വി. കുർബാനകൾ മുറിയപ്പെടേണ്ടേ?

🌹വി കുർബാനകൾ മുറിയപ്പെടേണ്ടേ?🌹

കഥയല്ല ജീവിതമാണ്! മൂന്ന് കൊച്ചുകുട്ടിക ൾ. ഇവർ അലീഷ, അനീഷ, അജീഷ. ഇവരുടെ വീട്ടിൽ ഞാൻ പോയി. എല്ലാവരും ഒരുമിച്ച് പ്രാർത്ഥിച്ചു. സംസാരിച്ചു. എനിക്ക് തന്ന ചായ കുടിച്ചു. വീട്ടിൽനിന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ ഈ കുട്ടികൾ അവരുടെ വീടിന്റെ മുറ്റത്തുള്ള ഒരു മരത്തിന്റെ ചുവട്ടിൽ എന്നെ കൊണ്ടുപോയി. അവിടെ അവർ ഒരുക്കിയ ചെറിയ ഒരു കട എന്നെ കാണിച്ചു. എന്നോട് പ്രാർത്ഥിക്കാൻ പറഞ്ഞു. ആ കടയിൽ കുട്ടികൾ ഇഷ്ട്ടമുള്ള മിട്ടായിയും ബിസ്കറ്റും ലെയിസും പേനയും അങ്ങനെ കുറച്ചു സാധനങ്ങൾ വിൽക്കാൻ വെച്ചിരിക്കുന്നു. അവരുടെ കടയിൽ നിന്നും ഒന്നും എനിക്ക് വാങ്ങാൻ സാധിച്ചില്ലെങ്കിലും അവരുടെ ഉത്സ്സാകത്തിൽ എനിക്ക് സന്തോഷം തോന്നി. എന്നെ ഏറെ ചിന്തിപ്പിച്ചത് അവരുടെ മറ്റൊരു പ്രവർത്തിയാണ്. ഈ കഴിഞ്ഞ പെസഹാ ദിനത്തിൽ കുർബാനക്ക് പോകാൻ തയ്യാറാകുമ്പോൾ ഈ കുഞ്ഞുങ്ങൾ ഒരു പൊതി എന്നെ ഏല്പിച്ചു. എന്താണെന്ന് ചോദിച്ചപ്പോൾ അച്ചൻ തുറന്നു നോക്കാൻ പറഞ്ഞു. ഞാൻ ആ പൊതി അഴിച്ചപ്പോൾ അതിൽ 1000 രൂപ വെച്ചിരിക്കുന്നു. പല ചെറിയ നോട്ടുകൾ. അവരുടെ കടയിലെ ആദ്യത്തെ വിറ്റ് വരവ് എന്നെ ഏല്പിച്ചു. അച്ചൻ ആർക്കെങ്കിലും സഹായം ചെയ്‌തോളാൻ പറഞ്ഞിട്ട് അവർ പോയി. അന്ന് വി കുർബാന സ്ഥാപന ദിനമായിരുന്നു. മുറിയപ്പെട്ടവെനെക്കുറിച്ച് പറയാൻ ആശയങ്ങൾ അന്വേഷിക്കുകയായിരുന്നു. ഇതിലും വലിയ ആശയം ആവിശ്യമാണോയെന്ന് ഞാൻ ഒരു നിമിഷം ഓർത്തുപോയി. ഇങ്ങെനെ എത്രെയോ കണ്ണ് നനയും അനുഭവങ്ങൾ. കൊടുക്കുന്നവരും വാങ്ങുന്നവരും മുറിയപ്പെടുന്നു……

ഇന്ന് വി കുർബാനയുടെ തിരുന്നാൾ. മുറിയപ്പെട്ടതിന്റെ തിരുന്നാൾ. ചിന്തപ്പെട്ടതിന്റെ തിരുന്നാൾ. ഈ അലങ്കാരം അവനു ചാർത്താൻ തുടങ്ങിയിട്ട് നാള് കുറേ ആയില്ലേ. അവൻ മുറിഞ്ഞാൽ മതിയോ? ഞാൻ മുറിയേണ്ടേ? വി കുർബാനകൾ ഓർമ്മകൾ ആകുന്ന കാലമാണ്. ഓർമ്മകൾ ആയാൽ മതിയോ? ജീവിക്കേണ്ട? അർപ്പിച്ച ബലികൾ പങ്കെടുത്ത ബലികൾ… എണ്ണമറിയില്ല. ഇന്ന് വി കുർബാനയുടെ നിക്ഷേപം മാത്രമേ ഉള്ളു. ഓരോ കുർബാനയും പോയി മുറിയപ്പെടാൻ പറഞ്ഞയക്കുന്നു. നമ്മൾ പോയി പരിക്കേൽകാതെ തിരിച്ചു വരുകയായിരുന്നു. കുർബാന ഇല്ലാത്ത ഈ ഒരു മഹാമാരിയുടെ കാലത്ത് നമ്മളെ മുറിയപ്പെടാൻ വിളിക്കുന്നു.കാൽവരിയിൽ കുർബാനയായി മുറിയപ്പെട്ടവൻ ഇന്ന് ദൂരെ മറഞ്ഞുനിന്ന് കാഴ്ചക്കാരാനാകുകയും നിന്നെ വിലയിരുത്തുകയുമാണ്. ഇന്ന് നിയാണ് വി കുർബാനയകേണ്ടത്. വെറും കുർബാനയായാൽ പോരാ, മുറിയപ്പെടേണം, മുറിക്കപ്പെടെണം.. കർത്താവ് ദേവാലയത്തിൽകണ്ട ഏറ്റുവും വലിയ വി കുർബാന ദരിദ്രയായ വിധവയായിരുന്നു. പുകയാത്ത അടുപ്പുകൾ, നീണ്ട മുടി, നിശ്ചലമായ മൊബൈലുകൾ, ആശുപത്രിയിലെ നീണ്ട നിലവിളികൾ, വിടപറഞ്ഞതിന്റെ ഓർമ്മകൾ, കരയും കരവും കരുതലും ഒരു തിരമാലയിൽ നഷ്ടപ്പെട്ട വേദന, മണ്ണിൽ വെള്ളം നിറയുബോൾ കണ്ണ് നിറഞ്ഞു നോക്കി നിൽക്കുന്ന കർഷകൻ ഇവരെല്ലാം പ്രണവായുവിനുവേണ്ടിയുള്ള പോരാട്ടത്തിലാണ്. ഞാനും നീയും കൊടുക്കാതെ കരുതിവെച്ചിട്ടുണ്ടോ? ഈ പ്രണവായു വി കുർബാനയാണ്. തരുന്നവരെല്ലാം എല്ലാം ഉള്ളവരല്ല, തരാത്തവെരെല്ലാം ഒന്നും ഇല്ലാത്തവരുമല്ല. ഉള്ളത് മുറിയപ്പെടട്ടെ, മുറിക്കപ്പെടട്ടെ….. ഓരോ വ്യക്തിയും കുർബാനയാകെട്ടെ. നിന്റെ ജീവിതം മറ്റൊരാൾക്ക്‌ തീൻമേശ്ശയാകട്ടെ.ദാനധർമ്മം അത്യുന്നതെന്റെ സന്നിധിയിൽ വിശിഷ്ടമായ കാഴ്ചയാണ് (തോ. 4:11). എന്റെ ഇഷ്ട്ടാനിഷ്ട്ടങ്ങൾ മാറ്റിവെക്കണം. അപരന്റെ വീട്ടിലേയ്ക്കൊരു കണ്ണ് വേണം. എങ്കിൽ ഓരോ കുടുംബവും കുർബാനയാകും. പള്ളികൾ തുറക്കുമ്പോൾ കുർബാന പള്ളികളിൽ അല്ല ജനിക്കേണ്ടത്, പള്ളികളിലേയ്ക്ക് വി കുർബാനകൾ വരണം. ദിവ്യകാരുണ്യ തിരുന്നാളിന്റെ എല്ലാ ആശംസകളും പ്രാർത്ഥനകളും.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്… എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമ്മേൻ.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment