⚜️⚜️⚜️⚜️ March 29 ⚜️⚜️⚜️⚜️
വിശുദ്ധന്‍മാരായ ജോനാസും, ബറാചിസിയൂസും, സഹവിശുദ്ധരായ രക്തസാക്ഷികളും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
സാപൊര്‍ രാജാവിന്റെ സൈന്യത്തിലുണ്ടായിരുന്ന അര്‍മേനിയന്‍ പ്രഭുവും, എസയ്യാസ് എന്ന വ്യക്തിയും തയാറാക്കിയ വിവരങ്ങളില്‍ നിന്നുമാണ് ഈ വിശുദ്ധരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്. സാപൊര്‍ രാജാവ് തന്റെ ഭരണത്തിന്റെ എട്ടാമത്തെ വര്‍ഷം ക്രിസ്ത്യാനികള്‍ക്കെതിരായി രക്തരൂഷിതമായ മതപീഡനം നടത്തുവാന്‍ തുടങ്ങി. നിരവധി ദേവാലയങ്ങളും ആശ്രമങ്ങളും അവര്‍ തകര്‍ത്തു. ബേത്ത്-അസാ എന്ന നഗരത്തില്‍ ജീവിച്ചിരുന്ന സഹോദരന്‍മാരായിരുന്ന ജോനാസും, ബറാചിസിയൂസും ക്രിസ്ത്യാനികള്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് തടങ്കലില്‍ കഴിയുന്ന വാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ അവരെ സേവിക്കുന്നതിനും, അവര്‍ക്ക് ധൈര്യം പകരുന്നതിനുമായി പോയി. പക്ഷേ അവര്‍ എത്തുന്നതിന് മുന്‍പെ ഒമ്പത് പേര്‍ക്ക് രക്തസാക്ഷിത്വ മകുടം ചൂടിയിരിന്നു.
ഇതിനിടെ ജോനാസിനേയും, ബറാചിസിയൂസിനേയും സൈന്യം പിടികൂടി. പേര്‍ഷ്യന്‍ രാജാവിനെ അനുസരിക്കുവാനും, സൂര്യന്‍, ചന്ദ്രന്‍, അഗ്നി, ജലം എന്നിവയെ ആരാധിക്കുവാന്‍ ന്യായാധിപന്‍ വിശുദ്ധന്‍മാരോട് ആവശ്യപ്പെട്ടു. “സ്വര്‍ഗ്ഗത്തിലേയും, ഭൂമിയിലേയും അനശ്വരനായ രാജാവായ സ്വര്‍ഗ്ഗീയ പിതാവിനെ ആരാധിക്കുന്നതാണ് യഥാര്‍ത്ഥ ആരാധന” എന്നായിരുന്നു വിശുദ്ധരുടെ മറുപടി. ഇതില്‍ കോപാകുലരായ അവര്‍ വിശുദ്ധരില്‍ ബറാചിസിയൂസിനെ ഒരു ഇടുങ്ങിയ തുറുങ്കില്‍ അടക്കുകയും, ജോനാസിനെ സൂര്യന്‍, ചന്ദ്രന്‍, അഗ്നി, ജലം എന്നിവക്ക് ബലിയര്‍പ്പിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഇതിനു വഴങ്ങാത്ത അദ്ദേഹത്തെ അവര്‍ ഗദകൊണ്ടും വടികള്‍ കൊണ്ടും മര്‍ദ്ദിക്കുവാന്‍ തുടങ്ങി.
ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും വിശുദ്ധന്‍ തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കുകയും, ഇപ്രകാരം പറയുകയും ചെയ്തു, “ഓ ഞങ്ങളുടെ പിതാവായ അബ്രഹാമിന്റെ ദൈവമേ ഞാന്‍ നിനക്ക് നന്ദി പറയുന്നു. നിനക്ക് സ്വീകാര്യമായ ബലിവസ്തുവായി തീരുവാന്‍ എന്നെ പ്രാപ്തനാക്കുന്നതിനായി ഞാന്‍ നിന്നോടു യാചിക്കുന്നു. സൂര്യന്‍, ചന്ദ്രന്‍, അഗ്നി, ജലം എന്നിവയെ ഞാന്‍ നിരാകരിക്കുന്നു, പിതാവിലും, പുത്രനിലും, പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുകയും അതേറ്റുപറയുകയും ചെയ്യുന്നു.” ഇതേതുടര്‍ന്ന് ന്യായാധിപന്‍ വിശുദ്ധന്റെ പാദങ്ങള്‍ കയറുകൊണ്ട് ബന്ധിച്ചശേഷം തണുത്തുറഞ്ഞ ജലം നിറഞ്ഞ കുളത്തിലേക്കെറിഞ്ഞു.
അത്താഴത്തിനു ശേഷം ന്യായാധിപന്‍ ബറാചിസിയൂസിനെ വിളിപ്പിക്കുകയും തന്റെ സഹോദരനായ ജോനാസ് തങ്ങളുടെ ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിച്ചുവെന്ന് കള്ളംപറയുകയും ചെയ്തു. ഇത് കേട്ട വിശുദ്ധന്‍ അത് അസാദ്ധ്യമാണെന്ന് പറയുകയും, കര്‍ത്താവായ ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ആവേശത്തോടുകൂടി അത്യുച്ചത്തില്‍ സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് ചുട്ടുപഴുത്ത ഇരുമ്പ് തകിടുകള്‍ കൊണ്ടും, ചുറ്റികകള്‍ കൊണ്ടും അവര്‍ വിശുദ്ധനെ അതിക്രൂരമായി പീഡിപ്പിക്കുവാന്‍ തുടങ്ങി. വേദനമൂലം ആ ചുട്ടുപഴുത്ത തകിടുകളില്‍ ഏതെങ്കിലും വിശുദ്ധന്‍ തട്ടിതെറിപ്പിക്കുകയാണെങ്കില്‍ വിശുദ്ധന്‍ ക്രിസ്തുവിനെ നിരാകരിച്ചതായി തങ്ങള്‍ കരുതുമെന്ന് അവര്‍ അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരിന്നു, “ഞാന്‍ നിങ്ങളുടെ മര്‍ദ്ദന ഉപകരണങ്ങളെയോ, അഗ്നിയേയോ ഭയക്കുന്നില്ല, എത്രയും പെട്ടെന്ന്‍ തന്നെ അവയെ എന്റെ മേല്‍ പ്രയോഗിക്കുവാന്‍ ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു. ദൈവത്തിനുവേണ്ടി പോരാടുന്നവന്‍ പൂര്‍ണ്ണ ധൈര്യവാനാണ്” വിശുദ്ധന്‍ ധൈര്യപൂര്‍വ്വം മറുപടി കൊടുത്തു. അദ്ദേഹത്തിന്റെ ഈ വാക്കുകകളില്‍ രോഷം പൂണ്ടു ഭരണാധിപന്‍മാര്‍ വിശുദ്ധന്റെ നാസാദ്വാരങ്ങളിലും, കണ്ണുകളിലും ഉരുകിയ ഈയം ഒഴിച്ചശേഷം തടവറയില്‍ കൊണ്ടുപോയി ഒറ്റക്കാലില്‍ കെട്ടിത്തൂക്കി.
പിന്നീട് കുളത്തില്‍ നിറുത്തിയിരുന്ന വിശുദ്ധ ജോനാസിനെ കൊണ്ടുവന്നു. കഴിഞ്ഞ രാത്രിയിലെ പീഡനത്തെപ്പറ്റി പരിഹസിച്ചു കൊണ്ട് ഭരണാധികാരികള്‍ ചോദിച്ചപ്പോള്‍, തന്റെ ജീവിതത്തില്‍ ഇത്രയും ആസ്വാദ്യകരമായ ഒരു രാത്രി എനിക്ക് ഓര്‍ക്കുവാന്‍ കഴിയുന്നില്ലെന്നാണ് വിശുദ്ധന്‍ പറഞ്ഞത്. ബറാചിസിയൂസ് തന്റെ വിശ്വാസം ഉപേക്ഷിച്ചതായി അവര്‍ വിശുദ്ധനോടും കള്ളം പറഞ്ഞു. “വളരെ മുന്‍പ് തന്നെ അവന്‍ സാത്താനേയും, അവന്റെ മാലാഖമാരേയും ഉപേക്ഷിച്ചതായി എനിക്കറിയാം” എന്നാണ് വിശുദ്ധന്‍ മറുപടി കൊടുത്തത്. തുടര്‍ന്ന് യേശുവിനെക്കുറിച്ചും ഭൗതീകജീവിതത്തിന്റെ നശ്വരതയെക്കുറിച്ചും ഒട്ടും തന്നെ ഭയംകൂടാതെ വിശുദ്ധന്‍ അവരോടു പറഞ്ഞു.
വിധികര്‍ത്താക്കള്‍ വിശുദ്ധന്റെ കൈവിരലുകളും കാല്‍വിരലുകളും മുറിച്ച് കളഞ്ഞു. പിന്നീട് വിശുദ്ധന്റെ തലയോട്ടിയില്‍ നിന്നും ചര്‍മ്മം വേര്‍തിരിച്ചു, അതിനു ശേഷം അദ്ദേഹത്തിന്റെ നാവരിഞ്ഞുമാറ്റുകയും, തിളച്ച വെള്ളത്തില്‍ എറിയുകയും ചെയ്തു. എന്നാല്‍ തിളച്ചവെള്ളത്തിനും സത്യദൈവത്തിന്റെ ദാസനെ ഒന്നും ചെയ്യുവാന്‍ കഴിയാതെ വന്നപ്പോള്‍ മരപ്പലകകള്‍ക്കിടയില്‍ കിടത്തി വിശുദ്ധനെ ഞെരുക്കുകയും, ഇരുമ്പ് വാളിനാല്‍ വിശുദ്ധന്റെ ശരീരം വെട്ടി നുറുക്കി കൊലപ്പെടുത്തുകയും, ശരീരാവശിഷ്ടങ്ങള്‍ മറ്റുള്ള ക്രിസ്ത്യാനികള്‍ കൊണ്ട് പോകാതിരിക്കുവാന്‍ കാവല്‍ക്കാരെ നിയോഗിക്കുകയും ചെയ്തു.
അടുത്തത് വിശുദ്ധ ബറാചിസിയൂസിന്റെ ഊഴമായിരുന്നു. തന്റെ ശരീരം രക്ഷിക്കുന്നതിനായി വിശ്വാസം ഉപേക്ഷിക്കുവാന്‍ വിശുദ്ധനോടാവശ്യപ്പെട്ടെങ്കിലും “എന്റെ ശരീരം ഞാന്‍ സൃഷ്ടിച്ചതല്ല, അതിനാല്‍ അത് നശിപ്പിക്കുവാന്‍ എനിക്കധികാരവുമില്ല. ഇതിന്റെ സൃഷ്ടാവായ ദൈവം തന്നെ അത് പൂര്‍വ്വസ്ഥിതിയിലാക്കും, നിങ്ങളേയും നിങ്ങളുടെ രാജാവിനേയും അവിടുന്ന് വിധിക്കുകയും ചെയ്യും” എന്നാണ് വിശുദ്ധന്‍ മറുപടി കൊടുത്തത്. മര്‍ദ്ദനങ്ങള്‍ കൊണ്ട് വിശുദ്ധനെ അവശനാക്കുവാന്‍ കഴിയുകയില്ലെന്ന് മനസ്സിലാക്കിയ അവര്‍ കൂര്‍ത്ത മുള്ളുകള്‍ കൊണ്ട് വിശുദ്ധനെ അടിച്ചു കൊണ്ടിരിന്നു. ക്രൂരമായ നിരവധി പീഡനങ്ങള്‍ ഏറ്റുവാങ്ങിയതിന് ശേഷം തന്റെ സഹോദരനെപോലെ വിശുദ്ധനും രക്തസാക്ഷിത്വമകുടം ചൂടി.
വളരെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങികൊണ്ടാണ് ധീരന്‍മാരായ ഈ വിശുദ്ധര്‍ സ്വര്‍ഗ്ഗീയ ഭവനത്തിനവകാശികളായത്. ഈ വിശുദ്ധരുടെ മരണവാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ അബ്റ്റുസ്സിയാറ്റൂസ് അവരുടെ മൃതശരീരം രഹസ്യമായി കൈപ്പറ്റി. റോമന്‍ രക്തസാക്ഷിപ്പട്ടിക പ്രകാരം ഈ വിശുദ്ധരുടെ രക്തസാക്ഷിത്വദിനം മാര്‍ച്ച് 29നാണ്.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1. ആര്‍മൊഗാസ്തെസ്സും സത്തൂരൂസും മാസ്കലാസും
2. ഫ്രാന്‍സുകാരനായ ബെര്‍ത്തോള്‍ഡ്
3. ഹെലിയോപോലീസിളെ സിറിള്‍
4. ലുക്സെവിനിലെ യുസ്റ്റെസ്
5. വെയില്‍സിലെ ഗ്ലാഡിസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഇരുപത്തി ഒമ്പതാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
“പരസ്യജീവിതം ആരംഭിക്കുമ്പോള്‍ യേശുവിന് ഏകദേശം മുപ്പതു വയസ്സു പ്രായമായിരുന്നു. അവന്‍ ജോസഫിന്റെ മകനാണെന്നു കരുതപ്പെട്ടിരുന്നു. ജോസഫ് ഹേലിയുടെ പുത്രനായിരുന്നു”
(ലൂക്ക 3:23).
മാര്‍ യൗസേപ്പിനെ നാം ബഹുമാനിക്കണമെന്ന ഈശോമിശിഹയുടെ ആഗ്രഹം
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
എന്‍റെ നാമത്തില്‍ ഒരു പാനപാത്രം ഒരു പച്ചവെള്ളം കുടിക്കുവാന്‍ കൊടുക്കുന്നവന് അവന്‍റെ പ്രതിഫലം നഷ്ടമാവുകയില്ല എന്ന്‍ ഈശോ അരുളിച്ചെയ്തിട്ടുണ്ട്. ഇപ്രകാരമെങ്കില്‍ ലോകപരിത്രാതാവായ ക്രിസ്തുനാഥന്‍റെ വളര്‍ത്തുപിതാവായ മാര്‍ യൗസേപ്പിതാവിനു ഈശോ എത്രമാത്രം പ്രതിഫലം നല്‍കാന്‍ കടപ്പെട്ടിരിക്കുന്നു. ജീവിതകാലം മുഴുവന്‍ ഭക്ഷണ പാനീയങ്ങള്‍ നല്‍കി അവിടുത്തെ പൈതൃകമായ വാത്സല്യത്തോടെ പരിപാലിച്ചു വന്നതിനാല്‍ വന്ദ്യപിതാവിനെ മഹത്വപ്പെടുത്തുവാന്‍ ഈശോ എത്രമാത്രം ആഗ്രഹിച്ചിരിന്നുവെന്ന് ഒന്ന്‍ ചിന്തിച്ച് നോക്കൂ.
മാനുഷികമായ ഏറ്റവും വലിയ മൂല്യമാണ് കൃതജ്ഞത. വിശുദ്ധ ഗ്രന്ഥത്തില്‍ ഈശോ നാഥന്‍ കൃതജ്ഞത ആവശ്യപ്പെട്ടതായി നാം കാണുന്നു. പത്തു കുഷ്ഠരോഗികളെ ശുദ്ധമാക്കിയ അവസരത്തില്‍ ഒരാള്‍ മാത്രം വന്നു കൃതജ്ഞത പ്രകാശിപ്പിച്ചതിനെ ഈശോ മിശിഹാ പരോക്ഷമായി ശാസിക്കുന്നുണ്ട്. എന്നാല്‍ ജീവിതകാലം മുഴുവന്‍ മാര്‍ യൗസേപ്പിതാവ്, ഈശോയെ എല്ലാനിമിഷവും സേവിച്ചെങ്കില്‍ ഈശോ നാഥന്‍ ഈ വന്ദ്യപിതാവിനോടു എത്രമാത്രം കൃതജ്ഞത ഉള്ളവനായിരിക്കും.
ഒരു പുത്രന്‍ സ്വപിതാവിനോടു എല്ലാ വിധത്തിലും കടപ്പെടുന്നുണ്ട്. മാര്‍ യൗസേപ്പ് ഈശോ മിശിഹായുടെ സ്വാഭാവിക പിതാവല്ല. വളര്‍ത്തുപിതാവ് മാത്രമാണ്. എങ്കിലും കേവലം ചെറിയോരു ബന്ധമല്ല ഈശോ മിശിഹായും മാര്‍ യൗസേപ്പും തമ്മിലുള്ളത്. അവിടെ ദൈവത്തിന്‍റെ പരിപാലനയില്‍ മാര്‍ യൗസേപ്പിതാവിനു പൈതൃകമായ എല്ലാ അധികാരങ്ങളും അവകാശങ്ങളും കടമകളും സിദ്ധിച്ചു. തന്നിമിത്തം ഈശോ, മാര്‍ യൗസേപ്പിനോടു ഒരു വിധത്തില്‍ കടപ്പെട്ടിരിക്കുന്നു. പൈതൃകമായ അധികാരത്തോടു കൂടിത്തന്നെ ഇന്നും മാര്‍ യൗസേപ്പിന് ദിവ്യനാഥനോട് കല്‍പ്പിക്കുവാന്‍ സാധിക്കുന്നതാണെന്ന്‍ പറയാം.
ഒരുത്തമ പുത്രന്‍ സ്വപിതാവിനെ ദൈവത്തിന്‍റെ പ്രതിനിധിയായിട്ട് ബഹുമാനിക്കുകയും ആദരിക്കുകയും അനുസരിക്കുകയും സ്നേഹിക്കുകയും ചെയ്യും. മനുഷ്യ പുത്രരില്‍ ഏറ്റവും പരിപൂര്‍ണ്ണനായ നമ്മുടെ കര്‍ത്താവീശോമിശിഹാ അവിടുത്തെ വളര്‍ത്തു പിതാവിനോട് ഇപ്രകാരം വര്‍ത്തിച്ചിരിന്നു. അവന്‍ അവര്‍ക്കു കീഴ്പ്പെട്ടു ജീവിച്ചു എന്നാണല്ലോ ഈശോയുടെ മുപ്പത് കൊല്ലത്തെ ജീവിതത്തെ സംഗ്രഹിക്കുന്നത്. അതിനാല്‍ മാര്‍ യൗസേപ്പിനെ ലോകത്തിലുള്ള എല്ലാ ജനങ്ങളും ബഹുമാനിക്കണമെന്ന് ഈശോ ആഗ്രഹിക്കുന്നു.
അപ്രകാരം നമ്മുടെ വന്ദ്യപിതാവിനെ ബഹുമാനിക്കുന്നവരെ ക്രിസ്തുനാഥന്‍ പ്രത്യേകവിധം അനുഗ്രഹിക്കുന്നതാണ്. നാം ഈശോമിശിഹായോട് അനുഗ്രഹങ്ങള്‍ക്കായി അപേക്ഷിക്കുമ്പോള്‍ ‘നിങ്ങള്‍ എന്‍റെ വളര്‍ത്തു പിതാവായ മാര്‍ യൗസേപ്പിന്‍റെ പക്കല്‍ പോകുവിന്‍’ എന്ന്‍ അവിടുന്ന് എന്നരുളിച്ചെയ്യുന്നുണ്ടായിരിക്കണം.
സംഭവം
🔶🔶🔶🔶
ജര്‍മ്മനിയില്‍ ട്രിസ്താസ് എന്ന പട്ടണത്തില്‍ ഫ്രാന്‍സിസ്ക്കന്‍ സഭാംഗങ്ങളായ സന്യാസിമാര്‍ ഒരു അനാഥാലയം നടത്തിയിരുന്നു. അനാഥാലയത്തിലെ അന്‍റോണിയോ എന്ന കുട്ടി ഗുരുതരമായ രോഗം പിടിപെട്ട് തളര്‍ന്ന്‍ കിടപ്പിലായി. കുട്ടി ബധിരനും മൂകനും ആയിത്തീര്‍ന്നു. അവളെ പരിചരിച്ച അന്ന എന്ന സ്ത്രീ വി. യൗസേപ്പിന്‍റെ അതീവഭക്തയായിരുന്നു. അന്‍റോണിയായുടെ കിടയ്ക്കക്കരുകില്‍ വിശുദ്ധ യൗസേപ്പിന്‍റെ സ്വരൂപം സ്ഥാപിക്കുകയും അവളുടെ കഴുത്തില്‍ യൗസേപ്പിതാവിന്‍റെ മെഡല്‍ ധരിപ്പിക്കുകയും ചെയ്തു. കൂടാതെ ഇവളുടെ രോഗശാന്തിയ്ക്കായി അനാഥാലയത്തിലേയും മഠത്തിലേയും അംഗങ്ങളെല്ലാവരും വി. യൗസേപ്പിന്‍റെ മാദ്ധ്യസ്ഥം അപേക്ഷിച്ച് കൂട്ടപ്രാര്‍ത്ഥന നടത്തി.
രാത്രിയില്‍ അന്‍റോണിയ, തന്നെ വി. യൗസേപ്പ് അനുഗ്രഹിക്കാന്‍ വരുന്നതായി സ്വപ്നം കണ്ടു. തനിക്ക് രോഗവിമുക്തി ഉണ്ടായതായി പറയുന്ന അന്‍റോണിയായെയാണ് നിദ്രയില്‍ നിന്നുമുണര്‍ന്ന മറ്റുള്ളവര്‍ കണ്ടത്. അവരെല്ലാവരും കണ്ടുനില്‍ക്കെ അവള്‍ക്ക് സംസാരിക്കുവാനും മറ്റുള്ളവര്‍ പറയുന്നത് ശ്രവിക്കുവാനും ഇട വന്നു. അവളെ പരിചരിച്ച അകത്തോലിക്കാ ഭിഷഗ്വരന്‍ പോലും അത്ഭുത പരതന്ത്രനായി തീര്‍ന്നു. മാര്‍ യൗസേപ്പു പിതാവിന്‍റെ മാദ്ധ്യസ്ഥ ശക്തി തെളിയിച്ച ഈ സംഭവം കണ്ട് അന്തേവാസികളെല്ലാവരും ഈ പുണ്യപിതാവിന് കൃതജ്ഞതാസ്തോത്രമര്‍പ്പിച്ചു.
ജപം
🔶🔶🔶
ലോകപരിത്രാതാവായ മിശിഹായേ, അങ്ങയുടെ വളര്‍ത്തുപിതാവായ മാര്‍ യൗസേപ്പിനെ ഞങ്ങള്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് അവിടുത്തെ സംപ്രീതിക്ക് അര്‍ഹമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി പിതാവിനെ സ്തുതിക്കുന്നതിന് ഉത്സുകരാകുന്നതാണ്. ഈ വന്ദ്യപിതാവിനെ ഞങ്ങള്‍ സ്നേഹിക്കുന്നു. അദ്ദേഹത്തിന്‍റെ മാതൃക അനുസരിച്ച് അങ്ങേ സേവനത്തില്‍ ഞങ്ങള്‍ തത്പരരായിരിക്കും. ഈശോയിലും ഈശോയ്ക്കു വേണ്ടിയും ഈശോയോടു കൂടിയും ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുവാന്‍ ഞങ്ങളെ ശക്തരാക്കേണമേ. ഉത്തരവാദിത്വ പൂര്‍ണ്ണമായ ക്രിസ്തീയ ജീവിതം നയിച്ച് ദൈവമക്കളുടെ ഗണത്തില്‍ ഉള്‍പ്പെടുവാന്‍ വേണ്ട അനുഗ്രഹം ഞങ്ങളുടെ പിതാവേ, അങ്ങ് ഞങ്ങള്‍ക്ക് പ്രാപിച്ചു തരണമെന്ന് ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.
വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
കര്‍ത്താവേ, അനുഗ്രഹിക്കണമേ
(കര്‍ത്താവേ…)
മിശിഹായെ, അനുഗ്രഹിക്കണമേ.
(മിശിഹായെ…)
കര്‍ത്താവേ, അനുഗ്രഹിക്കണമേ.
(കര്‍ത്താവേ…)
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
(മിശിഹായെ…)
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
(മിശിഹായെ…)
സ്വര്‍ഗ്ഗസ്ഥനായ പിതാവേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
ലോകരക്ഷകനായ ക്രിസ്തുവേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,
.
പരിശുദ്ധ മറിയമേ ,
(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)
വിശുദ്ധ യൗസേപ്പേ,
ദാവീദിന്‍റെ വിശിഷ്ട സന്താനമേ,
ഗോത്രപിതാക്കളുടെ പ്രകാശമേ,
ദൈവജനനിയുടെ ഭര്‍ത്താവേ,
പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,
ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ,
തിരുക്കുടുംബത്തിന്‍റെ നാഥനേ,
എത്രയും നീതിമാനായ വി. യൗസേപ്പേ,
മഹാ വിരക്തനായ വി.യൗസേപ്പേ,
മഹാ വിവേകിയായ വി. യൗസേപ്പേ,
മഹാ ധീരനായ വി. യൗസേപ്പേ,
അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,
മഹാ വിശ്വസ്തനായ വി. യൗസേപ്പേ,
ക്ഷമയുടെ ദര്‍പ്പണമേ,
ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,
തൊഴിലാളികളുടെ മാതൃകയേ,
കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,
കന്യകകളുടെ സംരക്ഷകാ ,
കുടുംബങ്ങളുടെ ആധാരമേ,
നിര്‍ഭാഗ്യരുടെ ആശ്വാസമേ,
രോഗികളുടെ ആശ്രയമേ ,
മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,
പിശാചുക്കളുടെ പരിഭ്രമമേ,
തിരുസ്സഭയുടെ പാലകാ,
ഭൂലോകപാപ….(3)
(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.
(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.
പ്രാര്‍ത്ഥിക്കാം
അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.
സുകൃതജപം
🔶🔶🔶🔶🔶🔶
ഈശോയ്ക്കു വേണ്ടി ജീവിച്ച മാര്‍ യൗസേപ്പേ, ഞങ്ങളേയും ഈശോയ്ക്കു വേണ്ടി ജീവിക്കുവാന്‍ പഠിപ്പിക്കണമേ.
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
🌻പ്രഭാത പ്രാർത്ഥന🌻
സീയോൻ പുത്രിയോടു പറയുക.. ഇതാ നിന്റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്റെ അടുത്തേക്കു വരുന്നു.. (മത്തായി : 21/5)
രാജാധിരാജനായ ഈശോയേ..
ഹൃദയത്തിന് മാധുര്യവും ആനന്ദവും ഉണർത്തുന്ന ഹോസാന സ്തുതിസ്തോത്രങ്ങളോടെ ഈ പ്രഭാതത്തിന്റെ അനുഗ്രഹീത നിമിഷങ്ങളിൽ ഞങ്ങളങ്ങയെ ആരാധിക്കുവാൻ അണഞ്ഞിരിക്കുന്നു. ഈശോയേ.. കുട്ടിക്കാലത്ത് കേട്ടുപഴകിയ കഥകളിലും നിറമുള്ള കാഴ്ച്ചകളിലുമൊന്നും വിനയാന്വിതനായി കഴുതപ്പുറത്ത് എഴുന്നള്ളുന്ന ഒരു രാജാവിനെക്കുറിച്ച് കേട്ടുകേൾവി പോലുമുണ്ടായിരുന്നില്ല. അതുകൊണ്ടാവും സ്വപ്നങ്ങളിൽ പോലും രാജാവായി ഞാനൊരിക്കലും നിന്റെ മുഖം തിരയാതിരുന്നത്.. എങ്കിലും ഹോസാന എന്നു കേൾക്കുമ്പോൾ ഇപ്പോഴും മനസ്സു നിറഞ്ഞു കവിയുന്ന ആനന്ദത്തെ ഞാൻ തിരിച്ചറിയുന്നുണ്ട്.. ഹോസാനയിൽ മാത്രം മുഴങ്ങിക്കേട്ട സ്തുതിപാടലുകളെക്കുറിച്ചും നിനക്കു ലഭിച്ച രാജകീയമായ വരവേൽപ്പിനെക്കുറിച്ചും ഞാനിപ്പോൾ ഓർക്കുകയായിരുന്നു.. അന്യായമായ ന്യായവിസ്താരങ്ങളുടെ മുന്നിൽ പെട്ടപ്പോൾ എത്ര പെട്ടെന്നാണവർ കള്ളസാക്ഷ്യങ്ങൾ ഉണ്ടാക്കിയതും.. സ്തുതിപാടകരുടെ നിലപാടുകൾ പോലും മാറിമറിഞ്ഞതും..
ഈശോയേ.. ഹോസാന പാടി എതിരേറ്റവർ പോലും നിശബ്ദരായിരുന്നപ്പോഴും, സന്തോഷത്തോടെ ഭക്ഷിച്ചു തൃപ്തിയടഞ്ഞവർ പോലും കൂട്ടത്തിൽ കൂടി അവനെ ക്രൂശിക്കുക എന്നാർത്തു വിളിച്ചപ്പോഴും അവരിലേക്കുള്ള ഒരു നോട്ടത്തിൽ പോലും കനലുകളെരിയാതെയും.. അധിക്ഷേപങ്ങളിൽ മനമിടറാതെയും.. അപഹാസ്യങ്ങൾക്കു നേരെ മുഖം തിരിക്കാതെയും അസത്യമായ കുറ്റാരോപണങ്ങളിൽ സ്വയം മറന്നു പ്രതികരിക്കാതെയും അചഞ്ചലനായി നിലകൊണ്ടപ്പോൾ ഉന്നതത്തിൽ നിന്നുള്ള ദൈവമഹത്വത്തെ മാത്രം അഭിലഷിച്ചു കൊണ്ട് അങ്ങ് പിതാവിനോടുള്ള അനുസരണം പൂർത്തിയാക്കുകയായിരുന്നുവല്ലോ.. ദുഃഖത്തിന്റെ പാനപാത്രത്തിൽ നിന്നും കുടിക്കേണ്ടി വരുമ്പോഴും,സന്തോഷത്തിന്റെ അതിമധുരം നുകരുമ്പോഴും ഒരേ മനസ്സോടെയും ഹൃദയത്തോടെയും നിനക്കു സ്തുതി പാടുവാൻ എന്റെ അധരത്തെ ഒരുക്കേണമേ നാഥാ.. ഈ ലോകത്തിലെ നശ്വരമായ നേട്ടങ്ങളിൽ ഭ്രമിച്ച് നീയെന്ന സ്വർഗ്ഗസന്തോഷത്തെ ഞാനൊരിക്കലും നഷ്ടപ്പെടുത്താതിരിക്കട്ടെ.. നിന്നിലേക്ക് ഉയരുന്ന സ്വരവും. നിനക്കു വേണ്ടി തുടിക്കുന്ന ഹൃദയവുമായി ഞാനും നിന്റെ കാൽവരിബലിയിലെ സ്നേഹപ്രവഹത്തിന്റെ പൂർണതയിൽ നിത്യമായി നിന്നോട് അലിഞ്ഞു ചേരട്ടെ..
ദാവീദിന്റെ പുത്രന് ഹോസാന.. കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ.. ഉന്നതങ്ങളിൽ ഹോസാന. ആമേൻ.
നോമ്പുകാല വിചിന്തനം-40
വി. യോഹന്നാൻ 11 : 47 – 57
യഹൂദനേതൃത്യം യേശുവിന്റെ പ്രവർത്തനങ്ങളെ അതിന്റെ ലക്ഷ്യത്തിൽനിന്ന് അടർത്തിമാറ്റിയാണ് വ്യാഖ്യാനിച്ചതും വിലയിരുത്തിയതും. അവിടുന്ന് പ്രവർത്തിച്ചതും പഠിപ്പിച്ചതുമായ അത്ഭുതങ്ങളും ആധികാരികപ്രബോധനങ്ങളുമെല്ലാം നേരിൽ കണ്ടും കേട്ടും അനുഭവിക്കാൻ കഴിഞ്ഞ സാധാരജനം അവനിൽ വിശ്വസിക്കുകയും അവന്റെ പിന്നാലെ പോകുന്നതിനു ഇടയാവുകയും ചെയ്തു. അപ്രകാരം യേശു ജനകീയനായി മാറുന്ന കാഴ്ച യഹൂദനേതൃത്വത്തെ വല്ലാതെ അസ്വസ്ഥമാക്കി. ഒരു രാഷ്ട്രീയശക്തിയായി യേശുവും ശിഷ്യന്മാരും കാലക്രമത്തിൽ ഉയർന്നുവരുമോ എന്ന ഭയവും ആശങ്കയും അവരെ വേട്ടയാടിക്കൊണ്ടിരുന്നു. റോമൻ അധീശത്വത്തിനെതിരായി യഹൂദരുടെയിടയിൽ വളർന്നുവരുന്ന ഒരു തീവ്രവാദപ്രസ്ഥാനമായി യേശുവിന്റെയും സംഘത്തിന്റെയും വിലയിരുത്തപ്പെട്ടു. ഈ സാഹചര്യത്തിൽ റോമൻ ഭരണകൂടത്തിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്നും ജനത്തെയാകെ ആക്രമിച്ചു നശിപ്പിക്കുമെന്നുമുളള മിഥ്യാധാരണ എല്ലായിടത്തും പറഞ്ഞുപരത്തി. ഈ സാഹചര്യത്തെ ചൂഷണം ചെയ്ത് യേശുവിനെ എങ്ങനെയെങ്കിലും വധിക്കണമെന്ന ചിന്തയാണ് അവർക്കുണ്ടായത്. ജനം മുഴുവൻ നശിക്കാതിരിക്കേണ്ടതിനായി യേശുവിനെ വധിക്കുന്നതിൽ ഒരു തെറ്റുമില്ല എന്ന് പ്രധാനപുരോഹിതനായ കയ്യാഫാസ് പറയാനിടയായത് ഈ സാഹചര്യത്തിലാണ്. സ്വാർത്ഥലക്ഷ്യങ്ങളാൽ പ്രേരിതനായിക്കൊണ്ടാണ് കയ്യാഫാസ് നന്മയായ ആടിനെ തിന്മയായ പട്ടിയായും പിന്നീട് പേപ്പട്ടിയായും ചിത്രീകരിച്ചതുതന്നെ. എങ്കിലും ആത്യന്തിക വിജയം തനിക്കുതന്നെയാണെന്ന് വിളംബരം ചെയ്തുകൊണ്ട് മരണത്തെ തെല്ലും ഭയപ്പെടാതെയാണ് യേശു തന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയത്. നന്മ പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന പ്രതികൂലാനുഭവങ്ങളെ ത്യാഗമനസ്സോടെ ഏറ്റെടുക്കണമെന്ന യേശുവിന്റെ പരോക്ഷമായ ആവശ്യം നമുക്ക് ഉൾക്കൊള്ളാൻ ശ്രമിക്കാം.
* ഫാ. ആന്റണി പൂതവേലിൽ
ദൈവഭക്‌തി അനുഗ്രഹത്തിന്റെ ആരാമം പോലെയാണ്;
ഏതു മഹത്വത്തെയുംകാള്‍ നന്നായി അതു മനുഷ്യനെ ആവരണം ചെയ്യുന്നു,
പ്രഭാഷകന്‍ 40 : 27


Leave a comment