🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ദിവ്യബലി വായനകൾ
03-Apr-2021, ശനി
Holy Saturday-
(ഈസ്റ്റർ വിജിൽ)
Liturgical colour: White.
There is no Mass on Holy Saturday itself. Here are the readings for the evening Easter Vigil.
____
EITHER: ——–
ഒന്നാം വായന
ഉത്പ 1:1-2:2
താന്‍ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു.
ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനു മുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനു മീതെ ചലിച്ചു കൊണ്ടിരുന്നു.
ദൈവം അരുളിച്ചെയ്തു: ‘‘വെളിച്ചം ഉണ്ടാകട്ടെ.’’ വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലതെന്നു ദൈവം കണ്ടു. അവിടുന്നു വെളിച്ചത്തെ ഇരുളില്‍ നിന്നു വേര്‍തിരിച്ചു. വെളിച്ചത്തിനു പകലെന്നും ഇരുളിനു രാത്രിയെന്നും പേരിട്ടു. സന്ധ്യയായി, പ്രഭാതമായി – ഒന്നാം ദിവസം.
ദൈവം വീണ്ടും അരുളിച്ചെയ്തു: ‘‘ജലമധ്യത്തില്‍ ഒരു വിതാനം ഉണ്ടാകട്ടെ, അതു ജലത്തെ രണ്ടായി തിരിക്കട്ടെ.’’ ദൈവം വിതാനമുണ്ടാക്കുകയും അതിനു താഴെയുള്ള ജലത്തെ മുകളിലുള്ള ജലത്തില്‍ നിന്നു വേര്‍തിരിക്കുകയും ചെയ്തു. അപ്രകാരം സംഭവിച്ചു. വിതാനത്തിന് അവിടുന്ന് ആകാശമെന്നു പേരിട്ടു. സന്ധ്യയായി, പ്രഭാതമായി – രണ്ടാം ദിവസം.
ദൈവം വീണ്ടും അരുളിച്ചെയ്തു: ‘‘ആകാശത്തിനു കീഴിലുള്ള വെള്ളമെല്ലാം ഒരിടത്ത് ഒരുമിച്ചു കൂടട്ടെ, കര പ്രത്യക്ഷപ്പെടട്ടെ.’’ അങ്ങനെ സംഭവിച്ചു. കരയ്ക്കു ഭൂമിയെന്നും ഒരുമിച്ചുകൂടിയ ജലത്തിനു കടലെന്നും ദൈവം പേരിട്ടു. അതു നല്ലതെന്ന് അവിടുന്നു കണ്ടു. ദൈവം അരുളിച്ചെയ്തു: ഭൂമി എല്ലാത്തരം ഹരിതസസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്‍ക്കൊള്ളുന്ന ഫലങ്ങള്‍ കായ്ക്കുന്ന വൃക്ഷങ്ങളും മുളപ്പിക്കട്ടെ. അങ്ങനെ സംഭവിച്ചു. ഭൂമി എല്ലാത്തരം ഹരിതസസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്ള ഫലങ്ങളോടുകൂടിയ വൃക്ഷങ്ങളും മുളപ്പിച്ചു. അവ നല്ലതെന്നു ദൈവം കണ്ടു. സന്ധ്യയായി, പ്രഭാതമായി – മൂന്നാം ദിവസം.
ദൈവം വീണ്ടും അരുളിച്ചെയ്തു: ‘‘രാവും പകലും വേര്‍തിരിക്കാന്‍ ആകാശവിതാനത്തില്‍ പ്രകാശങ്ങള്‍ ഉണ്ടാകട്ടെ. അവ ഋതുക്കളും ദിനങ്ങളും വര്‍ഷങ്ങളും കുറിക്കുന്ന അടയാളങ്ങളായിരിക്കട്ടെ. ഭൂമിയില്‍ പ്രകാശം ചൊരിയാന്‍ വേണ്ടി അവ ആകാശവിതാനത്തില്‍ ദീപങ്ങളായി നില്‍ക്കട്ടെ.’’ അങ്ങനെ സംഭവിച്ചു. ദൈവം രണ്ടു മഹാദീപങ്ങള്‍ സൃഷ്ടിച്ചു. പകലിനെ നയിക്കാന്‍ വലുത്, രാത്രിയെ നയിക്കാന്‍ ചെറുത്. നക്ഷത്രങ്ങളെയും അവിടുന്നു സൃഷ്ടിച്ചു. ഭൂമിയില്‍ പ്രകാശം ചൊരിയാനും രാവിനെയും പകലിനെയും നിയന്ത്രിക്കാനും വെളിച്ചത്തെ ഇരുളില്‍ നിന്നു വേര്‍തിരിക്കാനും ദൈവം അവയെ ആകാശവിതാനത്തില്‍ സ്ഥാപിച്ചു. അതു നല്ലതെന്നു ദൈവം കണ്ടു. സന്ധ്യയായി, പ്രഭാതമായി – നാലാം ദിവസം.
ദൈവം വീണ്ടും അരുളിച്ചെയ്തു: ‘‘വെള്ളം ജീവജാലങ്ങളെ പുറപ്പെടുവിക്കട്ടെ; പക്ഷികള്‍ ഭൂമിക്കു മീതേ ആകാശവിതാനത്തില്‍ പറക്കട്ടെ.’’ അങ്ങനെ ദൈവം ഭീമാകാരങ്ങളായ ജലജന്തുക്കളെയും കടലില്‍ പറ്റംചേര്‍ന്നു ചരിക്കുന്ന സകലവിധ ജീവികളെയും എല്ലാത്തരം പക്ഷികളെയും സൃഷ്ടിച്ചു. അവ നല്ലതെന്ന് അവിടുന്നു കണ്ടു. ദൈവം അവയെ ഇങ്ങനെ അനുഗ്രഹിച്ചു: ‘‘സമൃദ്ധമായി പെരുകി കടലില്‍ നിറയുവിന്‍; പക്ഷികള്‍ ഭൂമിയില്‍ പെരുകട്ടെ.’’ സന്ധ്യയായി, പ്രഭാതമായി – അഞ്ചാം ദിവസം.
ദൈവം വീണ്ടും അരുളിച്ചെയ്തു: ‘‘ഭൂമി എല്ലാത്തരം ജീവജാലങ്ങളെയും – കന്നുകാലികള്‍, ഇഴജന്തുക്കള്‍, കാട്ടുമൃഗങ്ങള്‍ എന്നിവയെ – പുറപ്പെടുവിക്കട്ടെ.’’ അങ്ങനെ സംഭവിച്ചു. അങ്ങനെ ദൈവം എല്ലാ ഇനം കാട്ടുമൃഗങ്ങളെയും കന്നുകാലികളെയും ഇഴജന്തുക്കളെയും സൃഷ്ടിച്ചു. അവനല്ലതെന്ന് അവിടുന്നു കണ്ടു.
ദൈവം വീണ്ടും അരുളിച്ചെയ്തു: ‘‘നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്കു കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വജീവികളുടെയും മേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ.’’ അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: ‘‘സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകലജീവികളുടെയും മേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ.’’ ദൈവം അരുളിച്ചെയ്തു: ‘‘ഭൂമുഖത്തുള്ള ധാന്യം വിളയുന്ന എല്ലാ ചെടികളും വിത്തുള്‍ക്കൊള്ളുന്ന പഴങ്ങള്‍ കായ്ക്കുന്ന എല്ലാ വൃക്ഷങ്ങളും ഞാന്‍ നിങ്ങള്‍ക്കു ഭക്ഷണത്തിനായി തരുന്നു, ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ എല്ലാ പറവകള്‍ക്കും ഇഴജന്തുക്കള്‍ക്കും – ജീവശ്വാസമുള്ള സകലതിനും – ആഹാരമായി ഹരിതസസ്യങ്ങള്‍ ഞാന്‍ നല്‍കിയിരിക്കുന്നു.’’ അങ്ങനെ സംഭവിച്ചു. താന്‍ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു. സന്ധ്യയായി, പ്രഭാതമായി – ആറാം ദിവസം.
അങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള സമസ്തവും പൂര്‍ണമായി. ദൈവം തന്റെ ജോലി ഏഴാം ദിവസം പൂര്‍ത്തിയാക്കി. താന്‍ തുടങ്ങിയ പ്രവൃത്തിയില്‍ നിന്നു വിരമിച്ച്, ഏഴാം ദിവസം അവിടുന്നു വിശ്രമിച്ചു.
OR: ——–
ഒന്നാം വായന
ഉത്പ 1:1,26-31
താന്‍ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു.
ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചപ്പോള്‍ അരുളിച്ചെയ്തു: ‘‘നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്കു കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വജീവികളുടെയും മേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ.’’ അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: ‘‘സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ.’’ ദൈവം അരുളിച്ചെയ്തു : ‘‘ഭൂമുഖത്തുള്ള ധാന്യം വിളയുന്ന എല്ലാ ചെടികളും വിത്തുള്‍ക്കൊള്ളുന്ന പഴങ്ങള്‍ കായ്ക്കുന്ന എല്ലാ വൃക്ഷങ്ങളും ഞാന്‍ നിങ്ങള്‍ക്കു ഭക്ഷണത്തിനായി തരുന്നു, ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ എല്ലാ പറവകള്‍ക്കും ഇഴജന്തുക്കള്‍ക്കും – ജീവശ്വാസമുള്ള സകലതിനും – ആഹാരമായി ഹരിതസസ്യങ്ങള്‍ ഞാന്‍ നല്‍കിയിരിക്കുന്നു.’’ അങ്ങനെ സംഭവിച്ചു. താന്‍ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു.
——–
കർത്താവിന്റെ വചനം.
____
സങ്കീര്‍ത്തനം
സങ്കീ 104:1-2,5-6,10,12,13-14,24,35
R. കര്‍ത്താവേ, അങ്ങേ പരിശുദ്ധാത്മാവിനെ അയച്ചു ഭൂമിയുടെ മുഖം പുതുക്കണമേ.
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക;
എന്റെ ദൈവമായ കര്‍ത്താവേ, അങ്ങ് അത്യുന്നതനാണ്; അവിടുന്നു മഹത്വവും തേജസ്സും ധരിച്ചിരിക്കുന്നു. വസ്ത്രമെന്ന പോലെ അങ്ങു പ്രകാശമണിഞ്ഞിരിക്കുന്നു;
R. കര്‍ത്താവേ, അങ്ങേ പരിശുദ്ധാത്മാവിനെ അയച്ചു ഭൂമിയുടെ മുഖം പുതുക്കണമേ.
അവിടുന്നു ഭൂമിയെ അതിന്റെ അടിസ്ഥാനത്തിന്മേല്‍ ഉറപ്പിച്ചു; അത് ഒരിക്കലും ഇളകുകയില്ല. അവിടുന്നു വസ്ത്രം കൊണ്ടെന്ന പോലെ ആഴി കൊണ്ട് അതിനെ ആവരണം ചെയ്തു; വെള്ളം പര്‍വതങ്ങള്‍ക്കു മീതേ നിന്നു.
R. കര്‍ത്താവേ, അങ്ങേ പരിശുദ്ധാത്മാവിനെ അയച്ചു ഭൂമിയുടെ മുഖം പുതുക്കണമേ.
അവിടുന്നു താഴ്‌വരകളിലേക്ക് ഉറവകളെ ഒഴുക്കുന്നു; അവ മലകള്‍ക്കിടയിലൂടെ ഒഴുകുന്നു. ആകാശപ്പറവകള്‍ അവയുടെ തീരത്തു വസിക്കുന്നു; മരക്കൊമ്പുകള്‍ക്കിടയിലിരുന്ന് അവ പാടുന്നു.
R. കര്‍ത്താവേ, അങ്ങേ പരിശുദ്ധാത്മാവിനെ അയച്ചു ഭൂമിയുടെ മുഖം പുതുക്കണമേ.
അവിടുന്നു തന്റെ ഉന്നതമായ മന്ദിരത്തില്‍ നിന്നു മലകളെ നനയ്ക്കുന്നു; അങ്ങേ പ്രവൃത്തിയുടെ ഫലം അനുഭവിച്ചു ഭൂമി തൃപ്തിയടയുന്നു. അവിടുന്നു കന്നുകാലികള്‍ക്കു വേണ്ടി പുല്ലു മുളപ്പിക്കുന്നു; മനുഷ്യനു ഭൂമിയില്‍ നിന്ന് ആഹാരം ലഭിക്കാന്‍ കൃഷിക്കു വേണ്ട സസ്യങ്ങള്‍ മുളപ്പിക്കുന്നു.
R. കര്‍ത്താവേ, അങ്ങേ പരിശുദ്ധാത്മാവിനെ അയച്ചു ഭൂമിയുടെ മുഖം പുതുക്കണമേ.
കര്‍ത്താവേ, അങ്ങേ സൃഷ്ടികള്‍ എത്ര വൈവിധ്യപൂര്‍ണങ്ങളാണ്!
ജ്ഞാനത്താല്‍ അങ്ങ് അവയെ നിര്‍മിച്ചു; ഭൂമി അങ്ങേ സൃഷ്ടികളാല്‍ നിറഞ്ഞിരിക്കുന്നു. എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക.
R. കര്‍ത്താവേ, അങ്ങേ പരിശുദ്ധാത്മാവിനെ അയച്ചു ഭൂമിയുടെ മുഖം പുതുക്കണമേ.
____
രണ്ടാം വായന
ഉത്പ 22:1-18
അബ്രഹാമിന്റെ ബലി.
അക്കാലത്ത് ദൈവം അബ്രാഹത്തെ പരീക്ഷിച്ചു. ‘‘അബ്രാഹം’’ അവിടുന്നു വിളിച്ചു. ‘‘ഇതാ ഞാന്‍’’ അവന്‍ വിളികേട്ടു. ‘‘നീ സ്‌നേഹിക്കുന്ന നിന്റെ ഏകമകന്‍ ഇസഹാക്കിനെയും കൂട്ടിക്കൊണ്ടു മോറിയാ ദേശത്തേക്കു പോവുക. അവിടെ ഞാന്‍ കാണിച്ചു തരുന്ന മലമുകളില്‍ നീ അവനെ എനിക്ക് ഒരു ദഹനബലിയായി അര്‍പ്പിക്കണം.’’ അബ്രാഹം അതിരാവിലെ എഴുന്നേറ്റു കഴുതയ്ക്കു ജീനിയിട്ട് രണ്ടു വേലക്കാരെയും മകന്‍ ഇസഹാക്കിനെയും കൂട്ടി ബലിക്കു വേണ്ട വിറകും കീറിയെടുത്ത്, ദൈവം പറഞ്ഞ സ്ഥലത്തേക്കു പുറപ്പെട്ടു. മൂന്നാം ദിവസം അവന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ അകലെ ആ സ്ഥലം കണ്ടു. അവന്‍ വേലക്കാരോടു പറഞ്ഞു: ‘‘കഴുതയുമായി നിങ്ങള്‍ ഇവിടെ നില്‍ക്കുക. ഞാനും മകനും അവിടെപ്പോയി ആരാധിച്ചു തിരിച്ചുവരാം.’’ അബ്രാഹം ദഹനബലിക്കുള്ള വിറകെടുത്ത് മകന്‍ ഇസഹാക്കിന്റെ ചുമലില്‍ വച്ചു. കത്തിയും തീയും അവന്‍ തന്നെ എടുത്തു. അവര്‍ ഒരുമിച്ചു മുമ്പോട്ടു നടന്നു. ഇസഹാക്ക് തന്റെ പിതാവായ അബ്രാഹത്തെ വിളിച്ചു: ‘‘പിതാവേ!’’ ‘‘എന്താ മകനേ’’ അവന്‍ വിളികേട്ടു. ഇസഹാക്കു പറഞ്ഞു: ‘‘തീയും വിറകുമുണ്ടല്ലോ; എന്നാല്‍, ദഹനബലിക്കുള്ള കുഞ്ഞാടെവിടെ?’’ അവന്‍ മറുപടി പറഞ്ഞു: ‘‘ബലിക്കുള്ള കുഞ്ഞാടിനെ ദൈവം തന്നെ തരും.’’ അവരൊന്നിച്ചു മുമ്പോട്ടു പോയി.
ദൈവം പറഞ്ഞ സ്ഥലത്തെത്തിയപ്പോള്‍, അബ്രാഹം അവിടെ ഒരു ബലിപീഠം പണിതു. വിറക് അടുക്കി വച്ചിട്ട് ഇസഹാക്കിനെ ബന്ധിച്ചു വിറകിനു മീതേ കിടത്തി. മകനെ ബലികഴിക്കാന്‍ അബ്രാഹം കത്തി കൈയിലെടുത്തു. തത്ക്ഷണം കര്‍ത്താവിന്റെ ദൂതന്‍ ആകാശത്തു നിന്ന് ‘‘അബ്രാഹം, അബ്രാഹം’’ എന്നു വിളിച്ചു. ‘‘ഇതാ ഞാന്‍’’ അവന്‍ വിളികേട്ടു. ‘‘കുട്ടിയുടെ മേല്‍ കൈവയ്ക്കരുത്. അവനെ ഒന്നും ചെയ്യരുത്. നീ ദൈവത്തെ ഭയപ്പെടുന്നുവെന്ന് എനിക്കിപ്പോള്‍ ഉറപ്പായി. കാരണം, നിന്റെ ഏക പുത്രനെ എനിക്കു തരാന്‍ നീ മടി കാണിച്ചില്ല.’’ അബ്രാഹം തലപൊക്കി നോക്കിയപ്പോള്‍, തന്റെ പിന്നില്‍, മുള്‍ച്ചെടികളില്‍ കൊമ്പുടക്കിക്കിടക്കുന്ന ഒരു മുട്ടാടിനെ കണ്ടു. അവന്‍ അതിനെ മകനു പകരം ദഹനബലിയര്‍പ്പിച്ചു. അബ്രാഹം ആ സ്ഥലത്തിനു യാഹ്‌വെയിരെ എന്നു പേരിട്ടു. കര്‍ത്താവിന്റെ മലയില്‍ അവിടുന്നു വേണ്ടതു പ്രദാനം ചെയ്യുന്നുവെന്ന് ഇന്നുവരെയും പറയപ്പെടുന്നു. കര്‍ത്താവിന്റെ ദൂതന്‍ ആകാശത്തു നിന്നു വീണ്ടും അബ്രാഹത്തെ വിളിച്ചു പറഞ്ഞു: ‘‘കര്‍ത്താവ് അരുളിച്ചെയ്യുന്നു, നീ നിന്റെ ഏകപുത്രനെപ്പോലും എനിക്കു തരാന്‍ മടിക്കായ്കകൊണ്ടു ഞാന്‍ ശപഥം ചെയ്യുന്നു: ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്റെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടല്‍ത്തീരത്തിലെ മണല്‍ത്തരി പോലെയും ഞാന്‍ വര്‍ധിപ്പിക്കും. ശത്രുവിന്റെ നഗരകവാടങ്ങള്‍ അവര്‍ പിടിച്ചെടുക്കും. നീ എന്റെ വാക്ക് അനുസരിച്ചതു കൊണ്ടു നിന്റെ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും.’’
കർത്താവിന്റെ വചനം.
____
സങ്കീര്‍ത്തനം
സങ്കീ 16:5,8,9-10,11
R. കര്‍ത്താവേ, എന്നെ സംരക്ഷിക്കണമേ; എന്തെന്നാല്‍, അങ്ങില്‍ ഞാന്‍ ശരണം വച്ചിരിക്കുന്നു.
കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും; എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്.
കര്‍ത്താവ് എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്;
അവിടുന്ന് എന്റെ വലത്തു ഭാഗത്തുള്ളതു കൊണ്ടു
ഞാന്‍ കുലുങ്ങുകയില്ല.
R. കര്‍ത്താവേ, എന്നെ സംരക്ഷിക്കണമേ; എന്തെന്നാല്‍, അങ്ങില്‍ ഞാന്‍ ശരണം വച്ചിരിക്കുന്നു.
അതിനാല്‍, എന്റെ ഹൃദയം സന്തോഷിക്കുകയും അന്തരംഗം ആനന്ദം കൊള്ളുകയും ചെയ്യുന്നു. അവിടുന്ന് എന്നെ പാതാളത്തില്‍ തള്ളുകയില്ല; അങ്ങേ പരിശുദ്ധന്‍ ജീര്‍ണിക്കാന്‍ അനുവദിക്കുകയില്ല.
R. കര്‍ത്താവേ, എന്നെ സംരക്ഷിക്കണമേ; എന്തെന്നാല്‍, അങ്ങില്‍ ഞാന്‍ ശരണം വച്ചിരിക്കുന്നു.
അങ്ങ് എനിക്കു ജീവന്റെ മാര്‍ഗം കാണിച്ചുതരുന്നു; അങ്ങേ സന്നിധിയില്‍ ആനന്ദത്തിന്റെ പൂര്‍ണതയുണ്ട്; അങ്ങേ വലത്തുകൈയില്‍ ശാശ്വതമായ സന്തോഷമുണ്ട്.
R. കര്‍ത്താവേ, എന്നെ സംരക്ഷിക്കണമേ; എന്തെന്നാല്‍, അങ്ങില്‍ ഞാന്‍ ശരണം വച്ചിരിക്കുന്നു.
____
മൂന്നാം വായന
പുറ 14:15-15:1
ചെങ്കടലിലൂടെയുള്ള യാത്ര.
കര്‍ത്താവു മോശയോടു പറഞ്ഞു: ‘‘നീ എന്തിന് എന്നെ വിളിച്ചു കരയുന്നു? മുന്‍പോട്ടു പോകാന്‍ ഇസ്രായേല്‍ക്കാരോടു പറയുക. നിന്റെ വടി കൈയിലെടുത്ത് കടലിനു മീതേ നീട്ടി അതിനെ വിഭജിക്കുക. ഇസ്രായേല്‍ക്കാര്‍ കടലിനു നടുവേbവരണ്ട നിലത്തിലൂടെ കടന്നുപോകട്ടെ. ഞാന്‍ ഈജിപ്തുകാരെ കഠിനചിത്തരാക്കും; അവര്‍ നിങ്ങളെ പിന്‍തുടരും; ഞാന്‍ ഫറവോയുടെയും അവന്റെ സൈന്യങ്ങളുടെയും തേരുകളുടെയും കുതിരപ്പടയാളികളുടെയും മേല്‍ മഹത്വം നേടും. ഫറവോയുടെയും അവന്റെ രഥങ്ങളുടെയും അശ്വസേനയുടെയും മേല്‍ ഞാന്‍ മഹത്വം വരിക്കുമ്പോള്‍ ഞാനാണു കര്‍ത്താവെന്ന് ഈജിപ്തുകാര്‍ മനസ്സിലാക്കും.’’
ഇസ്രായേല്‍ ജനത്തിന്റെ മുന്‍പേ പൊയ്‌ക്കൊണ്ടിരുന്ന ദൈവദൂതന്‍ അവിടെ നിന്നു മാറി അവരുടെ പിന്‍പേ പോകാന്‍ തുടങ്ങി. മേഘസ്തംഭവും മുന്‍പില്‍ നിന്നു മാറി പിന്‍പില്‍ വന്നു നിന്നു. അത് ഈജിപ്തുകാരുടെയും ഇസ്രായേല്‍ക്കാരുടെയും പാളയങ്ങള്‍ക്കിടയില്‍ വന്നു നിന്നു. മേഘം ഇരുട്ടു നിറഞ്ഞതായിരുന്നു. അതിനാല്‍, ഒരു കൂട്ടര്‍ക്കു മറ്റവരെ സമീപിക്കാനാവാതെ രാത്രി കഴിഞ്ഞു. മോശ കടലിനു മീതെ കൈ നീട്ടി. കര്‍ത്താവു രാത്രി മുഴുവന്‍ ശക്തമായ ഒരു കിഴക്കന്‍ കാറ്റയച്ചു കടലിനെ പിറകോട്ടു മാറ്റി. കടല്‍ വരണ്ടഭൂമിയാക്കി; വെള്ളം വിഭജിക്കപ്പെട്ടു. ഇസ്രായേല്‍ക്കാര്‍ കടലിനു നടുവേ ഉണങ്ങിയ മണ്ണിലൂടെ നടന്നു. അവരുടെ വലത്തും ഇടത്തും വെള്ളം മതില്‍ പോലെ നിന്നു. ഈജിപ്തുകാര്‍ – ഫറവോയുടെ കുതിരകളും കുതിരപ്പടയാളികളും തേരുകളുമെല്ലാം – അവരെ പിന്‍തുടര്‍ന്ന്, കടലിന്റെ നടുവിലേക്കു നീങ്ങി. രാത്രിയുടെ അന്ത്യയാമത്തില്‍ കര്‍ത്താവ് അഗ്നിയുടെയും മേഘത്തിന്റെയും സ്തംഭത്തില്‍ നിന്ന് ഈജിപ്തുകാരുടെ സൈന്യത്തെ നോക്കി അവരെ പരിഭ്രാന്തരാക്കി. അവിടുന്നു രഥചക്രങ്ങള്‍ തടസ്സപ്പെടുത്തി. തന്മൂലം ഗതി ദുഷ്‌കരമായി. അപ്പോള്‍ ഈജിപ്തുകാര്‍ പറഞ്ഞു: ‘‘ഇസ്രായേല്‍ക്കാരില്‍ നിന്നു നമുക്ക് ഓടി രക്ഷപെടാം. കര്‍ത്താവ് അവര്‍ക്കു വേണ്ടി ഈജിപ്തിനെതിരേ യുദ്ധം ചെയ്യുന്നു.’’
അപ്പോള്‍ കര്‍ത്താവു മോശയോടു പറഞ്ഞു: ‘‘നിന്റെ കരം കടലിനു മീതേ നീട്ടുക. വെള്ളം മടങ്ങി വന്ന് ഈജിപ്തുകാരെയും അവരുടെ തേരുകളെയും കുതിരപ്പടയാളികളെയും മൂടട്ടെ.’’ മോശ കടലിനു മീതേ കൈനീട്ടി. പ്രഭാതമായപ്പോഴേക്ക് കടല്‍ പൂര്‍വസ്ഥിതിയിലായി. ഈജിപ്തുകാര്‍ പിന്‍തിരിഞ്ഞോടിയത് അതിനു മധ്യത്തിലേക്കാണ്. അങ്ങനെ കര്‍ത്താവ് ഈജിപ്തുകാരെ നടുക്കടലില്‍ ആഴ്ത്തി. ഇസ്രായേല്‍ക്കാരെ പിന്‍തുടര്‍ന്നു കടലിലിറങ്ങിയ തേരുകളെയും കുതിരപ്പടയാളികളെയും ഫറവോയുടെ സൈന്യം മുഴുവനെയും കടല്‍വെള്ളം മൂടിക്കളഞ്ഞു. അവരില്‍ ആരും അവശേഷിച്ചില്ല. എന്നാല്‍, ഇസ്രായേല്‍ക്കാര്‍ കടലിനു നടുവേ വരണ്ട ഭൂമിയിലൂടെ നടന്നുപോയി. അവരുടെ വലത്തും ഇടത്തും വെള്ളം മതില്‍ പോലെ നിലകൊണ്ടു. അങ്ങനെ ആ ദിവസം കര്‍ത്താവ് ഇസ്രായേല്‍ക്കാരെ ഈജിപ്തുകാരില്‍ നിന്നു രക്ഷിച്ചു. ഈജിപ്തുകാര്‍ കടല്‍തീരത്തു മരിച്ചു കിടക്കുന്നത് ഇസ്രായേല്‍ക്കാര്‍ കണ്ടു. കര്‍ത്താവ് ഈജിപ്തുകാര്‍ക്കെതിരേ ഉയര്‍ത്തിയ ശക്തമായ കരം ഇസ്രായേല്‍ക്കാര്‍ കണ്ടു. ജനം കര്‍ത്താവിനെ ഭയപ്പെട്ടു. കര്‍ത്താവിനെയും അവിടുത്തെ ദാസനായ മോശയെയും വിശ്വസിക്കുകയും ചെയ്തു.
മോശയും ഇസ്രായേല്‍ക്കാരും കര്‍ത്താവിനെ സ്തുതിച്ചു കൊണ്ട് ഈ ഗാനം ആലപിച്ചു:
കര്‍ത്താവിനെ ഞാന്‍ പാടി സ്തുതിക്കും. എന്തെന്നാല്‍, അവിടുന്നു മഹത്വപൂര്‍ണമായ വിജയം നേടിയിരിക്കുന്നു. കുതിരയെയും കുതിരക്കാരനെയും അവിടുന്നു കടലിലെറിഞ്ഞു.
കർത്താവിന്റെ വചനം.
____
കീര്‍ത്തനം
പുറ 15:1-6,17-18
R. കര്‍ത്താവിനെ ഞാന്‍ പാടി സ്തുതിക്കും; എന്തെന്നാല്‍, അവിടുന്ന് മഹോന്നതനത്രേ.
കര്‍ത്താവിനെ ഞാന്‍ പാടി സ്തുതിക്കും. എന്തെന്നാല്‍, അവിടുന്നു മഹത്വപൂര്‍ണമായ വിജയം നേടിയിരിക്കുന്നു. കര്‍ത്താവ് എന്റെ ശക്തിയും സംരക്ഷകനുമാകുന്നു; അവിടുന്ന് എനിക്കു രക്ഷയായി ഭവിച്ചിരിക്കുന്നു.
അവിടുന്നാണ് എന്റെ ദൈവം; ഞാന്‍ അവിടുത്തെ സ്തുതിക്കും.
R. കര്‍ത്താവിനെ ഞാന്‍ പാടി സ്തുതിക്കും; എന്തെന്നാല്‍, അവിടുന്ന് മഹോന്നതനത്രേ.
കര്‍ത്താവ് യോദ്ധാവാകുന്നു; കര്‍ത്താവ് എന്നാകുന്നു അവിടുത്തെ നാമം. ഫറവോയുടെ രഥങ്ങളെയും സൈന്യത്തെയും അവിടുന്നു കടലിലാഴ്ത്തി;
അവന്റെ ധീരരായ സൈന്യാധിപര്‍ ചെങ്കടലില്‍ മുങ്ങി മരിച്ചു.
R. കര്‍ത്താവിനെ ഞാന്‍ പാടി സ്തുതിക്കും; എന്തെന്നാല്‍, അവിടുന്ന് മഹോന്നതനത്രേ.
ആഴമേറിയ ജലം അവരെ മൂടി, അഗാധതയിലേക്കു കല്ലു പോലെ അവര്‍ താണു. കര്‍ത്താവേ, അങ്ങേ വലത്തുകൈ ശക്തിയാല്‍ മഹത്വമാര്‍ന്നിരിക്കുന്നു; കര്‍ത്താവേ, അങ്ങേ വലത്തുകൈ ശത്രുവിനെ ചിതറിച്ചിരിക്കുന്നു.
R. കര്‍ത്താവിനെ ഞാന്‍ പാടി സ്തുതിക്കും; എന്തെന്നാല്‍, അവിടുന്ന് മഹോന്നതനത്രേ.
കര്‍ത്താവേ, അങ്ങേ ജനത്തെ കൊണ്ടുവന്ന് അങ്ങേ വിശുദ്ധ മലയില്‍, അങ്ങേക്കു വസിക്കാനായി
ഒരുക്കിയിരിക്കുന്ന സ്ഥലത്ത്, അങ്ങേ കരങ്ങള്‍ സ്ഥാപിച്ച വിശുദ്ധമന്ദിരത്തില്‍ അവരെ നട്ടുപിടിപ്പിക്കും. കര്‍ത്താവ്, എന്നേക്കും രാജാവായി ഭരിക്കും.
R. കര്‍ത്താവിനെ ഞാന്‍ പാടി സ്തുതിക്കും; എന്തെന്നാല്‍, അവിടുന്ന് മഹോന്നതനത്രേ.
____
നാലാം വായന
ഏശ 54:5-14
അനന്തമായ സ്‌നേഹത്തോടെ നിന്നോടു ഞാന്‍ കരുണ കാണിക്കും.
കര്‍ത്താവ് സീയോനോട് ഇപ്രകാരം അരുള്‍ ചെയ്യുന്നു: നിന്റെ സ്രഷ്ടാവാണു നിന്റെ ഭര്‍ത്താവ്. സൈന്യങ്ങളുടെ കര്‍ത്താവ് എന്നാണ് അവിടുത്തെ നാമം. ഇസ്രായേലിന്റെ പരിശുദ്ധനാണ് നിന്റെ വിമോചകന്‍. ഭൂമി മുഴുവന്റെയും ദൈവം എന്ന് അവിടുന്ന് വിളിക്കപ്പെടുന്നു. പരിത്യക്തയായ,യൗവനത്തില്‍ത്തന്നെ ഉപേക്ഷിക്കപ്പെട്ട, ഭാര്യയെപ്പോലെ സന്തപ്തഹൃദയയായ നിന്നെ കര്‍ത്താവ് തിരിച്ചുവിളിക്കുന്നു എന്ന് നിന്റെ ദൈവം അരുളിച്ചെയ്യുന്നു. നിമിഷനേരത്തേക്കു നിന്നെ ഞാന്‍ ഉപേക്ഷിച്ചു. മഹാകരുണയോടെ നിന്നെ ഞാന്‍ തിരിച്ചുവിളിക്കും. കോപാധിക്യത്താല്‍ ക്ഷണനേരത്തേക്കു ഞാന്‍ എന്റെ മുഖം നിന്നില്‍ നിന്നു മറച്ചുവച്ചു; എന്നാല്‍ അനന്തമായ സ്‌നേഹത്തോടെ നിന്നോടു ഞാന്‍ കരുണ കാണിക്കും എന്ന് നിന്റെ വിമോചകനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. നോഹയുടെ കാലം പോലെയാണ് ഇത് എനിക്ക്. അവന്റെ കാലത്തെന്ന പോലെ ജലം ഭൂമിയെ മൂടുകയില്ലെന്നു ഞാന്‍ ശപഥം ചെയ്തിട്ടുണ്ട്. അതുപോലെ, നിന്നോട് ഒരിക്കലും കോപിക്കുകയോ നിന്നെ ശാസിക്കുകയോ ചെയ്യുകയില്ലെന്ന് ഞാന്‍ ശപഥം ചെയ്തിരിക്കുന്നു. നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നു പോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല.
പീഡിപ്പിക്കപ്പെട്ടവളും മനസ്സ് ഉലഞ്ഞവളും ആശ്വാസം ലഭിക്കാത്തവളുമേ, ഇന്ദ്രനീലം കൊണ്ട് അടിസ്ഥാനമിട്ട് അഞ്ജനക്കല്ലു കൊണ്ട് നിന്നെ ഞാന്‍ നിര്‍മിക്കും. ഞാന്‍ നിന്റെ താഴികക്കുടങ്ങള്‍ പത്മരാഗം കൊണ്ടും വാതിലുകള്‍ പുഷ്യരാഗം കൊണ്ടും ഭിത്തികള്‍ രത്‌നം കൊണ്ടും നിര്‍മിക്കും. കര്‍ത്താവ് നിന്റെ പുത്രരെ പഠിപ്പിക്കും; അവര്‍ ശ്രേയസ്സാര്‍ജിക്കും. നീതിയില്‍ നീ സുസ്ഥാപിതയാകും; മര്‍ദനനഭീതി നിന്നെ തീണ്ടുകയില്ല. ഭീകരത നിന്നെ സമീപിക്കുകയില്ല.
കർത്താവിന്റെ വചനം.
____
സങ്കീര്‍ത്തനം
സങ്കീ 30:1,3-5a,10-12
R. കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു.
കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും, അവിടുന്ന് എന്നെ രക്ഷിച്ചു; എന്റെ ശത്രു എന്റെ മേല്‍ വിജയമാഘോഷിക്കാന്‍ ഇടയാക്കിയില്ല. കര്‍ത്താവേ, അവിടുന്ന് എന്നെ പാതാളത്തില്‍ നിന്നു കരകയറ്റി; മരണഗര്‍ത്തത്തില്‍ പതിച്ചവരുടെയിടയില്‍ നിന്ന് എന്നെ ജീവനിലേക്ക് ആനയിച്ചു.
R. കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു.
കര്‍ത്താവിന്റെ വിശുദ്ധരേ, അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍; അവിടുത്തെ പരിശുദ്ധ നാമത്തിനു
കൃതജ്ഞതയര്‍പ്പിക്കുവിന്‍.
എന്തെന്നാല്‍, അവിടുത്തെ കോപം
നിമിഷനേരത്തേക്കേ ഉള്ളൂ; അവിടുത്തെ പ്രസാദം ആജീവനാന്തം നിലനില്‍ക്കുന്നു.
R. കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു.
കര്‍ത്താവേ, എന്റെ യാചന കേട്ട് എന്നോടു കരുണ തോന്നണമേ! കര്‍ത്താവേ, അവിടുന്ന് എന്നെ സഹായിക്കണമേ! അവിടുന്ന് എന്റെ വിലാപത്തെ
ആനന്ദനൃത്തമാക്കി മാറ്റി; ദൈവമായ കര്‍ത്താവേ,
ഞാനങ്ങേക്ക് എന്നും നന്ദി പറയും.
R. കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു.
____
അഞ്ചാം വായന
ഏശ 55:1-11
നമ്മുടെ രക്ഷ ദൈവത്തിന്റെ സൗജന്യദാനം.
കര്‍ത്താവ് അരുള്‍ ചെയ്യുന്നു: ദാഹാര്‍ത്തരേ, ജലാശയത്തിലേക്കു വരുവിന്‍. നിര്‍ധനന്‍ വന്നു വാങ്ങി ഭക്ഷിക്കട്ടെ! വീഞ്ഞും പാലും സൗജന്യമായി വാങ്ങിക്കൊള്ളുക. ആഹാരത്തിനു വേണ്ടിയല്ലാതെ എന്തിനു പണം മുടക്കുന്നു? സംതൃപ്തിക്കു വേണ്ടിയല്ലാതെ എന്തിന് അധ്വാനിക്കുന്നു? എന്റെ വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുക. നന്നായി ഭക്ഷിക്കുകയും വിശിഷ്ടഭോജ്യങ്ങള്‍ ആസ്വദിക്കുകയും ചെയ്യുക. എന്റെ അടുക്കല്‍ വന്ന് എന്റെ വാക്കു കേള്‍ക്കുവിന്‍. നിങ്ങള്‍ ജീവിക്കും; ഞാന്‍ നിങ്ങളുമായി ശാശ്വതമായ ഒരു ഉടമ്പടി ഉണ്ടാക്കും; ദാവീദിനോടെന്ന പോലെ നിങ്ങളോടു ഞാന്‍ സ്ഥിരമായ സ്‌നേഹം കാട്ടും. ഇതാ, ഞാന്‍ അവനെ ജനതകള്‍ക്കു സാക്ഷിയും നേതാവും അധിപനുമാക്കിയിരിക്കുന്നു. നിനക്ക് അജ്ഞാതമായ ജനതകളെ നീ വിളിച്ചുകൂട്ടും; നിന്നെ അറിയാത്ത ജനതകള്‍ നിന്റെ അടുക്കല്‍ ഓടിക്കൂടും. എന്തെന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവ്, ഇസ്രായേലിന്റെ പരിശുദ്ധന്‍, നിന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു. കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന് അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍. ദുഷ്ടന്‍ തന്റെ മാര്‍ഗവും അധര്‍മി തന്റെ ചിന്താഗതികളും ഉപേക്ഷിക്കട്ടെ! അവിടുത്തെ കരുണ ലഭിക്കേണ്ടതിന് അവന്‍ കര്‍ത്താവിങ്കലേക്കു തിരിയട്ടെ; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ. അവിടുന്ന് ഉദാരമായി ക്ഷമിക്കും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ചിന്തകള്‍ നിങ്ങളുടേതു പോലെയല്ല; നിങ്ങളുടെ വഴികള്‍ എന്റെതു പോലെയുമല്ല. ആകാശം ഭൂമിയെക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ.
മഴയും മഞ്ഞും ആകാശത്തു നിന്നും വരുന്നു; അങ്ങോട്ടു മടങ്ങാതെ ഭൂമിയെ നനയ്ക്കുന്നു. അതു സസ്യങ്ങള്‍ മുളപ്പിച്ച് ഫലം നല്‍കി, വിതയ്ക്കാന്‍ വിത്തും ഭക്ഷിക്കാന്‍ ആഹാരവും ലഭ്യമാക്കുന്നു. എന്റെ അധരങ്ങളില്‍ നിന്നു പുറപ്പെടുന്ന വാക്കും അങ്ങനെ തന്നെ. ഫലരഹിതമായി അതു തിരിച്ചു വരില്ല; എന്റെ ഉദ്ദേശ്യം അതു നിറവേറ്റും; ഞാന്‍ ഏല്‍പ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും.
കർത്താവിന്റെ വചനം.
____
കീര്‍ത്തനം
ഏശ 12:2-6
R. രക്ഷയുടെ സ്രോതസ്സില്‍ നിന്ന് നിങ്ങള്‍ സന്തോഷത്തോടെ ജലം കോരിയെടുക്കും.
ദൈവമാണ് എന്റെ രക്ഷ, ഞാന്‍ അങ്ങയില്‍ ആശ്രയിക്കും; ഞാന്‍ ഭയപ്പെടുകയില്ല. എന്തെന്നാല്‍, ദൈവമായ കര്‍ത്താവ് എന്റെ ബലവും എന്റെ ഗാനവും ആണ്. അവിടുന്ന് എന്റെ രക്ഷയായിരിക്കുന്നു. രക്ഷയുടെ കിണറ്റില്‍ നിന്ന് നീ സന്തോഷത്തോടെ ജലം കോരിയെടുക്കും.
R. രക്ഷയുടെ സ്രോതസ്സില്‍ നിന്ന് നിങ്ങള്‍ സന്തോഷത്തോടെ ജലം കോരിയെടുക്കും.
കര്‍ത്താവിനു നന്ദി പറയുവിന്‍. അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍. ജനതകളുടെ ഇടയില്‍ അവിടുത്തെ പ്രവൃത്തികള്‍ വിളംബരം ചെയ്യുവിന്‍. അവിടുത്തെ നാമം ഉന്നതമാണെന്ന് ഉദ്‌ഘോഷിക്കുവിന്‍.
R. രക്ഷയുടെ സ്രോതസ്സില്‍ നിന്ന് നിങ്ങള്‍ സന്തോഷത്തോടെ ജലം കോരിയെടുക്കും.
കര്‍ത്താവിനു സ്തുതി പാടുവിന്‍. അവിടുന്ന് മഹത്വത്തോടെ പ്രവര്‍ത്തിച്ചു. ഭൂമിയിലെല്ലാം ഇത് അറിയട്ടെ. സീയോന്‍വാസികളേ, ആര്‍ത്തട്ടഹസിക്കുവിന്‍. സന്തോഷത്തോടെ കീര്‍ത്തനങ്ങള്‍ ആലപിക്കുവിന്‍. ഇസ്രായേലിന്റെ പരിശുദ്ധനായവന്‍ മഹത്വത്തോടെ നിങ്ങളുടെ മധ്യേ ഉണ്ട്.
R. രക്ഷയുടെ സ്രോതസ്സില്‍ നിന്ന് നിങ്ങള്‍ സന്തോഷത്തോടെ ജലം കോരിയെടുക്കും.
____
ആറാം വായന
ബാറൂ 3:9-15,32-4:4
ജ്ഞാനത്തിന്റെ ഉറവിടം.
ഇസ്രായേലേ, ജീവന്റെ കല്‍പനകള്‍ കേള്‍ക്കുക, ശ്രദ്ധാപൂര്‍വം ജ്ഞാനമാര്‍ജിക്കുക, ഇസ്രായേലേ, നീ ശത്രുരാജ്യത്ത് അകപ്പെടാന്‍ എന്താണു കാരണം? വിദേശത്തു വച്ചു വാര്‍ധക്യം പ്രാപിക്കുന്നതെന്തു കൊണ്ട്? മൃതരോടൊപ്പം അശുദ്ധനാകാന്‍ കാരണമെന്ത്? പാതാളത്തില്‍ പതിക്കുന്നവരോടൊപ്പം നീ ഗണിക്കപ്പെടുന്നതെന്തുകൊണ്ട്? ജ്ഞാനത്തിന്റെ ഉറവിടം നീ പരിത്യജിച്ചു. ദൈവത്തിന്റെ മാര്‍ഗത്തില്‍ ചരിച്ചിരുന്നെങ്കില്‍ നീ എന്നേക്കും സമാധാനത്തില്‍ വസിക്കുമായിരുന്നു. ജ്ഞാനവും ശക്തിയും വിവേകവും എവിടെയുണ്ടെന്ന് അറിയുക. ദീര്‍ഘായുസ്സും ജീവനും സമാധാനവും കണ്ണുകള്‍ക്കു പ്രകാശവും എവിടെയുണ്ടെന്ന് അപ്പോള്‍ നീ ഗ്രഹിക്കും. അവളുടെ നികേതനം ആരാണ് കണ്ടെത്തിയത്? ആര് അവളുടെ കലവറയില്‍ പ്രവേശിച്ചിട്ടുണ്ട്? എന്നാല്‍ എല്ലാം അറിയുന്നവന്‍ അവളെ അറിയുന്നു. അവിടുന്ന് അവളെ തന്റെ അറിവു കൊണ്ടു കണ്ടെത്തി. എന്നേക്കുമായി ഭൂമിയെ സ്ഥാപിച്ചവന്‍ അതു നാല്‍ക്കാലികളെ കൊണ്ടു നിറച്ചു. അവിടുന്ന് പ്രകാശം അയയ്ക്കുന്നു, അതു പോകുന്നു. അവിടുന്ന് വിളിച്ചു; ഭയത്തോടു കൂടെ അത് അനുസരിച്ചു. നക്ഷത്രങ്ങള്‍ തങ്ങളുടെ യാമങ്ങളില്‍ പ്രകാശിക്കുകയും ആഹ്ളാദിക്കുകയും ചെയ്തു. അവിടുന്ന് അവയെ വിളിച്ചു. ഇതാ, ഞങ്ങള്‍ എന്ന് അവ പറഞ്ഞു. തങ്ങളെ സൃഷ്ടിച്ചവനു വേണ്ടി അവ സന്തോഷപൂര്‍വം മിന്നിത്തിളങ്ങി. അവിടുന്നാണ് നമ്മുടെ ദൈവം. അവിടുത്തോടു തുലനം ചെയ്യാന്‍ ഒന്നുമില്ല. അവിടുന്ന് അറിവിലേക്കുള്ള എല്ലാ വഴികളും കണ്ടെത്തി. അവളെ തന്റെ ദാസനായ യാക്കോബിന്, താന്‍ സ്‌നേഹിച്ച ഇസ്രായേലിന്, കൊടുത്തു. അനന്തരം അവള്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെടുകയും മനുഷ്യരുടെയിടയില്‍ വസിക്കുകയും ചെയ്തു. ദൈവകല്‍പനകളുടെ പുസ്തകവും ശാശ്വതമായ നിയമവും അവളാണ്. അവളോടു ചേര്‍ന്നു നില്‍ക്കുന്നവന്‍ ജീവിക്കും. അവളെ ഉപേക്ഷിക്കുന്നവന്‍ മരിക്കും. യാക്കോബേ, മടങ്ങി വന്ന് അവളെ സ്വീകരിക്കുക. അവളുടെ പ്രകാശത്തിന്റെ പ്രഭയിലേക്കു നടക്കുക. നിന്റെ മഹത്വം അന്യനോ നിന്റെ പ്രത്യേക അവകാശം വിദേശിക്കോ കൊടുക്കരുത്. ഇസ്രയേലേ, നമ്മള്‍ സന്തുഷ്ടരാണ്. എന്തെന്നാല്‍, ദൈവത്തിനു പ്രീതികരമായവ എന്തെന്നു നമുക്ക് അറിയാം.
കർത്താവിന്റെ വചനം.
____
സങ്കീര്‍ത്തനം
സങ്കീ 19:7-10
R. കര്‍ത്താവേ, അങ്ങേ വചനങ്ങള്‍ നിത്യജീവന്റെ വാക്കുകളാണ്.
കര്‍ത്താവിന്റെ നിയമം അവികലമാണ്; അത് ആത്മാവിനു പുതുജീവന്‍ പകരുന്നു. കര്‍ത്താവിന്റെ സാക്ഷ്യം വിശ്വാസ്യമാണ്; അതു വിനീതരെ വിജ്ഞാനികളാക്കുന്നു:
R. കര്‍ത്താവേ, അങ്ങേ വചനങ്ങള്‍ നിത്യജീവന്റെ വാക്കുകളാണ്.
കര്‍ത്താവിന്റെ കല്‍പ്പനകള്‍ നീതിയുക്തമാണ്; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; കര്‍ത്താവിന്റെ പ്രമാണം വിശുദ്ധമാണ്; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
R. കര്‍ത്താവേ, അങ്ങേ വചനങ്ങള്‍ നിത്യജീവന്റെ വാക്കുകളാണ്.
ദൈവഭക്തി നിര്‍മ്മലമാണ്; അത് എന്നേക്കും നിലനില്‍ക്കുന്നു; കര്‍ത്താവിന്റെ വിധികള്‍ സത്യമാണ്; അവ തികച്ചും നീതിപൂര്‍ണമാണ്.
R. കര്‍ത്താവേ, അങ്ങേ വചനങ്ങള്‍ നിത്യജീവന്റെ വാക്കുകളാണ്.
അവ പൊന്നിനെയും തങ്കത്തെയുംകാള്‍ അഭികാമ്യമാണ്; അവ തേനിനെയും തേന്‍കട്ടയെയുംകാള്‍ മധുരമാണ്.
R. കര്‍ത്താവേ, അങ്ങേ വചനങ്ങള്‍ നിത്യജീവന്റെ വാക്കുകളാണ്.
____
ഏഴാം വായന
എസെ 36:16-17a,18-28
നവഹൃദയവും നവചൈതന്യവും.
കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ഇസ്രായേല്‍ ഭവനം സ്വദേശത്തു വസിച്ചിരുന്നപ്പോള്‍ അവര്‍ തങ്ങളുടെ ജീവിതരീതിയാലും പ്രവൃത്തികളാലും അതിനെ അശുദ്ധമാക്കി. എന്റെ മുമ്പില്‍ അവരുടെ പെരുമാറ്റം സ്ത്രീയുടെ ആര്‍ത്തവമാലിന്യം പോലെയായിരുന്നു. അവര്‍ സ്വദേശത്തു ചിന്തിയ രക്തവും നാടിനെ അശുദ്ധമാക്കാന്‍ ഉപയോഗിച്ച വിഗ്രഹങ്ങളും മൂലം ഞാന്‍ എന്റെ ക്രോധം അവരുടെ മേല്‍ ചൊരിഞ്ഞു. ജനതകളുടെയിടയില്‍ ഞാന്‍ അവരെ ചിതറിച്ചു; അവര്‍ പല രാജ്യങ്ങളിലായി ചിതറിപ്പാര്‍ത്തു. അവരുടെ പെരുമാറ്റത്തിനും ചെയ്തികള്‍ക്കും അനുസൃതമായി ഞാന്‍ അവരെ വിധിച്ചു. എന്നാല്‍, അവര്‍ ജനതകളുടെയടുക്കല്‍ ചെന്നപ്പോള്‍, അവര്‍ എത്തിയിടത്തെല്ലാം, ഇവരാണ് കര്‍ത്താവിന്റെ ജനം, എന്നിട്ടും അവിടുത്തെ ദേശത്തു നിന്ന് അവര്‍ക്കു പോകേണ്ടി വന്നു എന്ന് ആളുകള്‍ അവരെപ്പറ്റി പറഞ്ഞു. അങ്ങനെ അവര്‍ എന്റെ വിശുദ്ധനാമം അശുദ്ധമാക്കി. തങ്ങള്‍ എത്തിയ ജനതകളുടെയിടയില്‍ ഇസ്രായേല്‍ ഭവനം അശുദ്ധമാക്കിയ എന്റെ വിശുദ്ധ നാമത്തെ പ്രതി ഞാന്‍ ആകുലനായി.
ഇസ്രായേല്‍ ഭവനത്തോടു പറയുക. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ ഭവനമേ, നിങ്ങളെ പ്രതിയല്ല നിങ്ങള്‍ എത്തിച്ചേര്‍ന്ന ജനതകളുടെയിടയില്‍ നിങ്ങള്‍ അശുദ്ധമാക്കിയ എന്റെ വിശുദ്ധ നാമത്തെ പ്രതിയാണ്, ഞാന്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നത്. ജനതകളുടെയിടയില്‍ നിങ്ങള്‍ അശുദ്ധമാക്കിയ എന്റെ ശ്രേഷ്ഠനാമത്തിന്റെ പരിശുദ്ധി ഞാന്‍ തെളിയിക്കും. തങ്ങളുടെ കണ്‍മുമ്പില്‍ വച്ച് നിങ്ങളിലൂടെ എന്റെ പരിശുദ്ധി ഞാന്‍ വെളിപ്പെടുത്തുമ്പോള്‍ ഞാനാണ് കര്‍ത്താവ് എന്ന് ജനതകള്‍ അറിയും, ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ജനതകളുടെയിടയില്‍ നിന്നും സകല ദേശങ്ങളില്‍ നിന്നും ഒരുമിച്ചുകൂട്ടി സ്വദേശത്തേക്കു ഞാന്‍ നിങ്ങളെ കൊണ്ടുവരും. ഞാന്‍ നിങ്ങളുടെമേല്‍ ശുദ്ധജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളില്‍ നിന്നും നിങ്ങള്‍ ശുദ്ധീകരിക്കപ്പെടും. സകലവിഗ്രഹങ്ങളില്‍ നിന്നും നിങ്ങളെ ഞാന്‍ നിര്‍മലരാക്കും. ഒരു പുതിയ ഹൃദയം നിങ്ങള്‍ക്കു ഞാന്‍ നല്‍കും; ഒരു പുതുചൈതന്യം നിങ്ങളില്‍ ഞാന്‍ നിക്‌ഷേപിക്കും; നിങ്ങളുടെ ശരീരത്തില്‍ നിന്ന് ശിലാഹൃദയം എടുത്തു മാറ്റി മാംസളഹൃദയം നല്‍കും. എന്റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും. നിങ്ങളെ എന്റെ കല്‍പനകള്‍ കാക്കുന്നവരും നിയമങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധയുള്ളവരുമാക്കും. നിങ്ങളുടെ പിതാക്കന്മാര്‍ക്ക് ഞാന്‍ കൊടുത്ത ദേശത്ത് നിങ്ങള്‍ വസിക്കും. നിങ്ങള്‍ എന്റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവും ആയിരിക്കും.
കർത്താവിന്റെ വചനം.
____
ഏഴാമത്തെ വായനയ്ക്കു ശേഷമുള്ള സങ്കീര്‍ത്തനം ഓരോ സ്ഥലത്തും വ്യത്യാസപ്പെട്ടിരിക്കുന്നു.
USAയില്‍:
ജ്ഞാനസ്നാനം ഇല്ലെങ്കില്‍, ഏശയ്യാ 12 അഥവാ സങ്കീര്‍ത്തനം 51 ഉപയോഗിക്കുന്നു. ജ്ഞാനസ്നാനം ഉണ്ടെങ്കില്‍, സങ്കീര്‍ത്തനം 42 ഉപയോഗിക്കുന്നു.
ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍:
ജ്ഞാനസ്നാനം ഇല്ലെങ്കില്‍, സങ്കീര്‍ത്തനം 42 ഉപയോഗിക്കുന്നു.
ജ്ഞാനസ്നാനം ഉണ്ടെങ്കില്‍, ഏശയ്യാ 12 അഥവാ സങ്കീര്‍ത്തനം 51 നിര്‍ബന്ധമായും ഉപയോഗിക്കുന്നു.
മറ്റു രാജ്യങ്ങളില്‍:
ജ്ഞാനസ്നാനം ഇല്ലെങ്കില്‍ , സങ്കീര്‍ത്തനം 42 ഉപയോഗിക്കുന്നു. ജ്ഞാനസ്നാനം ഉണ്ടെങ്കില്‍ ഏശയ്യാ 12 അഥവാ സങ്കീര്‍ത്തനം 51 ഉപയോഗിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ താഴെ ചേര്‍ക്കുന്നു. ഏശയ്യാ 12 മുകളില്‍ അഞ്ചാമത്തെ വായനയ്ക്കു ശേഷം കൊടുത്തിട്ടുണ്ട്.
സങ്കീര്‍ത്തനം
സങ്കീ 42:2,4; 43:3,4
R. മാന്‍പേട നീര്‍ച്ചാലുകളെ എന്നതു പോലെ, ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു.
എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു; എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തി
അവിടുത്തെ കാണാന്‍ കഴിയുക!
R. മാന്‍പേട നീര്‍ച്ചാലുകളെ എന്നതു പോലെ, ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു.
ജനക്കൂട്ടത്തോടൊപ്പം ഞാന്‍ പോയി; ദേവാലയത്തിലേക്കു ഞാനവരെ
ഘോഷയാത്രയായി നയിച്ചു. ആഹ്‌ളാദാരവവും കൃതജ്ഞതാഗീതങ്ങളും ഉയര്‍ന്നു.
R. മാന്‍പേട നീര്‍ച്ചാലുകളെ എന്നതു പോലെ, ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു.
അങ്ങേ പ്രകാശവും സത്യവും അയയ്ക്കണമേ! അവ എന്നെ നയിക്കട്ടെ, അവിടുത്തെ വിശുദ്ധ ഗിരിയിലേക്കും നിവാസത്തിലേക്കും അവ എന്നെ നയിക്കട്ടെ. അപ്പോള്‍ ഞാന്‍ ദൈവത്തിന്റെ ബലിപീഠത്തിങ്കലേക്കു ചെല്ലും, ദൈവമേ, കിന്നരം കൊണ്ട് അങ്ങയെ ഞാന്‍ സ്തുതിക്കും.
R. മാന്‍പേട നീര്‍ച്ചാലുകളെ എന്നതു പോലെ, ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു.
____
ലേഖനം
റോമാ 6:3-11
മരിച്ചവരില്‍ നിന്ന് ഉത്ഥാനം ചെയ്ത ക്രിസ്തു ഇനി ഒരിക്കലും മരിക്കുകയില്ല.
സഹോദരരേ, യേശുക്രിസ്തുവിനോട് ഐക്യപ്പെടാന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച നാമെല്ലാവരും അവന്റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്ഞാനസ്‌നാനം സ്വീകരിച്ചതെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ? അങ്ങനെ, അവന്റെ മരണത്തോടു നമ്മെ ഐക്യപ്പെടുത്തിയ ജ്ഞാനസ്‌നാനത്താല്‍ നാം അവനോടൊത്തു സംസ്‌കരിക്കപ്പെട്ടു. ക്രിസ്തു മരിച്ചതിനു ശേഷം പിതാവിന്റെ മഹത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതു പോലെ, നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ് അവനോടൊത്തു സംസ്‌കരിക്കപ്പെട്ടത്. അവന്റെ മരണത്തിനു സദൃശമായ ഒരു മരണത്തില്‍ നാം അവനോട് ഐക്യപ്പെട്ടവരായെങ്കില്‍ അവന്റെ പുനരുത്ഥാനത്തിനു സദൃശമായ ഒരു പുനരുത്ഥാനത്തിലും അവനോട് ഐക്യപ്പെട്ടവരായിരിക്കും. നാം ഇനി പാപത്തിന് അടിമപ്പെടാതിരിക്കത്തക്കവിധം പാപപൂര്‍ണമായ ശരീരത്തെ നശിപ്പിക്കാന്‍ വേണ്ടി നമ്മിലെ പഴയ മനുഷ്യന്‍ അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നുവെന്നു നമുക്കറിയാമല്ലോ. എന്തെന്നാല്‍, മരിച്ചവന്‍ പാപത്തില്‍ നിന്നു മോചിതനായിരിക്കുന്നു. നാം ക്രിസ്തുവിനോടുകൂടെ മരിച്ചുവെങ്കില്‍ അവനോടു കൂടി ജീവിക്കും എന്നു നാം വിശ്വസിക്കുന്നു. മരിച്ചവരില്‍ നിന്ന് ഉത്ഥാനം ചെയ്ത ക്രിസ്തു ഇനി ഒരിക്കലും മരിക്കുകയില്ലെന്നു നമുക്കറിയാം. മരണത്തിന് അവന്റെ മേല്‍ ഇനി അധികാരമില്ല. അവന്‍ മരിച്ചു; പാപത്തെ സംബന്ധിച്ചിടത്തോളം എന്നേക്കുമായി അവന്‍ മരിച്ചു. അവന്‍ ജീവിക്കുന്നു; ദൈവത്തിനു വേണ്ടി അവന്‍ ജീവിക്കുന്നു. അതുപോലെ, നിങ്ങളും പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരാണെന്നും യേശുക്രിസ്തുവില്‍ ദൈവത്തിനു വേണ്ടി ജീവിക്കുന്നവരാണെന്നും അറിഞ്ഞുകൊള്ളുവിന്‍.
കർത്താവിന്റെ വചനം.
____
സങ്കീര്‍ത്തനം
സങ്കീ 118:1-2,16-17,22-23
അല്ലേലൂയ! അല്ലേലൂയ! അല്ലേലൂയ!
കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് ഇസ്രായേല്‍ പറയട്ടെ!
അല്ലേലൂയ! അല്ലേലൂയ! അല്ലേലൂയ!
കര്‍ത്താവിന്റെ വലത്തുകൈ മഹത്വമാര്‍ജിച്ചിരിക്കുന്നു;
കര്‍ത്താവിന്റെ വലത്തുകൈ കരുത്തു പ്രകടമാക്കി. ഞാന്‍ മരിക്കുകയില്ല, ജീവിക്കും; ഞാന്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍ പ്രഘോഷിക്കും.
അല്ലേലൂയ! അല്ലേലൂയ! അല്ലേലൂയ!
പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു. ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്; ഇതു നമ്മുടെ ദൃഷ്ടിയില്‍ വിസ്മയാവഹമായിരിക്കുന്നു.
അല്ലേലൂയ! അല്ലേലൂയ! അല്ലേലൂയ!
____
സുവിശേഷം
മാര്‍ക്കോ 16:1-8
കുരിശില്‍ തറയ്ക്കപ്പെട്ട നസറായനായ യേശു ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു.
സാബത്ത് കഴിഞ്ഞപ്പോള്‍ മഗ്ദലേന മറിയവും യാക്കോബിന്റെ അമ്മയായ മറിയവും സലോമിയും അവനെ അഭിഷേകം ചെയ്യുന്നതിനു വേണ്ടി സുഗന്ധദ്രവ്യങ്ങള്‍ വാങ്ങി. ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ, സൂര്യനുദിച്ചപ്പോള്‍ത്തന്നെ, അവര്‍ ശവകുടീരത്തിങ്കലേക്കു പോയി. അവര്‍ തമ്മില്‍ പറഞ്ഞു: ‘‘ആരാണ് നമുക്കു വേണ്ടി ശവകുടീരത്തിന്റെ വാതില്‍ക്കല്‍ നിന്ന് കല്ല് ഉരുട്ടി മാറ്റുക?’’ എന്നാല്‍, അവര്‍ നോക്കിയപ്പോള്‍ ആ കല്ല് ഉരുട്ടി മാറ്റിയിരിക്കുന്നു! അതു വളരെ വലുതായിരുന്നുതാനും. അവര്‍ ശവകുടീരത്തിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ വെള്ളവസ്ത്രം ധരിച്ച ഒരു യുവാവ് വലത്തു ഭാഗത്തിരിക്കുന്നതു കണ്ടു. അവര്‍ വിസ്മയിച്ചുപോയി. അവന്‍ അവരോടു പറഞ്ഞു: ‘‘നിങ്ങള്‍ അത്ഭുതപ്പെടേണ്ടാ. കുരിശില്‍ തറയ്ക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു. അവന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അവന്‍ ഇവിടെയില്ല. നോക്കൂ, അവര്‍ അവനെ സംസ്‌കരിച്ച സ്ഥലം. നിങ്ങള്‍ പോയി, അവന്റെ ശിഷ്യന്മാരോടും പത്രോസിനോടും പറയുക: അവന്‍ നിങ്ങള്‍ക്കു മുമ്പേ ഗലീലിയിലേക്കു പോകുന്നു. അവന്‍ നിങ്ങളോടു പറഞ്ഞിരുന്നതു പോലെ അവിടെ വച്ച് നിങ്ങള്‍ അവനെ കാണും.’’
കർത്താവിന്റെ സുവിശേഷം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


Leave a comment