അനുദിന വിശുദ്ധർ – മെയ് 22 / Daily Saints – May 22

⚜️⚜️⚜️⚜️ May  22 ⚜️⚜️⚜️⚜️
കാസ്സിയായിലെ വിശുദ്ധ റീത്താ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1381-ല്‍ ഇറ്റലിയിലെ സ്പോളെറ്റോക്ക് സമീപമുള്ള റോക്കാപൊരേനയില്‍ വയോധികരായ ദമ്പതികളുടെ മകളായിട്ടാണ് വിശുദ്ധ റീത്താ ജനിച്ചത്. സന്യാസജീവിതത്തോടുള്ള താല്‍പ്പര്യം വളരെ ചെറുപ്പത്തില്‍ തന്നെ വിശുദ്ധ പ്രകടമാക്കിയിരുന്നു. അവള്‍ ആഗസ്റ്റീനിയന്‍ ആശ്രമത്തില്‍ ചേരണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും തന്റെ മാതാ-പിതാക്കളുടെ ഇഷ്ടത്തെ മാനിച്ചുകൊണ്ട് 12-മത്തെ വയസ്സില്‍ വിവാഹിതയായി. വളരെ ക്രൂരനും, നീചനുമായ ഒരാളായിരുന്നു വിശുദ്ധയുടെ ഭര്‍ത്താവ്. അവള്‍ മൂന്ന്‍ പ്രാവശ്യം ആഗസ്റ്റീനിയന്‍ മഠത്തില്‍ ചേരുവാന്‍ അപേക്ഷിച്ചെങ്കിലും അവിടെ കന്യകകള്‍ക്ക് മാത്രമേ പ്രവേശനമുള്ളുവെന്ന കാരണത്താല്‍ അവളുടെ അപേക്ഷകള്‍ നിരസിക്കപ്പെട്ടു.

പക്ഷേ 1413-ല്‍ റീത്തയുടെ വിശ്വാസവും, നിര്‍ബന്ധവും കാരണം അവളെ മഠത്തില്‍ പ്രവേശിപ്പിക്കേണ്ടതായി വന്നു. മഠത്തില്‍ ചേരുവാനുള്ള അവളുടെ അപേക്ഷകള്‍ നിരന്തരമായി നിരസിക്കപ്പെട്ടപ്പോള്‍ ഒരു രാത്രിയില്‍ അവള്‍ ദൈവം തന്റെ അപേക്ഷ കേള്‍ക്കുന്നത് വരെ വളരെഭക്തിയോട് കൂടി പ്രാര്‍ത്ഥിച്ചുവെന്നും, ദൈവം അവളുടെ അപേക്ഷയെ സ്വീകരിച്ചുകൊണ്ട് പൂട്ടിയ വാതിലുകള്‍ക്കിടയിലൂടെ അത്ഭുതകരമായി റീത്തയെ ആ മഠത്തിലേക്ക് മാറ്റിയെന്നും പറയപ്പെടുന്നു. രാവിലെ അവിടുത്തെ കന്യാസ്ത്രീകള്‍ വിശുദ്ധയെ മഠത്തില്‍ കണ്ടപ്പോള്‍ ഇത് ദൈവേഷ്ടമാണെന്ന് മനസ്സിലാക്കി റീത്തയെ അവിടെ പ്രവേശിപ്പിച്ചുവെന്നും ഒരു ഐതിഹ്യം നിലവിലുണ്ട്.

സന്യാസവൃതം സ്വീകരിച്ചതോടെ വിശുദ്ധ വളരെ കര്‍ക്കശമായ ജീവിത രീതികള്‍ പാലിക്കുവാന്‍ തുടങ്ങി. അവളുടെ അനുതാപത്താലും, മറ്റുള്ളവരോടുള്ള ശ്രദ്ധകൊണ്ടും അവള്‍ സകലരുടേയും പ്രീതിക്ക് പാത്രമായി. അവിടത്തെ മറ്റ് കന്യാസ്ത്രീകള്‍ അസുഖ ബാധിതരാകുമ്പോള്‍ വിശുദ്ധയായിരുന്നു അവരെ ശുശ്രൂഷിച്ചിരുന്നത്. മാത്രമല്ല വിശ്വാസം ഉപേക്ഷിച്ച ക്രിസ്തീയരെ തിരികെ വിശ്വാസത്തിലേക്ക് കൊണ്ടുവരുന്നതിനായും വിശുദ്ധ വളരെയധികം കഷ്ടപ്പെട്ടു.

1441-ല്‍ അവള്‍ വിശുദ്ധ ജെയിംസ് ഡെല്ലാ മാര്‍ക്കായുടെ ഒരു പ്രഭാഷണം കേള്‍ക്കുവാനിടയായി. മുള്‍കീരീടത്തെ കുറിച്ചായിരുന്നു ആ പ്രഭാഷണം. അതിനു ശേഷം അവള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ അവള്‍ക്ക് തന്റെ നെറ്റിയില്‍ മുള്ള് കുത്തിയിറങ്ങുന്നത് പോലയുള്ള ഒരു വേദന അനുഭവപ്പെട്ടു. വേദനയനുഭവപ്പെട്ട സ്ഥലം പിന്നീട് ഒരു മുറിവായി രൂപാന്തരപ്പെട്ടു, അവളെ മറ്റുള്ള കന്യകാസ്ത്രീകളില്‍ നിന്നും മാറ്റിപാര്‍പ്പിക്കുവാന്‍ തക്കവിധം വൃത്തിഹീനമായിരുന്നു ആ മുറിവ്.

1450-ല്‍ റോമിലേക്കുള്ള തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കേണ്ട സമയമായപ്പോഴേക്കും അവളുടെ മുറിവ് ഉണങ്ങി, പക്ഷേ തിരിച്ചെത്തിയ ഉടന്‍ തന്നെ ആ മുറിവ് വീണ്ടും പ്രത്യക്ഷപ്പെട്ടു. 1457 മെയ് 22ന് ശക്തമായ ക്ഷയരോഗത്തെ തുടര്‍ന്നു ഇറ്റലിയിലെ ഉംബ്രിയായിലുള്ള കാസ്സിയായില്‍ വെച്ച് അവള്‍ ദൈവസന്നിധിയിലേക്ക് യാത്രയായി. 1900­-ല്‍ വിശുദ്ധയാക്കപ്പെടുകയും ചെയ്തു. വിശുദ്ധ മരണപ്പെട്ടതിനു ശേഷം നിരവധി അത്ഭുതങ്ങള്‍ അവളുടെ പേരില്‍ നടന്നിട്ടുള്ളതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

വാസ്തവത്തില്‍ അവളുടെ ഭൗതീകശരീരം ഈ അടുത്തകാലം വരെ അഴിയാതെ ഇരുന്നതായി പറയപ്പെടുന്നു. വിശുദ്ധയുടെ മരണത്തിനു ശേഷം ഏതാണ്ട് 150 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവളുടെ ജീവചരിത്രം എഴുതപ്പെടുന്നത്. അതിനാല്‍ വിശുദ്ധയുടെ ജീവിതത്തെക്കുറിച്ചുള്ള വസ്തുതകള്‍ അത്രമാത്രം വിശ്വാസയോഗ്യമല്ല. വിശുദ്ധയെ പലപ്പോഴും ക്രൂശിതരൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന ഒരു ആഗസ്റ്റീനിയന്‍ സന്യാസിനിയായും, തലയില്‍ ചൂടിയിരിക്കുന്ന മുള്‍കിരീടത്തിലെ ഒരു മുള്ള് വിശുദ്ധയുടെ നെറ്റിയില്‍ മുറിവേല്‍പ്പിക്കുന്നതായും, മറ്റ് ചിലപ്പോള്‍ പരിശുദ്ധ കന്യകയില്‍ നിന്നും റോസാപൂക്കളുടെ കിരീടം സ്വീകരിക്കുന്നതായും, വിശുദ്ധരുടെ കയ്യില്‍ നിന്നും മുള്‍കിരീടം സ്വീകരിക്കുന്നതുമൊക്കെയായി ചിത്രീകരിച്ച്‌ കണ്ടിട്ടുണ്ട്.

നിരാശാജനകമായ അവസരങ്ങളില്‍ വിഷമിക്കുന്നവരുടേയും, മാതൃ-പിതൃത്വത്തിന്റേയും വന്ധ്യത അനുഭവിക്കുന്നവരുടെയും മാദ്ധ്യസ്ഥയായി വിശുദ്ധയെ പരിഗണിച്ചു വരുന്നു. സ്പെയിനില്‍ വിശുദ്ധ അറിയപ്പെടുന്നത് “ലാ അബോഗഡാ ഡെ ഇമ്പോസിബിള്‍സ്” അഥവാ ആശയറ്റവരുടെ പ്രത്യേകിച്ച് മാതൃത്വപരമായ ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ മാദ്ധ്യസ്ഥയെന്നാണ്. ഇറ്റലിയില്‍ വിശുദ്ധക്ക് വളരെയേറെ ജനസമ്മതിയുണ്ട്. കൂടാതെ കാസ്സിയായിലും, സ്പോളെറ്റോയിലും വിശുദ്ധയെ പ്രത്യേകം ആദരിച്ചു വരുന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ആങ്കുളെന്‍ ബിഷപ്പായ ഔസോണിയൂസ്

2. ബോമ്പോ

3. ഐറിഷുകാരനായ ബോയെത്തിയാന്‍

4. ആഫ്രിക്കന്‍ രക്തസാക്ഷികളായ കാസതൂസും എമിലിയൂസും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements
St. Rita
Advertisements

💙💙💙💙💙💙💙💙💙💙💙💙
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം – ഇരുപത്തിരണ്ടാം തീയതി
💙💙💙💙💙💙💙💙💙💙💙💙

“യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു” (യോഹന്നാന്‍ 19:25).

സഹരക്ഷകയായ പരിശുദ്ധ അമ്മ
💙💙💙💙💙💙💙💙💙💙💙💙

ദൈവം മനുഷ്യനെ സൃഷ്ടിച്ചു. പരമോന്നതമായ സ്ഥാനത്തിന് അര്‍ഹനാക്കുകയും ചെയ്തു. പക്ഷെ പാപത്താല്‍ ഈ മഹനീയപദം നമുക്ക് നഷ്ടപ്പെട്ടു. പരിതാപകരമായ ഈ സ്ഥിതിയില്‍ നിന്നും മനുഷ്യകുലത്തെ രക്ഷിക്കുന്നതിന് അനന്തനന്മയായ ദൈവം കാരുണ്യപൂര്‍വ്വം തിരുമന‍സ്സായി. ആദിമാതാപിതാക്കന്മാരുടെ പതനം നിമിത്തം മനുഷ്യസ്വഭാവത്തില്‍ തന്നെ ഒരു തകിടംമറിച്ചില്‍ സംഭവിച്ചു.

ദൈവപരിപാലന, മനുഷ്യനെ മനുഷ്യന്‍ വഴിയായി പുനരുദ്ധരിക്കുന്നതിനാണ് ക്രമീകരിച്ചത്. പാപപങ്കിലമായ മാനവരാശിക്ക് അതിന്‍റെ തന്നെ പരിത്രാണകൃത്യം നിര്‍വഹിക്കുക അസാദ്ധ്യമാണ്. അതിനാല്‍ ദൈവസുതനായ യേശു മനുഷ്യനായി അവതരിച്ചു. മിശിഹാ അവിടുത്തെ പീഢാനുഭവവും മരണവും വഴി പൈശാചികതയില്‍ അടിമപ്പെട്ട ലോകത്തെ രക്ഷിക്കുന്നു.

കാല്‍വരിയിലെ മഹായജ്ഞം വഴി സമ്പാദിച്ച പ്രസാദവരത്താല്‍ മനുഷ്യകുലത്തെ സ്വപിതാവുമായി അവിടുന്ന്‍ ഐക്യപ്പെടുത്തി. മിശിഹായോടുകൂടി പരിത്രാണകര്‍മ്മത്തിന്‍റെ ഓരോ രംഗത്തിലും ഏറ്റവും കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിച്ച വ്യക്തിയെ നാം കാണുന്നുണ്ട്. അത് ദൈവജനനിയായ പ.കന്യകാമറിയമല്ലാതെ മറ്റാരുമല്ല.

പരിത്രാണകര്‍മ്മത്തിന്‍റെ കേന്ദ്രവും അതിനു മകുടം ചാര്‍ത്തുന്നതുമായ സംഭവമാണ് കാല്‍വരിയിലെ മഹോന്നതമായ ബലി. പ.കന്യക മിശിഹായ്ക്കു വിധേയയായി, മിശിഹായോടുകൂടി അവിടുത്തെ ഹോമബലിയില്‍ ഏറ്റവും വലിയ സഹനത്തിലൂടെ സഹകരിച്ച് ലോകപാപത്തിനു പരിഹാരമര്‍പ്പിക്കുകയും മാനവകുലത്തിന് മുഴുവന്‍വേണ്ടി ആ ത്യാഗം സന്തോഷപൂര്‍വ്വം സഹിക്കുകയും ചെയ്തു.

മനുഷ്യകുലത്തിന്‍റെ നാശത്തിന് ആദവും ഹവ്വയും ഉത്തരവാദികളായതു പോലെ അതിന്‍റെ പരിത്രാണകര്‍മ്മത്തില്‍ രണ്ടാമത്തെ ആദമായ മിശിഹായും പുതിയ ഹവ്വായായ പ.കന്യകയും കാരണഭൂതരായി.

സഭാപിതാക്കന്മാരെല്ലാവരും തന്നെ പ.കന്യകയെ ഹവ്വായോടു ഉപമിച്ചിരിക്കുന്നത് കേവലം ആലങ്കാരികമായിട്ടല്ല. ഈശോയും മേരിയും തമ്മിലുള്ള ഐക്യം അഗാധമായതിനാലാണ്. മിശിഹായുടെ പീഢാനുഭവത്തിന്‍റെ അവസരത്തില്‍ മരിയാംബിക കുരിശിന്‍ചുവട്ടില്‍ സന്നിഹിതയായിരുന്നു (യോഹ.19:22-23). അവള്‍ മാനവവംശത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് ആ മഹാബലിയോട് യോജിച്ച് സ്വയം സമര്‍പ്പിച്ചു.

മിശിഹായോടുള്ള കന്യാംബികയുടെ സ്നേഹവും ഐക്യവും മഹത്തരമായിരുന്നതിനാല്‍ മിശിഹാ ശാരീരികമായി സഹിച്ചതെല്ലാം പ.കന്യക അവളുടെ ഹൃദയത്തില്‍ സഹിക്കുകയുണ്ടായി. മിശിഹായോടുകൂടി സഹിച്ച മറിയത്തിന്‍റെ സ്നേഹം എത്ര അപാരമാണ്. പരിഹാരമര്‍പ്പിച്ച കൃത്യം എത്ര മഹത്തരമാണ്. അവളുടെ ദൈവമാതൃത്വം വഴി അവള്‍ സകല സൃഷ്ടികള്‍ക്കും അതീതയായിത്തീര്‍ന്നു. എല്ലാ പാപമാലിന്യങ്ങളില്‍ നിന്നും നിശ്ശേഷം വിമുക്തയായി.

ഹൃദയവ്യഥയുടെ തീച്ചൂളയില്‍ നമുക്കുവേണ്ടി പ.കന്യക സ്വയം ഹോമിച്ചു. ഒരു വ്യക്തി പരിപൂര്‍ണ്ണത പ്രാപിക്കുന്നത് മിശിഹായുടെ പരിത്രാണ കൃത്യത്തില്‍ എത്രമാതം സഹകരിക്കുന്നുവോ അതിന്‍റെ തോതനുസരിച്ചാണ്. നരകുലപരിത്രാതാവായ മിശിഹാ കഴിഞ്ഞാല്‍ നമ്മുടെ രക്ഷണീയ കര്‍മ്മത്തില്‍ ഏറ്റവും കൂടുതല്‍ സഹകരിച്ചത് ദൈവമാതാവാണെന്നു നിസ്തര്‍ക്കം പറയുവാന്‍ സാധിക്കും. അതിനാല്‍ പ.കന്യകയേ ‘സഹരക്ഷക’ എന്നു അഭിസംബോധന ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ല. തന്നിമിത്തം എല്ലാ മനുഷ്യരും ഈ മാതാവിനെ ബഹുമാനിക്കുകയും അവിടുത്തെ അപദാനങ്ങള്‍ പ്രകീര്‍ത്തിക്കുകയും ചെയ്യേണ്ടതാണ്.

സംഭവം
💙💙💙

കേരളത്തിലെ ഒരു ക്രൈസ്തവ ദേവാലയത്തിന്‍റെ മുന്‍വശത്തുള്ള ചാപ്പലില്‍ അമലോത്ഭവ മാതാവിന്‍റെ ഒരു മനോഹരമായ സ്വരൂപമുണ്ട്. ഒരു ദിവസം രണ്ടു മൂന്നു അക്രൈസ്തവര്‍ മദ്യപാനം കഴിഞ്ഞിട്ട് അതിലെ വരുമ്പോള്‍ അവരിലൊരാള്‍ വളരെ ഹീനമായ വിധത്തില്‍ പ.കന്യകയുടെ രൂപത്തെ നോക്കി ഇപ്രകാരം പറഞ്ഞു: “ഇവള്‍ നൃത്തം ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. തുടങ്ങടീ നിന്‍റെ നൃത്തം” ഇതു പറഞ്ഞ് അഞ്ചാറടി മുമ്പോട്ടു വച്ചപ്പോള്‍ ഉടനെതന്നെ അയാള്‍ സര്‍പ്പദംശനമേറ്റു. അയാളെ വിഷവൈദ്യന്‍റെ അടുത്തു കൊണ്ടുചെന്നപ്പോള്‍ അയാളുടെ മറുപടി ഇങ്ങനെയായിരിന്നു, “വിഷം ചികിത്സിച്ചു ഭേദപ്പെടുത്തുവാന്‍ സാദ്ധ്യമല്ല, ദൈവകോപമാണ്”. അതിനു പരിഹാരമര്‍പ്പിക്കണമെന്ന് വൈദ്യന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് ആ മനുഷ്യനും അയാളുടെ കുടുംബാംഗങ്ങളും ദേവാലയത്തില്‍ വന്നു. പ്രത്യേകം പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു മരണത്തില്‍ നിന്നു രക്ഷ പ്രാപിക്കുകയും ചെയ്തു. ഇപ്പോള്‍ അവിടുത്തെ അക്രൈസ്തവര്‍ക്കു പോലും മാതാവിനോടു വലിയ ഭക്തിയാണ്.

പ്രാര്‍ത്ഥന
💙💙💙💙

ദൈവമാതാവേ! അവിടുത്തെ ദിവ്യസുതനോടു കൂടി ഞങ്ങളുടെ രക്ഷാകര്‍മ്മത്തില്‍ അവിടുന്നു നിസ്തുലമായ പങ്കുവഹിച്ചുവല്ലോ. ഇനിയും ഞങ്ങളുടെ ഒരോരുത്തരുടേയും രക്ഷണീയ കര്‍മ്മത്തില്‍ അവിടുന്നു സഹകരിക്കുന്നുണ്ട്. ദിവ്യനാഥേ, ഞങ്ങള്‍ എല്ലാവരും സ്വര്‍ഗ്ഗീയ സൗഭാഗ്യത്തില്‍ വന്നുചേരുന്നതുവരെ ഞങ്ങളുടെ നിത്യരക്ഷയ്ക്കാവശ്യമായ എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്കു നല്‍കേണമേ. അങ്ങേ ദിവ്യസുതന്‍റെ രക്ഷാകര്‍മ്മത്തില്‍ സഹകരിച്ച് അജ്ഞാനികളെ മാനസാന്തരപ്പെടുത്തുവാനും അകത്തോലിക്കരുടെ പുനരൈക്യത്തിനും ഇടയാകട്ടെ. നാഥേ, അങ്ങാണ് ഞങ്ങളുടെ പ്രത്യാശ. ഞങ്ങളുടെ അഭയവും ശക്തിയും നീ തന്നെ. ഞങ്ങളെ സഹായിക്കണമേ.*

വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം

എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്, നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു, നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.

ആമ്മേനീശോ.

* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ .

(മൂന്നു പ്രാവശ്യം ചൊല്ലുക).

ദൈവമാതാവിന്റെ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! അനുഗ്രഹിക്കണമേ,

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദീശാ തമ്പുരാനേ,

എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവകുമാരന്‍റെ പുണ്യജനനി,

കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,

മിശിഹായുടെ മാതാവേ,

ദൈവപ്രസാദവരത്തിന്‍റെ മാതാവേ,

എത്രയും നിര്‍മ്മലയായ മാതാവേ,

അത്യന്ത വിരക്തിയുള്ള മാതാവേ,

കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,

കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,

സ്നേഹഗുണങ്ങളുടെ മാതാവേ,

അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,

സദുപദേശത്തിന്‍റെ മാതാവേ,

സ്രഷ്ടാവിന്‍റെ മാതാവേ,

രക്ഷിതാവിന്‍റെ മാതാവേ,

വിവേകൈശ്വര്യമുള്ള കന്യകേ,

പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,

സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,

വല്ലഭമുള്ള കന്യകേ,

കനിവുള്ള കന്യകേ,

വിശ്വാസവതിയായിരിക്കുന്ന കന്യകേ,

നീതിയുടെ ദര്‍പ്പണമേ,

ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,

ആത്മജ്ഞാന പൂരിത പാത്രമേ,

ബഹുമാനത്തിന്‍റെ പാത്രമേ,

അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,

ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,

ദാവീദിന്‍റെ കോട്ടയെ,

നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,

സ്വര്‍ണ്ണാലയമേ,

വാഗ്ദാനത്തിന്‍റെ പെട്ടകമേ,

ആകാശ മോക്ഷത്തിന്‍റെ വാതിലേ,

ഉഷകാലത്തിന്‍റെ നക്ഷത്രമേ,

രോഗികളുടെ സ്വസ്ഥാനമേ,

പാപികളുടെ സങ്കേതമേ,

വ്യാകുലന്‍മാരുടെ ആശ്വാസമേ,

ക്രിസ്ത്യാനികളുടെ സഹായമേ,

മാലാഖമാരുടെ രാജ്ഞി,

ബാവാന്മാരുടെ രാജ്ഞി,

ദീര്‍ഘദര്‍ശികളുടെ രാജ്ഞി,

ശ്ലീഹന്‍മാരുടെ രാജ്ഞി,

വേദസാക്ഷികളുടെ രാജ്ഞി,

വന്ദനീയന്‍മാരുടെ രാജ്ഞി,

കന്യാസ്ത്രീകളുടെ രാജ്ഞി,

സകല‍ പുണ്യവാന്മാരുടെയും രാജ്ഞി,

അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,

സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,

പരിശുദ്ധ ജപമാലയുടെ രാജ്ഞി,

സമാധാനത്തിന്‍റെ രാജ്ഞി,

കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന….

(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)

ഭൂലോക പാപങ്ങളെ നീക്കുന്ന…..

(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)

ജപം

സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ (ഈ കൂട്ടത്തെ) തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് കൃപചെയ്തു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

ജപം

പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ‍ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍, ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല‍ ആപത്തുകളില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
💙💙💙

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ .

സുകൃതജപം
💙💙💙💙💙

കുരിശിലെ യാഗവേദിയില്‍ സന്നിഹിതയായ ദൈവമാതാവേ, ഞങ്ങളുടെ ജീവിതബലി പൂര്‍ത്തിയാക്കുവാന്‍ സഹായിക്കണമേ
💙💙💙💙💙💙💙💙💙💙💙💙

Advertisements

ആകയാല്‍, ദൈവഹിതമനുസരിച്ചു സഹിക്കുന്നവര്‍ നന്‍മചെയ്‌തുകൊണ്ടു വിശ്വസ്‌തനായ സ്രഷ്‌ടാവിനു തങ്ങളുടെ ആത്‌മാക്കളെ ഭരമേല്‍പിക്കട്ടെ.
1 പത്രോസ് 4 : 19


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment