⚜️⚜️⚜️⚜️ May 19 ⚜️⚜️⚜️⚜️
മാര്‍പാപ്പയായിരുന്ന വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
1221-ല്‍ അപുലിയയിലാണ് പാപ്പായായിരുന്ന വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ ജനിച്ചത്. ആഴമായ സ്നേഹവും തങ്ങളുടെ കഴിവിന്റെ പരമാവധി പാവങ്ങളോടു കരുണ കാണിക്കുന്നവരുമായിരുന്നു വിശുദ്ധന്റെ മാതാ-പിതാക്കള്‍. വിശുദ്ധന്റെ പിതാവിന്റെ മരണത്തിനു ശേഷം തനിക്ക് മറ്റ് പതിനൊന്ന് മക്കള്‍ ഉണ്ടായിരുന്നിട്ടു പോലും വിശുദ്ധന്റെ അസാധാരണമായ ഭക്തിയും, ഇഷ്ടവും കണ്ടിട്ട് വിശുദ്ധന്റെ മാതാവ് പീറ്ററിന് നല്ല വിദ്യാഭ്യാസം നല്‍കി. തന്റെ ആഗ്രഹപ്രകാരം വിശുദ്ധന്‍ തന്റെ 20-മത്തെ വയസ്സില്‍ വിദ്യാഭ്യാസം മതിയാക്കി പര്‍വ്വതപ്രദേശത്ത് ഒരു ഭൂഗര്‍ഭ അറയിലെ ചെറിയ മുറിയില്‍ ഏകാന്ത ജീവിതമാരംഭിച്ചു.
ഏതാണ്ട് മൂന്ന് വര്‍ഷങ്ങളോളം വിശുദ്ധന്‍ ഈ ഇടുങ്ങിയ മുറിയില്‍ താമസിച്ചു. പിന്നീട് റോമില്‍ വെച്ച് വിശുദ്ധന്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചു. എന്നാല്‍ 1246-ല്‍ വിശുദ്ധന്‍ അബ്രൂസോയില്‍ തിരികെ വരികയും സുല്‍മോണക്ക് സമീപത്തുള്ള മൊറോണി പര്‍വതത്തിലെ ഒരു ഗുഹയില്‍ താമസമാരംഭിച്ചു, ഏതാണ്ട് 5 വര്‍ഷത്തോളം വിശുദ്ധന്‍ ഇവിടെ ചിലവഴിച്ചു. ഈ ജീവിതത്തിനിടക്ക് വിശുദ്ധന് ആന്തരികമായ നിരവധി പരീക്ഷണങ്ങളും പ്രലോഭനങ്ങളും നേരിടേണ്ടി വന്നു. ചില അവസരങ്ങളില്‍ രാത്രികാലങ്ങളില്‍ ഉറക്കത്തില്‍ വിശുദ്ധന് ചില മായാദര്‍ശനങ്ങള്‍ ഉണ്ടായി, ഇത് വിശുദ്ധനെ നിരാശയിലാഴ്ത്തുകയും, വിശുദ്ധന്‍ തന്റെ സന്യാസജീവിതം ഉപേക്ഷിക്കുവാന്‍ വരെ തീരുമാനമെടുക്കുന്ന സാഹചര്യമുണ്ടായി.
എന്നാല്‍ വിശുദ്ധന്റെ കുമ്പസാരകന്‍ അതെല്ലാം സാത്താന്റെ പരീക്ഷണങ്ങളാണെന്ന്‍ ഉപദേശിച്ചുകൊണ്ട് വിശുദ്ധന് ധൈര്യം നല്‍കി. തുടര്‍ന്ന് ഇക്കാര്യത്തില്‍ പാപ്പായുടെ ഉപദേശം ആരായുവാനായി വിശുദ്ധന്‍ റോമിലേക്ക് പോയെങ്കിലും വഴിയില്‍ വെച്ച് ഒരു ദൈവീക മനുഷ്യന്റെ ദര്‍ശനം ഉണ്ടാവുകയും ആദ്ദേഹവും വിശുദ്ധനോട് തന്റെ മുറിയിലേക്ക് മടങ്ങി പോകുവാനും നിത്യവും വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുവാനും ഉപദേശിച്ചു. വിശുദ്ധന്‍ അപ്രകാരം ചെയ്തു. 1251-ല്‍ വിശുദ്ധന്‍ തന്റെ രണ്ട് സഹചാരികള്‍ക്കൊപ്പം മഗേല്ല മലയിലേക്ക് പോവുകയും മരകൊമ്പുകളും ഇലകളും കൊണ്ട് ഒരു ചെറിയ ആശ്രമകുടീരം പണിയുകയും അവിടെ സന്തോഷപൂര്‍വ്വം തങ്ങളുടെ ആശ്രമജീവിതം തുടരുകയും ചെയ്തു. ഇടക്കൊക്കെ പിശാചിന്റെ പരീക്ഷണങ്ങള്‍ ഉണ്ടായെങ്കിലും അവര്‍ അവയെല്ലാം വിശ്വാസത്താല്‍ തരണം ചെയ്തു.
വിശുദ്ധന്റെ മാതൃകപരമായ ജീവിതം കണ്ട് നിരവധിപേര്‍ അദ്ദേഹത്തിന്റെ ശിഷ്യത്വത്തിനായി വന്നെങ്കിലും, മറ്റുള്ളവരെ നയിക്കുവാനുള്ള കഴിവ് തനിക്കില്ല എന്ന് പറഞ്ഞുകൊണ്ട് വിശുദ്ധന്‍ അവരെ മടക്കിഅയച്ചു. എന്നാല്‍ വിശുദ്ധന്റെ അപാരമായ എളിമ മൂലം വളരെ ഭക്തരായ കുറച്ച് പേരെ വിശുദ്ധന്‍ തന്റെ കൂടെ താമസിക്കുവാന്‍ അനുവദിച്ചു. തന്റെ രാത്രികാലങ്ങളുടെ ഭൂരിഭാഗം സമയവും വിശുദ്ധന്‍ പ്രാര്‍ത്ഥനക്കായിട്ടായിരുന്നു ചിലവഴിച്ചിരുന്നത്. പകല്‍ സമയങ്ങളില്‍ വിശുദ്ധ ഗ്രന്ഥങ്ങള്‍ പകര്‍ത്താന്‍ അദ്ദേഹം സമയം കണ്ടെത്തി. മാംസം അദ്ദേഹം പൂര്‍ണ്ണമായും വര്‍ജ്ജിച്ചു. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ വിശുദ്ധന്‍ ഉപവസിക്കുക പതിവായിരുന്നു.
എല്ലാ വെള്ളിയാഴ്ചകളിലും വെറും അപ്പവും വെള്ളവുമായിരുന്നു വിശുദ്ധന്റെ ഭക്ഷണം. കുതിരയുടെ രോമം കൊണ്ടുള്ള പരുക്കനായ വസ്ത്രമായിരുന്നു വിശുദ്ധ പീറ്റര്‍ ധരിച്ചിരുന്നത്. അരയില്‍ ഇരുമ്പ് കൊണ്ടുള്ള ഒരു ചങ്ങലയും. വെറും നിലമോ അല്ലെങ്കില്‍ പലകയോ ആയിരുന്നു വിശുദ്ധന്റെ കിടക്ക. താന്‍ നോമ്പ് നോക്കുന്ന അവസരങ്ങളിലും, ബുധനാഴ്ചകളും, വെള്ളിയാഴ്ചകളും ഒഴികെയുള്ള ദിവസങ്ങളില്‍ വിശുദ്ധന്‍ വിശ്വാസികള്‍ക്ക് ഉപദേശങ്ങള്‍ നല്‍കിപോന്നു. തന്നെ പിന്തുടരുന്നവരെയെല്ലാം ഒരുമിച്ചു കൂട്ടി വിശുദ്ധന്‍ ഔര്‍ സന്യാസസമൂഹത്തിനു രൂപം നല്‍കുകയും 1274-ല്‍ ഗ്രിഗറി പത്താമന്‍ പാപ്പായുടെ അംഗീകാരം തന്റെ പുതിയ സന്യാസസഭക്ക് നേടിയെടുക്കുകയും ചെയ്തു.
വിശുദ്ധ ബെന്നറ്റിന്റെ സഭാനിയമങ്ങളാണ് തന്റെ സഭയില്‍ അദ്ദേഹം പിന്തുടര്‍ന്നിരുന്നത്. വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്റെ സന്യാസസമൂഹം വികസിക്കുകയും വിശുദ്ധന്റെ അവസാനകാലമായപ്പോഴേക്കും ഏതാണ്ട് 36 സന്യാസ ആശ്രമങ്ങളും, 600 സന്യാസി-സന്യാസിനിമാര്‍ വിശുദ്ധന്റെ സഭക്കുണ്ടായിരുന്നു. നിക്കോളാസ് നാലാമന്റെ മരണത്തോടെ റോമിലെ പരിശുദ്ധ സിംഹാസനം ഏതാണ്ട് രണ്ട് വര്‍ഷവും മൂന്നു മാസത്തോളം കാലം ഒഴിവായി കിടന്നു. തുടര്‍ന്ന് കര്‍ദ്ദിനാള്‍മാര്‍ പെരൂജിയില്‍ സമ്മേളിക്കുകയും പീറ്റര്‍ സെലസ്റ്റിനെ നിക്കോളാസ് നാലാമന്റെ പിന്‍ഗാമിയായി ഏകാഭിപ്രായത്തോടെ തിരഞ്ഞെടുക്കുകയും ചെയ്തു.
ഈ വാര്‍ത്ത അറിഞ്ഞ പീറ്റര്‍ പരിഭ്രാന്തനാവുകയും, താന്‍ ആ പദവിക്ക് യോഗ്യനല്ലെന്ന് സമര്‍ത്ഥിക്കുവാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ഹംഗറിയിലേയും, നേപ്പിള്‍സിലേയും രാജാക്കന്‍മാരുടെയും, നിരവധി കര്‍ദ്ദിനാള്‍മാരുടേയും, രാജകുമാരന്‍മാരുടേയും സാന്നിദ്ധ്യത്തില്‍ അക്വിലായിലെ കത്രീഡലില്‍ വെച്ച് ഓഗസ്റ്റ് 29ന് സെലസ്റ്റീന്‍ അഞ്ചാമന്‍ എന്ന നാമം സ്വീകരിച്ചുകൊണ്ട് വിശുദ്ധന്‍ റോമിന്റെ മെത്രാനായി അഭിഷിക്തനായി.
അന്നുമുതല്‍ വിശുദ്ധന്റെ സന്യാസിമാര്‍ സെലസ്റ്റീന്‍സ് എന്ന പേരിലാണ് അറിയപ്പെടാന്‍ തുടങ്ങിയത്. നേപ്പിള്‍സിലെ രാജാവായ ചാള്‍സ് തന്റെ രാജ്യത്തെ സഭാപരമായ ചില പ്രശ്നങ്ങള്‍ പരിഹരിക്കുവാനും, ഒഴിവായി കിടക്കുന്ന ചില സഭാപദവികളിലേക്ക് നിയമനങ്ങള്‍ നടത്തുവാനുമായി വിശുദ്ധനെ തന്റെ തലസ്ഥാനത്തേക്ക് വരുവാന്‍ പ്രേരിപ്പിച്ചു. എന്നിരുന്നാലും പുതിയ പാപ്പായുടെ ചില പ്രവര്‍ത്തികള്‍ നിരവധി കര്‍ദ്ദിനാള്‍മാരുടെ അപ്രീതിക്ക് കാരണമായി. പാപ്പാ പദവിയുടെ ആഡംബരത്തിനിടക്കും വിശുദ്ധന്‍ തന്റെ ആശ്രമപരമായ ജീവിതമായിരുന്നു നയിച്ചിരുന്നത്.
ക്രിസ്തുമസിനു വേണ്ടി ആത്മീയമായി ഒരുങ്ങുവാനായി വിശുദ്ധന്‍ സഭയുടെ ചുമതല താല്‍ക്കാലികമായി മൂന്ന്‍ കര്‍ദ്ദിനാള്‍മാരെ ഏല്‍പ്പിച്ചു. ഇതും വിശുദ്ധനെതിരെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തി. തനിക്ക് നേരെയുയര്‍ന്ന വിമര്‍ശനങ്ങളും, സന്യാസജീവിതത്തോടുള്ള വിശുദ്ധന്റെ ആഗ്രഹവും തന്റെ പാപ്പാ പദവി ഉപേക്ഷിക്കുവാന്‍ വിശുദ്ധനെ പ്രേരിപ്പിച്ചു. തുടര്‍ന്ന് സഭാനിയമങ്ങളില്‍ പാണ്ഡിത്യമുള്ള കര്‍ദ്ദിനാള്‍ ആയിരുന്ന ബെനഡിക്ട് കജേതനുമായി വിശുദ്ധന്‍ ഇക്കാര്യം ആലോചിച്ചതിന്റെ അടിസ്ഥാനത്തില്‍ 1294 ഡിസംബര്‍ 13ന് നേപ്പിള്‍സിലെ കര്‍ദ്ദിനാള്‍മാരുടെ സമ്മേളനത്തില്‍ വെച്ച് നേപ്പിള്‍സിലെ രാജാവിന്റെയും മറ്റുള്ളവരുടേയും സാന്നിദ്ധ്യത്തില്‍ വെച്ച് വിശുദ്ധന്‍ തന്റെ പാപ്പാ പദവി ഉപേക്ഷിക്കുകയും, തന്റെ ഈ പ്രവര്‍ത്തിയില്‍ ദൈവ സന്നിധിയില്‍ ക്ഷമയാചിക്കുകയും ചെയ്തു.
വിശുദ്ധന്റെ പിന്‍ഗാമിയായി പാപ്പാ പദവിയിലെത്തിയത് കര്‍ദ്ദിനാള്‍ ആയിരുന്ന ബെനഡിക്ട് കജേതനായിരുന്നു. വിശുദ്ധ സെലസ്റ്റിന്റെ സ്ഥാനത്യാഗത്തെ കുറിച്ച് വിവിധ തരത്തിലുള്ള അഭിപ്രായങ്ങള്‍ ഉണ്ടായി. ഡാന്റെയുടെ അഭിപ്രായത്തില്‍ വിശുദ്ധന്റെ പ്രവര്‍ത്തി ഒരു ഭീരുത്വപരമായ പ്രവര്‍ത്തിയായിരുന്നു. എന്നാല്‍ പെട്രാര്‍ക്ക്, ‘തന്നെതന്നെ ശൂന്യനാക്കി കൊണ്ടുള്ള ഒരു ധീരമായ പ്രവര്‍ത്തിയായിട്ടാണ്’ വിശുദ്ധന്റെ സ്ഥാനത്യാഗത്തെ വിശേഷിപ്പിച്ചത്.
വിശുദ്ധനാകട്ടെ ഒട്ടും വൈകാതെ തന്നെ മൊറോണിയിലുള്ള തന്റെ ആശ്രമത്തിലേക്ക് പിന്‍വാങ്ങി. എന്നാല്‍ പുതിയ പാപ്പായുടെ നടപടികളിലും, കാര്‍ക്കശ്യത്തിലും അസന്തുഷ്ടരായ ചിലര്‍ പാപ്പയായ ബോനിഫസ് വിശുദ്ധനില്‍ നിന്നും പാപ്പാസ്ഥാനം തട്ടിയെടുത്തതാണെന്ന് പ്രസ്താവിച്ചു. വിശുദ്ധന്റെ ദിവ്യത്വത്താല്‍ അദ്ദേഹത്തിന്റെ ആശ്രമത്തിനു ചുറ്റും തടിച്ചു കൂടുന്ന ജനസഞ്ചയത്തെ ഭയന്നും, വിശുദ്ധനെ മറ്റുള്ളവര്‍ തനിക്കെതിരെ ഉപകരണമാക്കുകയും, അത് സഭയില്‍ കുഴപ്പങ്ങള്‍ക്കിടവരുത്തുകയും ചെയ്യുമോയെന്ന് ഭയന്നും ബോനിഫസ് പാപ്പാ വിശുദ്ധനെ റോമിലേക്കയക്കുവാന്‍ നേപ്പിള്‍സിലെ രാജാവിനെ ചുമതലപ്പെടുത്തി. എന്നാല്‍ ഇത് മനസ്സിലാക്കിയ വിശുദ്ധന്‍, അഡ്രിയാറ്റിക്ക് ഉള്‍ക്കടല്‍ മറികടക്കുക എന്ന ലക്ഷ്യത്തോടു കൂടി കടല്‍മാര്‍ഗ്ഗം സഞ്ചരിച്ചു.
പക്ഷേ കാറ്റിന്റെ വിപരീത ഗതി കാരണം വിയസ്റ്റെ തുറമുഖത്തടുത്ത വിശുദ്ധനെ നേപ്പിള്‍സിലെ രാജാവ് അനാഗ്നിയില്‍ ബോനിഫസ് പാപ്പായുടെ പക്കല്‍ എത്തിച്ചു. പാപ്പാ വിശുദ്ധനെ കുറേകാലം തന്റെ കൊട്ടാരത്തില്‍ പാര്‍പ്പിച്ചു. വിശുദ്ധന്റെ എളിമ കണ്ടിട്ട് ചിലര്‍ അദ്ദേഹത്തെ സ്വതന്ത്രനാക്കുവാനും തന്റെ ആശ്രമജീവിതം തുടരുവാന്‍ അനുവദിക്കുവാനും ബോനിഫസ് പാപ്പായോടു ആവശ്യപ്പെട്ടെങ്കിലും അത് അപകടകരമാണെന്ന് കണ്ട ബോനിഫസ് വിശുദ്ധനെ ഫുമോണെ കോട്ടയില്‍ തടവില്‍ പാര്‍പ്പിച്ചു.
അവിടെ വിശുദ്ധന് നിരവധി അപമാനങ്ങളും, കഷ്ടപ്പാടുകളും ഏല്‍ക്കേണ്ടി വന്നിട്ടുപോലും യാതൊരു പരാതിപോലും വിശുദ്ധന്റെ വായില്‍ നിന്നും കേള്‍ക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവസ്തുതികളും, പ്രാര്‍ത്ഥനയുമായി വിശുദ്ധന്‍ അവിടെ കഴിഞ്ഞു. 1296-ലെ ഒരു ഞായറാഴ്ച അസാധാരണമായ ഭക്തിയോട് കൂടി വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്തതിനു ശേഷം വിശുദ്ധന്‍ തന്റെ കാവല്‍ക്കാരോട് ഈ ആഴ്ച അവസാനത്തിനു മുന്‍പായി താന്‍ മരിക്കുമെന്ന് വെളിപ്പെടുത്തിയതായി പറയപ്പെടുന്നു.
അധികം താമസിയാതെ വിശുദ്ധന് കടുത്ത പനി ബാധിച്ചു. അതേവര്‍ഷം മെയ് 19ന് ഞായറാഴ്ച തന്റെ 75-മത്തെ വയസ്സില്‍ വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. ബോനിഫസ് പാപ്പായും മറ്റ് കര്‍ദ്ദിനാള്‍മാരും വിശുദ്ധന്റെ സംസ്കാരക്രിയകളില്‍ പങ്കെടുക്കുകയും ഫെറേന്റിനോയില്‍ വിശുദ്ധനെ അടക്കം ചെയ്യുകയും ചെയ്തു. പിന്നീടു വിശുദ്ധന്റെ മൃതദേഹം അക്വിലായിലേക്ക് മാറ്റുകയും നഗരത്തിനടുത്തുള്ള സെലസ്റ്റിന്‍ ദേവാലയത്തില്‍ സൂക്ഷിക്കുകയും ചെയ്തു. ഇവിടെ നിരവധി അത്ഭുതങ്ങള്‍ നടന്നിട്ടുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1313-ല്‍ ക്ലമന്റ് അഞ്ചാമന്‍ പാപ്പായാണ് പീറ്റര്‍ സെലസ്റ്റിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1. കലോചെരുസും പാര്‍ത്തേനിയൂസും
2. നിക്കോഡേമിയായിലെ സിറിയക്കായും കൂട്ടരും
3. ട്രെവെസു ബിഷപ്പായ സിറില്‍
4. ഇംഗ്ലണ്ടിലെ ഡണ്‍സ്റ്റാന്‍
5. കാമ്പ്രേയി ബിഷപ്പായ ഹാഡുള്‍ഫ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
💙💙💙💙💙💙💙💙💙💙💙💙
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം – പത്തൊമ്പതാം തീയതി
💙💙💙💙💙💙💙💙💙💙💙💙
“ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലുംപെട്ടവനായിരുന്നതിനാല്‍ , 5 പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍ നിന്നു യൂദയായില്‍ ദാവീദിന്റെ പട്ടണമായ ബേത്ലെഹെമിലേക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി”
(ലൂക്കാ 2:4-5).
ഈജിപ്തിലേക്കുള്ള തിരുക്കുടുംബത്തിന്‍റെ പലായനവും പ്രവാസ ജീവിതവും
💙💙💙💙💙💙💙💙💙💙💙💙
ലോകപരിത്രാതാവിന്‍റെ ജനനത്തില്‍ പ്രപഞ്ചം മുഴുവന്‍ ആനന്ദപുളകിതരായി. പാപത്താല്‍ അധ:പതിച്ച മാനവലോകത്തിനു ഏറ്റവും വലിയ സൗഭാഗ്യവും പ്രത്യാശയും അതു നല്‍കി. ദൈവദൂതന്‍മാര്‍ സ്വര്‍ഗീയമായ ഗാനമാലപിച്ചു. “ഉന്നതങ്ങളില്‍ ദൈവത്തിനു സ്തുതി, ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനവും പ്രത്യാശയും”. ബെത്ലഹത്തിലുണ്ടായിരുന്ന ആട്ടിയടയന്മാരും പൗരസ്ത്യ വിജ്ഞാനികളും അവതീര്‍ണ്ണനായ ദൈവസുതനെ സന്ദര്‍ശിച്ച് ആരാധനയര്‍പ്പിക്കുകയും അവരുടെ ഉപഹാരങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്തു. ഹല്ലേലൂയ്യ എന്ന ഗീതം അലയടിച്ചു.
എന്നാല്‍ യഹൂദന്മാര്‍ക്കു ജനിച്ചിരിക്കുന്ന രാജശിശു തന്‍റെ പ്രതിയോഗിയായിരിക്കുമെന്ന് സേച്ഛാധിപതിയായ ഹേറോദേസ് കരുതി. എല്ലാ സേച്ഛാധിപതികളും ആധുനികയുഗത്തിലും പൗരാണികയുഗത്തിലും ക്രിസ്തുവിനെ തങ്ങളുടെ പ്രതിയോഗിയായിട്ടാണ് കാണുക. അല്ലെങ്കില്‍ സമ്പത്തിനും സ്ഥാനമാനങ്ങള്‍ക്കും ലൗകിക സുഖഭോഗങ്ങള്‍ക്കും പ്രതിബന്ധമായി ക്രിസ്തുവിന്‍റെ പ്രബോധനങ്ങളെ കാണുന്നവരുമുണ്ടാകും.
പൗരസ്ത്യ വിജ്ഞാനികള്‍ യൂദന്മാരുടെ നവജാതനായ രാജശിശുവിനെ കാണുവാനായി വന്നപ്പോള്‍ അക്കാര്യം ഗ്രഹിച്ച ഹേറോദേസ് തന്‍റെ പ്രതിയോഗിയായ രാജശിശുവിനെ വധിക്കുവാന്‍ തീരുമാനിച്ചു. തന്നിമിത്തം ദൈവദൂതന്‍ വി.യൗസേപ്പിന് പ്രത്യക്ഷനായി ശിശുവിനെയും അവന്‍റെ മാതാവിനെയും കൂട്ടിക്കൊണ്ട് ഈജിപ്തിലേക്കു പോകുവാനുള്ള നിര്‍ദ്ദേശം നല്‍കി.
അതനുസരിച്ച് വി.യൗസേപ്പ് പരി.കന്യകയെയും ദിവ്യശിശുവിനെയും കൂട്ടിക്കൊണ്ടു ഈജിപ്തിലേക്കു പലായനം ചെയ്തു. സുദീര്‍ഘമായ ഈ യാത്ര തിരുക്കുടുംബത്തിനു വളരെയധികം ക്ലേശകരമായിരുന്നു. വഴി അജ്ഞാതമാണ്.
അപരിചിതമായ ഒരു രാജ്യം, മണലാരണ്യപ്രദേശം, അപരിചിതമായ യാത്ര സാമ്പത്തികമായും വളരെ ക്ലേശം അനുഭവിച്ചിട്ടുണ്ടാവണം. ഭക്ഷണപാനീയങ്ങള്‍ ലഭിക്കുവാനും ബുദ്ധിമുട്ടുണ്ട്. യാത്രയില്‍ വഴിയരുകിലോ വൃക്ഷച്ചുവട്ടിലോ ഗുഹകളിലോ രാത്രികാലം കഴിക്കേണ്ടതായി വന്നിട്ടുണ്ടാകാം. എന്നാല്‍ ദൈവതിരുമനസ്സിനു വിധേയമായി അതെല്ലാം സസന്തോഷം സ്വീകരിച്ച ദൈവസുതന്‍ ഒരു ഭീരുവിനെപ്പോലെ പലായനം ചെയ്തു.
അപരിചിതമായ ഒരു ദേശത്തു ചെല്ലുമ്പോള്‍ സ്ഥലവാസികള്‍ സംശയദൃഷ്ടിയോടെയായിരിക്കും അവരെ വീക്ഷിച്ചത്. ഈജിപ്ത് യഹൂദന്‍മാരോട് വിദ്വേഷമുള്ള ഒരു രാജ്യമായിരുന്നു. ഈജിപ്തും ഇസ്രായേലുമായി അനേകം യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. തന്നിമിത്തം അവര്‍ക്ക് ഈജിപ്തില്‍ ഹൃദ്യമായ ഒരു സ്വാഗതം ലഭിച്ചിരിക്കുകയില്ല. എന്നാല്‍ അപ്പോഴെല്ലാം പരിശുദ്ധ അമ്മയുടെ ഉദരത്തിലെ ഈശോയുടെ സാന്നിദ്ധ്യം അവര്‍ക്കു പ്രത്യാശയും ശക്തിക്കും നല്‍കിയിരിക്കണം.
യാത്രയും പ്രവാസജീവിതവും പ്രത്യാഗമനവും പ.കന്യകയ്ക്ക് വളരെ ദുഃഖമുളവാക്കി എന്നുള്ളത് നിസ്തര്‍ക്കമാണ്. എങ്കിലും അവര്‍ ഈശോയോടുള്ള സ്നേഹത്തെപ്രതി അതിനെയെല്ലാം സഹസ്രം സ്വാഗതം ചെയ്തു. പ.കന്യകയെ അനുകരിച്ച് നാം നമ്മുടെ ജീവിത ക്ലേശങ്ങളെ ക്ഷമാപൂര്‍വ്വമെങ്കിലും അഭിമുഖീകരിക്കുവാന്‍ പരിശ്രമിക്കണം. ദൈവത്തെയും സഹോദരങ്ങളെയും പഴിക്കാതെ ക്രൈസ്തവമായ ധീരതയോടും പ്രത്യാശയോടും കൂടിയാണ് സഹനത്തെ നാം അഭിമുഖീകരിക്കേണ്ടതാണ്.
സംഭവം
💙💙💙💙
കമ്യൂണിസ്റ്റ് റഷ്യയുടെ ശക്തികേന്ദ്രമായ ക്രംലിനില്‍ കൂടി പോകുമ്പോള്‍ ഏറ്റവും അപ്രതീക്ഷിതമായ ഒരു കാഴ്ച കാണാം. റഷ്യയിലെ ഏറ്റവും വലിയ മതവിരുദ്ധരുടെ മദ്ധ്യേ പ.ജനനിയുടെ ഏറ്റവും വലിയ കലാസൗകുമാര്യം തുളുമ്പുന്ന ഒരു ചിത്രം കാണുന്നുണ്ട്. ഇബെരിയന്‍ നാഥ (The Iberian Madonna) എന്ന പേരിലാണ് ഈ ചിത്രം അറിയപ്പെടുന്നത്. റഷ്യ മാനസാന്തരപ്പെടും എന്നു ഫാത്തിമായില്‍ ചെയ്ത വാഗാദാനത്തിന്‍റെ ഒരു അനുസ്മരണമാണ് മോസ്കോയിലെ ഈ ചിത്രം. പ്രസ്തുത ചിത്രം ഗ്രീസിലുള്ള മൗണ്ട് ആതോസ് ആശ്രമത്തിലെ സന്യാസികള്‍ ആലേഖനം ചെയ്തതാണ്. സാര്‍ ആലക്സി എന്ന റഷ്യന്‍ ചക്രവര്‍ത്തി മോസ്കോയില്‍ ഓര്‍ത്തഡോക്സ് സഭയുടെ ഒരു കൗണ്‍സില്‍ 1648-ല്‍ വിളിച്ചുകൂട്ടി.
മൗണ്ട് ആതോസിലെ സന്യാസവര്യരും അതില്‍ സംബന്ധിക്കുന്നതിനായി അവിടെ വന്നുചേര്‍ന്നു. അവര്‍ തങ്ങളുടെ നാഥയുടെ ചിത്രം ആഘോഷപൂര്‍വ്വം സംവഹിച്ചു കൊണ്ടുവന്ന്‍ സാര്‍ ചക്രവര്‍ത്തിക്കു സമ്മാനിച്ചു. ചക്രവര്‍ത്തി അത് അദ്ദേഹത്തിന്‍റെ സ്വകാര്യ കപ്പേളയില്‍ സ്ഥാപിക്കുകയാണ് ചെയ്തത്. ആറു വത്സരത്തിനു ശേഷം റഷ്യയില്‍ മുഴുവന്‍ ഒരു സാംക്രമിക രോഗബാധ ഉണ്ടായി. മരണാസന്നനായ ചക്രവര്‍ത്തി മാതൃസ്വരൂപം തിരികെ കൊണ്ടുവരുന്നതിനു ആവശ്യപ്പെട്ടു. രൂപം ചക്രവര്‍ത്തിയുടെ രോഗശയ്യയ്ക്ക് സമീപം കൊണ്ടുവന്ന ഉടനെ തന്നെ അദ്ദേഹം അത്ഭുതകരമായി രോഗവിമുക്തി പ്രാപിച്ചു.
കൃതജ്ഞത സൂചകമായി ചക്രവര്‍ത്തി ഒരു ചാപ്പല്‍ റെഡ് സ്ക്വയറില്‍ നിര്‍മ്മിച്ച് അവിടെ ഒരു രൂപം സ്ഥാപിച്ചു. അവിടെ ധാരാളം അത്ഭുതങ്ങള്‍ നടന്നു കൊണ്ടിരുന്നു. 1917-ല്‍ കമ്യൂണിസ്റ്റുകാര്‍ മോസ്കോയില്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ ക്രംലിനില്‍ ദൈവ മാതാവിനു പ്രതിഷ്ഠിച്ച ഒരു ദേവാലയം ഉണ്ടായിരിക്കുകയെന്നത് അസ്ഥാനത്തായി. അവര്‍ റഷ്യയിലെ ദേവാലയങ്ങള്‍ നശിപ്പിച്ചപ്പോള്‍ അതും നശിപ്പിച്ചു. പക്ഷെ ഒരു കമ്യൂണിസ്റ്റ് കലാപ്രേമി പ്രസ്തുതരൂപം ഒരു മഹത്തായ കലാസൃഷ്ടിയാണെന്നറിഞ്ഞ് മതവിരുദ്ധ കലാശാലയില്‍ സ്ഥാപിക്കുകയാണുണ്ടായത്. ആ തിരുസ്വരൂപം അവളുടെ വിമലഹൃദയ വിജയത്തെ പ്രതീക്ഷിച്ച് ഇന്നും നിലകൊള്ളുന്നു.
പ്രാര്‍ത്ഥന
💙💙💙💙💙
ദൈവമാതാവായ പ.കന്യാമറിയമേ, ഈജിപ്തിലേക്കുള്ള പ്രയാണങ്ങളില്‍ അവിടുന്നും അങ്ങേ വിരക്തഭര്‍ത്താവായ മാര്‍ യൗസേപ്പും ഉണ്ണി മിശിഹായും അനേകം യാതനകള്‍ അനുഭവിക്കേണ്ടിവന്നല്ലോ എങ്കിലും അതെല്ലാം ദൈവതിരുമനസ്സിനു വിധേയമായി സന്തോഷപൂര്‍വ്വം സഹിച്ച് ഞങ്ങളുടെ ജീവിതത്തില്‍ ഞങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ക്ലേശങ്ങളും ക്ഷമാപൂര്‍വ്വം അഭിമുഖീകരിച്ച് സ്വര്‍ഗരാജ്യത്തില്‍ എത്തിച്ചേരുവാനുള്ള അനുഗ്രഹം പ്രാപിച്ചു തരണമേ. അങ്ങ് ജീവിച്ചതും പ്രവര്‍ത്തിച്ചതും ഈശോയ്ക്കു വേണ്ടിയായിരുന്നു. അതുപോലെ ഞങ്ങളും എല്ലാക്കാര്യങ്ങളും ഈശോയ്ക്കുവേണ്ടി ചെയ്യുവാനും സഹിക്കുവാനും ഞങ്ങളെ പ്രാപ്തരാക്കേണമേ.
വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം
എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്, നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു, നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.
ആമ്മേനീശോ.
* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ .
(മൂന്നു പ്രാവശ്യം ചൊല്ലുക).
ദൈവമാതാവിന്റെ ലുത്തിനിയ
കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായെ! അനുഗ്രഹിക്കണമേ,
കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,
റൂഹാദക്കുദീശാ തമ്പുരാനേ,
എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,
പരിശുദ്ധ മറിയമേ
(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)
ദൈവകുമാരന്‍റെ പുണ്യജനനി,
കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,
മിശിഹായുടെ മാതാവേ,
ദൈവപ്രസാദവരത്തിന്‍റെ മാതാവേ,
എത്രയും നിര്‍മ്മലയായ മാതാവേ,
അത്യന്ത വിരക്തിയുള്ള മാതാവേ,
കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,
കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,
സ്നേഹഗുണങ്ങളുടെ മാതാവേ,
അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,
സദുപദേശത്തിന്‍റെ മാതാവേ,
സ്രഷ്ടാവിന്‍റെ മാതാവേ,
രക്ഷിതാവിന്‍റെ മാതാവേ,
വിവേകൈശ്വര്യമുള്ള കന്യകേ,
പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,
സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,
വല്ലഭമുള്ള കന്യകേ,
കനിവുള്ള കന്യകേ,
വിശ്വാസവതിയായിരിക്കുന്ന കന്യകേ,
നീതിയുടെ ദര്‍പ്പണമേ,
ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,
ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,
ആത്മജ്ഞാന പൂരിത പാത്രമേ,
ബഹുമാനത്തിന്‍റെ പാത്രമേ,
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,
ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,
ദാവീദിന്‍റെ കോട്ടയെ,
നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,
സ്വര്‍ണ്ണാലയമേ,
വാഗ്ദാനത്തിന്‍റെ പെട്ടകമേ,
ആകാശ മോക്ഷത്തിന്‍റെ വാതിലേ,
ഉഷകാലത്തിന്‍റെ നക്ഷത്രമേ,
രോഗികളുടെ സ്വസ്ഥാനമേ,
പാപികളുടെ സങ്കേതമേ,
വ്യാകുലന്‍മാരുടെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
മാലാഖമാരുടെ രാജ്ഞി,
ബാവാന്മാരുടെ രാജ്ഞി,
ദീര്‍ഘദര്‍ശികളുടെ രാജ്ഞി,
ശ്ലീഹന്‍മാരുടെ രാജ്ഞി,
വേദസാക്ഷികളുടെ രാജ്ഞി,
വന്ദനീയന്‍മാരുടെ രാജ്ഞി,
കന്യാസ്ത്രീകളുടെ രാജ്ഞി,
സകല പുണ്യവാന്മാരുടെയും രാജ്ഞി,
അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,
സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,
പരിശുദ്ധ ജപമാലയുടെ രാജ്ഞി,
സമാധാനത്തിന്‍റെ രാജ്ഞി,
കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.
ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,
(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)
ഭൂലോക പാപങ്ങളെ നീക്കുന്ന….
(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)
ഭൂലോക പാപങ്ങളെ നീക്കുന്ന…..
(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)
ജപം
സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.
കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.
സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
പ്രാര്‍ത്ഥിക്കാം
കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ (ഈ കൂട്ടത്തെ) തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് കൃപചെയ്തു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.
ജപം
പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.
കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.
സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
പ്രാര്‍ത്ഥിക്കാം
സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍, ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല ആപത്തുകളില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.
പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
💙💙💙
പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ .
സുകൃതജപം
💙💙💙💙💙
വിനയത്തിന്‍റെ മാതൃകയായ കന്യകാമാതാവേ, ഞങ്ങളെ വിനയം പഠിപ്പിക്കണമേ.
💙💙💙💙💙💙💙💙💙💙💙💙
🌻പ്രഭാത പ്രാർത്ഥന🌻
സത്യത്തോടുള്ള വിധേയത്വം വഴി നിഷ്കപടമായ സഹോദരസ്നേഹത്തിനായി നിങ്ങളുടെ ആത്മാവ് പവിത്രീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ഹൃദയപൂർവകമായും ഗാഢമായും പരസ്പരം സ്നേഹിക്കുവിൻ.. (1പത്രോസ് : 1/22)
കരുണാമയനായ എന്റെ ദൈവമേ…
സത്യത്തിൽ നിന്നും വ്യതിചലിക്കാതെ വിശ്വാസത്തിൽ അനുദിനം അഭിവൃദ്ധി പ്രാപിക്കുന്നതിനുള്ള അനുഗ്രഹം തേടി പ്രഭാതത്തിന്റെ ഈ പരിശുദ്ധ നിമിഷങ്ങളിൽ പ്രാർത്ഥനയോടെ ഞങ്ങൾ അണയുന്നു.ഈ മഹാമാരിയും യുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളുമെല്ലാം ഞങ്ങളെ ഓർമ്മിപ്പിക്കാൻ ശ്രമിക്കുന്നത് മനുഷ്യർ തന്നിൽ തന്നെ പരസ്പരം തിരിച്ചറിയണം എന്ന സത്യമാണ്. എന്നാൽ പറയുന്ന വാക്കുകളിലും ചെയ്യുന്ന പ്രവൃത്തികളിലും രാഷ്ട്രീയവും,ജാതിമത ചിന്തയുമൊക്കെ കടന്നു വരുമ്പോൾ സഹായം ആവശ്യമായി വരുന്ന എന്റെ സഹോദരനെ പോലും മാനുഷിക വികാരങ്ങളോടെ നോക്കി കാണാൻ ഞങ്ങൾക്കു പലപ്പോഴും കഴിയാറില്ല. എന്റെ മതത്തിലും, ഞാൻ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടിയിലും വിശ്വസിക്കുന്ന ആളാണെങ്കിൽ തീർച്ചയായും സഹായിക്കാം എന്നൊരു മനോഭാവത്തിലേക്ക് അധഃപതിക്കുമ്പോൾ അവിടെ നഷ്ടപ്പെട്ടു പോകുന്നത് ഞങ്ങളിലെ പൂർവികർ പോലും കൈമോശം വരാതെ കാത്തുസൂക്ഷിച്ചു പോന്ന മനുഷ്യത്വവും സഹോദരസ്നേഹവും തന്നെയാണ്.
ഈശോയേ.. വിശ്വാസം വഴിയുള്ള കൃപയാൽ കാത്തുസൂക്ഷിക്കപ്പെടുന്ന ഞങ്ങൾക്ക് നിഷ്കപടമായ സഹോദര സ്നേഹത്തോടെ പരസ്പരം സഹായിക്കാനും സ്നേഹിക്കാനുമുള്ള മനസ്സലിവ് നൽകുവാൻ കൃപയുണ്ടാകേണമേ.. വേദനിക്കുന്ന ജീവിതങ്ങളെ ജാതിമത വർഗ്ഗരാഷ്ട്രീയങ്ങൾ നോക്കാതെ എന്നാലാവും വിധം ആശ്വസിപ്പിക്കാനും പരിഗണിക്കാനും എന്നെ പഠിപ്പിക്കേണമേ.. അപ്പോൾ ഹൃദയപൂർവകമായ സഹോദര സ്നേഹത്തിന്റെയും ഗാഢമായ പരസ്പര വിശ്വാസത്തിന്റെയും.. നിസ്വാർത്ഥമായ സേവനത്തിന്റെയും മാർഗദീപങ്ങൾ ഞങ്ങളിലും തെളിഞ്ഞു പ്രശോഭിക്കുക തന്നെ ചെയ്യും..
കളങ്കരഹിതയായ കന്യകയേ.. നിഷ്കളങ്കരായി ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ.. ആമേൻ
ക്രിസ്‌തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീക രണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്‌ധരായിരിക്കുവിന്‍.
1 പത്രോസ് 3 : 15
എനിക്ക് ഉപദേശം നല്‍കുന്നകര്‍ത്താവിനെ ഞാന്‍ വാഴ്‌ത്തുന്നു;
രാത്രിയിലും എന്റെ അന്തരംഗത്തില്‍പ്രബോധനം നിറയുന്നു.
കര്‍ത്താവ് എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്;
അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതു കൊണ്ടു ഞാന്‍ കുലുങ്ങുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 16 : 7-8


Leave a comment