{പുലർവെട്ടം 486}
“ഉള്ളിലെ ഒരു ജ്വാല അണയാനനുവദിക്കരുത്. സ്വയം ദരിദ്രനാകാൻ നിശ്ചയിച്ച ഒരാൾക്ക് സ്വന്തം മനസ്സാക്ഷിയുടെ സ്വരം കുറേക്കൂടി ഭംഗിയായി കേൾക്കാനാവും. അത് തിരിച്ചറിയുന്ന ഒരാൾക്ക് അങ്ങനെ ഒടുവിൽ ഒരു ചങ്ങാതിയെ കിട്ടുകയാണ്. അവസാനത്തോളം പിരിയാത്ത ഒരു ചങ്ങാതി” (വാൻഗോഗ് തിയോയ്ക്ക് എഴുതിയ കത്തുകൾ)
ദൈവരാജ്യമെന്നാൽ ദൈവത്തിന്റെ ഹിതമനുസരിച്ച് ഒരാൾ ക്രമപ്പെടുത്തുന്ന സ്വകാര്യ ജീവിതം എന്നാണ് നമ്മൾ പറഞ്ഞ് അവസാനിപ്പിച്ചത്. അവിടെയാണ് ശരിയായ പ്രശ്നം. ദൈവം ആഗ്രഹിക്കുന്നതെന്തെന്ന് എങ്ങനെയാണ് ഒരാൾക്ക് പിടുത്തം കിട്ടുന്നത്? ഏത് ഏകകമാണ് അതിന്റെ ഉരകല്ല്?
ക്ലാസ്സിക് സ്പിരിച്വാലിറ്റിയിൽ മനസ്സാക്ഷിയുടെ അനുരണനങ്ങൾക്ക് കാതോർക്കുകയാണ് അവിടുത്തെ ഹിതം ആരായാനുള്ള ആദ്യചുവടായി ഗണിക്കപ്പെടുന്നത്. ഉൾവിളി, ഉൾവെളിച്ചം അങ്ങനെ പലരീതിയിൽ പേരിട്ട് വിളിക്കുന്നവയൊക്കെ പൊതുവേ അർത്ഥമാക്കുന്നത് ധാർമ്മികതയ്ക്ക് നിരക്കാത്ത ചില കാര്യങ്ങളിലേക്ക് ചാഞ്ഞു പോകുമ്പോൾ ആന്തരികതയിൽ അനുഭവിക്കുന്ന ചില മുന്നറിയിപ്പുകളും സന്ദിഗ്ദ്ധതകളും ഖേദവുമൊക്കെയാണ്. കാറ്റിൽപ്പെട്ട പ്രാണൻ്റെ നൗകയ്ക്ക് മനസ്സാക്ഷിയോളം ഉറപ്പുള്ള മറ്റൊരു നങ്കൂരമില്ല.
പൊതുവേ യഹൂദർക്കിടയിൽ പറഞ്ഞുവരുന്ന ആ കൊച്ചുവർത്തമാനം പോലെ ദൈവം ഒരിക്കൽ തന്റെ ചട്ടങ്ങൾ അടയാളപ്പെടുത്തിയത് ഭൂമിയിലേയ്ക്ക് വച്ച് ഏറ്റവും മൃദുലമായ ഒരിടത്തിലായിരുന്നു. അത് കാതോർക്കാനുള്ള ഏകാഗ്രതയും നിഷ്കളങ്കതയും നഷ്ടമായപ്പോഴാണ് ഏറ്റവും പരിക്കൻ പ്രതലങ്ങളിൽ, പാറയിൽ അത് കൊത്തിവയ്ക്കേണ്ടതായി വന്നത്.
കുട്ടികളോട് ഒരു ഡയഗ്രം വരച്ച് അത് പറഞ്ഞു കൊടുത്തിരുന്ന ഒരു കാലം ഓർമ്മയിലുണ്ട്. ഒരു വൃത്തത്തിനുള്ളിലെ triangle. ചെറിയൊരു സംശയത്തിൽ പോലും അത് മെല്ലെ അനങ്ങുന്നു. അതിൻ്റെ അഗ്രം വൃത്തത്തിൽ കണ്ടപ്പോൾ കാര്യങ്ങൾ uncomfortable ആകുന്നു. എന്നാൽ പ്രശ്നം ഉണ്ട്. നിരന്തരമായി അതിനെ ചലിക്കാൻ വിട്ടുകൊടുത്താൽ അഗ്രങ്ങളുടെ മൂർച്ച തേഞ്ഞുതേഞ്ഞില്ലാതാവുകയും ഒരു പമ്പരം പോലെ ഒരു ബുദ്ധിമുട്ടും ഇല്ലാത്തവിധത്തിൽ കാര്യങ്ങൾ വഴുതിപ്പോവുകയും ചെയ്യുന്നു. ചുരുക്കത്തിൽ അടിസ്ഥാന നിഷ്കളങ്കതയുമായി ബന്ധപ്പെട്ട് മാത്രം പരാമർശിക്കപ്പെടേണ്ട പദമാണ് മനസ്സാക്ഷി. സൺഡേ ക്ലാസ്സുകളിൽ അദ്ധ്യാപകൻ അതിനെ കാവൽ മാലാഖയുടെ ചിറകടിയായി പറഞ്ഞുതന്നത് ഇപ്പോഴും ഫലിതമായിട്ടില്ല.
നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ വാതിലടച്ച് അകത്തുള്ളയാളെ കേൾക്കുക എന്ന യേശുമൊഴിയാണ് Conscienceൻ്റെ പുതിയനിയമ ആധാരം. അകത്തൊരാളുണ്ട്, ജനിതകങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട സാംസ്കാരിക മുദ്രകളും ശൈശവബാല്യങ്ങളിലെ കുലീനമായ ഗാർഹികപരിസരവും ഗ്രന്ഥങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അലച്ചിലുകളിലൂടെയും ഒക്കെ ചേർന്ന് ആർജ്ജിച്ച സുകൃതങ്ങളുടെ പൂമ്പൊടികളുമായി രൂപപ്പെട്ട ഒരു ക്വാളിറ്റി സെൽഫ്. ഇന്ദ്രിയങ്ങളുടെ ജാലകങ്ങൾ കൊട്ടിയടച്ച് അതിന്റെ സൗമ്യഭാഷണത്തിന് കാതോർക്കുകയാണ് ആദ്യപടി. അത് ശരിയെന്ന് പറയുന്നതൊക്കെ – ശരി. അത് സംശയിക്കുന്നത് പോലും തെറ്റ്. ഇടത്തോട്ട് തിരിയുമ്പോഴും വലത്തോട്ട് തിരിയുമ്പോഴും ഇതാണ് നിന്റെ വഴിയെന്ന് മൃദുമന്ത്രണം കേൾക്കാം എന്ന പഴയ നിയമവചനം ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്.
ലോകത്തുണ്ടായ എല്ലാ ഇതിഹാസങ്ങളും കലയും സാഹിത്യവും ഒക്കെ മനസ്സാക്ഷി എന്ന ആ പുരാതനകോടതിയിലെ വിചാരണകളുമായി പിണഞ്ഞാണ് നിലനിൽക്കുന്നത്. അത് യുദ്ധഭൂമിയിലെ അർജ്ജുനനാവാം തന്റെ നായയില്ലാത്ത മോക്ഷം തനിക്കും വേണ്ടെന്ന് ശഠിക്കുന്ന യുധിഷ്ഠിരനുമാവാം. അതുമല്ലെങ്കിൽ ആ നീതിമാൻ്റെ കാര്യത്തിൽ ഇടപെടരുത് അവനെ പ്രതി ഉറക്കത്തിൽ ഞാനൊത്തിരി ക്ലേശിച്ചു എന്ന് തൻ്റെ പുരുഷന് കത്തെഴുതുന്ന ക്ലോഡിയയാവാം. കലയിലാവട്ടെ ആരാണ് ആ ആന്തരിക ശബ്ദത്തെ തങ്ങളുടെ പ്രമേയമായി സ്വീകരിക്കാത്തത്. ചെഖോവ്, ദസ്തയോവ്സ്കി, പാസ്റ്റർനാക്ക് തുടങ്ങിയവർ എഴുത്തിലും ബർഗ്മാൻ തുടങ്ങിയവർ അഭ്രപാളിയിലും അടയാളപ്പെടുത്താൻ ശ്രമിച്ചത് മനസ്സാക്ഷിയുടെ ബോധ്യങ്ങൾ തന്നെയായിരുന്നു.
The Mission (1986) എന്ന ചിത്രം കണ്ടതോർക്കുന്നു. അടിമവ്യാപാരിയായ Mendoza യുടെ ഹൃദയപരിവർത്തനത്തിൻ്റെ കഥയാണ്. കാണേണ്ട ചിത്രം തന്നെയാണ്. അയാളുടെ ജീവിതസംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മുഴങ്ങുന്നത് Ennieo Morricone യുടെ സംഗീതമാണ്. അതിൽത്തന്നെ On Earth as it is in Heaven എന്ന ഗീതം എത്ര ഗാഢമായാണ് അനുവാചകരിൽ പതിയുന്നത്.
പുസ്തകം നിലനിൽക്കുന്നതുപോലെ, കല നിലനിൽക്കുന്നത് പോലെ മനുഷ്യർക്ക് നിലനിൽക്കാൻ ഒരേയൊരു വഴിയേയുള്ളൂ, ആ ഉള്ളിലെ ശബ്ദത്തിന്റെ മുഴക്കം കേൾക്കുക.
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/
Advertisements


Leave a comment