പുലർവെട്ടം 489

{പുലർവെട്ടം 489}

 
അർജുന ഉവാച
അഥ കേന പ്രയുക്തോ ഽയം പാപം ചരതി പൂരുഷഃ
അനിച്ഛന്നപി വാർഷ്ണേയ ബലാദിവ നിയോജിതഃ
അർജുനൻ പറഞ്ഞു : വാർഷ്ണേയാ, ഏതിനാലാണ് ഒരാൾ തനിക്കിഷ്ടമില്ലെങ്കിൽപ്പോലും ബലാൽക്കാരേണയെന്ന പോലെ പാപം ചെയ്യാൻ പ്രേരിതനാകുന്നത് ? (ഭഗവദ്ഗീത, അദ്ധ്യായം മൂന്ന് / ശ്ലോകം 36)
 
കത്തോലിക്കാ സഭ പിന്നീട് വിശുദ്ധയായി പ്രഖ്യാപിച്ച ജോൻ ഓഫ് ആർക്കിനോട് സംസാരിച്ചിരുന്നത് യഥാർത്ഥത്തിൽ ദൈവം തന്നെയായിരുന്നുവെന്ന സന്ദേഹത്തിൽ എഴുതി അവസാനിപ്പിച്ച കുറിപ്പിൽ ഒരു അനൗചിത്യത്തിൻ്റെ പ്രശ്നമില്ലേ എന്നൊരാൾ സ്നേഹപൂർവ്വം ചോദിക്കുന്നു. നമ്മൾ പരാമർശിച്ച നാടകത്തിന്റെ ഭരതവാക്യം തന്നെ അതിലാണ്. 1456 എന്ന് കാലം നിർണ്ണയിച്ച് അവസാനിക്കുന്ന നാടകത്തിൽ 1920കളിലെ വേഷവിധാനങ്ങളുമായി എത്തുന്നൊരാൾ ജോൻ ഓഫ് ആർക്കിനെ വിശുദ്ധയായി പ്രഖ്യാപിക്കുകയാണ്. അവളുടെ തിരുസ്വരൂപങ്ങൾ പലയിടങ്ങളിൽ നിന്നായി ഉയർന്നുവരുന്ന ദൃശ്യവുമുണ്ട്. ഒരിക്കൽക്കൂടി മടങ്ങിവരാനുള്ള അവളുടെ ആഗ്രഹത്തിൽ പെട്ടന്ന് കഥാപാത്രങ്ങളെല്ലാം മാഞ്ഞുപോവുകയാണ്. ലോകം വിശുദ്ധർക്ക് വേണ്ടി ഇനിയും പരുവപ്പെട്ടിട്ടില്ല എന്ന അവളുടെ ആത്മഭാഷണത്തോടുകൂടിയാണ് : O God that madest this beautiful earth, when will it be ready to receive Thy saints? How long, O Lord, how long?”
 
ജോൻ ഓഫ് ആർക്കിൻ്റെ integrity ആയിരുന്നില്ല നമ്മുടെ പ്രശ്നം. ദൈവസ്വരങ്ങളെ ആരായുന്നു എന്ന് കരുതുന്നവർ അനുഭവിക്കുന്ന ആശയക്കുഴപ്പങ്ങളെക്കുറിച്ചാണ്. ആഭ്യന്തര യുദ്ധത്തിന്റെ പ്രാരംഭദിനങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കണ് ലഭിച്ച സന്ദേശം പോലെയാണത്. ഒന്നുകൊണ്ടും ഭയപ്പെടേണ്ട, ദൈവം അങ്ങയുടെ പക്ഷത്താണ്. പ്രസിഡൻ്റിൻ്റെ മറുപടി ക്ലാസിക് ആണ് : ഞാൻ ദൈവത്തോടൊപ്പമാണോ എന്നതാണ് യഥാർത്ഥ പ്രശ്നം. അവിടെയാണ് പുണ്യഗ്രന്ഥങ്ങൾ, ദിശകളെയാണ്, ഇടങ്ങളെയല്ല കാട്ടിത്തരുന്നതെന്ന് പറയുന്നതിന്റെ പൊരുൾ. യുദ്ധങ്ങളുടെയും പോരാട്ടങ്ങളുടെയും കഥകൾ പറയുമ്പോൾ ജീവനും സ്നേഹത്തിനും നിരക്കാത്ത എന്തെങ്കിലും ഒരു കാര്യം ആ പരമചൈതന്യം മനുഷ്യൻ്റെ ബോധത്തിൽ നിക്ഷേപിക്കുമോ എന്ന ഒരു കിൻ്റർ ഗാർഡൻ ചോദ്യം പോലും ചോദിക്കാതെ ഈ മനുഷ്യകുലം എങ്ങോട്ടാണ് പോകുന്നത്? ഭഗവത്ഗീത യുദ്ധത്തെ ഗ്ലോറിഫൈ ചെയ്യുന്ന പുസ്തകമായാണ് ഇപ്പോഴും പലരും കരുതുന്നത്. അർജ്ജുനവിഷാദയോഗത്തിലാരംഭിക്കുന്ന ആ യുദ്ധകഥ ഒടുങ്ങുന്നത് വിഫലബോധത്തിലും അവശേഷിക്കുന്നവരുടെ വീണ്ടുവിചാരങ്ങളിലുമാണ്.
 
Henri Nouwen ൻ്റെ The Wounded Healer എന്ന പുസ്തകത്തിൽ ഉദ്ധരിക്കപ്പെടുന്ന കഥപോലെ : പട്ടാളക്കാരുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ട് ഒരു ഗ്രാമത്തിൽ അഭയം തേടിയ ഒരു ചെറുപ്പക്കാരൻ. വൈകാതെ അവർ ഗ്രാമത്തെ വളഞ്ഞു. വിട്ടുകൊടുത്തില്ലെങ്കിൽ നേരിടേണ്ടി വരുന്ന ഭവിഷ്യത്തുകളെക്കുറിച്ച് താക്കീത് നൽകി. ഉപദേശത്തിനായി അവർ ഗ്രാമത്തിലെ പുരോഹിതനെ സമീപിച്ചു. സംശയനിവാരണത്തിനായി അയാൾ വേദപുസ്തകം തുറക്കുകയാണ്. ഒരു ജനതയ്ക്ക് വേണ്ടി ഒരാൾ കൊല്ലപ്പെടുന്നതിൽ കുഴപ്പമില്ല എന്നർത്ഥം വരുന്ന യേശുവിന്റെ വിചാരണയുടെ പശ്ചാത്തലത്തിൽ മുഴങ്ങുന്ന വാക്കാണ് അയാളുടെ കണ്ണിൽ പെട്ടത്.
 
അവനെ പട്ടാളക്കാർക്ക് വിട്ടുകൊടുക്കാൻ അയാൾ ഗ്രാമീണരോട് തലയാട്ടി. രാത്രിയിൽ യേശുവിന്റെ സ്വരം അയാളെത്തേടി വന്നു. പുസ്തകം തുറന്ന് എൻ്റെ ഹിതം തേടുന്നതിന് പകരമായി ആ ചെറുപ്പക്കാരൻ്റെ അഭയസ്ഥലത്ത് ചെന്ന് അവൻ്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കിയിരുന്നെങ്കിൽ നിനക്ക് എന്റെ ഹിതം കുറേക്കൂടി വ്യക്തമായേനേ.
 
മനുഷ്യരുടെ മിഴികളിലേക്ക് ഉറ്റുനോക്കാനാണ് ആത്യന്തികമായി ഓരോ പുണ്യഗ്രന്ഥവും നിർബന്ധിക്കുന്നത്. പ്ലേഗ് എന്ന പുസ്തകത്തിൽ കമ്യു പറഞ്ഞവസാനിപ്പിക്കുന്നത് പോലെ പ്ലേഗ് നിയന്ത്രണാധീനമായി എന്നിട്ടും അതിന്റെ അണുക്കൾ പലയിടങ്ങളിലുമായി ഉറഞ്ഞുകിടന്നു. അയാൾ നിരത്തുന്ന അത്തരം ഇടങ്ങളുടെ പട്ടികയിൽ പുസ്തക അലമാരകളുമുണ്ട് !
 
– ബോബി ജോസ് കട്ടികാട്
Advertisements
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements
Advertisement

One thought on “പുലർവെട്ടം 489

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s