⚜️⚜️⚜️⚜️ May 28 ⚜️⚜️⚜️⚜️
പാരീസിലെ മെത്രാനും, കുമ്പസാരകനുമായിരുന്ന വിശുദ്ധ ജെര്‍മാനൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
469-ല്‍ ഓട്ടൂണിലാണ് ഫ്രാന്‍സിലെ സഭയിലെ ഏറ്റവും പ്രസിദ്ധനായ വിശുദ്ധ ജെര്‍മാനൂസ് ജനിച്ചത്. പുരോഹിതനും, തന്റെ ബന്ധുവുമായിരുന്ന സ്കാപിലിയോണിന്റെ പരിപാലനയില്‍ ജെര്‍മാനൂസ് ഒരു നല്ല ദൈവഭക്തനും, അറിവുള്ളവനുമായി വളര്‍ന്നു. യുവാവായിരിക്കെ തന്നെ ഏതു മോശം കാലാവസ്ഥയായിരുന്നാല്‍ പോലും പള്ളിയില്‍ പോകുന്നത് വിശുദ്ധന്‍ മുടക്കാറില്ലായിരുന്നു. ഓട്ടൂണിലെ മെത്രാനായിരുന്ന വിശുദ്ധ അഗ്രിപ്പിനൂസിന്റെ കയ്യില്‍ നിന്നും പൗരോഹിത്യ പട്ടം സ്വീകരിച്ച ജെര്‍മാനൂസ്, നഗരത്തിന്റെ പ്രാന്തപ്രദേശത്തുണ്ടായിരുന്ന വിശുദ്ധ സിംഫോറിയന്റെ ആശ്രമത്തിലെ ആശ്രമാധിപതിയായി നിയമിതനായി. ആ ഭവനം പിന്നീട് പുരോഹിതാര്‍ത്ഥികളുടെ ഒരാശ്രമമാക്കി മാറ്റപ്പെട്ടു.
വിശുദ്ധനുമായി ഒരുപാടു ഇടപഴകിയിട്ടുള്ള പോയിട്ടിയേഴ്സിലെ മെത്രാനായിരുന്ന ഫോര്‍റ്റുണാറ്റൂസ് പറഞ്ഞിട്ടുള്ളത്, അക്കാലങ്ങളില്‍ വിശുദ്ധന് പ്രവചന വരവും, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള കഴിവും ഉണ്ടായിരിന്നുവെന്നാണ്. ഒരു രാത്രിയില്‍ വിശുദ്ധനുണ്ടായ ഒരു സ്വപ്നത്തില്‍ ഒരു വൃദ്ധന്‍ പ്രത്യക്ഷപ്പെട്ടു. വിശുദ്ധന്റെ കയ്യില്‍ പാരീസ് നഗരത്തിന്റെ താക്കോല്‍ ഏല്‍പ്പിച്ചിട്ട് ഇങ്ങനെ പറഞ്ഞു, ‘ദൈവം പാരീസ് നിവാസികളെ വിശുദ്ധന്റെ സംരക്ഷണയില്‍ ഏല്‍പ്പിക്കുകയാണ്. അവരെ നാശത്തില്‍ നിന്നും രക്ഷിക്കണം’. നാല് വര്‍ഷത്തിന് ശേഷം പാരീസിലെ മെത്രാനായിരുന്ന യൂസേബിയൂസിന്റെ നിര്യാണത്തോടെ വിശുദ്ധന്‍ പാരീസിലെ മെത്രാനായി അഭിഷിക്തനായി.
മെത്രാനായിട്ട് പോലും വിശുദ്ധന്റെ ലാളിത്യത്തില്‍ യാതൊരു മാറ്റവും വന്നിരുന്നില്ല, അത് വിശുദ്ധന്റെ വസ്ത്രങ്ങളിലും, മേശയിലും, മറ്റുള്ള വീട്ടുപകരണങ്ങളിലും പ്രകടമായിരുന്നു. രാത്രി ഒമ്പത് മണിക്ക് പള്ളിയില്‍ പോയാല്‍, പുലരുവോളം വിശുദ്ധന്‍ അവിടെ പ്രാര്‍ത്ഥനയുമായി കഴിയുമായിരുന്നു. ദരിദ്രരുടേയും, ഭിക്ഷക്കാരുടേയും സ്ഥിരം സന്ദര്‍ശന കേന്ദ്രമായിരുന്നു വിശുദ്ധന്റെ ഭവനം. കുറഞ്ഞകാലം കൊണ്ട് വിശുദ്ധന്‍ മുഴുവന്‍ നഗരത്തേയും മാറ്റിയെടുത്തു. ഭൗതീകസുഖങ്ങളില്‍ മുഴുകിയിരുന്ന രാജാവായിരുന്ന ചില്‍ഡെബെര്‍ട്ടിനെ വിശുദ്ധന്‍ ഒരു നല്ല ഭക്തനാക്കി മാറ്റിയെടുത്തു. മാത്രമല്ല മെത്രാന്റെ ഉപദേശത്താല്‍ രാജാവ് നിരവധി ആതുരസ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും, പാവങ്ങളെ സഹായിക്കുവാനായി നല്ലൊരു തുക വിശുദ്ധന്റെ പക്കല്‍ ഏല്‍പ്പിക്കുകയും ചെയ്തു.
ഒരിക്കല്‍ ചില്‍ഡെബെര്‍ട്ട് രോഗബാധിതനായി, എല്ലാ ചികിത്സകരും പരാജയപ്പെട്ടപ്പോള്‍ വിശുദ്ധ ജെര്‍മാനൂസ് അദ്ദേഹത്തെ സന്ദര്‍ശിക്കുകയും, ആ രാത്രി മുഴുവന്‍ അവിടെ തങ്ങി രാജാവിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ രാജാവിന്റെ ദേഹത്ത് തന്റെ കരം വെച്ച നിമിഷം തന്നെ രാജാവ് പരിപൂര്‍ണ്ണമായും സുഖപ്പെട്ടു. ചില്‍ഡെബെര്‍ട്ട് രാജാവ് തന്നെ ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതിനു പ്രതിഫലമായി രാജാവ് സെല്ലെസ് ഭൂപ്രദേശം മുഴുവനായും, പാരീസിലെ സഭക്കും വിശുദ്ധ ജെര്‍മാനൂസിനുമായി നല്‍കി. എന്നിരുന്നാലും അധിക കാലം ഈ നല്ല രാജാവ് ജീവിച്ചിരുന്നില്ല.
ചില്‍ഡെബെര്‍ട്ടിനു ശേഷം അധികാരത്തില്‍ വന്ന അദ്ദേഹത്തിന്റെ സഹോദരനായ ക്ളോട്ടയര്‍ വിശുദ്ധനോട് കാര്യമായ അടുപ്പം ഉണ്ടായിരിന്നില്ല. ഒരിക്കല്‍ അദ്ദേഹത്തിന് കലശലായ പനി ബാധിച്ചപ്പോള്‍ ആരുടെയോ ഉപദേശപ്രകാരം വിശുദ്ധനെ വിളിച്ച് വരുത്തി. ദൈവത്തിന്റെ ശക്തിയിലും തന്റെ ഭക്തിയിലും പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്ന വിശുദ്ധന്‍ തന്റെ വസ്ത്രത്തിന്റെ തുമ്പുകൊണ്ട് രാജാവിന്റെ വേദനയുള്ള ഭാഗത്ത് ഉരസിയപ്പോള്‍ അദ്ദേഹത്തിന്റെ വേദന അത്ഭുതകരമായി ശമിച്ചു. ആ നിമിഷം മുതല്‍ രാജാവിന് വിശുദ്ധനോട് വളരെയധികം ആദരവും, ബഹുമാനവും ഉണ്ടായി.
561-ല്‍ ക്ളോട്ടയറും മരിച്ചു. തുടര്‍ന്ന്‍ അദ്ദേഹത്തിന്റെ നാല് മക്കളും ഫ്രാന്‍സിനെ നാല് രാജ്യങ്ങളായി വിഭജിക്കുകയും ഓരോരുത്തര്‍ ഓരോ ഭാഗം ഭരിക്കുകയും ചെയ്തു. പാരീസ് ചാരിബെര്‍ട്ടിനാണ് ലഭിച്ചത്. ചാരിബെര്‍ട്ടാകട്ടെ അധാര്‍മ്മികതയില്‍ മുഴുകിയ, മര്‍ക്കടമുഷ്ടിക്കാരനായിരുന്നു. അദ്ദേഹം തന്റെ ആദ്യത്തെ ഭാര്യയെ ഉപേക്ഷിച്ച് അവളുടെ ദാസിയെ ഭാര്യയായി സ്വീകരിച്ചു, അവളുടെ മരണത്തിന് ശേഷം ആദ്യഭാര്യ ഇരിക്കെതന്നെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു.
രാജാവിന്റെ ഈ ദുര്‍നടപ്പുകള്‍ക്കെതിരെ നിരവധി തവണ വിശുദ്ധന്‍ അദ്ദേഹത്തെ ഉപദേശിച്ചുവെങ്കിലും ഫലം കണ്ടില്ല. അതിനാല്‍ രാജാവിന്റെ പാപങ്ങള്‍ നിമിത്തവും അദ്ദേഹത്തിന്റെ മാതൃക മറ്റുള്ളവര്‍ പിന്‍തുടരാതിരിക്കുവാനുമായി വിശുദ്ധന്‍ ചാരിബെര്‍ട്ടിനെ സഭയില്‍ നിന്നും പുറത്താക്കുവാന്‍ തീരുമാനിച്ചു. പക്ഷേ ദൈവകോപം രാജാവിന്റെ മേല്‍ പതിഞ്ഞു, അദ്ദേഹത്തിന്റെ പത്നി രോഗിയാകുകയും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കുകയും ചെയ്തു, അധികം താമസിയാതെ രാജാവും മരണത്തിന് കീഴടങ്ങി. ചാരിബെര്‍ട്ടിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ രാജ്യം മൂന്ന്‍ സഹോദരന്‍മാര്‍ കൂടി വീതിച്ചെടുത്തു.
പാരീസ് മൂന്നുപേരുടേയും കൂട്ടായ സ്വത്തായി മാറി. നഗരത്തില്‍ പൊതു സമാധാനം സ്ഥാപിക്കുവാന്‍ വിശുദ്ധന്‍ തനിക്ക് കഴിവുള്ളതെല്ലാം ചെയ്തു. ഇതില്‍ സിഗ്ബെര്‍ട്ടും, ചില്‍പ്പെറിക്കും തങ്ങളുടെ അസൂയാലുക്കളും, അത്യാര്‍ത്തിയുള്ള ഭാര്യമാരുടെ ഉപദേശത്താല്‍ പരസ്പരം യുദ്ധത്തിനു തയ്യാറായി. ചില്‍പ്പെറിക്ക് പിന്നീട് ടൂര്‍ണെയിലേക്ക് ഓടിപോയി. എന്നാല്‍ തന്റെ ഭാര്യയുടെ ഉപദേശത്താല്‍ ടൂര്‍ണെ ആക്രമിക്കുവാന്‍ പോയ സിഗ്ബെര്‍ട്ടിനെ തടഞ്ഞു കൊണ്ട്, തന്റെ സഹോദരനെ വെറുതെ വിടുവാനും, അല്ലെങ്കില്‍ ദൈവകോപത്തിന് പാത്രമാവേണ്ടി വരുമെന്ന് വിശുദ്ധന്‍ ഉപദേശിച്ചുവെങ്കിലും, ഫലം കണ്ടില്ല. വിശുദ്ധന്‍ പ്രവചിച്ചത് പോലെ തന്നെ, ചില്‍പ്പെറിക്കിന്റെ ഭാര്യയായ ഫ്രെഡഗോണ്ട ഏര്‍പ്പെടുത്തിയ കൊലപാതകികള്‍ അദ്ദേഹത്തെ വധിച്ചു. അധികം താമസിയാതെ ഭാര്യയുടെ ചതിയില്‍പ്പെട്ട് ചില്‍പ്പെറിക്കും വധിക്കപ്പെട്ടു.
ജെര്‍മ്മാനൂസ് തന്റെ വാര്‍ദ്ധക്യത്തിലും തന്റെ തീക്ഷ്ണതയും, ഭക്തിയും ഉപേക്ഷിച്ചില്ല. ജീവിതാവസാനമായപ്പോഴേക്കും വിശുദ്ധന്‍ തന്റെ ഭക്തിയെ ഇരട്ടിയാക്കി. വിശുദ്ധന്റെ ഊര്‍ജ്ജ്വസ്വലമായ പ്രവര്‍ത്തികളാല്‍ വിഗ്രഹാരാധന ഫ്രാന്‍സില്‍ പൂര്‍ണ്ണമായും ഇല്ലാതായി. വിശുദ്ധന്റെ ഉപദേശത്താലാണ് തന്റെ സാമ്രാജ്യത്തില്‍ നിന്നും മുഴുവന്‍ വിഗ്രഹങ്ങളും നശിപ്പിക്കുവാന്‍ ചില്‍ഡെബെര്‍ട്ട് രാജാവ് ഉത്തരവിട്ടത്. പാപികളെ മാനസാന്തരപ്പെടുത്തുന്ന തന്റെ ദൗത്യം 576 മെയ് 28ന് തന്റെ 80-മത്തെ വയസ്സില്‍ മരിക്കുന്നത് വരെ വിശുദ്ധന്‍ ധീരമായി തുടര്‍ന്നു.
വിശുദ്ധന്റെ മരണത്തേ തുടര്‍ന്ന്‍ ചില്‍പെറിക്ക് രാജാവായിരുന്നു വിശുദ്ധന്റെ സ്മരണ കുറിപ്പ് എഴുതിയത്. വിശുദ്ധന്റെ കബറിടത്തില്‍ നടന്നിട്ടുള്ള അത്ഭുതങ്ങളെ കുറിച്ച് അദ്ദേഹം ഇതില്‍ പറഞ്ഞിട്ടുണ്ട്. അന്ധന് കാഴ്ച ലഭിച്ചതും, സംസാരശേഷിയില്ലാത്തവന് സംസാരിക്കുവാനുള്ള കഴിവ് ലഭിച്ചതും ഇതില്‍ ഉള്‍പ്പെടുന്നു. വിശുദ്ധന്റെ ആഗ്രഹപ്രകാരം വിശുദ്ധ സിംഫോറിയന്റെ ദേവാലയത്തിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത്. നിരവധി അത്ഭുതങ്ങള്‍ അദ്ദേഹത്തിന്റെ ദിവ്യത്വത്തെ വെളിപ്പെടുത്തുന്നു. അവയെക്കുറിച്ച് ഫോര്‍റ്റുനാറ്റൂസ് രേഖപ്പെടുത്തിയിട്ടുണ്ട്.
754-ല്‍ വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ ചാപ്പലില്‍ നിന്നും സെന്റ് വിന്‍സെന്റ് ദേവാലയത്തിലേക്ക് മാറ്റി, ഈ ദിവസം ഇന്നും വളരെ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. ‘ജെര്‍മൈന്‍ ഡെസ് പ്രേസ്’ എന്ന് വിളിക്കപ്പെടുന്ന സെന്റ് വിന്‍സെന്റ് ദേവാലയത്തില്‍ വിശുദ്ധന്റെ തിരുശേഷിപ്പുകളുടെ ഭൂരിഭാഗവും ഇപ്പോഴും ഉണ്ട്.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1. ക്സാനാഡിലെ ആല്‍ബെര്‍ട്ട്
2. മേന്തോണിലെ ബെര്‍ണാര്‍ഡ്
3. റോമന്‍കാരനായ കരൌനൂസ്
4. റോമന്‍കാരനായ ക്രെഷന്‍, സ്ഡിയോസ്കോറിഡെസ്, പോള്‍, ഹെല്ലാഡിയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
💙💙💙💙💙💙💙💙💙💙💙💙
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം – ഇരുപത്തിയെട്ടാം തീയതി
💙💙💙💙💙💙💙💙💙💙💙💙
“ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ”
(ലൂക്കാ 5:27-28).
പാപികളുടെ സങ്കേതം
💙💙💙💙💙💙💙💙💙
ദൈവമാതാവായ പ.കന്യകാമറിയം പാപമാലിന്യം ഏല്‍ക്കാത്തവളാണ്. അമലമനോഹരിയായ പരിശുദ്ധ അമ്മയുടെ അതുല്യമായ വിശുദ്ധി അത്ഭുതാവഹമത്രേ. പാപത്താല്‍ തകര്‍ന്ന മാനവരാശിയെ രക്ഷിക്കുന്നതിനായി മേരി എത്ര വലിയ ത്യാഗമാണ് അനുഷ്ഠിച്ചത്. തന്‍റെ ഓമല്‍ കുമാരനെ പാപികളുടെ രക്ഷയ്ക്കു വേണ്ടി കാല്‍വരിയില്‍ പിതാവിനു സമര്‍പ്പിച്ചു. രക്ഷാകര്‍മ്മത്തിന്‍റെ പൂര്‍ത്തീകരണത്തിനു ശേഷവും ലോകത്തില്‍ പാപികളായി അനേകം വ്യക്തികളുണ്ട്. പാപികളെ സ്വസുതന്‍റെ പക്കലേക്കു ആനയിക്കുന്നതിനു ഇന്നും പ.കന്യക മാതൃസഹജമായ വാത്സല്യത്തോടെ പ്രവര്‍ത്തിക്കുന്നതായി തിരുസ്സഭാ ചരിത്രം വ്യക്തമാക്കുന്നു.
മറിയത്തെ പാപികളുടെ സങ്കേതമെന്നു നാം അഭിസംബോധന ചെയ്യുന്നുണ്ട്. ലോക പരിത്രാതാവിന്‍റെ ആഗമനത്തിന് മുമ്പു തന്നെ അവള്‍ മിശിഹായുടെ വരവിനായി നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
ദൈവസുതന്‍റെ മനുഷ്യാവതാരം മുതല്‍ കാല്‍വരി വരെയുള്ള ദിവ്യജനനിയുടെ ജീവിതം പാപപങ്കിലമായ ലോകത്തെ രക്ഷിക്കുന്നതിനു വേണ്ടിയായിരുന്നല്ലോ. മനുഷ്യാത്മാക്കളുടെ രക്ഷ അപകടത്തിലായിട്ടുള്ള എല്ലാ വിപല്‍സന്ധിയിലും ഓരോ പ്രത്യേക ദൗത്യവുമായി വിണ്ണില്‍ നിന്നും മന്നിലേയ്ക്ക് എഴുന്നള്ളി വരുവാന്‍ ആ മാതൃഹൃദയം വെമ്പല്‍ കൊള്ളുന്നു. ആധുനിക ലോകത്തില്‍ മനുഷ്യനു പാപബോധം തന്നെ നഷ്ടപ്പെട്ടിരിക്കുകയുമാണ്. ഇതാണ് ഇന്നത്തെ ഏറ്റവും വലിയ വിന. രോഗത്തിന്‍റെ മൂലകാരണം മനസ്സിലാക്കി പ്രതിവിധി നിര്‍ദ്ദേശിക്കുന്ന ഭിഷഗ്വരനാണ് സമര്‍ത്ഥന്‍. എങ്കില്‍ മാത്രമേ രോഗം പൂര്‍ണ്ണമായി ശമിക്കുകയുള്ളൂ.
വിമലഹൃദയത്തിന്‍റെ വിലാപങ്ങള്‍ ശ്രവിക്കുന്നതില്‍ ലോകം വിമുഖത പ്രദര്‍ശിപ്പിച്ചു. അതിന്‍റെ തിക്തഫലങ്ങളാണ് നാം ഇന്നു കാണുന്ന യുദ്ധങ്ങളും യാതനകളും സാമൂഹ്യമായ അസ്വസ്ഥതകളും. എങ്കിലും ദൈവജനനി ലോകത്തെ അനുസ്യൂതം ഉത്ബോധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ലൂര്‍ദ്ദും ഫാത്തിമയും സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ചിട്ടുള്ള എത്ര നിരീശ്വരന്മാരും പാപികളുമാണ് മാനസാന്തരപ്പെട്ടു കൊണ്ടിരിക്കുന്നത്. നിത്യസഹായ മാതാവിന്‍റെ നോവേനകള്‍ നടക്കുന്ന സ്ഥലങ്ങളിലും ലോകത്തിന്‍റെ മിക്ക ഭാഗങ്ങളിലും അപ്രകാരമുള്ള സംഭവങ്ങള്‍ അനുദിനം നടക്കുന്നു.
സംഭവം
💙💙💙
ലില്ലിയന്‍ റോത്ത് ഒരു യഹൂദ വനിതയായിരുന്നു. അമേരിക്കയിലെ പ്രസിദ്ധ സിനിമാ വ്യവസായ കേന്ദ്രമായ ഹോളിവുഡിലെ പ്രശസ്ത നടി. അവള്‍ വളരെ അസന്മാര്‍ഗ്ഗിക ജീവിതമാണ് നയിച്ചിരുന്നത്. ഒന്നിന് പുറകെ ഒന്നായി അഞ്ചു വിവാഹങ്ങള്‍ അവള്‍ നടത്തി. അവസാനം ഒരു കത്തോലിക്കനുമായിട്ടാണ് വിവാഹിതയായത്. വിവാഹനന്തരം മധുവിധു ആഘോഷിക്കുന്നതിനായി അവര്‍ ആസ്ത്രേലിയായിലെ സിഡ്നിയിലേക്കാണ് പോയത്. 1947-ല്‍ ബി.ബി.സി. (ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍)റേഡിയോ നിലയത്തില്‍ നിന്ന് ഒരു പ്രക്ഷേപണത്തില്‍ ഫാത്തിമാ ദര്‍ശനങ്ങളെക്കുറിച്ചുള്ള വിവരങ്ങളുണ്ടായിരുന്നു. റോത്ത് ഇതു കേട്ടിട്ട് അവളുടെ ഭര്‍ത്താവിനോട് ഇപ്രകാരം പറഞ്ഞു: എനിക്ക് ഒരു കത്തോലിക്കയാകണം.
ഉടനെ ഭര്‍ത്താവ് പ്രതിവചിച്ചു. നിന്നെപ്പോലുള്ളവരുടെ സങ്കേതമല്ല കത്തോലിക്കാ സഭ. അവിടെ കുറച്ചു മാന്യമായി ജീവിക്കുന്നവര്‍ക്കു മാത്രമേ സ്ഥാനമുള്ളൂ. ഒരു ദിവസം റോത്ത് അടുത്തുള്ള കത്തോലിക്കാ ദേവാലയത്തില്‍ ചെന്ന് അവിടുത്തെ വൈദികനോട് കത്തോലിക്കാ സഭയിലേക്കു സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അവളുടെ മാനസാന്തരം യഥാര്‍ത്ഥമാണോ എന്നറിയാതെ സ്വീകരിക്കുവാന്‍ നിര്‍വ്വാഹമില്ലെന്നദ്ദേഹം മറുപടി പറഞ്ഞു. ഇപ്രകാരം സംഭവിച്ചു കുറെ കഴിഞ്ഞപ്പോള്‍ അവളുടെ ശ്വശുരന്‍ അവള്‍ക്ക് ഒരു ജപമാല സമ്മാനമായി കൊടുത്തു. അവള്‍ ഒരു യഹൂദയായിരുന്നെങ്കിലും ജപമാല പഠിച്ച് അത് ജപിക്കുവാന്‍ തുടങ്ങി.
പിന്നീട് മോണ്‍.ഫുള്‍ട്ടന്‍.ജെ.ഷീന്‍, സൈന്‍ (Sign)എന്ന മാസികയില്‍ അനുതപിക്കുന്ന പാപികളോടും സഭയുമായി ഐക്യപ്പെടുവാന്‍ ആഗ്രഹിക്കുന്ന അകത്തോലിക്കരോടും വൈദികര്‍ കാരുണ്യപൂര്‍വ്വം പെരുമാറണമെന്നാവശ്യപ്പെട്ടു കൊണ്ട് എഴുതിയ ഒരു ലേഖനം അവള്‍ വായിച്ചു. അതുമായി അവള്‍ വീണ്ടും വൈദികനെ സമീപിച്ചു. അവളുടെ മാനസാന്തരം യഥാര്‍ത്ഥത്തിലുള്ളതാണെന്നു മനസ്സിലാക്കി അദ്ദേഹം അവരെ കത്തോലിക്കാ സഭയിലേക്ക് സ്വീകരിച്ചു. പിന്നീട് അവള്‍ എഴുതിയ “ഞാന്‍ നാളെ കരയും” (I will weep tomorrow)എന്ന അവളുടെ സ്വയംകൃത ജീവചരിത്രത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. “ലോകത്തിലേക്കും വച്ച് ഏറ്റവും വലിയ കവാടമായ കത്തോലിക്കാ സഭയെ തുറക്കുവാന്‍ ഞാന്‍ ഉപയോഗിച്ച എന്‍റെ ചെറിയ താക്കോല്‍ ജപമാലയാണ്” ഇപ്രകാരം എത്രയെത്ര സംഭവങ്ങള്‍ തിരുസഭാചരിത്രപക്ഷങ്ങളില്‍ കാണുവാന്‍ സാധിക്കും.”
പ്രാര്‍ത്ഥന
💙💙💙💙
അമലമനോഹരിയായ മരിയാംബികയെ അങ്ങു വിശുദ്ധിയുടെ നികേതനമാണ് എങ്കിലും നീ പാപികളോടു വളരെ കാരുണ്യപൂര്‍വ്വമാണ് വര്‍ത്തിക്കുന്നത്. പാപികളില്‍ അങ്ങേ ദിവ്യകുമാരന്‍റെ പ്രതിഛായ കാണുവാന്‍ അങ്ങ് ആഗ്രഹിക്കുന്നു. നാഥേ, ഇന്നു ലോകത്തില്‍ പാപം വളരെ വര്‍ദ്ധിച്ചിരിക്കുന്നു. പാപബോധവും സത്യത്തെക്കുറിച്ചുള്ള അറിവും മനുഷ്യരില്‍ കുറഞ്ഞുവരുന്നു. അങ്ങ് പാപികളെ നിരന്തരം മാനസാന്തരത്തിനായി ആഹ്വാനം ചെയ്ത് കൊണ്ടിരിക്കുകയാണ്. പാപികളായ ഞങ്ങള്‍ പാപത്തെ പരിത്യജിച്ചു നിര്‍മ്മല ജീവിതം നയിക്കുവാനുള്ള അനുഗ്രഹം നല്‍കേണമേ. അപ്രകാരം ഞങ്ങള്‍ ഈശോയ്ക്കും അങ്ങേയ്ക്കും പ്രിയങ്കരരായിത്തീരുവാനുള്ള അനുഗ്രഹം നല്‍കേണമേ.
വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം
എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്, നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു, നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.
ആമ്മേനീശോ.
* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ .
(മൂന്നു പ്രാവശ്യം ചൊല്ലുക).
ദൈവമാതാവിന്റെ ലുത്തിനിയ
കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായെ! അനുഗ്രഹിക്കണമേ,
കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,
റൂഹാദക്കുദീശാ തമ്പുരാനേ,
എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,
പരിശുദ്ധ മറിയമേ
(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)
ദൈവകുമാരന്‍റെ പുണ്യജനനി,
കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,
മിശിഹായുടെ മാതാവേ,
ദൈവപ്രസാദവരത്തിന്‍റെ മാതാവേ,
എത്രയും നിര്‍മ്മലയായ മാതാവേ,
അത്യന്ത വിരക്തിയുള്ള മാതാവേ,
കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,
കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,
സ്നേഹഗുണങ്ങളുടെ മാതാവേ,
അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,
സദുപദേശത്തിന്‍റെ മാതാവേ,
സ്രഷ്ടാവിന്‍റെ മാതാവേ,
രക്ഷിതാവിന്‍റെ മാതാവേ,
വിവേകൈശ്വര്യമുള്ള കന്യകേ,
പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,
സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,
വല്ലഭമുള്ള കന്യകേ,
കനിവുള്ള കന്യകേ,
വിശ്വാസവതിയായിരിക്കുന്ന കന്യകേ,
നീതിയുടെ ദര്‍പ്പണമേ,
ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,
ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,
ആത്മജ്ഞാന പൂരിത പാത്രമേ,
ബഹുമാനത്തിന്‍റെ പാത്രമേ,
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,
ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,
ദാവീദിന്‍റെ കോട്ടയെ,
നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,
സ്വര്‍ണ്ണാലയമേ,
വാഗ്ദാനത്തിന്‍റെ പെട്ടകമേ,
ആകാശ മോക്ഷത്തിന്‍റെ വാതിലേ,
ഉഷകാലത്തിന്‍റെ നക്ഷത്രമേ,
രോഗികളുടെ സ്വസ്ഥാനമേ,
പാപികളുടെ സങ്കേതമേ,
വ്യാകുലന്‍മാരുടെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
മാലാഖമാരുടെ രാജ്ഞി,
ബാവാന്മാരുടെ രാജ്ഞി,
ദീര്‍ഘദര്‍ശികളുടെ രാജ്ഞി,
ശ്ലീഹന്‍മാരുടെ രാജ്ഞി,
വേദസാക്ഷികളുടെ രാജ്ഞി,
വന്ദനീയന്‍മാരുടെ രാജ്ഞി,
കന്യാസ്ത്രീകളുടെ രാജ്ഞി,
സകല പുണ്യവാന്മാരുടെയും രാജ്ഞി,
അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,
സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,
പരിശുദ്ധ ജപമാലയുടെ രാജ്ഞി,
സമാധാനത്തിന്‍റെ രാജ്ഞി,
കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.
ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,
(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)
ഭൂലോക പാപങ്ങളെ നീക്കുന്ന….
(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)
ഭൂലോക പാപങ്ങളെ നീക്കുന്ന…..
(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)
ജപം
സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.
കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.
സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
പ്രാര്‍ത്ഥിക്കാം
കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ (ഈ കൂട്ടത്തെ) തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് കൃപചെയ്തു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.
ജപം
പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.
കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.
സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
പ്രാര്‍ത്ഥിക്കാം
സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍, ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല ആപത്തുകളില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.
പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
💙💙💙
പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ .
സുകൃതജപം
💙💙💙💙💙
വരപ്രസാദപൂര്‍ണ്ണയായ മാതാവേ, ദൈവവരപ്രസാദത്തിന്‍റെ ചാലുകള്‍ ഞങ്ങളിലേക്ക് നീ ഒഴുക്കേണമേ
💙💙💙💙💙💙💙💙💙💙💙💙
പ്രഭാത പ്രാർത്ഥന..🙏
ധൈര്യമായിരിക്കുക.. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.. (മത്തായി : 9/22)
കരുണാമയനായ ദൈവമേ..
ജീവിത പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കൃപയ്ക്കായി പ്രാർത്ഥിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞാൻ അങ്ങയുടെ സന്നിധിയിൽ അണയുന്നു. ഇന്ന് ഞങ്ങളുടെ ചിന്തകളെയും പ്രവൃത്തികളെയും നിയന്ത്രിക്കുന്നത് അനാവശ്യമായ ഭീതിയാണ്.. ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന ഈ മഹാമാരിയേ ഞങ്ങൾക്ക് അതിജീവിക്കാൻ കഴിയുമോ.. ദാരിദ്ര്യത്താലും രോഗദുരിതങ്ങളാലും ഇനിയും എത്ര നാൾ കൂടി കഷ്‍ടപ്പെടേണ്ടി വരും.. ഞാൻ പോകുന്ന തൊഴിലിടങ്ങളിലും യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളിലും ഞങ്ങളുടെ ജീവൻ സുരക്ഷിതമായിരിക്കുമോ.. എന്നിങ്ങനെയുള്ള ആശങ്കകൾ നിമിത്തം സമാധാനത്തോടെ പുറത്തേക്കിറങ്ങാനോ.. പരിചയമുള്ളവരോടു പോലുമുള്ള അടുപ്പം നിലനിർത്താനോ ഞങ്ങളിൽ പലർക്കും ഇന്നു സാധിക്കുന്നില്ല..
ഈശോയേ.. ഞാനായിരിക്കുന്ന ഏതൊരവസ്ഥയിലും ഞാനിന്നും നിലനിൽക്കുന്നത് ദൈവകരുണയുടെ കൃപയാലാണെന്ന് തിരിച്ചറിയാനുള്ള വിശ്വാസവും വിവേകവും എന്നിൽ നിറയ്ക്കണമേ.. ഞങ്ങളുടെ തൊഴിലിടങ്ങളെയും ജീവിത സാഹചര്യങ്ങളെയും അങ്ങയുടെ കരങ്ങളിൽ പൂർണ വിശ്വാസത്തോടെ സമർപ്പിക്കാനും.. അങ്ങയുടെ സൗഖ്യദായകമായ നിത്യരക്ഷയുടെ ആനന്ദവും ആത്മവിശ്വാസവും സ്വന്തമാക്കാനും ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ..
വരപ്രസാദപൂർണയായ മാതാവേ.. ദൈവ വരപ്രസാദത്തിന്റെ ചാലുകൾ ഞങ്ങളിലേക്ക് നീയൊഴുക്കേണമേ.. ആമേൻ 🙏
ദൈവത്തില്‍നിന്നു ജനി ച്ചഒരുവനും പാപം ചെയ്യുന്നില്ല. കാരണം, ദൈവചൈതന്യം അവനില്‍ വസിക്കുന്നു. അവന്‍ ദൈവത്തില്‍നിന്നു ജനിച്ചവനായതുകൊണ്ട് അവനു പാപം ചെയ്യാന്‍ സാധ്യമല്ല.
1 യോഹന്നാന്‍ 3 : 9
🌻🌻 സ്നേഹത്തോടെയാണെങ്കിൽ വിമർശനങ്ങൾ പോലും സന്തോഷത്തോടെ കേട്ടിരിക്കും💐💐 പുഞ്ചിരിയോടെ പറയുന്ന വാക്കുകൾ മറന്നു പോയാലും ആ പുഞ്ചിരി മായാതെ ഓർമ്മിക്കപ്പെടുക തന്നെ ചെയ്യും🌿🌿 തോളിൽ തട്ടി പറയുന്ന അഭിനന്ദനത്തിന്റെ ഒരു കൊച്ചു വാക്കുമതിയാകും മറ്റൊരാളുടെ മനസ്സിൽ നമ്മളെന്നും നിറഞ്ഞു നിൽക്കാൻ🌲🌲 ഒരിക്കലും സ്വയം പുകഴ്ത്തുന്നവന്റെ ശിഷ്യനാകരുതു്, എന്തെന്നാൽ വിനയത്തിനു പകരം അഹങ്കാരമായിരിക്കും നിങ്ങൾ പഠിക്കുന്നതു്☘️☘️ ചിന്തയിൽ നന്മ യുണ്ടെങ്കിൽ പ്രവർത്തിയിലും അത് ദൃശ്യമാകും , പ്രവർത്തിയിൽ നന്മ യുണ്ടങ്കിൽ വിജയം വിദൂരമല്ല🌷🌷 സമ്പൽസമൃദ്ധമായ ഒരു നല്ല ദിവസം ആശംസിക്കുന്നു🌹🌹


Leave a comment