പുലർവെട്ടം 471

{പുലർവെട്ടം 471}

 
സ്വർഗ്ഗനരകങ്ങളുടെ ഭാവന രൂപപ്പെടുന്നതിൽ ചിത്രകലയുടെ പങ്ക് ചെറുതല്ല. സിസൈൻ ചാപ്പലിനെയും മൈക്കലാഞ്ചലോവിനെയും കാണാതെ പോകരുത്. വ്യക്തമായ കാഴ്ചയ്ക്ക് നിലത്തുകിടന്നുതന്നെ കാണണമെന്ന് കരുതുന്ന ചിലരെ ഗാർഡുകൾ ശകാരിച്ച് എഴുന്നേൽപ്പിക്കുന്നുണ്ട്. പോൾ മൂന്നാമൻ മാർപ്പാപ്പയുടെ നിർദ്ദേശമനുസരിച്ചാണ് ആഞ്ചലോ അത് ചെയ്തത്. തെരഞ്ഞെടുക്കപ്പെട്ടവരും, എന്നേയ്ക്കുമായി നഷ്ടമായവരും-സ്വർഗ്ഗനരകങ്ങളുടെ രണ്ടു തട്ടുകളിലായി വിഭജിക്കപ്പെടുകയാണ്. ഡിവൈൻ കോമഡിയിലൂടെ ദാന്തെ സൃഷ്ടിച്ചതുപോലെ ഇതിഹാസതുല്യമായ ഒരു ആവിഷ്കാരമാണ് അയാളുടെ സ്വപ്നം.
 
മുന്നൂറോളം മനുഷ്യരൂപങ്ങളെ അതിന്റെ പൂർണ്ണതയിൽ അയാൾ ആലേഖനം ചെയ്തിട്ടുണ്ട്. അതിരുകളിലേക്ക് അലിഞ്ഞു പോകുന്നു എന്ന തോന്നൽ അനന്തതയുടെ ഒരു ബോധം കാഴ്ചക്കാരിൽ സൃഷ്ടിക്കുന്നുണ്ട്. നരകയാതനയുടെ തീരത്തേക്ക് വഞ്ചി തുഴഞ്ഞ് എത്തിക്കുന്നത് ഉൾപ്പെടെയുള്ള യവന ഇതിഹാസങ്ങളിലെ കഥാപാത്രങ്ങളിൽ കൾച്ചറൽ ഫ്യൂഷൻ്റെ മിന്നലാട്ടമുണ്ട്. ചിത്രത്തിൽ അയാളും പ്രത്യക്ഷപ്പെടുന്നുണ്ട്.
 
ഒരു പുണ്യവാൻ്റെ കയ്യിൽ ഉരിഞ്ഞെടുത്ത തുകിലു പോലെ എന്തോ ഒന്നുണ്ട്. അതിലാണ് തൻ്റെ മുഖം അയാൾ വരച്ചിട്ടുള്ളത്. തൻ്റെ യൗവ്വനത്തെക്കുറിച്ച് ആവശ്യത്തിലേറെ ഖേദമുണ്ടായിരുന്ന, അറുപതിൻ്റെ മധ്യേയെത്തുമ്പോൾ നേരെ നിൽക്കാൻ പോലും അവകാശമില്ലാത്ത ഒരാളെന്ന നിലയിൽ അയാൾ സ്വയം ഗണിച്ചു. കൃത്യമായ ദൈവശാസ്ത്ര വിചിന്തനങ്ങളെ ആധാരമാക്കിയാണ് അയാൾ ചിത്രത്തിന്റെ വിശദാംശങ്ങൾ സൃഷ്ടിച്ചെടുത്തത്.
 
ദീർഘനേരം അവിടെ ചിലവഴിച്ച് പുറത്തേക്ക് കടക്കുമ്പോൾ കേളികേട്ടൊരു കലാസൃഷ്ടി എന്നതിനപ്പുറം ഉള്ളിൽ ആന്തരികാനുഭൂതി നൽകുന്ന ഒരു ചെറുനാളം പോലും തെളിഞ്ഞില്ല എന്നാണ് ഓർത്തത്. കല അതിന്റെ ഉത്തുംഗ സാധ്യതയിൽ പോലും എത്ര പരിമിതമായാണ് അവശേഷിക്കുന്നത്. ബോധത്തിൽ തെളിയുന്നതൊന്നും വരയ്ക്കാനാവില്ല എന്ന ലളിതമായ വിശ്വാസത്തിലാണ്, ആചാര്യന്മാർ മരണാനന്തര നിലനിൽപ്പുകളെക്കുറിച്ച് ഇത്രയും നിശ്ശബ്ദത പുലർത്തിയത്. വിളക്കേ കെടുന്നുള്ളൂ, വെളിച്ചം നിലനിൽക്കുന്നു എന്നൊരു സരളപാഠം കൈമാറി അവർ പിൻവാങ്ങി. ഇന്ദ്രിയാതീതമായ ഒരു നിലനില്പിനെ അടയാളപ്പെടുത്തുവാൻ ഇന്ദ്രിയങ്ങളുടെ മീഡിയം ഉപയോഗപ്പെടുത്തുന്നതിൻ്റെ അയുക്തി അവരെ അതിൻ്റെ വ്യാഖ്യാനങ്ങളിൽനിന്ന് വിമുഖരാക്കി. കാഴ്ചയില്ലാത്തൊരാളോട് തൂവെള്ള എന്ന് പറയുന്നത് പോലെയാണ്. ഒരു നിറം എന്നയാൾക്ക് ഇതിനകം പിടുത്തം കിട്ടി. എന്നാൽ പാലുപോലെ, കൊക്കിൻ്റേതുപോലെ തുടങ്ങിയ വിശദീകരണങ്ങൾ അയാളെ പരിഭ്രമിപ്പിക്കുന്നു. കാര്യങ്ങൾ അതുവഴി ലളിതമാവുകയല്ല, സങ്കീർണ്ണമാവുകയാണ്.
 
അതുകൊണ്ടുതന്നെയാണ് രൂപകകഥകൾ പറഞ്ഞ് മരണാനന്തര അനുഭവങ്ങൾക്ക് വ്യാഖ്യാനം തേടിയ തൻ്റെ കാലത്തെ പണ്ഡിതരോട് അവൻ ഇങ്ങനെ പറഞ്ഞ് പുഞ്ചിരിച്ചത്. അവിടെ അവർ വിവാഹം കഴിക്കുകയോ കഴിപ്പിക്കുകയോ ചെയ്യുന്നില്ല. അതൊരു താക്കീതാണ്: Don’t use your human analogy to explain eternity.
 
സ്വർഗ്ഗസ്ഥനായ പിതാവേ എന്ന് വിളിക്കുമ്പോൾ ഞങ്ങളുടെ ബോധത്തെ കവിഞ്ഞ് നിൽക്കുന്നവനേ എന്നൊരു വിനയധ്വനികൂടിയുണ്ട്.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “പുലർവെട്ടം 471”

Leave a comment