അനുദിന വിശുദ്ധർ – മെയ് 16 / Daily Saints – May 16

⚜️⚜️⚜️⚜️ May 16 ⚜️⚜️⚜️⚜️
രക്തസാക്ഷിയായ വിശുദ്ധ ജോണ്‍ നെപോമുസെന്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1330-ല്‍ ബൊഹേമിയയിലെ ഒരു ചെറുപട്ടണമായ നെപോമുക്കിലാണ് വിശുദ്ധ ജോണ്‍ ജനിച്ചത്. തങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് വിശുദ്ധനെ ലഭിച്ചതെന്നാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ വിശ്വസിച്ചിരുന്നത്. ജോണ്‍ ജനിച്ച ഉടനേതന്നെ മാരകമായ രോഗം മൂലം വിശുദ്ധന്റെ ജീവന്‍ അപകടത്തിലായി. എന്നാല്‍ പരിശുദ്ധ ദൈവമാതാവിന്റെ മാദ്ധ്യസ്ഥത്തിലുള്ള അവരുടെ ആത്മവിശ്വാസം വിശുദ്ധനെ ആരോഗ്യവാനാക്കി. ഇതിനോടുള്ള നന്ദിപ്രകാശമായി അവര്‍ തങ്ങളുടെ മകനെ ദൈവസേവനത്തിനു സമര്‍പ്പിച്ചു. മകന് മികച്ച വിദ്യാഭ്യാസം നല്‍കാനും ആ മാതാപിതാക്കള്‍ മറന്നില്ല. പ്രഭാതങ്ങളില്‍ വിശുദ്ധന്‍ അടുത്തുള്ള ആശ്രമത്തില്‍ പോയി ഒന്നിലധികം വിശുദ്ധ കുര്‍ബ്ബാനകളില്‍ സംബന്ധിക്കുമായിരുന്നു.

പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിശുദ്ധന്‍ ലാറ്റിന്‍ ഭാഷ പഠിക്കുവാനായി സ്റ്റാസെ എന്ന പട്ടണത്തിലേയ്ക്ക് പോയി. പ്രേഗിലെ സര്‍വ്വകലാശാലയില്‍ ചേര്‍ന്ന് വിശുദ്ധന്‍ തത്വശാസ്ത്രവും, ദൈവശാസ്ത്രവും, സഭാനിയമങ്ങളും പഠിച്ചു. മാത്രമല്ല ദൈവശാസ്ത്രത്തിലും, സഭാ നിയമങ്ങളിലും വിശുദ്ധന്‍ ഉന്നത ബിരുദവും കരസ്ഥമാക്കി. ചെറുപ്പത്തില്‍ തന്നെ പുരോഹിതനാവുക എന്നത് വിശുദ്ധന്റെ ജീവിതാഭിലാഷമായിരുന്നു.

തുടര്‍ന്നു തന്റെ പഠനങ്ങളില്‍ നിന്നും, നഗരത്തില്‍ നിന്നും പിന്‍വാങ്ങി പ്രാര്‍ത്ഥനയും ഉപവാസവുമായി ഒരുമാസത്തോളം ഏകാന്ത ജീവിതം നയിച്ചുകൊണ്ട് ജോണ്‍ ആത്മീയ ജീവിതത്തിനായി തയ്യാറെടുത്തു. വിശുദ്ധന്റെ മെത്രാന്‍ തന്നെ വിശുദ്ധന് പുരോഹിത പട്ടം നല്‍കുകയും ‘ഔര്‍ ലേഡി ഓഫ് ടെയിന്‍’ ഇടവകയുടെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. അധികം താമസിയാതെ മുഴുവന്‍ നഗരവും വിശുദ്ധനെ കേള്‍ക്കുവാനായി തടിച്ചുകൂടി. വിശുദ്ധന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കുവാനായി ആയിരങ്ങള്‍ അദ്ദേഹത്തിന്റെ ഇടവകയിലേക്ക് വരാന്‍ തുടങ്ങി.

1378-ല്‍ ചാള്‍സ് നാലാമന്‍ ചക്രവര്‍ത്തി പ്രേഗില്‍ വെച്ച് മരണപ്പെട്ടു. അദ്ദേഹത്തിന്റെ മകനായ വെന്‍സെസ്ലാവൂസ് തന്റെ പിതാവിന്റെ മരണത്തേതുടര്‍ന്ന്‍ അധികാരത്തിലെത്തി. ചക്രവര്‍ത്തിയാകുമ്പോള്‍ വെറും പതിനാറ് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന വെന്‍സെസ്ലാവൂസ് അധികാരത്തിനും, മുഖസ്തുതിയിലും മയങ്ങി ദുര്‍വൃത്തിപരമായ ജീവിതത്തിലേര്‍പ്പെടാന്‍ തുടങ്ങി. അലസതയുടേയും, മദ്യപാനത്തിന്റേയും പര്യായമായി മാറി വെന്‍സെസ്ലാവൂസ്. വിശുദ്ധ വിശുദ്ധ ജോണിന്റെ പ്രശസ്തിയെ കുറിച്ച് കേട്ടറിഞ്ഞ അദ്ദേഹം, വിശുദ്ധനോട് തന്റെ രാജധാനിയില്‍ അനുതാപത്തെകുറിച്ച് പ്രബോധനം നടത്തുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ദൗത്യം എത്രമാത്രം അപകടം നിറഞ്ഞതാണെന്ന് വിശുദ്ധനറിയാമായിരുന്നു. എന്നിരുന്നാലും വിശുദ്ധന്‍ ആ ദൗത്യം സന്തോഷപൂര്‍വ്വം സ്വീകരിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്തു.

അധികം താമസിയാതെ ചക്രവര്‍ത്തിയുള്‍പ്പെടെ സകലരുടേയും പ്രീതിക്ക് ജോണ്‍ പാത്രമായി. തന്മൂലം ചക്രവര്‍ത്തി വിശുദ്ധന് ലെയിട്ടോമെറിറ്റ്സിലെ മെത്രാന്‍ പദവി വാഗ്ദാനം ചെയ്തെങ്കിലും വിശുദ്ധന്‍ ആ പദവി സ്വീകരിച്ചില്ല. പിന്നീട് വിച്ചെറാഡ്റ്റിലെ മെത്രാന്‍ പദവിക്കടുത്ത സ്ഥാനം (പൊവോസ്റ്റ്ഷിപ്‌) വാഗ്ദാനം ചെയ്തുവെങ്കിലും അതും വിശുദ്ധന്‍ നിരസിച്ചു. വിശുദ്ധന്‍ രാജാവിന്റെ ദാനധര്‍മ്മപ്രവര്‍ത്തികളുടെ മേല്‍നോട്ടക്കാരനായി ചുമതലയേക്കുകയാണ് ചെയ്തത്. ഇത് വിശുദ്ധന് പാവപ്പെട്ടവരെ സഹായിക്കുന്നതിനും, നിരവധി ആത്മാക്കളെ ദൈവത്തിലേക്ക് തിരിക്കുന്നതിനും അവസരം നല്‍കി.

ചക്രവര്‍ത്തിനിയും ഭക്തയുമായിരുന്ന ജെയിനിന്റെ ആത്മീയ ഉപദേശകനും കൂടിയായിരുന്നു വിശുദ്ധന്‍. ചക്രവര്‍ത്തി അവളെ സ്നേഹിച്ചിരുന്നുവെങ്കിലും എളുപ്പം മനസ്സ് മാറുന്നവനായിരുന്നു. അതിനാല്‍ തന്നെ ആ രാജകുമാരിക്ക് നിരവധിയായ സഹനങ്ങള്‍ സഹിക്കേണ്ടതായി വന്നു. എന്നാല്‍ അവള്‍ വിശുദ്ധനെ അവളുടെ ആത്മീയ നിയന്താവായി സ്വീകരിച്ചതോടെ വിശുദ്ധനെ ഉപദേശങ്ങള്‍ മൂലം അവള്‍ തന്റെ സഹനങ്ങളെ ക്ഷമാപൂര്‍വ്വം സഹിക്കുവാന്‍ പരിശീലിച്ചു.

മുന്‍പത്തേക്കാള്‍ അധികമായി അവള്‍ ഭക്തികാര്യങ്ങളില്‍ ഏര്‍പ്പെട്ടു. മലിനമായ ഹൃദയം എല്ലാത്തിനേയും വിഷമയമാക്കും എന്ന് പറയുന്നത് പോലെ ചക്രവര്‍ത്തിനിയുടെ ഭക്തികാര്യങ്ങള്‍ വെന്‍സെസ്ലാവൂസിനെ ദേഷ്യം പിടിപ്പിക്കുകയും അതേചൊല്ലി അവളോടു വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തന്നേക്കുറിച്ചുള്ള സ്വകാര്യകാര്യങ്ങള്‍ അവള്‍ അവളുടെ കുമ്പസാരത്തില്‍ വിശുദ്ധന് വെളിപ്പെടുത്തികൊടുത്തിട്ടുണ്ടാവും എന്ന് കരുതിയ ചക്രവര്‍ത്തി ആ കുമ്പസാര രഹസ്യങ്ങള്‍ എങ്ങിനേയെങ്കിലും വിശുദ്ധനില്‍ നിന്നും അറിയുവാന്‍ തീരുമാനിച്ചു.

ആദ്യം നേരിട്ടല്ലാതെ വിശുദ്ധനില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞുവെങ്കിലും ഫലപ്രദമാകാത്തതിനാല്‍ നേരിട്ട് ചോദ്യം ചെയ്യല്‍ തുടങ്ങി. എന്നാല്‍ വിശുദ്ധന്‍ യാതൊന്നും വെളിപ്പെടുത്തിയില്ല. അതേതുടര്‍ന്ന് ക്രൂരനായ ആ ഭരണാധികാരി വിശുദ്ധനെ ക്രൂരമായി പീഡിപ്പിക്കുവാന്‍ ഉത്തരവിട്ടു. ക്രൂരമായ പീഡനങ്ങള്‍ ഏറ്റു വാങ്ങുമ്പോഴും വിശുദ്ധന്‍ യേശുവിന്റെയും, മാതാവിന്റെയും നാമങ്ങള്‍ ഉച്ചരിക്കുക മാത്രമാണ് ചെയ്തത്. തുടര്‍ന്ന് വിശുദ്ധനെ പകുതി മരിച്ച നിലയില്‍ വെറുതെ വിട്ടു.

പൂര്‍വ്വാധികം ഭംഗിയായി വിശുദ്ധന്‍ സുവിശേഷ പ്രഘോഷണം നടത്തി. ഒരിക്കല്‍ ചക്രവര്‍ത്തി തന്റെ കൊട്ടാരത്തിന്റെ ജാലകത്തിലൂടെ നോക്കിയപ്പോള്‍ പ്രേഗിലെ തെരുവിലൂടെ നടന്നു പോകുന്ന വിശുദ്ധനെ കണ്ടു. ഉടന്‍തന്നെ വിശുദ്ധനെ കൂട്ടികൊണ്ട് വരുവാന്‍ ആളെ അയച്ചു. ഒന്നല്ലെങ്കില്‍ ചകവര്‍ത്തിനിയുടെ കുമ്പസാര രഹസ്യം തന്നോട് വെളിപ്പെടുത്തുക, അല്ലെങ്കില്‍ മരിക്കുവാന്‍ തയ്യാറായി കൊള്ളുവാന്‍ പറഞ്ഞു. എന്നാല്‍ താന്‍ മരിക്കുവാന്‍ തയ്യാറായതായി വിശുദ്ധന്‍ അറിയിച്ചു. തുടര്‍ന്ന് ചക്രവര്‍ത്തി വിശുദ്ധനെ കൈകാലുകള്‍ ബന്ധിച്ച് മുള്‍ഡാ നദിയില്‍ എറിയുവാന്‍ ഉത്തരവിട്ടു. 1383 മെയ്‌ 16നായിരുന്നു ഇത സംഭവിച്ചത്.

നദിയിലെ വെള്ളത്തില്‍ ഒഴുകി കൊണ്ടിരുന്ന വിശുദ്ധന്റെ ശരീരത്തില്‍ ഒരു ദിവ്യപ്രകാശം പതിഞ്ഞതായി പറയപ്പെടുന്നു. നദിയില്‍ താന്‍ കണ്ട ദിവ്യപ്രകാശത്തിന്റെ കാരണം ചക്രവര്‍ത്തിനി ആരാഞ്ഞപ്പോള്‍ ചക്രവര്‍ത്തി പരിഭ്രാന്തനായി. രാവിലെതന്നെ വിശുദ്ധന്റെ കൊലപാതകത്തെ കുറിച്ച് ജനങ്ങള്‍ അറിയുകയും ആ നഗരം മുഴുവനും നദിക്കരയില്‍ തിങ്ങികൂടുകയും ചെയ്തു. പിന്നീട് വിശുദ്ധന്റെ ഭൗതീകശരീരം അടുത്തുള്ള ഒരു കത്രീഡലില്‍ അടക്കം ചെയ്യുകയും ചെയ്തു. വിശുദ്ധന്റെ ഈ ശവകുടീരത്തില്‍ രോഗശാന്തി ഉള്‍പ്പെടെയുള്ള നിരവധി അത്ഭുതങ്ങള്‍ നടന്നിട്ടുള്ളതായി പറയപ്പെടുന്നു.

ഈ സംഭവത്തിനു ശേഷം ചക്രവര്‍ത്തിനി വളരെ പരിതാപകരമായ ജീവിതമായിരുന്നു നയിക്കുകയും 1387-ല്‍ സമാധാനപൂര്‍വ്വം മരിക്കുകയും ചെയ്തു. ക്രൂരനായ ഭരണാധികാരിക്ക് അദ്ദേഹത്തിന്റെ തിന്മപ്രവര്‍ത്തിയുടെ ഫലം ലഭിക്കുകയും ചെയ്തു. ആഭ്യന്തര യുദ്ധത്തില്‍ സാമ്രാജ്യം വിഭജിച്ചു പോവുകയും 1400-ല്‍ ചക്രവര്‍ത്തി ഭരണത്തില്‍ നിന്നും നിഷ്കാസിതനാവുകയും ചെയ്തു.

ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുളില്‍ വിശുദ്ധന്റെ ശവകുടീരത്തില്‍ നിരവധി അത്ഭുതങ്ങള്‍ നടക്കുകയുണ്ടായി. ചക്രവര്‍ത്തിമാരായിരുന്ന ഫെര്‍ഡിനാന്റ് രണ്ടാമനും, മൂന്നാമനും ജോണ്‍ നെപോമുസെന്റെ വിശുദ്ധീകരണത്തിനു വേണ്ടി ശ്രമങ്ങള്‍ ആരംഭിച്ചു. ചാള്‍സ് ആറാമന്റെ കാലത്താണ് ജോണ്‍ നെപോമുസെനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്. 1719-ല്‍ വിശുദ്ധന്റെ കല്ലറ തുറക്കുകയുണ്ടായി. 330 വര്‍ഷങ്ങള്‍ക്ക് ശേഷവും വിശുദ്ധന്റെ ശരീരത്തിലെ എല്ലുകള്‍ക്ക് യാതൊരു കുഴപ്പവും കൂടാതെയിരിക്കുന്നതായി കണ്ടു.

വിശുദ്ധന്റെ നാക്കിനും യാതൊരു കുഴപ്പവുമുണ്ടായിരിന്നില്ല. ബൊഹേമിയയില്‍ വിശുദ്ധന്റെ മരണം മുതല്‍ക്കേ തന്നെ അദ്ദേഹത്തെ ഒരു രക്തസാക്ഷിയായി ആദരിച്ചു വന്നിരുന്നു. വിശുദ്ധന്റെ പേരിലുള്ള അത്ഭുതങ്ങള്‍ നിയമപരമായി വാസ്തവമാണെന്ന് തെളിയുകയും തുടര്‍ന്ന് ബെനഡിക്ട് പതിമൂന്നാമന്‍ ആദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️

1. പേഴ്സ്യന്‍ ബിഷപ്പായ ഔദാസ്

2. ഇറ്റലിയിലെ ആഡം

3. പോളീഷിലെ ആന്‍ഡ്രൂ ബോബൊല

4. സീസ് ബിഷപ്പായ അന്നോബര്‍ട്ട്

5. ഏഷ്യാ മൈനറിലെ അക്വിലിനൂസും വിക്ടോറിയനും

6. അയര്‍ലന്‍ഡിലെ നാവികനായ ബ്രെന്‍ട്രാന്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

💙💙💙💙💙💙💙💙💙💙💙💙
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം – പതിനാറാം തീയതി
💙💙💙💙💙💙💙💙💙💙💙💙

“അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയമടുത്തു. അവള്‍ തന്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ച കൊണ്ട് പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല”
(ലൂക്കാ 2:6-7).

ഉണ്ണീശോയുടെ പിറവി
💙💙💙💙💙💙💙💙💙

പ.കന്യകയും വിശുദ്ധ യൗസേപ്പും ബത്ലെഹെമിലെ ജനനിബിഡമായ തെരുവുകളില്‍ നിന്നും അജ്ഞാതവും പരിത്യക്തവുമായ ഒരു കാലിതൊഴുത്തിലേക്കാണ് പോയത്. അവിടെച്ചെന്ന് നാല്‍ക്കാലികളുടെ വാസസ്ഥലത്തു വിശ്രമിക്കുവാന്‍ തീരുമാനിച്ചു. എത്ര വിസ്മയാവഹമാണ് ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍. ഈ ബ്രഹ്മാണ്ഡകടാഹത്തെ മുഴുവന്‍ സൃഷ്ടിച്ചു പരിപാലിച്ചു വരുന്ന അപരിമിതനായ ദൈവം, മറ്റുള്ളവര്‍ക്കു കൊട്ടാരങ്ങളും രമ്യഹര്‍മ്മ്യങ്ങളും ഒരുക്കിക്കൊടുക്കുന്ന ദൈവത്തിന് ഒരു വാസസ്ഥലം ലഭിച്ചില്ല. അവിടത്തേയ്ക്ക് രാജകൊട്ടാരത്തിലോ പ്രഭുക്കന്‍മാരുടെ മണിമന്ദിരങ്ങളിലോ വന്നു ജനിക്കുവാന്‍ അവകാശമുണ്ടായിരുന്നു. എന്നാല്‍ അതു സ്വയം പരിത്യജിച്ച് ദരിദ്രരില്‍ ദരിദ്രനായി പുല്‍ക്കൂട്ടില്‍ വന്നു പിറക്കുന്നു. സൂര്യചന്ദ്രനക്ഷത്രാദിജ്യോതിര്‍ ഗോളങ്ങളെ അമ്മാനമാടുന്ന അവിടുത്തേയ്ക്ക് അര്‍ദ്ധരാത്രിയിലെ അന്ധകാരത്തിന്‍റെ ആധിപത്യത്തില്‍ നിന്നും രക്ഷനേടുവാന്‍ മാര്‍ഗ്ഗമില്ലാഞ്ഞിട്ടല്ല.

കൊടുംതണുപ്പില്‍ ദിവ്യശിശുവിന്‍റെ മൃദുലമേനി വിറയ്ക്കുന്നു. ഈ വിലപനീയമായ അവസ്ഥ പ.കന്യകയ്ക്ക് വളരെ ദുഃഖത്തിനു കാരണമായി. എങ്കിലും മേരി കഴിവനുസരിച്ച് ഈശോയുടെ ക്ലേശങ്ങള്‍ ലഘൂകരിക്കുവാന്‍ പരിശ്രമിച്ചു. ദിവ്യശിശുവിനെ അവളുടെ സ്നേഹത്തിന്‍റെ ഊഷ്മാവില്‍ മാറോടു ചേര്‍ത്തു കിടത്തി സമാശ്ലേഷിച്ചു. അത്ഭുതപൂര്‍ണ്ണമായി അവള്‍ ദിവ്യ ശിശുവിനെ നോക്കിക്കൊണ്ടുതന്നെ നിന്നു. മണിക്കൂറുകള്‍ തന്നെ കടന്നുപോയത് അറിഞ്ഞില്ല. മേരിയുടെ ഉള്ളില്‍ പറഞ്ഞു അറിയിക്കാന്‍ പറ്റാത്ത അത്രയും ആനന്ദം ഉളവായി. സ്രഷ്ടാവും പരിപാലകനും പരിത്രാതാവുമായ അവളുടെ അരുമസുതന്‍ ഉറങ്ങുന്നത് കണ്ണും കരളും കുളിര്‍ക്കെ കണ്ടുനിന്നു.

ഏറ്റവും ചെറിയവനായി സര്‍വശക്തന്‍ ബലഹീനനായി അവിടെ ശയിക്കുന്നത് അവളുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. എങ്കിലും ഹൃദയംഗമമായി അവള്‍ അതു അംഗീകരിച്ച്, ഭക്തി സ്നേഹബഹുമാനപുരസ്സരം അവിടുത്തെ ആരാധിച്ചു. ഈശോയുടെ അഗാധമായ എളിമ നമുക്ക് ഇവിടെ ദര്‍ശിക്കുവാന്‍ സാധിക്കും. അവിടുന്ന്‍‍ സ്വയം ശൂന്യനാക്കി. ക്രിസ്തീയമായ എളിമ മിശിഹായുടെ ശൂന്യമാക്കലിലുള്ള ഭാഗഭാഗിത്വമാണ്. അഹങ്കാരത്താല്‍ നശിച്ച മനുഷ്യനെ എളിമയിലൂടെ അവിടുന്ന്‍ രക്ഷിച്ചു. മിശിഹായുടെ ആഗമനത്തില്‍ ശ്രവിച്ച സ്വര്‍ഗ്ഗീയ ഗാനം ഉന്നതങ്ങളില്‍ ദൈവത്തിനു സ്തുതിയെന്നാണല്ലോ! ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനം എന്നാണ്. ആട്ടിടയന്മാരും പൗരസ്ത്യ വിജ്ഞാനികളും അവിടുത്തെ സന്ദര്‍ശിക്കുന്നു. അവര്‍ ശിശുവിനെ ആരാധിച്ച് അവിടുത്തേക്ക് കാഴ്ചയണച്ചു.

നാം ദിവ്യകാരുണ്യ സ്വീകരണാവസരത്തില്‍ എത്രമാതം സ്നേഹവും തീക്ഷ്ണതയും ഭക്തിയും പ്രദര്‍ശിപ്പിക്കുന്നുണ്ട്? മിശിഹായ്ക്കു മൂന്നു ജനനങ്ങളുണ്ടെന്നാണു ദൈവശാസ്ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെടുന്നത്. ഒന്നാമത്തേത് നിത്യത്വത്തില്‍ പിതാവില്‍ നിന്നുള്ള ജനനം, രണ്ടാമത്തേത് കാലത്തിന്‍റെ പൂര്‍ത്തീകരണത്തില്‍ പ.കന്യകാമറിയത്തില്‍ നിന്നുള്ള ജനനം, മൂന്നാമത്തേത് നമ്മില്‍ ഓരോരുത്തരിലുമുള്ള ആദ്ധ്യാത്മിക ജനനമാണ്‌. ആ ജനനത്തിലും പ.കന്യകയ്ക്ക് കാതലായ ഒരു പങ്കുണ്ട്.

സംഭവം
💙💙💙💙

ലൂര്‍ദ്ദിലെ ഒരു ദരിദ്ര ഭവനമായിരുന്നു ബുനോര്‍ട്ടള്‍സ് കുടുംബം. ആ കുടുംബത്തിലെ രണ്ടു വയസ്സുള്ള ജസ്റ്റിന്‍, ജനിച്ചനാള്‍ തുടങ്ങി രോഗിയായിരുന്നു. സന്ധിവാതവും കോട്ടവും ആണു പ്രധാന രോഗം. ഒരു രാത്രി രോഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തി. ശരീരം മരവിച്ചു. ശ്വാസോച്ഛ്വാസം മന്ദഗതിയിലായി. അവന്‍റെ അമ്മ കുട്ടിയുടെ മരണ ചേഷ്ടകള്‍ കണ്ടു വാവിട്ടു കരഞ്ഞു. നാഡി അടിപ്പ് നിലച്ചതു പോലെ കാണപ്പെട്ടു. കുട്ടിയുടെ അമ്മയായ ക്രെയിനിക്കോട്ടലിനു ഒരു ഭാവപ്പകര്‍ച്ച ഉണ്ടായി. അവള്‍ വിളിച്ചു പറഞ്ഞു: ലൂര്‍ദ്ദിലെ ഗ്രോട്ടോയിലുള്ള കന്യക എന്‍റെ കുട്ടിയെ രക്ഷിക്കും എന്നു പറഞ്ഞ് കുഞ്ഞിനെ എടുത്തു കൊണ്ട് ഗ്രോട്ടോയിലേക്ക് അവള്‍ ഓടി. അത്ഭുത ഉറവയില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്ന തൊട്ടിയില്‍ ബാലന്‍റെ ശിരസ്സ് ഒഴിച്ചുള്ള ശരീരഭാഗം മുഴുവന്‍ മുക്കിപ്പിടിച്ചു. കണ്ടുനിന്നിരുന്നവര്‍ അമ്പരന്നു. മഞ്ഞുകട്ടയ്ക്കു തുല്യം തണുപ്പുള്ള വെള്ളത്തില്‍ മരണാസന്നനായ ഒരു കുട്ടിയെ മുക്കുക. ഇതില്‍ കൂടുതല്‍ അബദ്ധം എന്താണു ചെയ്യുവാനുള്ളത്.

അവള്‍ കുട്ടിയെ കൊല്ലുവാന്‍ പോവുകയാണെന്ന് കണ്ടു നിന്നിരുന്നവര്‍ പറഞ്ഞു. അവള്‍ പ്രതിവചിച്ചു. “എനിക്ക് കഴിവുള്ളതു ഞാന്‍ ചെയ്യുന്നു. ബാക്കി നല്ലവനായ ദൈവവും പ.കന്യകയും ചെയ്യുന്നതാണ്.” പതിനഞ്ചു മിനിട്ടോളം സമയം അവള്‍ കുട്ടിയെ വെള്ളത്തില്‍ മുക്കിപ്പിടിച്ചു കൊണ്ടിരുന്നു. ശേഷം തുണിയില്‍ എടുത്തു പൊതിഞ്ഞു കൊണ്ട് വീട്ടിലേക്കോടി. വന്ന ഉടനെ തൊട്ടിലില്‍ കിടത്തി. കുട്ടി മരിച്ചുവെന്ന് കുട്ടിയുടെ പിതാവും മറ്റുള്ളവരും വിചാരിച്ചു. ജസ്റ്റിന്‍ ഗാഢനിദ്രയിലായി. പിറ്റേ ദിവസം അവന്‍ ഉണര്‍ന്നത് പൂര്‍ണ്ണ ആരോഗ്യവാനായിട്ടാണ്. ജന്മനാ രോഗിയായിരുന്ന, അതുവരെ എഴുന്നേല്‍ക്കാന്‍ കഴിയാതിരുന്ന ജസ്റ്റിന്‍ ആരോഗദൃഢഗാത്രനായി നടന്നു തുടങ്ങിയിരിക്കുന്നു. അത്ഭുതകരമായ രോഗശാന്തിയുടെ വിശേഷം എല്ലാ കാതുകളിലുമെത്തി. കുട്ടിയെ ചികിത്സിച്ചിരുന്ന സുപ്രസിദ്ധരായ ഡോക്ടര്‍മാര്‍ ഈ രോഗശമനം അത്ഭുത സംഭവമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രാര്‍ത്ഥന
💙💙💙💙

പ.കന്യകയെ, അവിടുന്ന്‍ അങ്ങേ ദിവ്യസുതനെ പ്രസവിച്ച് ഒരു‍ പുല്‍ക്കൂട്ടില്‍ കിടത്തിയല്ലോ. അങ്ങേ ദിവ്യകുമാരന് മാതൃസഹജമായ പരിലാളനകള്‍ അര്‍പ്പിക്കുവാന്‍ പോലും സാധിക്കാതെ അവിടുന്ന്‍ വളരെ ദുഃഖിച്ചു. എങ്കിലും സ്നേഹത്താല്‍ ഉജ്ജ്വലിച്ച അവിടുത്തെ ഹൃദയത്തില്‍ നിന്നും ആരാധനയുടെ അര്‍ച്ചനകള്‍ ഉയര്‍ന്നു. അവിടുത്തെ പ്രസാദിപ്പിക്കുവാനായി അങ്ങേ വിനീതവും ലളിതവുമായ പരിചരണങ്ങള്‍ നല്‍കി. അങ്ങേ കരതാരില്‍ ദിവ്യശിശു പരിപൂര്‍ണ്ണമായ സംതൃപ്തി അനുഭവിച്ചു. സ്നേഹനിധിയായ മാതാവേ, ഞങ്ങളുടെ ഹൃദയങ്ങളേയും അവിടുത്തെ സ്നേഹവായ്പിനാല്‍ സംതൃപ്തമാക്കണമേ. ഞങ്ങളുടെ ഹൃദയത്തില്‍ ഈശോമിശിഹാ ആത്മീയമായി പിറന്നു ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കണമേ.

വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം

എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്, നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു, നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.

ആമ്മേനീശോ.

* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ .

(മൂന്നു പ്രാവശ്യം ചൊല്ലുക).

ദൈവമാതാവിന്റെ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! അനുഗ്രഹിക്കണമേ,

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദീശാ തമ്പുരാനേ,

എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവകുമാരന്‍റെ പുണ്യജനനി,

കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,

മിശിഹായുടെ മാതാവേ,

ദൈവപ്രസാദവരത്തിന്‍റെ മാതാവേ,

എത്രയും നിര്‍മ്മലയായ മാതാവേ,

അത്യന്ത വിരക്തിയുള്ള മാതാവേ,

കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,

കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,

സ്നേഹഗുണങ്ങളുടെ മാതാവേ,

അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,

സദുപദേശത്തിന്‍റെ മാതാവേ,

സ്രഷ്ടാവിന്‍റെ മാതാവേ,

രക്ഷിതാവിന്‍റെ മാതാവേ,

വിവേകൈശ്വര്യമുള്ള കന്യകേ,

പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,

സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,

വല്ലഭമുള്ള കന്യകേ,

കനിവുള്ള കന്യകേ,

വിശ്വാസവതിയായിരിക്കുന്ന കന്യകേ,

നീതിയുടെ ദര്‍പ്പണമേ,

ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,

ആത്മജ്ഞാന പൂരിത പാത്രമേ,

ബഹുമാനത്തിന്‍റെ പാത്രമേ,

അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,

ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,

ദാവീദിന്‍റെ കോട്ടയെ,

നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,

സ്വര്‍ണ്ണാലയമേ,

വാഗ്ദാനത്തിന്‍റെ പെട്ടകമേ,

ആകാശ മോക്ഷത്തിന്‍റെ വാതിലേ,

ഉഷകാലത്തിന്‍റെ നക്ഷത്രമേ,

രോഗികളുടെ സ്വസ്ഥാനമേ,

പാപികളുടെ സങ്കേതമേ,

വ്യാകുലന്‍മാരുടെ ആശ്വാസമേ,

ക്രിസ്ത്യാനികളുടെ സഹായമേ,

മാലാഖമാരുടെ രാജ്ഞി,

ബാവാന്മാരുടെ രാജ്ഞി,

ദീര്‍ഘദര്‍ശികളുടെ രാജ്ഞി,

ശ്ലീഹന്‍മാരുടെ രാജ്ഞി,

വേദസാക്ഷികളുടെ രാജ്ഞി,

വന്ദനീയന്‍മാരുടെ രാജ്ഞി,

കന്യാസ്ത്രീകളുടെ രാജ്ഞി,

സകല‍ പുണ്യവാന്മാരുടെയും രാജ്ഞി,

അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,

സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,

പരിശുദ്ധ ജപമാലയുടെ രാജ്ഞി,

സമാധാനത്തിന്‍റെ രാജ്ഞി,

കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന….

(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)

ഭൂലോക പാപങ്ങളെ നീക്കുന്ന…..

(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)

ജപം

സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ (ഈ കൂട്ടത്തെ) തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് കൃപചെയ്തു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

ജപം

പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ‍ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍, ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല‍ ആപത്തുകളില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
💙💙💙

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ .

സുകൃതജപം
💙💙💙💙💙

പിതാവായ ദൈവത്തിന്‍റെ പുത്രീ, പുത്രനായ ദൈവത്തിന്‍റെ മാതാവേ, പരിശുദ്ധാത്മാവിന്‍റെ മണവാട്ടീ, ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
💙💙💙💙💙💙💙💙💙💙💙💙

Advertisements

🌻പ്രഭാത പ്രാർത്ഥന 🌻

ആദിയുമന്തവുമില്ലാത്ത പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, അങ്ങേ ഞാൻ വണങ്ങി ആരാധിക്കുന്നു. അങ്ങ് എന്നെ സൃഷ്ടിച്ചതിനേയും രക്ഷിച്ചതിനേയും ഈ രാതിയിൽ കാത്തു പരിപാലിച്ചതിനേയും കുറിച്ച് അങ്ങേയ്ക്ക് ഞാൻ നന്ദിപറയുന്നു. എന്റെ സ്നേഹ ദൈവമേ! അങ്ങ് എന്റെ ലക്ഷ്യവും സർവ്വനന്മയുമായിരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ അങ്ങിൽ ശരണ പ്പെടുന്നു. എന്റെ ദൈവമേ! എൻറ മുഴുഹൃദയത്തോടുകൂടെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങേപ്രതി മാത്രം ജീവിക്കുവാനും മരിക്കുവാനും ഞാൻ മനസ്സായിരിക്കുന്നു. എൻറ മനസ്സിനെ മുഴുവനും അങ്ങേ തിരുമനസ്സിനി പൂർണ്ണമായി ഞാൻ സമർപ്പിക്കുന്നു. ഇന്ന് എൻറ നിരൂപണ വചനം പ്രവൃത്തികളാൽ ഞാൻ ചെയ്യാനിരിക്കുന്നതൊക്കെയും അങ്ങേ സ്തുതിക്കും എൻറ പുണ്യയോഗ്യതയ്ക്കുമായിട്ട് ഞാൻ നിയോഗിക്കുന്നു. ഈ ലോകത്തിലും പരലോകത്തിലും ചെയ്യുന്ന സകല ദൈവാരാധന സ്തോത്രങ്ങളും ഞാൻ ചെയ്യുന്നതുപോലെ അങ്ങ് കൈക്കൊള്ളണമെന്ന് ഞാൻ അപേക്ഷിക്കുന്നു. വിശേഷിച്ച് ഇന്ന് എനിക്ക് ലഭിക്കാൻ സാധ്യമായ സകല ദണ്ഡവിമോചനങ്ങളും പ്രാപിപ്പാൻ ഞാൻ നിയോഗം വയ്ക്കുന്നു. ലോകമായങ്ങളും പാപങ്ങളും എന്നിൽ നിന്നും അകന്നിരിക്കട്ടെ. എന്നാൽ എൻറെ കർത്താവേ! അങ്ങേ സഹായം കൂടാതെ ഒന്നും ചെയ്യാൻ ശക്തിയില്ലാത്തവനായ എനിക്ക് അങ്ങേ ദിവ്യസഹായങ്ങൾ ധാരാളമായി നൽകണമേ. എല്ലാ ആപത്തുകളിൽ നിന്നും എന്നെ സംരക്ഷിക്കേണമേ.

Advertisements

ജീവിതത്തെ സ്‌നേഹിക്കുകയും നല്ല ദിവസങ്ങള്‍ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവന്‍ തിന്‍മയില്‍നിന്നു തന്റെ നാവിനെയും വ്യാജം പറയുന്നതില്‍നിന്നു തന്റെ അധരത്തെയും നിയന്ത്രിക്കട്ടെ.
1 പത്രോസ് 3 : 10


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment