പുലർവെട്ടം 459

{പുലർവെട്ടം 459}

 
വീഞ്ഞായിത്തീർന്ന വെള്ളം കലവറക്കാരൻ രുചിച്ചു നോക്കി. അത് എവിടെ നിന്നാണെന്ന് അവൻ അറിഞ്ഞിരുന്നില്ല. കലവറക്കാരൻ മണവാളനെ വിളിച്ചു പറഞ്ഞു: ”എല്ലാവരും മേൽത്തരം വീഞ്ഞ് ആദ്യം വിളമ്പുന്നു, അതിഥികൾക്കു ലഹരി പിടിച്ചു കഴിയുമ്പോൾ താഴ്ന്ന തരവും. എന്നാൽ, നീ നല്ല വീഞ്ഞ് അന്ത്യം വരെയും സൂക്ഷിച്ചുവച്ചുവല്ലോ!”
ജോൺ 2: 9-10
 
എത്രയോ വിരുന്നുമേശയിൽ വിളമ്പിയിട്ടുള്ള ഒരാളാണത്. ജീവിതത്തേക്കുറിച്ചുള്ള അയാളുടെ നിരീക്ഷണമാണ് ഇപ്പോൾ മറ നീക്കുന്നത്. എല്ലായിടത്തും തങ്ങളുടെ ഏറ്റവും നല്ല വീഞ്ഞ് പ്രാരംഭത്തിൽ വിളമ്പാൻ മനുഷ്യർ ശ്രദ്ധിക്കുന്നുണ്ട്. പിന്നെയാണ് ബന്ധങ്ങളിലെ ആ അപകടകരമായ വാക്ക് – taken for granted. അവിടെയാണ് രണ്ടാം തരം വീഞ്ഞ് വിളമ്പിത്തുടങ്ങുന്നത്. സത്യസന്ധതയും തങ്ങൾക്കിടയിലെ സ്വാതന്ത്ര്യവുമൊക്കെയാണ് അതിനു കാരണമായി അവർ എണ്ണിപ്പറയുന്നത്. നോക്കിനിൽക്കെ ജീവിതത്തിന്റെ ചാരുതകൾ മങ്ങുകയാണ്. മണൽഘടികാരത്തിലെന്നപോലെ വിരലുകൾക്കിടയിലൂടെ പ്രേമം ചോർന്നുപോകുന്നു. ‘അവസാനം വരെ നല്ല വീഞ്ഞ് കാത്തവർ’ എന്നാരോ മന്ത്രിക്കുന്ന ആ അപൂർവം ചിലരിൽ ഞാനുണ്ടായിരിക്കുമോ എന്നുള്ളതാണ് സ്നേഹത്തിന്റെ യഥാർത്ഥ ചലഞ്ച്. പ്രവാചകന്മാരുടെ ദീർഘപരമ്പരകളുടെ ഒടുവിൽ യേശു എന്ന നല്ല വീഞ്ഞ് നിയതി കാത്തുവച്ചിരുന്നു എന്നൊക്കെയുള്ള ദൈവശാസ്ത്രവിചാരങ്ങൾ പശ്ചാത്തലത്തിൽ നിൽക്കുമ്പോൾത്തന്നെ, ഇത് മനുഷ്യബന്ധത്തിനുള്ള ഏറ്റവും നല്ല വാഴ്ത്തും പ്രാർത്ഥനയുമാകുന്നു. വീഞ്ഞിനെപ്പോലെ, ഇരിക്കുന്തോറും വീര്യം വർദ്ധിക്കുന്ന ഒരു പ്രണയസങ്കല്പം ആരുടെ ഭാവനയാണ് പ്രഫുല്ലമാക്കാത്തത്.
 
നല്ലതായി ആരംഭിച്ചതെല്ലാം അത്ര നല്ലതായി അവസാനിച്ചിട്ടൊന്നുമില്ല. സെന്റ് പോൾ തന്റെ ചങ്ങാതിക്കൂട്ടത്തിൽ പറയുന്ന ഡീമസ് എന്നൊരാളുണ്ട്. മൂന്നിടങ്ങളിൽ അയാളുടെ നാമം പരാമർശിച്ചിരിക്കുന്നു. തന്റെ കൂട്ടുവേലക്കാരനെന്ന് ഒരിടത്ത്, ലൂക്കിനെപ്പോലെയുള്ള മനുഷ്യരോടൊപ്പം പേരെണ്ണിപ്പറയാൻ പറ്റുന്ന വിധത്തിൽ പ്രാധാന്യത്തോടെ മറ്റൊരിടത്ത്. ഒടുവിൽ ഇങ്ങനെയും, “ഡീമസ് ലോകത്തെ സ്നേഹിച്ചും എന്നെ ഉപേക്ഷിച്ചും തെസലോനിക്കയിലേക്ക് മടങ്ങിപ്പോയി.” പടിപടിയായുള്ള ഒരാളുടെ അകന്നുപോകലിന്റെ കഥയായിട്ടാണത് ബൈബിൾസാഹിത്യത്തിൽ പരിഗണിക്കപ്പെടുന്നത്. ജോൺ ബന്യൻ ‘പിൽഗ്രിം പ്രോഗ്രസി’ൽ യാത്രയുടെ ഏകാഗ്രത നഷ്ടമായ ഒരു സഹതീർത്ഥാടകന് ഡീമസ് എന്നു പേരിട്ട് വിളിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്.
 
ഇത്തരം ചില വിചാരങ്ങളുടെ പശ്ചാത്തലത്തിലാണ് ബ്രൂസ് എച്ച് ലിപ്റ്റൻ എന്ന സമകാലീനനായ ഒരു എഴുത്തുകാരനെ കേൾക്കുന്നത്. അയാൾ പറയാൻ ശ്രമിക്കുന്നത് ‘ഹണിമൂൺ ഇഫക്റ്റ്’ എന്നൊരു സങ്കല്പമാണ്. തീവ്രവും അഗാധവും ഊർജസ്വലവുമായ ഒരു സ്നേഹകാലമാണ് മധുവിധു കൊണ്ട് സൂചിപ്പിച്ചിരിക്കുന്നത്. എന്തിലും ഏതിലും അവസാനത്തോളം അതു നിലനിർത്താനാവുമെന്നും അങ്ങനെ മോക്ഷത്തിന്റെ ഒരു തുണ്ടു പോലെ നമുക്ക് ജീവിക്കാനാവുമെന്നും അയാൾ വിചാരിക്കുന്നു. ആ പേരിൽത്തന്നെയാണ് പുസ്തകവും എഴുതിയിട്ടുള്ളത്. അതിലെ വിചാരങ്ങൾ മറ്റൊരു ദിനത്തിലാവാം.
പ്രണയത്തിന്റെ മേൽത്തരം വീഞ്ഞ് കടശിയോളം കരുതുന്നൊരാൾക്ക്‌
 
(സമർപ്പണം, പുലർവെട്ടം രണ്ടാം പുസ്തകം)
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements
Advertisements


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “പുലർവെട്ടം 459”

Leave a comment