ചിരുന്നു.
ഇവിടെ ഇതാ നമ്മുടെ മുന്‍പില്‍ പിന്നേയും ഒരു രഹസ്യം വെളിവാകുന്നു. പരിശുദ്ധ അമ്മയുടെ ഗര്‍ഭത്തിലായിരിക്കുമ്പോള്‍ മാതാവുമായിട്ടുള്ള യേശുവിന്റെ ഐക്യം, പരിശുദ്ധ ത്രിത്വൈക ഐക്യത്തിന്റെ പൂര്‍ണ്ണതയിലായിരിന്നു. പരിശുദ്ധ അമ്മയുടെ ദാസന്‍മാരായ നാം ഓരോരുത്തരോടും ഇപ്പോഴും വിവരിക്കാനാവാത്ത ചില നിഗൂഡതകള്‍ ഉണ്ട്. എന്നാല്‍ നമ്മുടെ രക്ഷകനും പരിശുദ്ധ അമ്മയും തമ്മിലുള്ള ദൈവീക ഐക്യത്തിന്റെ നിഗൂഡതയേ കണക്കിലെടുക്കുമ്പോള്‍ ഇത് താരതമ്യം ചെയ്യുവാന്‍ കഴിയാത്തത്ര നിസാരമാണ്. ഈ രഹസ്യങ്ങളെല്ലാം സമാനരീതിയില്‍ തന്നെയാണ് പക്ഷേ അവയെ എപ്രകാരം വിശദീകരിക്കണമെന്ന് നമുക്കറിയില്ല. എന്നിരുന്നാലും ഈ രഹസ്യങ്ങള്‍ എല്ലാം തന്നെ മുഖ്യ സിദ്ധാന്തങ്ങളായ അദ്വൈതവാദത്തേയും (Pantheism), വ്യക്തിമഹാത്മ്യ വാദത്തേയും (Individualism) എതിര്‍ക്കുന്നു.
അദ്വൈതവാദമനുസരിച്ച് എല്ലാം ദൈവമയമാണ്; ഒന്നിന് മറ്റൊന്നില്‍ നിന്നും സാരവത്തായ മാറ്റമില്ല. ഒരു ഏകവ്യക്തിത്വമെന്ന നിലയില്‍ എല്ലാ ജീവജാലങ്ങളും പരസ്പരം ഐക്യപ്പെട്ടിരിക്കുന്നു. എന്നാല്‍ വ്യക്തിമഹാത്മ്യ വാദമനുസരിച്ച് ഓരോ വ്യക്തിയും ഏകനാണ്, മാത്രമല്ല മറ്റുള്ളവരുമായി ഐക്യപ്പെടേണ്ട ആവശ്യവുമില്ല. പക്ഷേ കത്തോലിക്കാ വിശ്വാസം ഈ രണ്ടു ചിന്താഗതികളേയും എതിര്‍ക്കുന്നു. എല്ലാ മനുഷ്യരും അവരില്‍ തന്നെ ഏകനാണ്. ഒരു വ്യക്തി എന്നാല്‍, വ്യക്തിയെന്ന നിലയില്‍ തന്റെ പുരോഗതിക്കായി അവന്‍ മറ്റുള്ളവരുമായി ബന്ധപ്പെടേണ്ടത് അത്യാവശ്യമാണ്. പരിശുദ്ധ അമ്മയുടെ കാരുണ്യത്താല്‍ ദൈവശാസ്ത്രത്തിനും, തത്വശാസ്ത്രത്തിനും ഒരിക്കല്‍ ഇതിനെ പറ്റി വിശദീകരിക്കുവാന്‍ സാധിക്കുമായിരിക്കും.
നമ്മുടെ രക്ഷകന്റേയും, മാതാവിന്റേയും ബന്ധം വിശദീകരിക്കപ്പെടുമ്പോള്‍, അതില്‍ നിന്നും വെളിപാടുകളെ മനസ്സിലാക്കുവാനുള്ള താക്കോലും കണ്ടെത്തുവാന്‍ കഴിയുമെന്ന്‍ ഉറപ്പിച്ച് പറയാം. വിശുദ്ധ ലൂയീസ് ഡി മോണ്ട്ഫോര്‍ട്ട്, അവതാരത്തിന്റെ രഹസ്യം അതില്‍ തന്നെ മറ്റുള്ള എല്ലാ നിഗൂഡതകളേയും ഉള്‍കൊള്ളുന്നു എന്ന കാര്യം വ്യക്തമാക്കുന്നു. എല്ലാ തിരുനാള്‍ ദിനങ്ങളിലും തിരുസഭ ഇതിനു വേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കാറുള്ള കാര്യം നമുക്കറിയാമല്ലോ. അതിനാല്‍ മംഗളവാര്‍ത്താ ദിനത്തിലും, വചനം മാംസമായി അവതരിച്ചപ്പോഴും പരസ്പരം ബന്ധപ്പെട്ട ഈ നിഗൂഡ രഹസ്യങ്ങള്‍ നാം ധ്യാനിക്കുന്നു. നമ്മുടെ രക്ഷകനും പരിശുദ്ധ അമ്മയുമായുള്ള ആഴമായ ബന്ധത്തെപ്പറ്റി ചിന്തിക്കാനുള്ള ഒരു ചിന്ത കൂടിയാണ് ഈ ദിവസം.
ഈ തിരുനാള്‍ ദിനം നാം നമ്മെ തന്നെ പരിശുദ്ധ അമ്മക്ക് സമര്‍പ്പിക്കുകയും, നമ്മളെ അടിമകളായി വിട്ടു നല്കി കൊണ്ട് സമാനമായൊരു ബന്ധം സ്ഥാപിക്കുവാന്‍ നാം പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. യേശു അവളില്‍ വസിച്ചത് പോലെ നമ്മളേയും അവളുടെ വിനീത മക്കളാക്കി മാറ്റുവാന്‍ നമുക്ക് പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിക്കാം.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1. ബെല്‍ജിയംകാരായ ബറോണിയൂസും ദെസിദേരിയൂസും
2. ഡിസ്മസ്
3. നിക്കോമേഡിയായിലെ തെയോഡുളാ
4. സ്കോട്ടിസഹു കന്യാസ്ത്രീയായ ഏനോക്ക്
5. ഗ്ലസ്റ്ററിലെ യഹൂദരാല്‍ വധിക്കപ്പെട്ട ശിശുവായ ഹാരോള്‍ഡ്
6. ഫ്ലാന്‍റേഴ്സിലെ ഹുമ്പെര്‍ട്ട്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഇരുപത്തി അഞ്ചാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു”
(മത്തായി 1:16).
നീതിമാനായ വിശുദ്ധ യൗസേപ്പ് പിതാവ്
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വി. യൗസേപ്പിനെ വിശുദ്ധ ഗ്രന്ഥം വിശേഷിപ്പിക്കുന്നത് നീതിമാന്‍ എന്നാണ്. സകല സുകൃതങ്ങളാലും അലംകൃതനായ ഒരു വ്യക്തിയെയാണ് നീതിമാനെന്നു പ്രകീര്‍ത്തിക്കുന്നത്. ഓരോരുത്തര്‍ക്കും അര്‍ഹമായത് അവരവര്‍ക്കു നല്‍കുന്നതിലാണ് നീതി. ദൈവത്തോടും അധികാരികളോടും മറ്റുള്ളവരോടും നീതി പുലര്‍ത്തണം. ദൈവത്തിനര്‍ഹമായ ആരാധനയും അധികാരികളോട് വിധേയത്വവും നാം പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു. മറ്റുള്ളവരോടുള്ള നമ്മുടെ ഇടപടലിലും നാം നീതി പാലിക്കണം. കടം വാങ്ങിച്ചാല്‍ തിരിച്ചു കൊടുക്കണം.
മറ്റുള്ളവരുടെ വസ്തുവകകള്‍ക്ക് നാശം വരുത്തിയാല്‍ നാം നഷ്ടപരിഹാരം നല്‍കേണ്ടതാണ്. സാമൂഹ്യനീതി, ക്രയവിക്രയ നീതി എന്നിവയില്‍ വീഴ്ച വരുത്തരുത്. ഇന്നത്തെ ലോകത്തില്‍ ദരിദ്രരോടും തൊഴിലാളികളോടും നാം നീതിപൂര്‍വ്വം പെരുമാറേണ്ടിയിരിക്കുന്നു. വക്രത, അഴിമതി, മായം ചേര്‍ക്കല്‍, കബളിപ്പിക്കല്‍ മുതലായവ നാം പരിവര്‍ജ്ജിക്കണം. സാമൂഹ്യ ജീവിതം സൗഭാഗ്യപൂര്‍ണ്ണമാക്കിത്തീര്‍ക്കുന്നതിന് നീതിപാലനം അത്യാവശ്യമാണ്. നീതിയുടെ പരിണിതഫലമാണ് സമാധാനം.
കുടുംബങ്ങളിലും സമുദായങ്ങളിലും ജനപദങ്ങളിലും സമാധാനം പുലരണമെങ്കില്‍ കൃത്യമായ രീതിയില്‍ നീതിനിര്‍വഹണം കൂടിയേ തീരു. നീതി സ്നേഹത്താല്‍ മൃദുലപ്പെടേണ്ടിയിരിക്കുന്നു. സമാധാനത്തിനു വേണ്ടി നീതിയില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നേക്കാം. വിവേകവും ഉപവിയും അതിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നു. പ. കന്യക ഗര്‍ഭിണിയായിരിക്കുന്ന വിവരം വിശുദ്ധ യൗസേപ്പ് മനസ്സിലാക്കുന്നു. എന്നാല്‍ അദ്ദേഹം പ. കന്യകയുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുവാന്‍ മുതിരുന്നില്ല.
അഗ്രാഹ്യമായ ഇടപെടല്‍ ദൈവപരിപാലനയുടെ വൈഭവമാണെന്ന ബോധ്യം മാര്‍ യൗസേപ്പിനുണ്ടായിരുന്നു. പ. കന്യകയുടെ അഭിമാനത്തെ നിഹനിക്കുകയോ മറ്റെന്തെങ്കിലും നടപടികള്‍ നടത്തുകയോ ചെയ്യാതെ വി. യൗസേപ്പ് രഹസ്യത്തില്‍ മേരിയെ പരിത്യജിക്കുവാനാണ് ആലോചിച്ചത്.
നമ്മുടെ പിതാവായ മാര്‍ യൗസേപ്പില്‍, ഉപവിയും നീതിയും വിവേകവും മറ്റെല്ലാ സുകൃതങ്ങളും പൂര്‍ണ്ണമായ വിധം പ്രശോഭിച്ചിരുന്നുവെന്ന് മനസ്സിലാക്കാം. ഉപവിയുടെ ഉന്നതമായ പദവി ഉള്ളവര്‍ക്ക് ബാക്കി എല്ലാ സുകൃതങ്ങളും ഉണ്ടാകും. എല്ലാ സുകൃതങ്ങളും വിവേകത്താല്‍ നയിക്കപ്പെടുകയും ഉപവിയാല്‍ സജീവമാക്കപ്പെടുകയും ചെയ്യണം.
സംഭവം
🔶🔶🔶🔶
ജര്‍മ്മനിയില്‍ ബോണ്‍ നഗരത്തില്‍ കുലീനയും സുന്ദരിയും ആയ ഒരു സ്ത്രീ, അഹങ്കാരത്താല്‍ പ്രേരിതയായി ക്രിസ്തീയ വിശ്വാസം പരിത്യജിച്ച് അസന്മാര്‍ഗ്ഗിക ജീവിതം നയിച്ചു പോന്നു. കുറെ കഴിഞ്ഞപ്പോള്‍ അവള്‍ക്ക് രോഗം പിടിപെട്ടു. ശയ്യാവലംബിനിയായിത്തീര്‍ന്നു. മാര്‍ യൗസേപ്പിന്‍റെ ഭക്തയായ ഫിലോമിന എന്ന ഒരു സ്നേഹിത അവള്‍ക്കുണ്ടായിരുന്നു. അവളുടെ മന:പരിവര്‍ത്തനത്തിനുവേണ്ടി ഫിലോമിന തീക്ഷ്ണതാപൂര്‍വ്വം മാര്‍ യൗസേപ്പിനോട് പ്രാര്‍ത്ഥിച്ചു. കൂടാതെ ഈ പുണ്യപിതാവിന്‍റെ ഒരു ചിത്രം അവളുടെ മൗനാനുവാദത്തോടെ മുറിയില്‍ സ്ഥാപിച്ച് മാര്‍ യൗസേപ്പേ, എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണേ എന്ന്‍ ജപിക്കുവാനും ആവശ്യപ്പെട്ടു.
ഫിലോമിനായോടുള്ള ബന്ധത്താല്‍ ഈ അപേക്ഷ അവളുടെ സ്നേഹിതയ്ക്ക് തിരസ്ക്കരിക്കുവാന്‍ കഴിഞ്ഞില്ല. അങ്ങനെ അവള്‍ മാര്‍ യൗസേപ്പിനോടു പ്രാര്‍ത്ഥിച്ചു തുടങ്ങി. അത്ഭുതകരമായ മന:പരിവര്‍ത്തനമാണ് അവള്‍ക്കുണ്ടായത്. ക്രിസ്തീയ വിശ്വാസത്തെ പുച്ഛിച്ചു തള്ളിയ അവള്‍ അധികം താമസിയാതെ ഉത്തമവിശ്വാസിയും മതതീക്ഷ്ണത കൊണ്ട് നിറഞ്ഞവളുമായിത്തീര്‍ന്നു.
ജപം
🔶🔶
നീതിമാനായ വി. യൗസേപ്പേ, അങ്ങ് സകല സുകൃതങ്ങളാലും സമലംകൃതനായിരുന്നല്ലോ. തന്നിമിത്തം ദൈവസംപ്രീതിക്ക് പാത്രീഭൂതനുമായിരുന്നു. ഞങ്ങള്‍ ക്രിസ്തീയ സുകൃതങ്ങള്‍ തീക്ഷ്ണതയോടു കൂടി അഭ്യസിച്ച് ദൈവ സംപ്രീതിക്ക് പാത്രീഭൂതരാകുന്നതിനുളള അനുഗ്രഹം നല്‍കേണമേ. നീതിപാലനത്തില്‍ ഞങ്ങള്‍ വിശ്വസ്തരായിരിക്കട്ടെ. ദൈവത്തിനു അര്‍ഹമായ ആരാധനയും മേലധികാരികളോടുള്ള അനുസരണവും മറ്റുള്ളവരോടുള്ള പെരുമാറ്റത്തില്‍ നീതിയും പാലിക്കുന്നതിന് വേണ്ട അനുഗ്രഹം നല്‍കേണമേ. ദരിദ്രരോടും തൊഴിലാളികളോടും ഔദാര്യപൂര്‍വ്വം പെരുമാറുന്നതിനുള്ള മഹാമനസ്ക്കതയും ഞങ്ങളില്‍ ഉളവാകട്ടെ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.
വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
കര്‍ത്താവേ, അനുഗ്രഹിക്കണമേ
(കര്‍ത്താവേ…)
മിശിഹായെ, അനുഗ്രഹിക്കണമേ.
(മിശിഹായെ…)
കര്‍ത്താവേ, അനുഗ്രഹിക്കണമേ.
(കര്‍ത്താവേ…)
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
(മിശിഹായെ…)
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
(മിശിഹായെ…)
സ്വര്‍ഗ്ഗസ്ഥനായ പിതാവേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
ലോകരക്ഷകനായ ക്രിസ്തുവേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,
.
പരിശുദ്ധ മറിയമേ ,
(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)
വിശുദ്ധ യൗസേപ്പേ,
ദാവീദിന്‍റെ വിശിഷ്ട സന്താനമേ,
ഗോത്രപിതാക്കളുടെ പ്രകാശമേ,
ദൈവജനനിയുടെ ഭര്‍ത്താവേ,
പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,
ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ,
തിരുക്കുടുംബത്തിന്‍റെ നാഥനേ,
എത്രയും നീതിമാനായ വി. യൗസേപ്പേ,
മഹാ വിരക്തനായ വി.യൗസേപ്പേ,
മഹാ വിവേകിയായ വി. യൗസേപ്പേ,
മഹാ ധീരനായ വി. യൗസേപ്പേ,
അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,
മഹാ വിശ്വസ്തനായ വി. യൗസേപ്പേ,
ക്ഷമയുടെ ദര്‍പ്പണമേ,
ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,
തൊഴിലാളികളുടെ മാതൃകയേ,
കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,
കന്യകകളുടെ സംരക്ഷകാ ,
കുടുംബങ്ങളുടെ ആധാരമേ,
നിര്‍ഭാഗ്യരുടെ ആശ്വാസമേ,
രോഗികളുടെ ആശ്രയമേ ,
മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,
പിശാചുക്കളുടെ പരിഭ്രമമേ,
തിരുസ്സഭയുടെ പാലകാ,
ഭൂലോകപാപ….(3)
(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.
(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.
പ്രാര്‍ത്ഥിക്കാം
അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.
സുകൃതജപം
🔶🔶🔶🔶🔶🔶
നീതിമാനായ മാര്‍ യൗസേപ്പേ നീതിബോധം ഞങ്ങള്‍ക്കു നല്‍കേണമേ.
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
ഇതാണ് നിങ്ങള്‍ ചെയ്യേണ്ടത്; പരസ്‌പരം സത്യം പറയുക; നഗരകവാടങ്ങളില്‍ സത്യസന്‌ധമായിന്യായം വിധിക്കുക; അങ്ങനെ സമാധാനം പാലിക്കുക.
സഖറിയാ 8 : 16
നോമ്പുകാല വിചിന്തനം-36
വി. ലൂക്ക 1 : 26 – 38
സീറോമലബാർസഭയുടെ ആരാധനക്രമമനുസരിച്ച് ഇന്ന് മംഗളവാർത്താതിരുനാളാണ്. ലോകരക്ഷയ്ക്കായി മനുഷ്യപങ്കാളിത്തത്തോടെ ദൈവം ആവിഷ്ക്കരിച്ച പദ്ധതിയുടെ ഭാഗമാണ് മറിയത്തിനു ലഭിച്ച മംഗളവാർത്ത. ഈ പദ്ധതി സാധാരണ മനുഷ്യബുദ്ധിക്ക് അഗ്രാഹ്യവും രഹസ്യാത്മകത നിറഞ്ഞതുമാണ്. അതേസമയം, രക്ഷാകര പദ്ധതിക്ക് മനുഷ്യപങ്കാളിത്തം അനിവാര്യമാണെന്ന സത്യമാണ് മംഗളവാർത്തയുടെ കാതലായ ആശയം. ഗബ്രിയേൽ ദൂതൻവഴിയുള ദൈവികാഭിവാദ്യത്തെ കടുത്ത വെല്ലുവിളിയോടെയാണ് മറിയം സ്വാഗതം ചെയ്തത്. അഭിവാദ്യം സ്വീകരിക്കുന്നതിനോ തിരസ്ക്കരിക്കുന്നതിനോ സ്വാതന്ത്ര്യമുണ്ടായിട്ടും മറിയം പക്വമായ വിശ്വാസത്തോടും വിവേക ബുദ്ധിയോടുംകൂടി ദൈവത്തിന്റെ ക്ഷണം സ്വീകരിക്കുകയാണുണ്ടായത്. ദൈവികപദ്ധതിയുടെ സാക്ഷാത്ക്കാരത്തിന് എന്നെപ്പോലുള്ള ഒരു സ്ത്രീയുടെ പൂർണ്ണമായ സമ്മതവും അനുവാദവും ആവശ്യമാണെന്ന് മറിയം തിരിച്ചറിഞ്ഞു. ഇതിനാവശ്യമായ വിശ്വാസം, വിശുദ്ധി, വിവേകം, വിനയം എന്നിവ മറിയത്തിനുണ്ടായിരുന്നു. ഇക്കാര്യത്തിൽ പഴയനിയമത്തിലെ സോളമൻ രാജാവിന്റെ ആദ്ധ്യാത്മികതയുടെ പുതിയനിയമ പ്രതീകമാണ് മറിയം. സോളമന്റെ പ്രാർത്ഥന ഇപ്രകാരമായിരുന്നു: “നന്മയും തിന്മയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാൻപോരുന്ന വിവേകം ഈ ദാസനു നൽകിയാലും…. ” (1 രാജ 3 : 9 – 12 ) ഇതേ ആദ്ധ്യാത്മിക മനോഭാവത്തോടെയാണ് മറിയം മംഗളവാർത്തയോട് പ്രതികരിച്ചത്. ദൈവശാസ്ത്രജ്ഞനും തത്വചിന്തകനുമായ ഇമ്മാനുവൽ കാന്റിന്റെ അഭിപ്രായത്തിൽ, “ദൈവത്തെ മനസ്സിലാക്കണമെങ്കിൽ ആദ്യം അവനിൽ വിശ്വസിക്കണം” ഇതേ ആശയം വി. ആഗസ്തീനോസിന്റെ ഭാഷയിൽ പറഞ്ഞാൽ,” Do not seek to understand in order to believe; but believe in order to understand “. അതായത്, മനസ്സിലാക്കിയ ശേഷമുള്ളതല്ല വിശ്വസിച്ച് മനസ്സിലാക്കുക എന്നതാണ് വിശ്വാസത്തിൽ ആവശ്യമായിരിക്കുന്നത്. ചുരുക്കത്തിൽ, ദൈവഹിതത്തിനു സ്വയം വിട്ടുകൊടുക്കുന്നതാണ് യഥാർത്ഥവിശ്വാസമെന്ന് മംഗളവാർത്താ സംഭവത്തിലൂടെ മറിയം നമ്മെ പഠിപ്പിക്കുന്നു.
ഫാ. ആന്റണി പൂതവേലിൽ


Leave a comment